DCBOOKS
Malayalam News Literature Website

എന്നാണ് പെണ്‍വര്‍ഗ്ഗം രാത്രിയുടെ അവകാശികളാവുക? പ്രിയ എ.എസ് എഴുതുന്നു

സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നോ ടു സൈബര്‍ വയലന്‍സ് എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി എഴുത്തുകാരി പ്രിയ എ.എസും. രാത്രിയിലെ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചും സൈബര്‍ ഇടങ്ങളില്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയ എ.എസ്. ഡബ്ല്യു.സി.സി.യുടെ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ.

പ്രിയ എ.എസ് എഴുതിയ കുറിപ്പില്‍നിന്നും

രാത്രി, ആണിടമാണ് കേരളത്തില്‍. രാത്രിയുടെ കൂമന്‍കണ്ണുകളില്‍നിന്ന് നക്ഷത്രങ്ങള്‍ മാഞ്ഞുപോയി അതില്‍ പെണ്ണിരകള്‍ മാത്രം തെളിയുന്നു. രാത്രിയുടെ പദവിന്യാസങ്ങള്‍, ആണ്‍പ്രതികാരങ്ങളുടേതും ക്വട്ടേഷന്‍സംഘങ്ങളുടേതും എന്ന നില. മുറിയുന്നതൊക്കെയും പെണ്ണിന് മാത്രമാണോ? അഞ്ജലി മേനോന്റെ ഹാപ്പി ജേണി ഒരു സിനിമാഭാവന മാത്രമായിത്തീരുകയാണോ?

മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ വരുന്നതിനും മുമ്പേ തന്നെ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്ന ശീലവുമായി ഒരുമ്പെട്ടിറങ്ങുമായിരുന്ന ആളാണ് ഞാന്‍. പകല്‍നേരമെല്ലാം തിരക്കിന് പതിച്ചുകൊടുക്കേണ്ടി വന്ന നാളുകളായി ജീവിതം മാറിയപ്പോള്‍, എനിക്ക് സിനിമാക്കാഴ്ചയ്ക്കായി പതിച്ചുകൊടുക്കാന്‍ നേരമേയില്ലാതായി. അത്തരം നാളുകളിലൊന്നില്‍, ‘സെക്കന്‍ഡ് ഷോയ്ക്ക് വണ്ടിയോടിച്ചുപോയിവന്നാലെന്താ നിനക്കെന്ന്’ എന്റെ രാത്രികള്‍ എന്നോട് ചോദിച്ചു. രാത്രിസിനിമാകാണലിന് വല്ലാത്തൊരു സൗന്ദര്യമുണ്ടെന്നു മത്തുപിടിക്കാറുള്ള ആളുമാണ് ഞാന്‍.

പക്ഷേ ഒട്ടും പിന്തിരിപ്പനാശയക്കാരി അല്ലാതിരുന്നിട്ടുകൂടി എന്റെ അമ്മ ‘വേണ്ട, വേണ്ട’ എന്നു പറഞ്ഞുവിലക്കി.

ഒറ്റയ്ക്ക് ഒരു സ്ത്രീ, രാത്രിനേരത്ത് സ്വപ്‌നങ്ങളുടെ തോളില്‍ കൈയിട്ട് നടക്കുന്നതും നക്ഷത്രം പെറുക്കിയെടുത്ത് മുടിയില്‍ ചൂടുന്നതും കണ്ട് വഴിയോരത്ത് വെറുമൊരു സൗഹൃദച്ചിരി സമ്മാനിച്ച് നില്‍ക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല കേരളം എന്ന, ഞാന്‍ മറക്കാനാഗ്രഹിക്കുന്ന സത്യത്തിനു കീഴെയാണ് അമ്മ ചുവന്ന വരകളിട്ടത്. രാത്രികളില്‍ വഴി തിളക്കിക്കാണിച്ച് കത്തുന്ന റിഫഌ്റ്റര്‍ ലൈറ്റുകളെപ്പോലെ ആ സത്യം എനിക്കുമുന്നില്‍ അപകടച്ചുവപ്പില്‍ കുളിച്ച് കത്തിനിന്നു.

