നോവല്‍ അനൂഭൂതിദായകമാകുന്നതെങ്ങനെ?
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ വേദി തൂലികയില്‍ എഴുത്തിന്റെ വിവരശേഖരണം എന്ന വിഷയത്തെ അധികരിച്ചുള്ള സംവാദം നടന്നു. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ.പി.രാമനുണ്ണി, വി.ജെ.ജയിംസ്, എസ്.ഹരീഷ്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എഴുത്തുകാരനും സാംസ്‌കാരിക വിമര്‍ശകനും ആയ വി.കെ ജോബിഷായിരുന്നു മോഡറേറ്റര്‍.
വിവര സന്നിവേശം പ്രധാനമാണെന്നും, ഗൂഗിള്‍ ഗുരുവില്‍ കുത്തിനിറച്ച എല്ലാ കാര്യങ്ങളും കളയാനുള്ള ചവട്ടുകൊട്ടയല്ല നോവല്‍ എന്നും കെ.പി.രാമനുണ്ണി പറഞ്ഞു. ഓരോ നോവലിനും അതിന്റേതായ ജീവിതദര്‍ശനം ഉണ്ടാകണം, അതൊരു അനുഭൂതിയായി മാറണം. വിവരം, അനുഭൂതി, സന്നിവേശം എന്നിവ വായനക്കാരിലുളവാക്കാന്‍ ഓരോ എഴുത്തുകാരനും കഴിയണമെന്നും കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു.
‘പുറപ്പാടിന്റെ പുസ്തകം’, ‘ലെയ്ക’ എന്നീ കൃതികളുടെ എഴുത്തനുഭവങ്ങളെക്കുറിച്ച് വി. ജെ ജയിംസ് പങ്കുവെച്ചു. ഒപ്പം കഴിഞ്ഞ കെ.എല്‍.എഫ് വേദിയില്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറഞ്ഞ് അദ്ദേഹം സെക്ഷന്‍ മനോഹരമാക്കി. എഴുത്തില്‍ ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ഇടപെടല്‍ നടത്താമെന്നും ബുദ്ധികൊണ്ട് ഉള്ള ഇടപെടല്‍ ആണ് വിവരശേഖരണം എന്നും വി.ജെ.ജയിംസ് അഭിപ്രായപ്പെട്ടു.
മീശ നോവലിനെക്കുറിച്ച് എസ്.ഹരീഷും ആസിഡ്, ശലഭം പൂക്കള്‍ Aeroplane എന്നീ കൃതികളെക്കുറിച്ച് സംഗീതാ ശ്രീനിവാസനും സംവാദത്തില്‍ സംസാരിച്ചു.
Comments are closed.