DCBOOKS
Malayalam News Literature Website

‘പിറ’; സി.എസ് ചന്ദ്രികയുടെ ജീവിതഗന്ധിയായ നോവല്‍

ഒരു നോവലിനെ അങ്ങേയറ്റം സ്വീകാര്യമാക്കുന്നത് എന്താണ്? കഥ, ആഖ്യാനശൈലി, കഥാഗതിയെ മാറ്റിമറിക്കുന്ന അവിചാരിതമായ മുഹൂര്‍ത്തങ്ങള്‍, ശക്തമായ കഥാപാത്രങ്ങള്‍, അവരിലെ വൈരുദ്ധ്യങ്ങള്‍, അവരുടെ വികാരവിക്ഷോഭങ്ങള്‍ ഇവയിലേതും ഒരു നോവലിനെ മികവുറ്റതാക്കാം. എന്നാല്‍ ഒരു നോവലിന്റെ യഥാര്‍ത്ഥ വിജയം മനുഷ്യ ജീവിതവുമായുമായുള്ള അതിന്റെ സാദൃശ്യത്തിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ‘ഇത് എന്റെയും കൂടെ കഥയാണ്’ എന്നു ഓരോ വായനക്കാരെയും വിശ്വസിപ്പിക്കുന്ന എഴുത്തുകാരുടെ മായാജാലം. ‘പിറ‘ എനിക്ക് സമ്മാനിച്ച വായനാനുഭവം അത്തരത്തില്‍ ഒന്നായിരുന്നു.

‘ചിത്ര’യുടെ ജീവിതത്തിലെ എത്രയോ അനുഭവങ്ങളിലൂടെ നമ്മളും കടന്നു പോയിരിക്കുന്നു. ഒരച്ഛന്റെ സംരക്ഷണയില്ലാതെ വളരുന്ന കുടുംബങ്ങള്‍. മക്കള്‍ക്ക് വേണ്ടി നിസ്സ്വാര്‍ത്ഥമായി ജീവിക്കുകയും, അവരുടെ നല്ല ഭാവി സ്വപ്നം കാണുകയും, അതിനായി നിരന്തരം പ്രയത്‌നിച്ചു ക്ഷയിക്കുകയും ചെയുന്ന ‘ലക്ഷ്മി’യെ പോലുള്ള അമ്മമാര്‍, കുടുംബത്തിന് അത്താണിയായി,സ്വയം ജീവിക്കാന്‍ മറക്കുന്ന ‘അജയ’ന്മാര്‍, രാഷ്ട്രീയവും കള്ളും തുലയ്ക്കുന്ന ‘ദിനേശ’ന്മാര്‍, ‘മോനു’. സ്ത്രീധന സമ്പ്രദായത്തിന്റെയും ഗാര്‍ഹികപീഡനത്തിന്റെയും ഇരകളായി ‘നീന’,’അനിത’. അങ്ങനെ എത്രയോ ജീവിതഗന്ധിയായ കഥാപാത്രങ്ങള്‍!

നമ്മുക്കൊപ്പം കളിച്ചു വളരുകയും, പാടുകയും, നൃത്തമാടുകയും, പ്രണയിക്കുകയും, സ്വപ്നം കാണുകയും, പിന്നീട് നൈരാശ്യത്തിലേക്ക് ആണ്ടുപോവുകയും ചെയ്യുന്ന അനേകായിരം പെണ്മനസ്സുകളുടെ പ്രതിനിധിയായി ‘ചിത്ര’. അവളുടെ പ്രണയങ്ങള്‍ പലതും ഈ ലോകത്തിനു അനുചിതമായിരുന്നു. ഒരു വിധവയുടെ വികാരങ്ങളെ പോലെ അവളും തന്റെ വികാരങ്ങള്‍ ഉള്ളില്‍ ഒതുക്കി നടന്നതേയുള്ളു.കാരണം, ‘പട്ടിണികിടക്കുമ്പോള്‍ അന്വേഷിക്കാന്‍ വരാത്തവര്‍ പ്രേമിക്കൂന്നറിഞ്ഞാല്‍ ആ നിമിഷം ഓടിവരും. അമ്മയുടെ വളര്‍ത്തു ദോഷങ്ങള്‍ പാടിപരത്തും.’

എന്നാല്‍ അവള്‍ പഠിച്ചു, ജോലി സമ്പാദിച്ചു. ഇന്നത്തെ ഏതൊരു ശരാശരി മലയാളി യുവതിയെയും പോലെ. അഭിപ്രായ സ്വാതന്ത്ര്യവും, വ്യക്തിസ്വാതന്ത്ര്യവും അവകാശപ്പെടുന്ന അവളെ വിശ്വസിച്ച പ്രസ്ഥാനവും, സ്‌നേഹിച്ച കുടുംബവും നിരാശപ്പെടുത്തുന്നു. പക്ഷെ, ഈ കഥ അവളുടെ നൈരാശ്യത്തിന്റേതു മാത്രമല്ല; നിഷേധത്തിന്റെയും, തിരിച്ചുവരവുകളുടേതും കൂടെയാണ്.

‘ഈശ്വരന്മാര്‍ക്കു വേണ്ടെങ്കിലും മരിയ്‌ക്കോളാം നമ്മക്കീ ഭൂമീല് ജീവിക്കണ്ടേ!’

