വി.ജെ ജയിംസിന്റെ ആന്റിക്ലോക്ക്; ചിന്തിപ്പിക്കുന്ന ഒരാഖ്യാനം
ഡി.സി ബുക്‌സ് വായനാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത ആസ്വാദനക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നു. വി.ജെ ജയിംസ് രചിച്ച ആന്റിക്ലോക്ക് എന്ന നോവലിന് ആസ്വാദനക്കുറിപ്പ് എഴുതിയിരിക്കുന്നത് ദിവ്യ ജോണ്‍ ജോസ്.
വി.ജെ. ജെയിംസിന്റെ ഏഴാമത്തെ നോവലായ ‘ആന്റിക്ലോക്ക്‘ വായിച്ചു മടക്കുമ്പേള്‍ മനസ്സില്‍ വല്ലാത്ത ഒരു ശൂന്യത മാത്രമായിരുന്നു. അതിലെ കഥയോ കഥാപാത്രങ്ങളോ ഒന്നും തന്നെ മുന്നില്‍ തെളിയുന്നുണ്ടായിരുന്നില്ല. രണ്ട് മൂന്ന് ദിവസങ്ങളെടുത്താണ് പുസ്തകം വായിച്ച് തീര്‍ന്നത്. ഓരോ പേജിലൂടെയും കടന്ന് പോകുമ്പോള്‍, ഒരു നോവല്‍ എന്നതിനപ്പുറം, കഥാപാത്രങ്ങള്‍ക്കു പിന്നിലൊളിച്ചിരുന്ന് ആരോ നമ്മളോട് സംവദിക്കുന്ന പോലെയാണ് തോന്നിയത്. നായകനും പ്രതിനായകനും ഉപകഥാപാത്രങ്ങളും തങ്ങളെക്കുറിച്ച് പറയുന്ന കഥയില്‍ തീരെ താത്പര്യമില്ലാത്തവരെപ്പോലെ, എന്നാല്‍ വായിക്കുന്ന നിങ്ങളോട് ഞങ്ങള്‍ക്കേറെ പറയാനുണ്ട് എന്ന് പറഞ്ഞു കൊണ്ട് പേജുകളില്‍ നിറഞ്ഞ് നിന്നു.
യഥാര്‍ത്ഥത്തില്‍ വായന പുരോഗമിച്ചപ്പോള്‍, ഞാന്‍ കഥയുടെ ഗതിയെക്കുറിച്ച് ചിന്തിക്കാതെ ആവുകയും, കഥാപാത്രങ്ങളിലൂടെ കഥാകാരന്‍ ആര്‍ജ്ജിച്ചെടുത്ത ദാര്‍ശനികമായ കാഴ്ചപ്പാടുകളിലേയ്ക്ക് മാത്രമായി വായന രൂപാന്തരപ്പെടുകയും ചെയ്യുന്ന ഒരു അനുഭവമാണ് ഉണ്ടായത്.അതുകൊണ്ടായിരിക്കാം, പുസതകമടച്ച് വയ്ക്കുമ്പോള്‍ ഒരു ശൂന്യത അഥവാ എന്തെക്കൊയോ സ്വാംശീകരിക്കാനായുള്ള വിടവ് മനസ്സില്‍ തെളിഞ്ഞത്.
ചില വായനകള്‍ അങ്ങനെയാണ്, വായനയ്ക്ക് ശേഷം, ഒന്നോ രണ്ടോ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ എടുത്തായിരിക്കും നമ്മളെ ചിന്തിപ്പിക്കാന്‍ തുടങ്ങുന്നത്. ആന്റിക്ലോക്കിലെ കഥാപാത്രങ്ങള്‍ പതിയെ പതിയെ ബോധമണ്ഡലത്തിലേയ്ക്ക് വരികയും ആശയ വിനിമയം നടത്താന്‍ തുടങ്ങുകയും ചെയ്തത് വായന തീര്‍ത്തതിനു ശേഷമുള്ള ദിവസങ്ങളിലായിരുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇടങ്ങളിലേയ്ക്ക് ചെന്ന് കഥാബീജത്തെ കണ്ടെത്തുകയും, അതിനെ ഒരു സമൂഹത്തിന്റെ, രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രകൃതിയുടെ തന്നെ ആവിഷ്‌കാരമാക്കി മാറ്റുകയും ചെയ്തിട്ടുള്ള ക്ലാസ്സിക് എഴുത്തുകള്‍ ലോകത്തിന്റെ എല്ലാ ഭാഷകളിലും, എക്കാലത്തും സംഭവിച്ചിട്ടുണ്ട്. മീരയുടെ ആരാച്ചാര്‍ മുതല്‍ പാമുഖിന്റെ കിണറുകുഴിക്കാരുടെ കഥ പറയുന്ന’റെഡ് ഹെയേര്‍ഡ് വുമണ്‍’ പോലെയുള്ള എത്രയെത്ര ഉദാഹരണങ്ങള്‍. അത്തരം ഒരു കാറ്റഗറിയിലേയ്ക്ക്, ശവപ്പെട്ടിക്കച്ചവക്കാരന്റെ മനോഗതങ്ങളിലൂടെ പുരോഗമിക്കുന്ന ഒരു ദാര്‍ശനിക പരിവേഷമുള്ള കഥ പറയുകയാണ് വി.ജെ.ജയിംസ്, തന്റെ ഏറ്റവും പുതിയ നോവലായ ആന്റിക്ലോക്കിലൂടെ.
