മതവും വൈറസും മലയാളിയും: സക്കറിയ എഴുതുന്നു
കൊറോണയ്ക്കുശേഷം കേരളത്തില്‍ നാം കാണാന്‍ പോകുന്നത് മലയാള മാധ്യമങ്ങള്‍ നടത്താന്‍ പോകുന്ന, ഒരുപക്ഷേ ആഴ്ചകളോ, മാസങ്ങളോ നീണ്ടുനില്‍ക്കാന്‍ പോകു
ന്ന, മതങ്ങളുടെ മടങ്ങിവരവിന്റെ ആഘോഷമാണ്. ഒരു ചെറിയ തിറയെടുപ്പുപോലും
ന്യൂസ്അവറിലും ഒന്നാംപേജിലും പ്രത്യക്ഷപ്പെടും. അതിനുശേഷം എല്ലാം പഴയതു
പോലെയല്ല ആകുക. പഴയതിലും ശക്തമാകാനാണ് സാധ്യത. അത്രമാത്രം മാധ്യമങ്ങള്‍ അവരുടെ പിടിച്ചുനിറവിന്റെ പിടിവള്ളികളായ മതങ്ങള്‍ക്കും ജാതികള്‍ക്കും വേണ്ടി
അധ്വാനിക്കും. രക്തം വിയര്‍ക്കും. ഇത് വിശ്വാസികള്‍ ആ സ്വദിക്കും.: ഇക്കഴിഞ്ഞ മേയ് 14-ന് ‘കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ഓഫ് നോര്‍ത്ത് അമേരിക്ക’യുടെ ടെലികോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പ്രഭാഷണത്തിന്റെ പരിഷ്‌കരിച്ച ലിഖിതരൂപം.
വാസ്തവത്തില്‍ മതവും വൈറസും തമ്മില്‍ എടുത്തുപറയത്തക്ക യാതൊരു ബന്ധവുമില്ല; എന്തെങ്കിലുമുണ്ടെങ്കില്‍ അത് വൈറസിന്റ മുമ്പില്‍ എടുത്തുകാണിക്കപ്പെടുന്ന നിഷ്‌ക്രിയത്വമാണ്. അതേസമയം, മതവും മലയാളിയുമായി സങ്കീര്‍ണ്ണമായ ബന്ധങ്ങളുണ്ട്. അവയുടെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുകയുമാണ്. ഇപ്പോള്‍ വൈറസ് ആ ചിത്രത്തിലേക്ക് വന്നിരിക്കുന്നു. മലയാളി നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷമാണ് വൈറസ് സൃഷ്ടിച്ചിരിക്കുന്നത്. മതത്തിന്റെ കാര്യത്തിലും അതുപോലെതന്നെ.ഈയൊരു പശ്ചാത്തലത്തിലാണ് ഈ പ്രസംഗം തയ്യാറാക്കിയത്. ഈ
വിഷയത്തെപ്പറ്റി സംസാരിക്കുന്ന അവസരത്തില്‍ ഒരു വ്യക്തിയെ ഞാന്‍ പ്രത്യേകം സ്മരിക്കുകയാണ്; കഴിഞ്ഞ അരനൂറ്റാണ്ടോളം ഒരു വ്യവസ്ഥാപിത മതവുമായി തുറന്ന
പോരാട്ടത്തില്‍ ഏര്‍പ്പെട്ട, ഒരുപക്ഷേ, ഒരേയൊരു മലയാളിയാണ് അദ്ദേഹം. കത്തോലിക്കാ സഭാചരിത്രപണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനും പൗരോഹിത്യാധികാര വ്യവസ്ഥിതിയുടെ വിമര്‍ശകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ ആണ് ആ വ്യക്തി. അദ്ദേഹം സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കിയ, കത്തോ
ലിക്കാസഭയെപ്പറ്റി ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്ന, സത്യങ്ങള്‍ ഇന്ന് കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ ടെലിക്കോണ്‍ ഏര്‍പ്പെടുത്തിയ ‘കേരള കാത്തലിക് റിഫര്‍മേഷന്‍ മൂവ്‌മെന്റ് ഓഫ് നോര്‍ത്ത് അമേരിക്ക’, കത്തോലിക്കസഭയെപ്പറ്റിയും മതങ്ങളെപ്പറ്റി പൊതുവിലും സ്വതന്ത്രമായി ചര്‍ച്ചചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ കൂട്ടായ്മയാണെന്ന് മനസ്സിലാക്കുന്നു. ഒട്ടനവധിയാളുകള്‍ അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ ടെലിവിഷന്‍ചാനലുകളെയും പത്രങ്ങളെയും സാമൂഹികമാധ്യമങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും മതമേധാവികളെയും മതതീവ്രവാദികളെയും ഏര്‍ പ്പെടുത്തിയിരിക്കുന്ന ഒരു കാലത്താണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ചിന്തകളുമായി മുന്നോട്ടുപോകുന്നത് എന്നതൊരു പ്രധാനപ്പെട്ട കാര്യമാണ്.
