DCBOOKS
Malayalam News Literature Website

സ്വാഭാവികതയുടെ സൂക്ഷ്മഭാവങ്ങള്‍ കഥകളാകുന്ന വിധം

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മിനി പിസി യുടെ ‘ഫ്രഞ്ച്കിസ്സ്’ എന്ന പുസ്തകത്തെക്കുറിച്ച്  ഡോ.എ.സി. സുഹാസിനി എഴുതിയ കുറിപ്പില്‍ നിന്നും ഒരു ഭാഗം,
ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

ഭാഷയിലും ആഖ്യാനത്തിലും പ്രമേയത്തിലുമെല്ലാം നവീനമായ സമീപനം കൈക്കൊള്ളുന്നവരാണ് പുതിയ കഥാകൃത്തുക്കള്‍. അവര്‍ മനുഷ്യര്‍ ഇടപഴകുന്ന സമസ്ത മേഖലകളില്‍ നിന്നും മുന്തിയതോ അല്ലാത്തതോ ആയ ജീവിതസന്ദര്‍ഭങ്ങള്‍ കണ്ടെടുക്കുന്നു. അവയെല്ലാം കഥകളായി രൂപാന്തരം പ്രാപിച്ച് മറ്റൊരു ജീവിതത്തെ ആലേഖനം മെയ്യുന്നു. അങ്ങനെ കഥയിലെ ജീവിതം ദൈനംദിന ജീവിതസന്ദര്‍ഭങ്ങളുടെ സ്വാഭാവിക ക്രിയാംശങ്ങളായി മാറുന്നു. ഈ രസതന്ത്രംനന്നായി മനസിലാക്കുകയും പ്രയോഗിക്കുകയും മെയ്ത കഥാകൃത്താണ് മിനി പി സി. പത്ത് കഥകളുടെ സമാഹാരമായ ഫ്രഞ്ച് കിസ്സിലെ ഓരോ കഥയും പുലര്‍ത്തുന്നത് സാധാരണമായ മുഖഭാവമാണെങ്കിലും അവയുടെ ആന്തരികഭാവം അസാധാരണമായ കെതന്യമുള്‍ക്കൊള്ളുന്നതാണ്. മിക്ക കഥകളുടെയും പശ്ചാത്തലം പാരിസ്ഥിതിക ജ്ഞാനമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രകൃതിയും ഇന്ദ്രിയബദ്ധവും ഇന്ദ്രിയാതീതവുമായ വൈകാരികതകള്‍ മേളിക്കുന്ന സംസ്‌കൃതിയും തമ്മിലുള്ള പാരസ്പര്യമാണ്. വസ്തുപശ്ചാത്തലത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ കഥയുടെ പശ്ചാത്തലമായി വര്‍ത്തിക്കുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ട ജൈവലോകവും വസ്തുകഥനത്തില്‍ ഭാഗഭാക്കാകുന്നത് മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗത്തിന്റെ സവിശേഷമായ ഗുണങ്ങളുമാണ്. പുരുഷകേന്ദ്രിതമായ അര്‍ഥബോധങ്ങളെ ഉള്‍ക്കൊള്ളുന്ന മാനകഭാഷയെക്കാള്‍ നാട്ടുവഴക്കങ്ങള്‍ കൊണ്ട് ആഖ്യാനം നിര്‍വഹിച്ച് പുതിയ അനുഭവപാഠങ്ങളും ലോകങ്ങളും സൃഷ്ടിക്കാനാകുമെന്ന് വ്യക്തമാക്കുന്നവ കൂടിയാണ് ഈ സമാഹാരത്തിലെ കഥകള്‍. അവ ഒരു ജനതയുടെ ജീവിതത്തെചേര്‍ത്തുപിടിച്ച് പച്ചയായി അവതരിപ്പിക്കുകയാണ്.

Text2018ലെ പ്രളയത്തെ പശ്ചാത്തലമാക്കി എഴുതിയ കഥയാണ് ‘എന്തിനോ ആദമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി?’ മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന നെറികേട് ഏതുതരത്തിലാണ് തിരിച്ചടിയായി തീരുന്നത് എന്നുപറഞ്ഞുവയ്ക്കാന്‍ മനുഷ്യന്‍ എങ്ങനെയാണ് പ്രകൃതിയെ ആദരിച്ചു ജീവിച്ചു പോന്നിരുന്നത് എന്നുകൂടി പറയേണ്ടതുണ്ട് എന്ന് കഥാകൃത്ത് കരുതിയതിന്റെ ഫലമാണ് നാല് തലമുറയോളം പിന്നിലേക്ക് കഥ നീണ്ടത്.

പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ പഞ്ചേന്ദ്രിയബദ്ധമായ നിരവധി ചോദനകളും വൈകാരിതകളും ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യജീവിതമെന്നാണ് കോരവല്ലിപ്പാപ്പന്‍ അഞ്ച് മക്കള്‍ക്കും നല്‍കിയ ജീവിതപാഠം. മണ്ണിനോട് ചങ്ങാത്തം പുലര്‍ത്തി അവര്‍ എല്ലുമുറിയെ പണിത് പല്ലുമുറിയെ തിന്നു. ഉത്തമമായ പാരിസ്ഥിതികാവബോധം പുലര്‍ത്തി കോരവല്ലിപ്പാപ്പന്റെ പില്‍ക്കാലതലമുറയില്‍ നിന്ന് ഒഴിഞ്ഞുപോയി. അവര്‍ പ്രകൃതിയെ മറന്ന് വയല്‍ നികത്തിയും കുന്നിടിച്ചും റിസോര്‍ട്ടുകളും വില്ലകളും കെട്ടി.
അവസാനം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെടുന്നു. സ്വന്തം ജീവിതത്തോടും ഇതര ജീവജാലങ്ങളോടും പുലര്‍ത്തേണ്ട ഉത്തരവാദിത്തം പുതിയ തലമുറ മറന്നുപോയതിനെയാണ് ഈ കഥ ഓര്‍മപ്പെടുത്തുന്നത്.

പ്രമേയപരമായി ചെറിച്ചി എന്ന കഥ വെളിപ്പെടുത്തുന്നത് മുഖ്യധാരയില്‍ നിന്ന് തിരസ്‌കൃതരായ പ്രദേശവും ആ പ്രദേശത്തുനിന്ന് രൂപപ്പെട്ട വിശ്വാസവും ഏതെല്ലാം തരത്തിലാണ് ആരോഗ്യകരമായ പരിഷ്‌കൃത ജീവിതത്തിന് തടസ്സം നില്‍ക്കുന്നത് എന്നാണ്. ചെറിച്ചി എന്ന കഥാനായികയെ കഥാഗാത്രത്തില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്നവളായാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ വിദഗ്ധവും അനായാസവുമായാണ് കഥാകൃത്ത് ഈ പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. അതുകൊണ്ടാണ് മെറിച്ചി എന്ന നായിക നിഗ്രഹാനുഗ്രഹ ശക്തിയോടെ പ്രമേയത്തെ അടക്കിവാഴുന്നത്.

തേനീച്ചയെ വളര്‍ത്തി, തേനീച്ച ചികിത്സയിലൂടെ മാറാരോഗങ്ങള്‍ ഭേദപ്പെടുത്തുന്ന നാട്ടുവൈദ്യവുമായി കഴിയുന്ന ബീനയെന്ന സ്ത്രീക്ക് ഏല്‍ക്കേണ്ടിവരുന്ന അപമാനത്തിന്റെയും നിലനില്‍പ്പിനായി മറ്റൊരിടത്തേക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെയും ശത്രുവിനെത്തന്നെ ചികിത്സയ്ക്ക് വിധേയമാക്കി മധുരപ്രതികാരം ചെയ്തതിന്റെയും കഥയാണ് ഫ്രഞ്ച് കിസ്സ്. ഒരേസമയം പെണ്ണിനും പരിസ്ഥിതിക്കും നേരെയുള്ള കടന്നാക്രമണം തീര്‍ക്കുകയാണ് ബീന. പരിസ്ഥിതിയുടെരൂപഭാവങ്ങളെ പ്രമേയത്തിന്റെ അന്തസത്തയില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിധമുള്ള ഇഴുകിച്ചേരല്‍ ഈ കഥയില്‍ സംഭവിക്കുന്നു. പ്രമേയം കഥയായി വിടരുകയും പടരുകയും ചെയ്യണമെങ്കില്‍ പരിസ്ഥിതിയുടെ വര്‍ണവല്ലരികള്‍ അനിവാര്യമാണെന്ന് ഈ കഥ സാക്ഷ്യപ്പെടുത്തുന്നു. മണ്ണുമായുള്ള മനുഷ്യന്റെ നാഭീനാളബന്ധം അത്രമേല്‍ ആര്‍ദ്രതയോടെ ആവിഷ്‌കരിക്കുന്നുണ്ട് ‘ഫ്രഞ്ച് കിസ്സ്’ എന്ന കഥ.

വളരെ കലാചാതുര്യത്തോടെ ആഖ്യാനം നിര്‍വഹിച്ച മറ്റൊരു മധുരപ്രതികാരത്തിന്റെ കഥയാണ് ‘സുന്ദരിമുളക്’. ജെസ്സെ എന്ന അപ്പനും ദാവീദ് ജെസ്സെ (ഡി ജെ) എന്ന മകനും തമ്മിലുള്ള സഹനത്തിന്റെയും തിരസ്‌കാരത്തിന്റെയും അവഗണനയുടെയും പീഡനത്തിന്റെയും പശ്ചാത്തലമാണ് ഈ കഥയ്ക്കുള്ളത്. മുളകുതീറ്റ എന്ന മെറ്റഫറിന്റെ സഹായത്തോടെയാണ് മിനി ഈ കഥയുടെ ആഖ്യാനം നിര്‍വഹിച്ചിട്ടുള്ളത്.

മിനി പിസി യുടെ ഫ്രഞ്ച്കിസ്സ് എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ സന്ദര്‍ശിക്കൂ

കടപ്പാട്- ദേശാഭിമാനി വാരിക

 

Comments are closed.