ആദിനാട് എന്ന ഗ്രാമത്തിലെ, ഒരു തെരുവിനിരുവശവും സ്ഥിതി ചെയ്യുന്ന ഒരു ശവപ്പെട്ടിക്കട, ഒരു വാച്ച് റിപ്പയര്‍ ചെയ്യുന്ന കട, ഒരു തയ്യല്‍ക്കട ഈ മൂന്നിടങ്ങളുമായി ബന്ധപ്പട്ട് കിടക്കുന്ന കുറേയേറെ കഥാപാത്രങ്ങള്‍. ഹെന്‍ട്രി എന്ന ശവപ്പെട്ടിപ്പണിക്കാരനാണ് മുഖ്യ കഥാപാത്രം. ഒട്ടുമേ പ്രതീക്ഷകളുമില്ലാതെ ജീവിതത്തെ, ജീവിച്ച് തീര്‍ക്കുന്ന അയാള്‍, നിരാശയുടെയും, ഭീരുത്വത്തിന്റെയും, ആത്മവിശ്വാസമില്ലായ്മയുടെയും, തീര്‍ക്കാന്‍ പറ്റാത്ത പക മനസ്സില്‍ പേറി നടക്കുന്നതുമായ ഒരാള്‍രൂപമാണ്. അയാള്‍ക്ക് തെളിച്ചമുള്ള ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നത്, ബിയാട്രീസ് എന്ന ഭാര്യയുടെ പ്രേമവും പരിലാളനകളും അതിലുണ്ടായ മൂന്ന് കുഞ്ഞുങ്ങളോടൊപ്പവുമുണ്ടായിരുന്ന ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ്. അവരുടെ മരണം അയാളെ തീര്‍ത്തും ഒറ്റപ്പെടുത്തുകയും, സാത്താന്‍ ലോപ്പോ എന്ന ശക്തനായ എതിരാളിക്കെതിരെ പകരം വീട്ടാന്‍ സദാ മനസ്സിനെ പുകയ്ക്കിടുന്ന ഒരു യന്ത്രമാക്കി അയാളെ മാറ്റിക്കളയുകയും ചെയ്തു.
1980-കളിലെ ചില സിനിമകളിലെ വില്ലന്‍മാരുടേത് പോലെയുള്ള ധനാഢ്യനും ,സ്ത്രീവിഷയ തത്പരനും മൂരാച്ചി മുതലാളിയുമൊക്കെയായ സാത്താന്‍ ലോപ്പോ നോവലിലുടനീളം നിറഞ്ഞ് നില്‍ക്കുന്നു. പണ്ഡിറ്റ് എന്ന നൂറ്റിപ്പന്ത്രണ്ടോളം വയസ്സുള്ള വാച്ച് പണിക്കാരന്‍ ഒരു പ്രധാന കഥാപാത്രമായി വരുന്നതോടെ, കഥയ്ക്ക് കുറച്ച് കൂടി ദാര്‍ശനിക ഭാവം കൈവരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് കരസേനയുടെ ഭാഗമായി ജോലി ചെയ്യുകയും ചെയ്തിരുന്നു ഇയാള്‍. പിന്നീട് സുഭാഷ് ചന്ദ്ര ബോസുമായുള്ള അടുപ്പം സ്വാതന്ത്ര്യ സമര രംഗത്ത് അയാളിലുണ്ടായ മാറ്റങ്ങളും മറ്റും നോവലിന്റെ മര്‍മ്മ പ്രധാനമായ ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ഹെന്‍ട്രിയോട് പറയുന്നുണ്ട്. പണ്ഡിറ്റാണ്, സൂചികള്‍ വിപരീത ദിശയിലേയ്ക്ക് സഞ്ചരിക്കുന്ന, കൊടുങ്കാറ്റിനെയും ഭൂകമ്പങ്ങളെയും ഒളിപ്പിച്ച് വയ്ക്കാവുന്ന, ഭൂതകാലത്തെ മുന്നില്‍ കൊണ്ടുവരുന്ന ആന്റിക്ലോക്ക് നിര്‍മ്മിക്കുന്നതും, ഹെന്‍ട്രിക്ക് സമ്മാനിക്കുന്നതും.
