മഹാഡിലെ ഭക്ഷണശാല
ഷാജു വി. ജോസഫ്
കര്‍മ്മധീരരായ രണ്ടു താരങ്ങളുടെ ഉദയത്തിനു മഹാഡ് സമ്മേളനം കാരണമായി- ഡോക്ടര്‍ അംബേദ്കറും രാമചന്ദ്ര ബാബാജി മോറെയും. ജനങ്ങളുടെ ഹൃദയത്തുടിപ്പു തൊട്ടറിയുവാനുള്ള ശേഷിയും വിപത് വിപരീത ഘട്ടങ്ങളില്‍ മനസ്സ് മടുത്തുപോകാതെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും ദൃഢനിശ്ചയവും ആയിരുന്നു മോറെയുടെ കൈമുതല്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി തീരിച്ചറിഞ്ഞു സത്വരപരിഹാരം കണ്ടെത്തുന്ന പ്രവര്‍ത്തന ശൈലി ആയിരുന്നു അദ്ദഹം അനുവര്‍ത്തിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും സംവദിക്കുകയും അയിത്ത ജാതിക്കാര്‍ അനുഭവിച്ചിരുന്ന ജാതി വിവേചനത്തെ മനുഷ്യാവകാശ ജനാധിപത്യ പ്രശ്‌നമായി വികസിപ്പിക്കുകയും സമൂഹത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അതിന്റെ പേരില്‍ ഒന്നിപ്പിക്കുകയും ചെയ്തപ്പോളാണ് മഹാഡ് സമരം വിജയിച്ചത്.
1927-ല്‍ രണ്ടു ഘട്ടങ്ങളിലായി മഹാരാഷ്ട്രയിലെ റായ്ഗഡ് (മുന്‍ കൊളാബ) ജില്ലയിലെ മഹാഡില്‍ നടത്തപ്പെട്ട സത്യാഗ്രഹമാണ് ഡോക്ടര്‍ അംബേദ്കറുടെ പൊതു പ്രക്ഷോഭണ ജീവിതത്തിനു തുടക്കം കുറിച്ചത്. പാശ്ചാത്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബോംെബയില്‍ അഭിഭാഷക വൃത്തിക്ക് അദ്ദേഹം തയ്യാറെടുപ്പു നടത്തിക്കൊണ്ടിരുന്ന സന്ദര്‍ഭം ആയിരുന്നു അത്. ഡോക്ടര്‍ അംബേദ്കറെ ആദരിക്കാനും അയിത്ത ജാതിക്കാരുടെ മനുഷ്യാവകാശങ്ങളും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും ആണ് മഹാഡ് സമ്മേളനവും അതിനോട് അനുബന്ധിച്ചു സത്യാഗ്രഹവും സംഘടിപ്പിച്ചത്. ആ സത്യാഗ്രഹ സമരം സംഘടിപ്പിച്ചതും ഡോക്ടര്‍ അംബേദ്കറെ അതില്‍ പങ്കെടുപ്പിച്ച് അതിന്റെ നേതൃത്വ സ്ഥാനത്തു എത്തിച്ചതും മഹാര്‍ സമാജ് സേവാ സംഘിന്റെ ആഭിമുഖ്യത്തില്‍ അതിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന രാമചന്ദ്ര ബാബാജി മോറെ (1903-1972) എന്ന അതി പ്രഗത്ഭനായ ഒരു സംഘാടക പ്രതിഭയാണ്. മഹാഡ് സമരത്തിന്റെ രണ്ടു ഘട്ടങ്ങളുടെയും ചരിത്രം ഇവിടെ പുനരാഖ്യാനം ചെയ്യുന്നില്ല. പലരുടെയും എഴുത്തുകളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ചരിത്ര പ്രസിദ്ധ സമരത്തിന്റെ – ആ സമ്മേളന-സത്യാഗ്രഹ തയ്യാറെടുപ്പുകള്‍ മാത്രമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്.
മഹാഡിലെ കുടിവെള്ള പ്രശ്‌നം
ഉത്തര കൊങ്കണ്‍ മേഖലയിലെ റായ്ഗഡ് (കൊളാബ) ജില്ലയിലെ പ്രധാനപ്പെട്ട ഒരു നഗരമാണ് മറാഠി ഭാഷയില്‍ ‘വലിയ ചന്ത സ്ഥ ലം’ എന്ന് അര്‍ഥം വരുന്ന മഹാഡ്. ശിവജിയുടെ ഭരണ കേന്ദ്രമായിരുന്ന റായ്ഗഡ് കോട്ട മഹാഡിലാണ്. വളരെ പുരാതനമായ ഈ നഗര പ്രദേശം 1866-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നഗരസഭ ആയി ഉയര്‍ത്തി. മഹാഡ് നഗരത്തെ ചുറ്റി ഒഴുകുന്ന സാവിത്രി, ഗാന്ധാരി നദികളില്‍ വേലിയേറ്റ വേളയില്‍ ഉപ്പു വെള്ളം നിറയുമായിരുന്നു. അതു കൊണ്ട് നഗരത്തില്‍ പൊതുവേ കുടിവെള്ള ദൗര്‍ല്ലഭ്യം അനുഭവപ്പെട്ടിരുന്നു. ഉയര്‍ന്ന ജാതികളിലെ സമ്പന്നര്‍ക്ക് സ്വന്തമായി കിണറുകളുണ്ട്. മഹാഡിലെ ചവദാര്‍ തടാകം (കുളം) ആയിരുന്നു പ്രധാന പൊതു കുടിവെള്ളസ്രോതസ്സ്. സ്വന്തമായി കിണറുകളില്ലാത്ത ജാതിഹിന്ദുക്കള്‍ കുടിവെള്ളത്തിനായി ഈ കുളത്തെ യാണ് ആശ്രയിച്ചത്. മഹാഡിലെ കച്ചവടസ്ഥാപനങ്ങള്‍ക്കുംമറ്റു പൊതു സ്ഥാപനങ്ങള്‍ക്കും ചവദാര്‍ കുളത്തില്‍നിന്നും മഹാഡ് നഗരസഭ വിലയ്ക്ക് കുടി വെള്ളം നല്‍കിയിരുന്നു.
പൂര്‍ണ്ണരൂപം 2023 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.