ഓര്‍മ്മയില്‍ നിത്യഹരിതനായകന്‍
മലയാള സിനിമയുടെ അഭ്രപാളികളെ അനശ്വരമാക്കിയ നിത്യഹരിതനായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. അപൂര്‍വ്വസവിശേഷതകളുള്ള അതുല്യപ്രഭാവനായാണ് സിനിമാചരിത്രം പ്രേംനസീറിനെ അടയാളപ്പെടുത്തുന്നത്. സ്വഭാവമഹിമയുടെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും ആസുമ്മ ബീവിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു പ്രേംനസീറിന്റെ ജനനം. 1952-ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേംനസീറിന്റെ അരങ്ങേറ്റം. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയിലെത്തുമ്പോഴാണ് പേരിലെ മാറ്റം. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് പേര് അബ്ദുള്‍ ഖാദറില്‍ നിന്നും പ്രേംനസീറായി രൂപാന്തരപ്പെടുത്തിയത്. ഇരുട്ടിന്റെ ആത്മാവ്, കള്ളിച്ചെല്ലമ്മ, ധ്വനി, മുറപ്പെണ്ണ്, അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
1950-കളിലാണ് താരപരിവേഷമുള്ള പരിവേഷത്തിലേക്കുള്ള നസീറിന്റെ ഉയര്‍ച്ച. 1967-ല്‍ പുറത്തിറങ്ങിയ എം.ടി വാസുദേവന്‍ നായരുടെ ഇരുട്ടിന്റെ ആത്മാവിലെ അഭിനയം നസീറിന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് സ്വന്തമായൊരു ഇടം നേടിക്കൊടുത്തു. 1979-ല്‍ മാത്രം നസീര്‍ നായകനായി 39 സിനിമകളാണ് പുറത്തിറങ്ങിയത്.
725 ചിത്രങ്ങള്‍, ഷീല എന്ന ഒരേ നായികയ്‌ക്കൊപ്പം 130 സിനിമകള്‍, 1979-ല്‍ മാത്രം 41 സിനിമകള്‍, മലയാള സിനിമയില്‍ മറ്റാര്‍ക്കും തിരുത്താനാകാത്ത ലോക റെക്കോര്‍ഡുകളാണ് പ്രേംനസീര്‍ തന്റെ പേരിലെഴുതിയത്.ചിത്രങ്ങള്‍ക്കൊപ്പം നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. 1989 ജനുവരി 16ന് 62-ാമത്തെ വയസ്സില്‍ ചെന്നൈയില്‍ വെച്ചായിരുന്നു പ്രേംനസീറിന്റെ അന്ത്യം.
Comments are closed.