അതിനു ശേഷം അയാളുടെയും അയാളുമായി ബന്ധപ്പെട്ട ചിലരിലേയ്ക്കും ആന്റിക്ലോക്കിന്റെ പ്രഭാവം പ്രവര്‍ത്തിച്ചു തുടങ്ങുന്നു. അഥവാ പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളെ ആന്റിക്ലോക്കുമായി ബന്ധപ്പെടുത്തി കാണാന്‍ ഹെന്‍ട്രി ആഗ്രഹിക്കുന്നു. ഇതയാളില്‍ ഒരു തരം ധൈര്യവും ആന്മവിശ്വാസവുമെല്ലാം നിറയ്ക്കുന്നുണ്ട്. ഡേവിഡും ശാരിയുമായുള്ള പ്രണയം പശ്ചാത്തലത്തിലൂടെ ഒഴുകുന്നുണ്ട്. അവരിലൂടെ താനും ബിയാട്രീസുമായുള്ള പ്രണയത്തെ പുനരുത്ഥരിക്കുന്നുണ്ട് ഹെന്‍ട്രി. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന കരുണന്‍, തയ്യല്‍ക്കടക്കാരന്‍, ഗബ്രിയേലച്ചന്‍, ഗബ്രിയേലമ്മ, കപ്യാര്‍, ലോപ്പോയുടെ ഭാര്യ, മകന്‍ തിമോത്തി, തിമോത്തിയുടെ ഭാര്യ ജര്‍മ്മന്‍കാരി ഡെല്ല, ബെഞ്ചമിന്‍ അങ്ങനെ ഒത്തിരി കഥാപാത്രങ്ങള്‍.
ആന്റപ്പനെന്നെ കുഴിവെട്ടുകാരനായ സുഹൃത്തുമായി, ഹെന്‍ട്രിയുടെ ബന്ധം തീവ്രമാണെന്ന് കാണിക്കുന്ന ഒരു ചരട് നോവലിലുടനീളം കാണാം. സ്വന്തം ഭാര്യയെയും മൂന്ന് കുഞ്ഞുങ്ങളെയും ഒരുമിച്ചടക്കിയ കുഴി, മറ്റൊരാളുടെ ഊഴമെത്തുമ്പോള്‍ തുറക്കേണ്ടി വരുന്നത് ഹെന്‍ട്രിക്ക് കാണിച്ച് കൊടുക്കേണ്ടി വരുന്നുണ്ട് ആന്റപ്പന്. സ്വന്തം അപ്പന്റെ കുഴിമാടം തുറന്നപ്പോള്‍ അനുഭവിച്ച അതേ മനോവ്യഥയോടെ, ആന്റപ്പന്‍, ഹെന്‍ട്രിയുടെ തോളോട് തോള്‍ ചേരുന്നു. ജോപ്പന്‍-ഗ്രേസി ദമ്പതികള്‍ നോവലിലവിടെയും ഇവിടെയുമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. നോവലിന്റെ അവസാന പാദത്തിലെത്തുമ്പോഴെക്കും, അസാമാന്യ ആത്മധൈര്യമുള്ള ഒരു പെണ്ണായി ഗ്രേസിയെ വായിച്ചറിഞ്ഞത് നല്ലൊരു അനുഭവമായി.
‘ഏറോന്‍’എന്ന ഒരു മിസ്റ്റിക് കഥാപാത്രം ഒരൊറ്റ വിവരണത്തില്‍ മാത്രമെത്തി ദുരൂഹതകളവശേഷിപ്പിച്ച് കടന്ന് പോകുന്നുണ്ട്. ആവര്‍ത്തിച്ച് നാം കേള്‍ക്കുന്ന സത്യം,നോവലിന്റെ ക്ലൈമാക്‌സില്‍ കഥാകൃത്ത് വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ‘ആന്ത്യന്തികമായ വിജയം നന്മയ്ക്ക് മാത്രമാണ് !’