അമ്മയുടെ വിലക്കുകളെ വകവയ്ക്കാതെ, രാത്രി പത്തരയ്ക്ക് ആറാം ക്ലാസുകാരന്‍ മകനുമൊത്ത് മള്‍ട്ടിപ്ലെക്‌സില്‍ പോയി സിനിമ കണ്ടുമടങ്ങിയത് ഈ അടുത്തയിടെയാണ്. ‘സെക്കന്‍ഡ് ഷോയോളം പോയില്ലെങ്കിലും വേണ്ട, രാത്രിയെയും സിനിമയെയും ഇത്രയെങ്കിലും ചേര്‍ത്തുവയ്ക്കാനായാല്‍ മതി’ എന്ന സന്തോഷത്തിലാണ് അന്ന് വണ്ടിയോടിച്ചത്..

ഇടക്കൊന്നാലോചിച്ചു, കേരളത്തില്‍ ഏതെങ്കിലും ഒരു സ്ത്രീ തനിച്ച് ഒരു സെക്കന്‍ഡ് ഷോ സിനിമയ്ക്ക് പോയിട്ടുണ്ടാവുമോ ? ഓര്‍ക്കുന്തോറും ചിരി വന്നു. രാക്ഷസന് പര്യായം നിശാചരന്‍, നക്തഞ്ചരന്‍ എന്നും രാക്ഷസിക്ക് പര്യായം നിശാചരി എന്നും നക്തഞ്ചരി എന്നുമാണ്. രാക്ഷസജീവിതത്തില്‍ ആണിനും പെണ്ണിനും രാത്രി ഒരുപോലെ അവകാശപ്പെട്ടതാണ്.

പക്ഷേ ഒരിയ്ക്കലും മനുഷ്യസ്ത്രീയ്ക്ക് നിശാസഞ്ചാരം അഭികാമ്യമല്ല. നിശാചരിയായ സ്ത്രീ എന്നാല്‍ അപഥസഞ്ചാരിണി എന്നാണ് കല്‍പ്പിതഅര്‍ത്ഥം. രാത്രിയില്‍ സ്ത്രീയ്ക്ക് ഒന്നുകില്‍ ഉറങ്ങാം, അല്ലെങ്കില്‍ ഉറങ്ങാതിരിക്കാം. ഉറങ്ങാതിരിക്കലില്‍ ഇണചേരല്‍, കുഞ്ഞിനെ ഉറക്കല്‍ ഇതൊക്കെയാണ് സാധാരണ പെടാറ്. ഒരു പെണ്ണ്, കാടുകയറി സ്വപ്‌നമോ ദുഃസ്വപ്‌നമോ കണ്ടാലും നെടുവീര്‍പ്പുകളിലവള്‍ ആടിയുലഞ്ഞാലും അത് ലോകത്തെ ബാധിക്കില്ല. കാടുകയറല്‍ അകമേ എത്രവേണമെങ്കിലും ആവാം, പക്ഷേ പുറമേയ്ക്ക് ഒരു കാടും കാടുകയറ്റവും പാടില്ല. നെടുവീര്‍പ്പുരഹിതകളും ചിരിമുഖികളുമായ പെണ്ണുങ്ങളെയാണ് ലോകത്തിനു വേണ്ടത്.

രാത്രിസഞ്ചാരങ്ങള്‍ അവള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. സെക്കന്‍ഡ് ഷോ സിനിമയ്ക്ക് തനിച്ചുപോകുന്ന ഒരു സ്ത്രീയെ ഞാനിതുവരെ കണ്ടിട്ടില്ല.

നൈറ്റ് ട്രാവല്‍സ് എന്നു പേരിട്ട് സഞ്ജു സുരേന്ദ്രന്‍ എന്ന സുഹൃത്ത്, എസ്.ഹരീഷിന്റെ ചില ചെറുകഥകളെ ആസ്പദമാക്കി എടുക്കുന്ന സിനിമയിലും രാത്രിയുടെ അവകാശികള്‍ പുരുഷന്മാരാണ്. അത് സിനിമയുടെയോ കഥയുടെയോ കുഴപ്പമല്ല. അത് ഒരു അവസ്ഥയാണ്.

