DCBOOKS
Malayalam News Literature Website

‘ഖാദര്‍പെരുമ’ യു എ ഖാദര്‍ അനുസ്മരണ സമ്മേളനം ഡിസംബർ 11, 12 തീയതികളില്‍ കോഴിക്കോട് നടക്കും

തൃക്കോട്ടൂരിന്റെ കഥാകാരന്‍ യു എ ഖാദറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച്‌ യു എ ഖാദര്‍ അനുസ്മരണ സമിതി ‘ഖാദർ പെരുമ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ഡിസംബര്‍ 11, 12 തീയതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും.  മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. യു എ ഖാദറിന്റെ 114 പുസ്തകങ്ങളുടെ പ്രദർശനം, സെമിനാറുകൾ, ചർച്ചകൾ, അനുസ്മരണം, സ്മാരകപ്രഭാഷണം, ചിത്രരചനാമത്സരം (യു എ ഖാദർ കഥാപാത്രങ്ങൾ), മുക്കം സലിം അവതരിപ്പിക്കുന്ന മെഹ്ഫിൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസം നീളുന്ന പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ ഡിസംബര്‍ 11ന് രാവിലെ പത്തു മണിക്ക് കേന്ദ്രസാഹിത്യ അക്കാദമി കണ്‍വീനറും എഴുത്തുകാരനുമായ കെ.പി രാമനുണ്ണി നിര്‍വ്വഹിക്കും. പി.കെ പാറക്കടവ് അദ്ധ്യക്ഷനാവും. എന്‍.പി ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയാവും. ജമാല്‍ കൊച്ചങ്ങാടി പങ്കെടുക്കും.

തുടര്‍ന്ന് ‘തീഷ്ണാനുഭവങ്ങളുടെ ഖാദര്‍ക്ക ‘ , ‘ആധുനികതയും തൃക്കോട്ടൂര്‍ കഥകളുടെ വേറിട്ട ധാരയും ‘ , ‘ഉത്തരാധുനികതയും പുതുക്കഥകളും’ എന്നി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 12ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷയാവും. കെ.ഇ.എന്‍, സി.പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ‘യു.എ.ഖാദറിന്റെ ചെറുകഥകള്‍ ‘ , ‘നവോന്ഥാനകാല കഥകള്‍ ‘ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ‘ബഹുസ്വരതയെ ഭയപ്പെടുന്നതാര്?’ എന്ന വിഷയത്തില്‍ പി.എന്‍ ഗോപി കൃഷ്ണന്‍ , യു എ ഖാദര്‍ സ്മാരക പ്രഭാഷണം നടത്തും തുടര്‍ന്ന് മുക്കം സലിം അവതരിപ്പിക്കുന്ന ഗസല്‍സന്ധ്യ ഉണ്ടായിരിക്കും.

യു എ ഖാദറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.