വി.ജെ.ജയിംസിന്റെ പുറപ്പാടിന്റെ പുസ്തകത്തില്‍ നിന്നും ആന്റിക്ലോക്ക് വരെയുള്ള കൃതികള്‍ നോക്കിയാല്‍ ഭാഷയിലും പ്രമേയത്തിലും വിഷയ സ്വീകരണത്തിലും അദ്ദേഹം അവലംബിച്ചിട്ടുള്ള നൂതനവും സൂഷ്മവുമായ രീതികള്‍ ഏറെ പ്രശംസിക്കപ്പെടേണ്ടതുണ്ട് എന്ന് കാണാം. ഒത്താപഹാരത്തിലെ ഫ്രെഡിയെ വായിച്ചപ്പോള്‍, ആ ഒരു മാനസിക നിലയിലേയ്ക്കുയര്‍ന്ന് കഥാപാത്രവുമായി താദാത്മ്യപ്പെടാന്‍ കഴിയാതെ പോയതിനെക്കുറിച്ച് എന്റെ അനുഭവമില്ലായ്മയുടെ വെളിച്ചത്തില്‍ സ്വയം കലഹിച്ചിട്ടുണ്ട്. ലെയ്ക വായിച്ചപ്പോള്‍ ഒരു ചെറു ജീവിയോടുള്ള സഹതാപത്തില്‍ ഉരുകിയിട്ടുണ്ട്. ചോരശാസ്ത്രം വായിച്ച് ഭാഷയുടെ വഴക്കത്തെക്കുറിച്ച് ആശ്ചര്യപ്പെട്ടിട്ടുണ്ട്. നിരീശ്വരനും, പുറപ്പാടിന്റെ പുസ്തകവുമെല്ലാം വായിച്ച് തീര്‍ന്നിട്ടും ദിവസങ്ങളോളം ചിന്തിപ്പിച്ചിട്ടുണ്ട്.
ടി.ഡി.രാമകൃഷ്ണനും ബെന്യാമിനും ചേര്‍ന്ന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിഫലില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുന്നതിനിടെ ടി.ഡി.രാമകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രേദ്ധയമാണ്.
‘മലയാള സാഹിത്യത്തില്‍, ഒരു പ്രത്യേകഭാവുകത്വ പരിസരത്തെ സൃഷ്ടിച്ചെടുത്ത്, വളരെ സുതാര്യമായ ഒരു ആഖ്യാനരീതി, അതിലേറെ ചിന്തിപ്പിക്കുന്ന ഭാഷ, ദാര്‍ശനികമായ ചിന്തകളുടെ അനന്ത സാധ്യതകളുടെ ഒരു വിവരണം അതൊക്കെയാണ് വി.ജെ.യിലെ എഴുത്തുകാരനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായി മാറ്റുന്നത്.’ആന്റിക്ലോക്കും ഈ അഭിപ്രായം ശരിവയ്ക്കുന്നു. അപൂര്‍ണ്ണമായിരിക്കുന്ന ജീവിതത്തിന്റെ പൂര്‍ണ്ണത കണ്ടെത്തുക എന്നതാണ് തന്റെ രചനകളുടെ ലക്ഷ്യമെന്നും, അത്തരം പ്രയത്‌നങ്ങളുടെ ഒരു തുടര്‍ച്ചയാണ് ആന്റി ക്ലോക്കെന്നും നോവലിസ്റ്റ് പറയുന്നു. ബൈബിളിലെ പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും ഉദ്ധരണികള്‍ പ്രതിപാദിച്ചുകൊണ്ടാണ് ഓരോ അദ്ധ്യായവും തുടങ്ങുന്നത്. ബൈബിളിനാല്‍ സ്വാധീനിക്കപ്പെട്ട ഒരു എഴുത്തുകാരന്‍ എന്ന വിവക്ഷ നിലനില്‍ക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, അദ്ദേഹമൊരവസരത്തില്‍ മറുപടി പറഞ്ഞപ്പോള്‍, ആന്റിക്ലോക്കിലെ ബൈബിള്‍ വാചകങ്ങളെക്കുറിച്ചും പറയുകയുണ്ടായി.
