ആശാന്‍: അറിവിന്റെ നിറകുടം
വി.പി.ശ്രീധരന്‍ നായനാര്‍
കൊടക്കാട് പടിഞ്ഞാറേക്കര
കാസര്‍കോട്
ഡീസി സാര്‍ ഉള്‍പ്പെടെ ഡി സി ബുക്‌സ് ഒന്നടങ്കം ‘ആശാന്‍’ എന്നു ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന എം.എസ്. ചന്ദ്രശേഖരവാരിയര്‍ (ജനനം 1925 സെപ്റ്റംബര്‍) തന്റെ 96ാം വയസ്സില്‍ 2021 ആഗസ്റ്റ് 11ാം തീയതി അന്തരിച്ചു. 96 ലെത്തിയ മരണമാകുമ്പോള്‍ അകാലമരണം എന്നു പറഞ്ഞു ദുഃഖിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരിക്കല്‍ ആശാന്‍തന്നെ എഴുതിയതുപോലെ ”അപ്രതിരോധ്യമായ ആ ശക്തിപ്രവാഹത്തെ പഴിച്ചിട്ടെന്തുകാര്യം?” പക്ഷെ നല്ല മനുഷ്യനു മരണമില്ല, മരണശേഷവും ആ നന്മ ജീവിക്കും… അദ്ദേഹം അമരനാകുന്നു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ശ്രീ. ഏ.വി. ശ്രീകുമാറിനെ (പബ്ലിക്കേഷന്‍ മാനേജര്‍) വിളിച്ചപ്പോള്‍ ആശാന്റെ വിവരം ഞാന്‍ തിരക്കുകയുണ്ടായി. അദ്ദേഹം വിളിക്കുമ്പോഴെല്ലാം ശ്രീധരനെക്കുറിച്ച് അന്വേഷിക്കാറ് പതിവുണ്ടെന്ന് അപ്പോള്‍ ശ്രീകുമാര്‍ പറഞ്ഞു.
1974 ആഗസ്റ്റ് 29ാം തീയതി കോട്ടയം എം.ഡി. കൊമേര്‍ഷ്യല്‍ സെന്ററിന്റെ 2ാം നിലയിലെ ഒരു വാടകമുറിയില്‍ ഡി.സി. ബുക്‌സിന്റെ ഉദ്ഘാടനവേളയിലാണ് ഞാന്‍ ആശാനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും. ഡി.സി. ബുക്‌സ് രൂപമെടുത്തതോടെ അദ്ദേഹം ചീഫ് എഡിറ്ററായി നിയമിതനായി. കോട്ടയം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ഒരു വാടകമുറിയില്‍ താമസമാക്കി കൈയെഴുത്തു പ്രതികളുടെ പരിശോധനയും എഡിറ്റിങും ആരംഭിച്ചു. ആഴ്ച അറുതിയില്‍ തൊടുപുഴ വീട്ടിലേക്കു മടങ്ങും. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റ കുടുംബം. തിങ്കളാഴ്ച രാവിലെ കോട്ടയത്തു തിരിച്ചെത്തും. ഭാര്യ: പുഷ്‌കലാ വാരസ്യാര്‍. മക്കള്‍:ഡോ. ജീവരാജ് സി. വാര്യര്‍, മായാ കൃഷ്ണന്‍.
രാവിലെയുള്ള പ്രാതല്‍, ഉച്ചയ്ക്കത്തെ മുത്താഴം, രാത്രിയിലെ അത്താഴം ഇവ കഴിക്കാന്‍ ഞങ്ങള്‍ ഒന്നിച്ചാണ് ഹോട്ടലിലെത്തുക. ബസേലിയസ് കോളേജിനടുത്തുള്ള സ്വാമീസ് വെജിറ്റേറിയന്‍ കഫേയിലായിരുന്നു ഞങ്ങളുടെ സ്ഥിരഭക്ഷണം. ഭക്ഷണാനന്തരം ഞാന്‍ ഗുഡ് ഷെപ്പേര്‍ഡ് റോഡിലുള്ള ഡിസി ബുക്‌സ് ഓഫീസിലേക്കും (അന്നുഞാന്‍ ഓഫീസിലാണ് താമസം) അദ്ദേഹം മുറിയിലേക്കും മടങ്ങും. എന്നെ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. എന്റെ അടുക്കും ചിട്ടയും ജീവിതക്രമവും സ്വഭാവവിശുദ്ധിയുമൊക്കെയാണ് കാരണം. അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഏക ബലഹീനത താംബൂല ചർവ്വണമായിരുന്നു. അതിനുള്ള എണ്ണങ്ങളൊക്കെ രാവിലെ ഓഫീസിലേക്കു വരുന്ന വഴി കോട്ടയം ചന്തയില്‍ക്കയറി ഓഫീസ് അറ്റന്‍ഡര്‍ തങ്കപ്പന്‍ സംഘടിപ്പിച്ചു പോന്നു.
