‘റിമെംബറന്‍സസ്-മെമ്മറീസ് ഓഫ് എം പി പോള്‍ ‘ പ്രകാശനം ചെയ്തു
പ്രൊഫ. എം പി പോളിനെക്കുറിച്ച് ഭാര്യ മേരി പോള്‍ രചിച്ച 'സ്മരണകള്‍' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'റിമെംബറന്‍സസ്'
സാഹിത്യനിരൂപകന്‍ പ്രൊഫ. എം പി പോളിനെക്കുറിച്ച് ഭാര്യ മേരി പോള്‍ രചിച്ച ‘സ്മരണകള്‍’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘റിമെംബറന്‍സസ്-മെമ്മറീസ് ഓഫ് എം പി പോള്‍ ‘കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.കെ.സാനു പ്രകാശനം ചെയ്തു. എം പി പോളിന്റെയും മേരി പോളിന്റെയും മകള്‍ ഡോ.ലൂസി വര്‍ഗീസ് വിവര്‍ത്തനം ചെയ്ത പുസ്തകം ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലൂസി വര്‍ഗീസ് പുസ്തകത്തിന്റെ കോപ്പികള്‍ വായനക്കാര്‍ക്ക് ഒപ്പിട്ടുനല്‍കി. എലിസബത്ത് തോമസ്, മാത്യു മേനാച്ചേരി, ബിനോയ് തോമസ് എന്നിവര്‍ പുസ്തകപരിചയം നടത്തി. പ്രൊഫ.മൈക്കിള്‍ തരകന്‍, ഡോ.കെ.വി.തോമസ്, ആനി ചാണ്ടി മാത്യു, പോള്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനനുമായിരുന്ന എം.പി പോളിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സാമൂഹികജീവിതത്തെക്കുറിച്ചുമൊക്കെയുള്ള ഓര്‍മ്മകളാണ് മേരി പോള്‍ രചിച്ച ‘എം പി പോള്‍- സ്മരണകള്‍’ എന്ന പുസ്തകം.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ച എംപി പോള്‍ എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുന്‍കൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്നു അദ്ദേഹം. മതസ്ഥാപനങ്ങളുടെ പ്രത്യേകിച്ചും ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹത്തിന് തന്മൂലം ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളായിരുന്നു അദ്ദേഹം.
Comments are closed.