പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍…
മഴക്കൊപ്പമാണ് ചെല്ലേണ്ടത്. ചിണുങ്ങി ചിണുങ്ങി കുടക്കുള്ളില്‍ ചരിഞ്ഞു കയറി യൂണിഫോം നനക്കുന്ന മഴ.. താളം തുള്ളുന്ന മഴക്കൊപ്പം ചുവടുവച്ച് ഹൃദയം ചേര്‍ത്ത്, രണ്ട് മാസം മുന്‍പ് വേനലില്‍ ഇറങ്ങിപ്പോയ മുറ്റത്തേക്ക് കയറണം.
അപ്പോള്‍ ഒരാരവം കേള്‍ക്കാം… പ്രിയപ്പെട്ട ചങ്ങാതിമാരുടെ ശബ്ദവും കിളികളുടെ ചിലപ്പും, മഴയുടെ ഇരമ്പലും, വേര്‍തിരിക്കാനാവാത്ത ശബ്ദങ്ങള്‍ തമ്മില്‍ കലര്‍ന്ന ആനന്ദത്തിന്റെ ആരവം…എത്ര സുഖമുള്ള തിരിച്ചു പോക്കാണ് ഓരോ സ്‌കൂള്‍ തുറക്കല്‍ ദിനവും നമുക്ക് സമ്മാനിക്കുന്നത്.
രണ്ടു മാസം നീണ്ട അവധിയുടെ ആലസ്യം വീട്ടില്‍ നിന്നിറങ്ങി കുറച്ചു കഴിയുമ്പോഴേക്കും മഴയുടെ തണുപ്പിലലിഞ്ഞു പോവുന്നത് അറിയാറില്ലേ…..
പുതിയൊരു ഊര്‍ജ്ജം നമ്മെ വന്ന് പൊതിയും.
ചങ്ങാതിമാരുടെ സാമീപ്യത്തിന്റെ ഊര്‍ജ്ജം…
പുതിയ പുസ്തക മണം പകരുന്ന ഊര്‍ജ്ജം…
പ്രിയപ്പെട്ട അധ്യാപകര്‍ പകരുന്ന പുതു വിശേഷങ്ങളുടെ ഊര്‍ജ്ജം…
പുത്തനറിവുകളുടെ പുതിയൊരു കളിക്കാണ് ഇറങ്ങിയിരിക്കുന്നതെന്ന് മനസില്‍ കരുതുക. അപ്രിയമെന്ന് തോന്നുന്ന വിഷയത്തോട് കൂടുതല്‍ ചങ്ങാത്തം കൂടുക…
അടുത്തറിയുമ്പോള്‍ എത്ര പ്രിയപ്പെട്ടതായിരുന്നു അകറ്റിനിര്‍ത്തിയ വിഷയമെന്ന് സങ്കടം വരണം…പരിചയപ്പെടാന്‍ വൈകിയ കൂട്ടുകാരെപ്പോലെ
അറിവുകളെ സ്‌നേഹത്തോടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെക്കുക. അവയുടെ വെളിച്ചങ്ങള്‍ നമ്മുടെ ഉള്ളിലെ ഇരുട്ടിനെ ഒന്നൊന്നായി ഇല്ലാതാക്കും. പ്രപഞ്ചം പകരുന്ന കാഴ്ചകള്‍ തെളിഞ്ഞു കാണാന്‍ ഈ വെളിച്ചം കൂട്ടുവരും. അറിവുകളുടെ മഹത്തായ ശേഖരത്തിലേക്ക് നമുക്കും പുതിയത് കൂട്ടി ചേര്‍ക്കാന്‍ കഴിയും.
എങ്ങനെയും എല്ലാവരെയും തോല്‍പ്പിച്ച് ഒന്നാമനാവാനുള്ള മത്സരയിടമല്ല വിദ്യാലയം. നമ്മെ തിരിച്ചറിയാനും മിനുക്കിയെടുക്കാനുമുള്ള സ്‌നേഹവീടാണ്. അനുഭവങ്ങളിലൂടെ നിരീക്ഷണങ്ങളിലൂടെ പരിശ്രമങ്ങളിലൂടെ നമ്മെ പുതുക്കാനുള്ള ഇടം.
സങ്കടങ്ങള്‍ ഉള്ളില്‍ കൊണ്ടു നടന്ന് മിണ്ടാക്കുട്ടികളാവരുത്. അത് ചങ്ങാതിമാരോട് പറയുക. പ്രിയപ്പെട്ട ടീച്ചറോട് പറയുക. അവര്‍ കേള്‍ക്കുമ്പോള്‍ പതിയെ സങ്കടങ്ങള്‍ പഞ്ഞി മിഠായി പോലെ മനസിലലിഞ്ഞ് കാണാതാവും. സന്തോഷങ്ങള്‍ എല്ലാവര്‍ക്കും പകരുക. അത് വര്‍ണ്ണക്കുമിളകള്‍ പോലെ പെരുകി മഴവില്ല് തീര്‍ക്കും..
സംസാരിക്കുക…
പാടുക…
വായിക്കുക…
ചിന്തിക്കുക…
ഓര്‍മ്മിക്കുക…
സ്‌നേഹിക്കുക…
ഓരോ സ്‌കൂള്‍ പകലും ഉത്സവമാക്കുക…
സ്‌കൂള്‍… നിറമുള്ള അനുഭവങ്ങളുടെ വാതില്‍ തുറന്നിട്ട് കാത്തിരിക്കയാണ്. മഴക്കൊപ്പം ചറപറ കഥ പറഞ്ഞ് നനനനഞ്ഞ് ഓടിക്കയറിക്കോളൂ..
Comments are closed.