ആരായിരുന്നു ആശാന്‍? അദ്ദേഹം കവിയായിരുന്നു, (അദ്ദേഹത്തിന്റെ കവിത്വം വെളിവാക്കാന്‍ ശ്രീമദ് ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ ആദ്യപേജുകളിലൊന്നില്‍ ആശാന്‍ എഴുതിയ ഈ വരികള്‍ ശ്രദ്ധിച്ചാല്‍ മതി.
ഓങ്കാരപ്പൊരുളായ്, സമസ്തവിബുധ
ശ്രേണിക്കുമാരാധ്യമായ്,
യോഗാനന്ദവിഭാത കാന്തിയുതിരും
സൗന്ദര്യ സര്‍വ്വസ്വമായ്,
സംസാരാമയ പീഡകള്‍ക്കു നിതരാം
നിസ്തുല്യ ഭൈഷജ്യമായ്,
കംസാരാതി പൊഴിച്ച പുഞ്ചിരി മന-
ക്കണ്ണിന്നു കണ്ണാകണം!)
ഗദ്യകാരനായിരുന്നു, പരിഭാഷകനായിരുന്നു, എഡിറ്ററായിരുന്നു, സര്‍വ്വോപരി പണ്ഡിതനായിരുന്നു. അറിവിന്റെ നിറകുടമായിരുന്നു. വിനയത്തിന്റെ ആള്‍രൂപമായിരുന്നു. അഭിനവ പണ്ഡിത വാമനന്മാരെപ്പോലെ തന്നെപ്പറ്റി ഉല്‍ഘോഷിച്ചു നടക്കാന്‍ ഒട്ടുമേ താല്പര്യമില്ലായിരുന്നു. പത്തുനാല്പതു വര്‍ഷത്തെ കോട്ടയം ജീവിതത്തിനിടയില്‍ ഒരു പൊതുവേദിയിലും ഞാന്‍ ആശാനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ടില്ല.
അചിരേണ കവിയും പത്രപ്രവര്‍ത്തകനായും അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തു ”വീരകേസരി”, ”മലയാളി” എന്നീ ദിനപ്പത്രങ്ങളില്‍ ഏതാനും വര്‍ഷം പ്രവര്‍ത്തിച്ചു. 10 വര്‍ഷത്തോളം കോട്ടയത്തു ”കേരളദ്ധ്വനി”, ”കേരള ഭൂഷണം” ദിനപ്പത്രങ്ങളുടെ ചീഫ് എഡിറ്ററായിരുന്നു. ഒപ്പം കേരളഭൂഷണം ഗ്രൂപ്പിന്റെ ”മനോരാജ്യം” വാരികയില്‍ ‘സിദ്ധാര്‍ത്ഥന്‍’ എന്ന പേരില്‍ ചിന്താമുക്തകങ്ങളും ‘ജനകീയന്‍’ എന്ന പേരില്‍ വ്യക്തിവിശേഷവും ‘പ്രഹ്ലാദന്‍’ എന്ന പേരില്‍ ചോദ്യോത്തര പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തു. ഒപ്പം മനോരാജ്യം വാരികയുടെ ചീഫ് എഡിറ്ററുമായിരുന്നു. ഒറ്റ ലക്കം മുടങ്ങാതെ, 6 വര്‍ഷം ഈ കോളങ്ങള്‍ തുടര്‍ന്നുപോന്നു. ചോദ്യോത്തര പംക്തി അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുള്ള ഉത്തമ നിദര്‍ശനമായിരുന്നു. മുക്തകങ്ങള്‍ ഓരോന്നും ഗദ്യത്തിലെഴുതിയ കവിതകള്‍ പോലെ സുന്ദരങ്ങളായിരുന്നു. അനുവാചകലോകം പണ്ഡിതപാമരഭേദമെന്യേ അവ ആസ്വദിച്ചു. 1992 ല്‍ ആശാന്റെ ശ്രീമദ് ഭഗവദ്ഗീതാ വ്യാഖ്യാനം ഇറങ്ങിയപ്പോള്‍, 19.6.92 ല്‍
”പ്രിയ ശ്രീധരന്
”മാം അനുസ്മര, യുദ്ധ്യ ച”
സ്‌നേഹപൂര്‍വ്വം
എം.എസ്. ചന്ദ്രശേഖരവാരിയര്‍
എന്നെഴുതി ഭഗവദ്ഗീതാ വ്യാഖ്യാനത്തിന്റെ കോപ്പിയുമായി 4ാം നിലയിലെത്തി എന്റെ സീറ്റിനരികെ വന്നണഞ്ഞപ്പോള്‍, സീറ്റില്‍നിന്ന് ചാടിയെഴുന്നേറ്റ് രണ്ടുകൈയും നീട്ടി പുസ്‌തകം വാങ്ങി ഞാന്‍ നെഞ്ചോടു ചേര്‍ത്തു.