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നത് ഒരെഴുത്തുകാരന്റെ ഒരുപക്ഷേ, ഭാവനാപരംമാത്രമായ ആലോചനകള്‍മാത്രമാണ്. അതിന് ആമുഖമായി, ഒരുപക്ഷേ, നമ്മുടെ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ മലയാളികള്‍ ഇന്ന് ഒരു പ്രത്യേക തരത്തിലുള്ള സമൂഹമായി നിലനില്‍ക്കുന്നതിന്റെ പിന്നിലെ ആധാരശിലകളില്‍ ഒന്നായ ഒരു പ്രസ്ഥാനത്തെപ്പറ്റി ഒരുവാക്ക് പറഞ്ഞുകൊള്ളട്ടെ. നവോത്ഥാനത്തെപ്പറ്റിയാണു പറയുന്നത്. നവോത്ഥാനം പണ്ടെങ്ങോ കഴിഞ്ഞുപോയ ഒരു സംഭവമല്ല. അത് ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുറച്ചു വ്യക്തികളില്‍ ഒതുങ്ങുന്ന ഒരു പ്രതിഭാസമല്ല. അവസാനിച്ചു
പോയ ഒരു ഭൂതകാല ചരിത്രമായി കാണേണ്ട ഒന്നല്ല. അത് നടന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ്. നാം ഇന്ന് ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കൂടിച്ചേര്‍ന്നിരിക്കുന്നതുത
ന്നെ നമ്മുടെ തുടര്‍ന്നുകൊണ്ടിരിക്കുന്ന നവോത്ഥാനത്തിന്റെ ഒരുദാഹരണമാണ് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നവോത്ഥാനം എന്തായിരുന്നു എന്ന് പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തേണ്ട ഒരവസ്ഥ ഇന്നുണ്ട് എന്നതു വാസ്തവമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു, ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചയ്ക്കു ചരിത്രപശ്ചാത്തലം എന്ന നിലയില്‍ നവോത്ഥാനത്തെ ഓര്‍മ്മിക്കുവാന്‍ ഞാന്‍ കുറച്ചു വരികള്‍ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ഓര്‍മ്മ പുതുക്കാനും അതു സഹായിച്ചേക്കാം. ചരിത്രത്തിന്റെ യാദൃച്ഛികതകള്‍ മലയാളികളുടെ സംസ്‌കാരത്തിലേക്കു കൊണ്ടുവന്ന ചില വഴിത്തിരിവുകളാണ് നവോത്ഥാനത്തെ സൃഷ്ടിച്ചത്. ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മഹാന്മാരായ വ്യക്തികളും ചരിത്രപ്രധാനങ്ങളായ പ്രസ്ഥാനങ്ങളും കേരളത്തില്‍ പുതിയ ബോധജ്ഞാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു. ആ നാമങ്ങള്‍ നമുക്കെല്ലാം സുപരിചിതങ്ങളാണ്. ചിലവമാത്രം ഉദാഹരണത്തിനായി ഞാനിവിടെ സ്മരിക്കുന്നു. നിങ്ങള്‍ക്കിതിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ നിരവധി നാമങ്ങളുണ്ടാവും.
ശ്രീനാരായണനെയാണ് നവോത്ഥാന ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒന്നാം നാഴികക്കല്ലായി നാം കാണുന്നത്. എന്നാല്‍ മിഷണറിമാരിലൂടെയുള്ള ഇംഗ്ലിഷ് പരിജ്ഞാനത്തിന്റെ ആഗമനവും അച്ചടിവിദ്യയുടെ പ്രചാരവുംപോലെയുള്ള സ്വാധീനങ്ങള്‍ അദ്ദേഹത്തിനും മുമ്പേ നവോത്ഥാനത്തിന്റെ പാത തെളിയിച്ചുതുടങ്ങിയിരുന്നു. ശ്രീനാരാ
യണനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചുകൊണ്ടുവന്ന ഡോ. പല്‍പ്പുതന്നെ ഇംഗ്ലിഷ് വിദ്യാഭ്യാസത്തിലൂടെ തന്റെ ജീവിതത്തെ ഉയരങ്ങളിലേക്കു നയിച്ച വ്യക്തിയാ
യിരുന്നു. ശ്രീനാരായണന്‍ ആധുനിക മാനവികതയുടെ ആദ്യ പ്രസരണങ്ങളെയും മതാതീതമായ സ്വന്തം ആത്മീയപ്രതിഭയെയും ചേര്‍ത്തിണക്കി നവോത്ഥാനത്തിന്റെ ആദ്യപ്രഖ്യാപനം ലളിതത്തില്‍ ലളിതമായ മലയാളത്തില്‍ നടത്തി. നിധീരിക്കല്‍ മാണിക്കത്തനാര്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തുടങ്ങിയ നവോത്ഥാന പ്രമുഖര്‍ ഒരേസമയം ആദ്ധ്യാത്മികമേഖലയിലും സാമൂഹിക മേഖലയിലും പ്രവര്‍ത്തിച്ചവരാണ്.