വൈകിയ നേരത്ത് ബസില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോഴൊക്കെ എറണാകുളം പോലൊരു അത്യന്താധുനിക സിറ്റിയില്‍പ്പോലും, ബസുകള്‍ കണ്ണുമിഴിച്ച് വിചിത്രജീവിയെപ്പോലെ നോക്കിയിട്ടുണ്ട്. ബസിലെ ഒറ്റപ്പെണ്ണ് ഇന്നും എന്നും ഒറ്റച്ചിലമ്പണിഞ്ഞ കണ്ണകിവേഷത്തെപ്പോലെ, ഒറ്റച്ചേലയുടുത്ത ദ്രൗപദിയെപ്പോലെ തികച്ചും ഒറ്റയ്ക്കാണ്.

രാത്രിയില്‍ വീടിന്റെ അകത്തളത്തില്‍ ഉണര്‍ന്നിരുന്ന് ഇന്റര്‍നെറ്റില്‍ വിഹരിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം കൂടുന്തോറും ഏതൊക്കെയോ ആണുങ്ങളുടെ ഉറക്കം കെടുന്നുണ്ട്. പാതിരയും കഴിഞ്ഞ് വൈ-ഫൈയുടെ നെറ്റ് തുറന്നുപിടിച്ചിരിക്കുന്നവള്‍ എന്നാല്‍ ‘വലയില്‍ വീഴാന്‍ പാകത്തിലുള്ളവള്‍’ എന്നാണ് ജനം ധരിച്ചുവച്ചിരിക്കുന്നത്. ‘എന്താ ഉറങ്ങാത്തത് ‘എന്നന്വേഷിച്ച് ഇന്‍ബോക്‌സില്‍ പിന്നെ ഉന്തും തള്ളും തിരക്കുമാണ്. ‘ഉറങ്ങൂ ചേച്ചീ’ എന്നുപദേശിക്കാന്‍ വരുന്ന അനിയന്‍ വേഷപ്പകര്‍ന്നാട്ടക്കാരന്‍ മുതല്‍ വളച്ചുകെട്ടിയും അല്ലാതെയും ഉടലിലേക്ക് ക്ഷണിക്കുന്ന ശൃംഗാരപദലഹരിക്കാരന്‍ വരെ. പിന്നെ പെണ്ണിന്റെ രാത്രിയുടെ അവകാശികള്‍ പലരാണ്. വഴിയോ വീടോ പോയിട്ട് സ്വന്തം കാശുമുടക്കി കണക്ഷനെടുത്ത ംശളശ പോലും സ്വന്തമല്ലാത്തവള്‍, അതാണ് പെണ്ണ്.

പാതിരാസന്ദശങ്ങളയക്കേണ്ടതുണ്ടോ പെണ്ണുങ്ങള്‍? എഫ്ബി കുറിപ്പുകളില്‍ ചൊരിഞ്ഞിടാന്‍ മാത്രം അവളുടെ മനസ്സെന്നാണ് കടലുകളായത്? ‘പറമ്പിനപ്പുറം, തോടിനപ്പുറം’ മാത്രമല്ലേ അവളുടെ ഇടം?

ചീവീടുകള്‍ ഒച്ചവയ്ക്കുകയും മിന്നാമിന്നികള്‍ തലങ്ങും വിലങ്ങും പറക്കുകയും ചെയ്യുന്ന രാത്രിനേരം ഏതായാലും ‘നല്ല’ പെണ്ണുങ്ങളുടേതല്ല. രാവിനെ കൈയിലെയുത്ത് രാഗവിസ്താരം നടത്തുമ്പോള്‍ ചീവീടുകളിലും വെളിച്ചത്തേരു പായിക്കുമ്പോള്‍ മിന്നാമിന്നികളിലും ആണ്‍പെണ്‍വര്‍ഗ്ഗ വിവേചനമുണ്ടോ എന്ന് തറവാട്ടില്‍ പിറന്ന പെണ്ണുങ്ങള്‍ ചിന്തിക്കാമോ ആവോ!