‘പ്രത്യക്ഷത്തില്‍ ബൈബിളിനെ ഉപയോഗിക്കുകയല്ല. ബൈബിളില്‍ക്കൂടി കടന്ന് ചെന്ന് മതാതീതത്തിലേയ്ക്ക് എത്തിച്ചേരാനുള്ള പഴുതുകള്‍ ബൈബിളിലുണ്ട്.’എന്നാണ്. ബൈബിളിലെ അദ്വൈതത്തെ ഉള്‍ക്കൊള്ളാനായത് ആയിരിക്കണം അത്തരം ഒരു അന്തരീക്ഷം നോവലുകളില്‍, പ്രത്യേകിച്ച് ‘ആന്റിക്ലോക്കില്‍‘ വന്ന് ചേര്‍ന്നിട്ടുള്ളതെന്നും, അതെല്ലാവര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കണമെന്നില്ല എന്നും അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് കൊണ്ട് പറയട്ടെ. (മുഖാമുഖം: എഴുത്തും കാലവും, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, 2018)
വ്യക്തിപരമായി നോവലിനെക്കുറിച്ച് പറയട്ടെ.
വി.ജെയുടെ മറ്റ് നോവലുകളെ അപേക്ഷിച്ച് ഫിലോസഫിക്കല്‍ അപ്രോച്ച് ഏറ്റവും കൂടുതല്‍ പ്രസരിക്കുന്ന ഒരു നോവലാണിത്. കഥാപാത്രങ്ങളെല്ലാവരും തന്നെ വായനക്കാരുമായി ദാര്‍ശനികമായ സംവാദത്തിലേര്‍പ്പെടുന്നത് ചെറിയൊരു ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷെ, അവരുടെ മറ്റു ജീവിതവശങ്ങള്‍ നോവലില്‍ വിവരിക്കപ്പെടാതെ പോയത് കൊണ്ടാകാം അങ്ങനെയൊരു തോന്നല്‍ വന്നത്.
വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത ഹെന്‍ട്രിയുടെ ഉച്ചത്തിലുള്ള ചിന്തകളെ, ആശ്ചര്യത്തോടെ മാത്രമേ കാണാന്‍ സാധിക്കൂ. ഹെന്‍ട്രിയുടെ പിതാവും ആത്മീയതയുടെയും വിശ്വാസങ്ങളുടെയും കടിച്ചാ പൊട്ടാത്ത ചോദ്യങ്ങള്‍ക്കുത്തരം നല്‍കി, ഹെന്‍ട്രിയെ മാത്രമല്ല, വായനക്കാരനേയും അത്ഭുതപ്പെട്ടുത്തുന്നുണ്ട്. സമൂഹം ചെറിയവരെന്ന് കണക്കാക്കുന്നവരിലായിക്കും, ജീവിതത്തിന്റെ വലിയ സത്യങ്ങള്‍ ഒളിഞ്ഞ് കിടക്കുന്നത് എന്ന് കഥാപാത്രങ്ങളിലൂടെ വെളിവാകുന്നുണ്ട്. സമയം പ്രതീകാത്മകമായി തിരിച്ച് വച്ചാലും പിടിച്ച് കെട്ടിയാലും, നടക്കേണ്ടതെല്ലാം സമയത്തിന്റെ നേരനുസരിച്ച് നടക്കുമെന്ന വലിയ തിരിച്ചറിവില്‍ വായനയെ ഞാന്‍ തിരിച്ച് വയ്ക്കുന്നു.
ഒരു പുസ്തകം വായിക്കുന്നതിനു മുമ്പുള്ള നിങ്ങളല്ല, വായിച്ച് തീരുമ്പോള്‍ നിങ്ങള്‍.ആ പുസ്തകം എന്തെങ്കിലും ഒരു മാറ്റം നിങ്ങളില്‍ ഉണ്ടാക്കിയിട്ടുണെങ്കില്‍, അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയം. ആന്റിക്ലോക്ക് എന്ന നോവല്‍, ആത്മീയതയുടെ ഒരു തലത്തിലേയ്ക്കായിരിക്കും വായനയെ കൊണ്ടുപോവുക. കഥയും കഥാപാത്രങ്ങളും നിഷ്പ്രഭമാവുകയും, ചില സത്യങ്ങളില്‍ മനസ്സുടക്കുകയും ചെയ്യുന്ന അനുഭവമായിരിക്കും ഓരോ വായനക്കാരനെയും കാത്തിരിക്കുക.
Comments are closed.