അയ്യങ്കാളിയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും മന്നത്തു പത്മനാഭനും സഹോദരന്‍ അയ്യപ്പനും സാമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. യോഗക്ഷേമസഭ നമ്പൂതിരി സമുദായത്തില്‍ അതിപ്രധാനമായ ആധുനികതാദൗത്യം വഹിച്ചു. വി. ടി. ഭട്ടതിരിപ്പാട് നവോത്ഥാനത്തിന്റെ പ്രമുഖ സന്ദേശവാഹകനായിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനരംഗത്തും സാമൂഹിക പരിഷ്‌കരണമേഖലയിലും വിപ്ലവകരമായ ആശയങ്ങള്‍ പ്രവേശിപ്പിച്ചു. കേസരി ബാലകൃഷ്ണപിള്ള കലസാഹിത്യവിജ്ഞാനപത്രപ്രവര്‍ത്തന രംഗങ്ങളില്‍ അഭൂതപൂര്‍വമായ മാറ്റ
ത്തിന്റെ ശക്തിയായിരുന്നു. രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇടതുപക്ഷചിന്തയുടെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും വരവ് ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ജാതിബന്ധങ്ങളുടെ പുനര്‍നിര്‍വചനത്തില്‍ വൈക്കംസത്യാഗ്രഹം ഒരു വലിയ പങ്കുവഹിച്ചു.
സാഹിത്യ വിജ്ഞാനശാസ്ത്ര കലാരംഗങ്ങളില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം, യുക്തിവാദ പ്രസ്ഥാനം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കെ.പി.എ.സി നാടകവേദി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയ പ്രസ്ഥാനങ്ങള്‍ അതിപ്രധാനങ്ങളായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ ആയിരക്കണക്കിന് നീക്കങ്ങളുടെ ആ കെത്തുകയായിരുന്നു മലയാളികളുടെ നവോത്ഥാനം. ഞാന്‍ ഇപ്പോള്‍ പറയുന്നത് നടപ്പുരീതികള്‍ക്ക് എതിരാണെങ്കിലും നവോത്ഥാനത്തെ ഒരു റശൃൌുശേീി ആയി കണ്ടാല്‍, അതായത് അതുവരെ
നടന്നുപോന്ന പരമ്പരാഗത സമ്പ്രദായങ്ങളുടെ തടസ്സപ്പെടുത്തലും മുറിക്കലും ആയി കണ്ടാല്‍, ആ പ്രക്രിയയ്ക്ക് ആവശ്യമായ ബൗദ്ധികവും വിജ്ഞാനപരവും സാങ്കേതികവുമായ കരുക്കള്‍ ലഭ്യമാക്കുന്നതില്‍ കൊളോണിയലിസം ഒരു പ്രധാനപങ്കുവഹിച്ചു എന്ന് പറയേണ്ടിവരും.
ചരിത്രത്തിന്റെ യാദൃച്ഛികതകള്‍ എന്നു ഞാന്‍ ആദ്യം പറഞ്ഞത് അതു കൊണ്ടാണ്. കോളനിവാഴ്ച അത്തരമൊരു യാദൃച്ഛികതയായിരുന്നു. ഏതായാലും എല്ലാറ്റിന്റെയും ചുവ
ട്ടില്‍ ഒറ്റ ചിന്തയാണുണ്ടായിരുന്നത്. മാറ്റം. പാരമ്പര്യങ്ങളില്‍നിന്ന് മുന്നോട്ടു പോകണം. ജീവിതങ്ങള്‍ പരിഷ്കരിക്കണം. പുതിയ മൂല്യങ്ങള്‍ സൃഷ്ടിക്കണം.
ലേഖനത്തിന്റെ പൂര്‍ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍.
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ലക്കം ലഭ്യമാണ്
Comments are closed.