DCBOOKS
Malayalam News Literature Website

ത്യാഗരാജസ്വാമികളുടെ ജന്മവാര്‍ഷികദിനം

കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.

തഞ്ചാവൂരിനടുത്തുള്ള തിരുവാരൂരില്‍ 1764 മെയ് 4നു ജനിച്ച അദ്ദേഹം തിരുവൈയാറില്‍ ആണ് വളര്‍ന്നത്. പണ്ഡിതനായ രാമബ്രഹ്മവും ഗായികയായിരുന്ന സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. രാമബ്രഹ്മം 1774ല്‍ തഞ്ചാവൂരില്‍ നിന്നും കുടുംബസമേതം തിരുവൈയ്യാറിലേക്ക് താമസം മാറ്റുകയും, ത്യാഗരാജന്‍ അവിടെവെച്ച് പ്രസിദ്ധ സംഗീതജ്ഞനായ സോന്തി വെങ്കിടരമണയ്യയുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. തെലുങ്ക്, സംസ്‌കൃതം എന്നീ ഭാഷകളിലും വേദശാസ്ത്രങ്ങളിലും സംഗീതത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിലൂടെ ഭക്തിയും തത്ത്വചിന്തയും പ്രചരിപ്പിച്ച് ലളിതജീവിതം നയിച്ചു. 1847 ജനുവരി 6ാം തീയതിയാണ് ത്യാഗരാജന്‍ അന്തരിച്ചത്, തിരുവൈയാറില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമാധിയും!.

കര്‍ണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വളര്‍ച്ചയ്ക്കും പ്രചരണത്തിനും ത്യാഗരാജസ്വാമികള്‍ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നല്കിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീര്‍ത്തനങ്ങള്‍ ശ്രീരാമനെ പ്രകീര്‍ത്തിക്കുന്നവയാണ്. തത്ത്വജ്ഞാനപരങ്ങളും സന്മാര്‍ഗജീവിതപ്രേരകങ്ങളുമായ നിരവധി കീര്‍ത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ലൗകിക സുഖങ്ങളുടെ പരിത്യാഗവും, നിസ്സംഗത്വവും ഭഗവച്ചരണാഗതിയും, ആത്മസാക്ഷാല്‍ക്കാരവും ഉദ്‌ബോധിപ്പിക്കുന്നവയാണ് ത്യാഗരാജകീര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും. ത്യാഗരാജസ്വാമികളുടെ സാന്നിദ്ധ്യത്തില്‍ സ്വരങ്ങള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളെ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകള്‍ സൂക്ഷ്മതയോടെ പഠിച്ച് സാധകം ചെയ്ത് പ്രചരിപ്പിക്കുന്നതിനാല്‍ ആ കീര്‍ത്തനങ്ങള്‍ രൂപഭേദമില്ലാതെ, പൂര്‍വ്വരൂപത്തില്‍ത്തന്നെ നിലനിന്നുവരുന്നു.

ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കര്‍ണാടകസംഗീതം പൂര്‍ണവളര്‍ച്ച പ്രാപിച്ചത്. അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധ രാഗങ്ങളില്‍ വളരെ കീര്‍ത്തനങ്ങള്‍ രചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തില്‍ അനേകം കീര്‍ത്തനങ്ങള്‍ രചിട്ടുണ്ട്.

ത്യാഗരാജസ്വാമികള്‍ ഘന രാഗങ്ങളായ നാട്ട, ഗൌള, ആരഭി, വരാളി, ശ്രീരാഗം എന്നിവയില്‍ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്വനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ സുപ്രധാന കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതസിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റേയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്‌നകീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നു. സുന്ദരകൃതികളാല്‍ കര്‍ണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികള്‍ സംഗീതവിദ്വാന്മാര്‍ക്കും സംഗീതവിദ്യാര്‍ത്ഥികള്‍ക്കും നിത്യസ്മരണീയനായ ‘സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു.

‘ത്യാഗരാജ’ എന്നാണ് അദ്ദേഹം കൃതികളില്‍ മുദ്രയായി ഉപയോഗിക്കുന്നത്.

Comments are closed.