തൃശൂര്‍ സംസാരശൈലിയില്‍ കുറിച്ചിട്ടുള്ള ലളിതമായ സംഭാഷണങ്ങളാണ് നോവലില്‍ ഉടനീളം. കദീജുമ്മയുടെ സംസാരവും ഞാന്‍ നന്നേ ആസ്വദിച്ചു. ഒരു നാടിന്റെ താളവും ചൂരും കഥയിലേക്ക് കൊണ്ടുവരാന്‍ ഈ സംഭാഷണങ്ങള്‍ കഥാകൃത്തിനെ സഹായിച്ചിട്ടുണ്ട്.

ഭാഷയ്ക്കും കഥാപാത്രങ്ങള്‍ക്കുമപ്പുറം, മനസ്സിന് കുളിര്‍മയേകുന്ന ബന്ധങ്ങളും ഈ നോവലിലുണ്ട്. രാമന്റെയും ലക്ഷ്മിയുടെയും ഹ്രസ്വമായ വൈവാഹികജീവിതവും, സാരിത്തലപ്പ് കൊണ്ട് കണ്ണീരുമറച്ചു ചിത്രയോര്‍ക്കുന്ന ചന്ദ്രന്‍മാമനും, അമ്പിളിയുടെ വീട്ടുകാരെ സ്വന്തം കുടംബത്തെ പോലെ സ്‌നേഹിക്കുന്ന വേണുവും, 22 വര്‍ഷത്തെ തണലിനും സൗഹൃദത്തിനുമപ്പുറം ‘ഓട് വാര്‍ത്ത വീടെന്ന’ ചിത്രയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന അവളുടെ പുളിമരവുമെല്ലാം സ്‌നേഹവും, നഷ്ടബോധവും, ഓര്‍മകളും കൊണ്ട് നമ്മുടെ നെഞ്ച് എരിക്കും.

ക്രൂരമായ കൈകളാണ് ചിത്രയെ ഇരുട്ടിനെ ഭയക്കാന്‍ പഠിപ്പിച്ചത്. പക്ഷെ അവളെ ഹൃദയങ്ങളെ ഭയപ്പെടാന്‍ പഠിപ്പിക്കുന്നത് ഈ ബന്ധങ്ങളാണ്.അവളാ കരുതല്‍ നമ്മളിലേക്കും പകരും.

‘നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രതീക്ഷിതമായി നിലച്ചുപോകാവുന്ന ഹൃദയവുംകൊണ്ട് നടക്കുന്ന മനുഷ്യരെ കാണുമ്പോള്‍ ചിത്രയ്ക്കിപ്പോള്‍ പേടിയാണ്. ജീവനും മരണവും ഒന്നിച്ചുവഹിക്കുന്ന ഒരു കുഞ്ഞു ഹൃദയം കൊണ്ടാണ് മനുഷ്യര്‍ ഭൂമിയില്‍ ഇത്രയധികം സ്‌നേഹിച്ചു കൂട്ടുന്നത്…വേദനിക്കുന്നത്…വെറുക്കുന്നത്…വഞ്ചിക്കുന്നത്…ഭയക്കുന്നത്…കൊല്ലുന്നതുപോലും…’

ഇതൊരു സ്ത്രീപക്ഷ നോവല്‍ ആണെന്ന് ആക്ഷേപം ഉയര്‍ന്നേക്കാം. കേന്ദ്രകഥാപാത്രങ്ങള്‍ ചിത്രയും, ലക്ഷ്മിയും ആയതുകൊണ്ടും; കഥ ചിത്രയുടെ കാലടികളെ പിന്തുടരുന്നത് കൊണ്ടും ഒരു പരിധിവരെ ഈ വാദം ശരിയാണ്. പക്ഷെ അപ്പോഴും സ്‌നേഹത്തിന്റെ പ്രതീകങ്ങളായി രാമനും, വേണുവും, അജയനും, ചന്ദ്രന്‍ മാമയുമെല്ലാം തലയെടുപ്പോടെ തന്നെ നിവര്‍ന്നു നില്കും. ലോകത്തിന്റെ ക്രൂരതകളില്‍ നിന്ന് ഈ നോവലിലെ പുരുഷകഥാപാത്രങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട് എന്നു മാത്രം കുറിച്ചുകൊള്ളട്ടെ. പക്ഷെ അതവരുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല എന്നു മാത്രം.

എടിഎം കാര്‍ഡുകളുടെ ഒറ്റ ഉരസല്‍ കൊണ്ട് ഇന്ന് വേണ്ടതെല്ലാം കൈവെള്ളയിലാക്കാന്‍ കഴിവുള്ള ഭൂരിപക്ഷം കേരളീയര്‍ക്കും, തൊടിയിലെ ചേമ്പും ചേനയും റേഷനരിയും തോട്ടിലെ ബ്രാലും ഒക്കെ ഓടിനടന്നു പറക്കി കൂട്ടി ഭക്ഷണമുണ്ണാന്‍ ഇരിക്കുന്ന ഈ കുടുംബത്തിന്റെ കഥ ഒരു ഓര്മപെടുത്തലുമായിരിക്കും. ആ കാലഘട്ടത്തിന്റെ കഷ്ടപ്പാടുകളുടെ, അയിത്തങ്ങളുടെ,ജോലി തേടിയുള്ള പലായനങ്ങളുടെ, രാഷ്ട്രീയത്തിന്റെ. പക്ഷെ മറ്റൊന്ന് കൂടി ചിത്ര ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്…’പട്ടിണി മാത്രമല്ല അനീതി’.

സി.എസ് ചന്ദ്രികയുടെ പിറ എന്ന നോവലിന് ജോയ്‌സ് ജോബ്‌ എഴുതിയ വായനാനുഭവം

Comments are closed.