കെ.എം. ന്റെ ”ഭഗവദ് ഗീത” യും തിലകന്റെ ”ഗീതാരഹസ്യ” വും കയ്യിലുണ്ടെങ്കിലും ഞാന്‍ നിത്യപാരായണത്തിന് ഉപയോഗിക്കുന്നത് ആശാന്റെ കൈയൊപ്പ് പതിഞ്ഞ ഭഗവദ്ഗീതാ വ്യാഖ്യാനത്തിന്റെ ഒന്നാം പതിപ്പാണ്.
1999 ജനുവരി 28 കോട്ടയം ലൂര്‍ദ്ദ് പള്ളി പരിസരം. ഡീസി സാറിന്റെ കല്ലറ മൂടാന്‍ തുടങ്ങവേ കണ്ടുനില്ക്കാന്‍ വയ്യാതെ ഞാന്‍ മുകളിലേക്കുള്ള പടികള്‍ കയറി. അവിടെ പൊരിവെയിലില്‍ ഒരു കരിങ്കല്‍ക്കഷണത്തിന് മേലെ തലയും കുമ്പിട്ടു ആശാന്‍ ഇരിക്കുകയായിരുന്നു… കടന്നുപോകുന്നവരും വരുന്നവരും അദ്ദേഹത്തെ ശ്രദ്ധിച്ചതേയില്ല. ആശാന്റെ ഇരുപ്പ് ദൂരെ നിന്നു കണ്ട ഞാന്‍ പരിഭ്രാന്തനായി ഓടി അടുത്തെത്തി അദ്ദേഹത്തിന്റെ കരം ഗ്രഹിച്ചു. അദ്ദേഹം വിയര്‍പ്പില്‍ കുളിച്ച നിലയിലായിരുന്നു. ”ഡീസി ഇനി ഇല്ല എന്നോര്‍ക്കുമ്പോള്‍ ആകെ തളര്‍ന്നുപോകുന്നു” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ സമാധാനിപ്പിച്ച് ചേര്‍ത്തുപിടിച്ച് നടന്നു. പുറത്തു റോഡിലെത്തി ഓട്ടോ പിടിച്ച് അദ്ദേഹത്തെ മുറിയില്‍കൊണ്ടുചെന്നാക്കി. ഞാന്‍ മടങ്ങാന്‍ തുടങ്ങുകയായിരുന്നു. ”ഇന്നിവിടെ എന്നോടൊപ്പം കഴിച്ച് രാവിലെ പോകാ” മെന്ന് സാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചു. അന്നു രാത്രി പഴയ കഥകള്‍ പറഞ്ഞു പറഞ്ഞു ഞങ്ങള്‍ നേരം വെളുപ്പിച്ചു. ലാരി കോളിന്‍സും ഡൊമിനിക് ലാപിയറും ചേര്‍ന്നെഴുതിയ ‘Freedom at midnight’ എന്ന കൃതിയുടെ വിവര്‍ത്തനം ആശാനും മനോരമ ചീഫ് എഡിറ്ററായിരുന്ന ടി.കെ.ജി. നായരും ചേര്‍ന്നു നിര്‍വ്വഹിച്ചു.
