ബഷീര്‍ കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യപ്രതിഭ : എം.ടി വാസുദേവന്‍ നായര്‍
കോഴിക്കോട്: കാലത്തിന് മായ്ക്കാന്‍ സാധിക്കാത്ത അതുല്യ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമവാര്‍ഷികദിനമായ ജൂലൈ അഞ്ചിന് കോഴിക്കോട്ടെ വൈലാലില്‍ വീട്ടില്‍ നടന്ന സാംസ്‌കാരികസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീറിനൊപ്പം കഴിഞ്ഞ ദിനങ്ങളായിരുന്നു തന്റെ ഏറ്റവും നല്ല ദിനങ്ങളെന്ന് എം.ടി ചടങ്ങിനിടെ ഓര്‍ത്തെടുത്തു. പല തലമുറകളെ ആകര്‍ഷിച്ച ബഷീര്‍ കാലത്തിനും മരണത്തിനും മായ്ക്കാനാവാത്തവിധം ഈശ്വരന്‍ അനുഗ്രഹിച്ച അതുല്യസാഹിത്യപ്രതിഭയാണ്. പുതിയ തലമുറയും അദ്ദേഹത്തെ ശ്രദ്ധയോടെ വായിക്കുന്നു. വരുംതലമുറയുടെ മനസ്സിലും ഇങ്ങനെ ഒരെഴുത്തുകാരനുണ്ടാകും. അദ്ദേഹവുമായുള്ള സൗഹൃദവും സഹവാസവും ജീവിതത്തില്‍ ലഭിച്ചത് വലിയ പുണ്യമായി കരുതുന്നു. മലയാളത്തിന്റെ മഹാഭാഗ്യമാണ് ബഷീറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധായകനും നടനുമായ മധുപാല്‍, എം.പി അബ്ദുസമദ് സമദാനി, ഡി സി ബുക്‌സ് സി.ഇ.ഒ രവി ഡി സി എന്നിവര്‍ സംസാരിച്ചു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ അസമാഹൃത രചനകളുടെ സമാഹാരം ബഷീര്‍ നിലാവ് എം.ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. വൈലാലില്‍ വീട്ടിലൊരുക്കുന്ന സ്മൃതിവനത്തിലേക്കുള്ള 25 വൃക്ഷത്തൈകളില്‍ ആദ്യത്തേത് ഷാഹിന ബഷീറിന് എം.ടി കൈമാറി. നടന്‍ മാമുക്കോയ, ഡോ.ഖദീജ മുംതാസ്, കെ.എസ് വെങ്കിടാചലം, കെ.പി സുധീര തുടങ്ങി നിരവധി പേര്‍ അനുസ്മരണദിനത്തില്‍ വൈലാലിലെ വീട്ടിലെത്തിയിരുന്നു. മകന്‍ അനീസ് ബഷീര്‍, മകള്‍ ഷാഹിന ബഷീര്‍, എന്നിവരും ബഷീറിന്റെ മറ്റു കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വസീം മുഹമ്മദ് ബഷീര്‍ സ്വാഗതവും നസിം മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. നൂറു കണക്കിന് സുഹൃത്തുക്കളും ആരാധകരുമാണ് 25-ാം ചരമവാര്‍ഷികദിനത്തില്‍ ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിക്കാനെത്തിയത്.
Comments are closed.