എന്തായാലും രാക്ഷസവര്‍ഗ്ഗം പോലും രാത്രിയെ എടുത്തമ്മാനമാടാന്‍ നേരം, ആണെന്നോ പെണ്ണെന്നോ തരം തിരിച്ച് പറഞ്ഞ് ഗ്വാ ഗ്വാ വിളിക്കാറില്ല, ആണിനെ രാത്രിയിലേക്കിരുത്തലോ പെണ്ണിനെ രാത്രിക്ക് പുറത്തേക്ക് ഇറക്കി നിര്‍ത്തലോ അവരുടെ ഇടയില്‍ പോലും പതിവില്ല. മനുഷ്യരേക്കാള്‍ എത്രയോ ഭേദമാണ് രാക്ഷസവര്‍ഗ്ഗം പോലും.. !

രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്‌ക്കൊരു ബസില്‍ കയറിയാലും സിനിമയ്ക്ക് പോയാലും നിലാവു കാണാനിറങ്ങിയാലും നിരത്തിലിറങ്ങി ഉറക്കെ കവിത ചൊല്ലിയാലും ഫെയ്‌സ്ബുക്കില്‍ കയറിയാലും സിനിമയിലഭിനയിക്കാന്‍ പോയാലും പുറം ലോകത്തിന് ഇരിക്കപ്പൊറുതിവരാത്തതെന്താണ്? എന്തിനാണവര്‍ അവളുടെ യാത്രകള്‍ മുടക്കുന്നത്? എന്തിനാണ് രാത്രിമാനം കാണാന്‍ സമ്മതിക്കാതെ അവളുടെ മാനങ്ങള്‍ തല്ലിയുടക്കുന്നത്?

‘കേരളാകഫെ’യിലെ, അഞ്ജലി മേനോന്‍ എടുത്ത ‘ഹാപ്പി ജേണി’ എന്ന ഹ്രസ്വചലച്ചിത്രം എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിലെ പെണ്‍കുട്ടി, സഹയാത്രികന്റെ ശല്യത്തെ ഒരു പെരുംനുണകൊണ്ട് നേരിടുകയും അയാളുടെ ഇരിക്കപ്പൊറുതിയില്ലായ്മകളെ ഒന്നടങ്കം പേടിയുടെ മുള്‍മുനയിലേക്ക് വലിച്ചിട്ട് മധുരപ്രതികാരം നടത്തുകയും ചെയ്തതോര്‍ത്ത് ഊറിയൂറി ചിരിക്കാറുണ്ട് ഇടക്കിടെ.

‘ഹാപ്പി ജേണി’യില്‍ അഭിനയിച്ച നിത്യാമേനോന്‍ ഷൂട്ടിങ്ങോ ഡബ്ബിങ്ങോ കഴിഞ്ഞ് പാതിരാത്രിനേരത്ത് ഒറ്റയ്ക്ക് ഒരു കാറില്‍ മടങ്ങിയിട്ടുണ്ടാവുമോ, ഒരു സ്ത്രീ എടുത്ത ആ മൂവി കാണാന്‍ കേരളത്തിലെ ഏതെങ്കിലും പെണ്‍കുട്ടി തനിച്ച് സെക്കന്‍ഡ് ഷോയ്ക്ക് പോയിട്ടുണ്ടാവുമോ എന്നൊക്കെ ആലോചിക്കുമ്പോള്‍, ‘ഹാപ്പി ജേണി’ എന്ന ടൈറ്റില്‍ കൂടുതല്‍ അര്‍ത്ഥവത്താവുന്നു.

എന്നാണ് മനുഷ്യപ്പെണ്‍വര്‍ഗ്ഗവും രാത്രിയുടെ അവകാശികളാവുക, എന്നാണ് ശരീരം കൊണ്ടും മനസ്സു കൊണ്ടും ഹാപ്പിജേണി നടത്താന്‍ അവര്‍ക്കാവുക, എന്നാണ് അതില്‍ ഇടങ്കോലിടാനും അവളെ കീറിപ്പറിക്കാനും ലോകം കടന്നുവരാതിരിക്കുക?

ഒരു പക്ഷേ അത് ഒരു വെറും ഭാവനമാത്രമായിരിക്കാം. നടക്കാനിടയില്ലാത്ത ഒരു കേരളീയഭാവന !

Comments are closed.