നക്ഷത്രങ്ങള്‍ ശപിച്ച ദിവസം, ലോകം ഉറങ്ങിയപ്പോള്‍, സ്വാതന്ത്ര്യത്തിന്റെ സുന്ദര പ്രഭാതമേ തുടങ്ങി ആകര്‍ഷകമായ തലക്കെട്ടുകളാല്‍ ആശാന്റെ പരിഭാഷാഭാഗം കിടയറ്റതായിരുന്നു.
അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍: അന്തിയും വാസന്തിയും, സന്ദേശം (കവിതകള്‍), ഭാഷയും സാഹിത്യവും മലയാളപ്പിറവിക്കു മുമ്പ് (പ്രബന്ധങ്ങള്‍), വ്യക്തിമുദ്രകള്‍ (തൂലികാ ചിത്രങ്ങള്‍), അകലെ നിന്നുവന്നവര്‍ (കഥകള്‍), സ്വപ്നം വിടരുന്ന പ്രഭാതം (നോവല്‍ വിവര്‍ത്തനം), നക്‌സലെറ്റുകള്‍ (നോവല്‍വിവര്‍ത്തനം), സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ (വിവര്‍ത്തനം), ജഡ്ജ്‌മെന്റ്- അടിയന്തരാവസ്ഥയും അണിയറ രഹസ്യങ്ങളും (വിവര്‍ത്തനം), നെഹ്രു യുഗ സ്മരണകള്‍ (വിവര്‍ത്തനം), നായര്‍ മേധാവിത്വത്തിന്റെ പതനം (വിവര്‍ത്തനം), പ്രകാശരേണുക്കള്‍ (ചിന്താമുക്തകങ്ങള്‍), സിദ്ധാര്‍ത്ഥന്റെ ചിന്താലോകം (ചിന്താമുക്തകങ്ങള്‍), സിദ്ധാര്‍ത്ഥന്റെ ജീവിതചിന്തകള്‍ (ചിന്താമുക്തകങ്ങള്‍), അഗ്‌നിയും ജ്വാലയും (ചിന്താമുക്തകങ്ങള്‍), ഇറ്റിറ്റുവീഴും വെളിച്ചം (ചിന്താമുക്തകങ്ങള്‍), ടി. രാമലിംഗം പിള്ളയുടെ 4 വാല്യം ഇം.ഇം. മലയാളം നിഘണ്ടുവിന്റെ സംഗൃഹീതപ്പതിപ്പ്, അദ്ധ്യാത്മരാമായാണം, ശ്രീമഹാഭാഗവതം (സംശോധനം), 80 ദിവസം കൊണ്ടു ഭൂമിക്കുചുറ്റും (വിശ്വസാഹിത്യമാല), പുകവലി വേണമോ വേണ്ടയോ (വിവര്‍ത്തനം), (ഇതിന്റെ പിന്‍കവര്‍ ഡിസി സാറിന്റെ കൈപ്പടയിലാണെന്ന് ഓര്‍മ്മ).
കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ലോഡ്ജിലെ മുറിയില്‍ ആശാന്‍ വിഷമമില്ലാതെ ജീവിച്ചു. വെളിച്ചത്തില്‍ കുളിച്ചു രാവുംപകലും ശബ്ദമുഖരിതമായ സ്‌റ്റേഷന്‍ പരിസരം. അവിടെനിന്ന് പി.ജെ. ടിമ്പേഴ്‌സ് എന്ന തടിക്കമ്പനിയുടെ അടുത്തുള്ള പണിക്കരുടെ എസ്.ആര്‍. ടൂറിസ്റ്റുഹോമില്‍ മുറിയെടുത്തു മാറി. അവിടുത്തെ രാത്രി അന്തരീക്ഷം ഭയാനകമായിരുന്നു. വെളിച്ചത്തിന്റെ കണികപോലുമെങ്ങുമില്ല. കെ.കെ. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തൊട്ടടുത്ത മുറി വാടകയ്ക്ക് എടുത്തു ഒരു മാസത്തോളം ആശാന്റെ കൂടെ കഴിഞ്ഞു. അക്കാലങ്ങളില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു ഞാന്‍. ഡി.സി.ബുക്സിൻ്റെ ആരംഭകാലം മുതൽ വ്യാഴാഴ്ച തോറുമുള്ള പബ്ലിക്കേഷൻ കമ്മറ്റിയിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ആശാൻ. ഒടുവിൽ തൊടുപുഴയില്‍ നിന്ന് ബസ്സിൽ കോട്ടയത്തെത്തുക പ്രയാസമായി അനുഭവപ്പെട്ട് തുടങ്ങുന്ന കാലം വരെ ആ പതിവ് ആശാൻ പാലിച്ചു പോന്നു.
ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങളെല്ലാം കോംപ്ലിമെന്ററിയായി വീട്ടിലേക്കു അയക്കുമായിരുന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം എല്ലാ പുസ്തകങ്ങളും അയയ്ക്കാതെ ആശാന്റെ അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ നോക്കി എല്ലാ മാസവും കൃത്യമായി ഞാന്‍ അയച്ചുതുടങ്ങി. 2011 ല്‍ ഞാന്‍ പിരിയുംവരെ മുടക്കമില്ലാതെ ഇതു ചെയ്യുകയുണ്ടായി.
അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിയിച്ചുകൊണ്ട് ആഗസ്റ്റ് 11ാം തീയതി രാവിലെ 9.39ന് എ.വി. ശ്രീകുമാര്‍ വിളിച്ചു. തൊടുപുഴയില്‍നിന്ന് മടക്കമാണെന്നും അറിയിക്കുകയുണ്ടായി. ആശാന്റെ മകനെ അനുശോചനമറിയിക്കാന്‍ ഞാന്‍ ശ്രീകുമാറിനോട് അപേക്ഷിച്ചു.
കൃത്യം 9.46 ന് ശ്രീ. രവി ഡീസി വിളിച്ചു. വിവരം പറഞ്ഞതിന് പിന്നാലെ ആശാനെക്കുറിച്ചുള്ള അനുസ്മരണ ലേഖനം ഉടനെ ബുള്ളറ്റിനിലേക്ക് തയ്യാറാക്കി അയയ്ക്കാന്‍ ആവശ്യപ്പെട്ടു.
പറഞ്ഞത് ശ്രീ രവിയായതിനാലും പോയത് ആശാന്‍ ആയതിനാലും എനിക്കെഴുതാതെ വയ്യ… പ്രായാധിക്യംനിമിത്തം അറ്റുപോകുന്ന ഓര്‍മ്മകളെ അനുനയിപ്പിച്ച് എടുത്താണ് ഇതെഴുതുന്നത്. ഈ സന്ദര്‍ഭത്തില്‍
ആശാന്റെ ഗീതാവ്യാഖ്യാനത്തില്‍ നിന്നുതന്നെ ഞാന്‍ സമാധാനം കണ്ടെത്തുന്നു.
”ജാതസ്യ ഹി ധ്രുവോ മൃത്യുഃ
ധ്രുവം ജന്മമൃതസ്യ ച
തസ്മാദപരിഹാര്യേര്‍ഥേ
ന ത്വം ശോചിതുമര്‍ഹസി”
”എന്തുകൊണ്ടെന്നാല്‍, ജനിച്ചവന് മരണം നിശ്ചയം മരിച്ചവന് ജനനവും നിശ്ചയംതന്നെ. അതിനാല്‍ പരിഹരിക്കാന്‍ നിവൃത്തിയില്ലാത്ത ഈ കാര്യത്തില്‍ നീ ദുഃഖിച്ചിട്ട് ഫലമില്ല.
നഷ്ടപ്പെട്ടു തുടങ്ങുന്ന ഓര്‍മ്മകള്‍… പേന പിടിക്കുമ്പോള്‍ അല്പാല്പം വിറച്ചു തുടങ്ങിയ കൈകള്‍… ഇവയെയെല്ലാം അതിജീവിച്ച് ഈ അനുസ്മരണലേഖനമെഴുതാന്‍ ദൈവം എന്നെ ബാക്കിയാക്കിയതിനുള്ള ‘ജന്മപുണ്യം’ ആശാന്റെ കാല്ക്കല്‍ ഗുരുദക്ഷിണയായി ഞാന്‍ അര്‍പ്പിക്കട്ടെ…
Comments are closed.