DCBOOKS
Malayalam News Literature Website

പാരിസ്ഥികപ്രശ്നങ്ങളെ നേരിടുമ്പോള്‍…

മനില സി. മോഹന്‍ മോഡേറേറ്ററായ സെഷനില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ വി.എസ് വിജയന്‍, മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ എ.പി.എ മുഹമ്മദ് ഹനീഷ്, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ശ്രീ പ്രശാന്ത് നായര്‍ ഐ.എ.എസ്, എന്‍.ഐ.ടി അസോസിയേറ്റ് പ്രൊഫസ്സര്‍ ശ്രീ അനില്‍ കുമാര്‍ പി പി എന്നിവര്‍ പങ്കെടുത്തു.

1924-ന് ശേഷം കേരളംകണ്ട, അനുഭവിച്ച ഏറ്റവും വലിയ പ്രളയമായിരുന്നു 2018-ലെ പ്രളയം. അതില്‍ നിന്നും മുങ്ങിനിവരാനും നവകേരളത്തിന് പുനര്‍ജന്മം നല്‍കാനും കേരളജനത ഒന്നാകെ കൈകോര്‍ക്കുകയുണ്ടായി. കേരളത്തിന്റെ പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണമാണ് പ്രളയനിവാരണത്തില്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഇടം എന്ന് ശ്രീ വി.എസ് വിജയന്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതിയോടനുബന്ധിച്ച് സംസാരിച്ചപ്പോള്‍ പ്രായമേറിയ ഒരു യുവതി തന്നോട് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തെടുക്കുകയുണ്ടായി. ‘എന്റെ പൊന്നുസാറെ ഞങ്ങളുടെ കുടിവെള്ളം മുട്ടിക്കരുത്’ എന്നാണ് അവര്‍ പറഞ്ഞത്. ആറന്മുള വിമാനത്താവളം നിര്‍മിക്കുന്നതിലൂടെ അവിടെ ഉള്ള ഒട്ടനവധി ചതുരശ്ര മീറ്ററുകളില്‍ നിവര്‍ന്നുകിടക്കുന്ന നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളുമാണ് നശിക്കാന്‍ പോവുന്നത്. മഴക്കാലത്ത് പമ്പാനദി കരകവിഞ്ഞൊഴുകുമ്പോള്‍ അവരുടെ താമസസ്ഥലം സംരക്ഷിക്കുന്നതിലും അവരുടെ കുടിവെള്ള സ്രോതസ്സുകളിലും കിണറ്റിലും ശുദ്ധജലം വറ്റാതെ സൂക്ഷിക്കുന്നതിലും തണ്ണീര്‍ത്തടങ്ങള്‍ക്കും നെല്‍പ്പാടങ്ങള്‍ക്കുമുള്ള പങ്ക് ഒരു സാധാരണ സ്ത്രീ നേടിയെടുത്തത് തന്റെ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കാഴ്ച ഒന്നുകൊണ്ടുമാത്രമാണ്.

2018-ലെ പ്രളയം കേരളത്തിലൊന്നാകെ വിതച്ച ദുരന്തത്തിന്റെ കണക്കെടുത്താല്‍ അതില്‍ 483 മരണവും 10,900ത്തോളം വീടുകളുടെ പൂര്‍ണമായ തകര്‍ച്ചയും കാര്‍ഷിക മേഖലയില്‍ 1300 കോടിയോളം വിളനാശവും ഉള്‍പ്പെടും. പ്രളയഭീതിയില്‍ നിന്നും കരകേറിയ നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു 40,000 കോടിയോളം വേണ്ടിവരുന്ന സാഹചര്യത്തില്‍ കേന്ദ്രസഹായമുള്‍പ്പെടെ വെറും 10,000 കോടി മാത്രമാണ് നമുക്ക് സംഭരിക്കാന്‍ കഴിഞ്ഞത് എന്ന് ശ്രീ വി.എസ് വിജയന്‍ പറഞ്ഞു.’ഓരോ രൂപക്കും കണക്ക്’ എന്ന രീതിയില്‍ ഒരു ‘extensive, exclusive open data system’ ആണ് ഇന്നാവശ്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതിസംരക്ഷണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തി പരിസ്ഥിതിയെ ബാധിക്കാത്ത വികസനം എന്ന രീതിയിലേക്ക് മാറി ചിന്തിക്കേണ്ട കാലഘട്ടമാണിത്. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പറഞ്ഞതനുസരിച്ച് ഭൂവിനിയോഗം, ജലവിനിയോഗം, ഖനനം, കെട്ടിടനിര്‍മാണം, മാലിന്യനിര്‍മാര്‍ജനം എന്നിങ്ങനെ അഞ്ച് കാര്യങ്ങളിലാണ് ഇനി വരുംകാലത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഭൂവിനിയോഗത്തിന് ആവശ്യമായ ആസൂത്രണവും, സ്ഥലം വില്‍ക്കുന്നതിനും വാങ്ങുന്നതിനും ലാന്റ് ബാങ്ക് മുഖേന കൃത്യമായ രേഖകളും ഉറപ്പാക്കണം.’ROOM FOR RIVERS’, ‘LIVING WITH WATER’ തുടങ്ങിയ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ജലാശയങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണം. കേരളത്തില്‍ അങ്ങിങ്ങായി നടക്കുന്ന പാറപൊട്ടിക്കലിന് ‘കൃത്യമായ നിയമങ്ങള്‍ അല്ല, വെറും ചട്ടങ്ങള്‍’ മാത്രമാണുള്ളത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ overall profit-നെയല്ല മറിച്ച് social benefit-നെയാണ് ലക്ഷ്യം വെക്കേണ്ടത്.

എന്‍.ഐ.ടി പ്രൊഫസ്സര്‍ ശ്രീ അനില്‍ കുമാറിന്റെ അഭിപ്രായത്തില്‍ നഗരങ്ങളാണ് വികസനത്തിന്റെ growth engine. ഒരിടത്തു തന്നെ ജോലിയും താമസവും വിനോദവും എന്ന രീതിയില്‍ ഉള്ള mixed land use നമ്മുടെ നാട്ടിലും കൊണ്ടുവരണം എന്നാണ് അദ്ദേഹം പറയുന്നത്. പ്രളയം കവര്‍ന്നെടുത്ത മേല്‍മണ്ണിന്റെ പാരിസ്ഥിതിക മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവന്നേക്കും. എന്നിട്ടും അത് അമിതമായി ഉപയോഗിക്കുന്ന bricks manufacturing പോലെയുള്ള മേഖലകള്‍ സര്‍ക്കാര്‍ തന്നെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ‘ഒന്നിനും കൊള്ളാത്ത’ വിഭാഗം എന്നൊരിക്കല്‍ എഴുതിത്തള്ളിയ യുവത്വത്തെ കുറിച്ചാണ് പ്രശാന്ത് നായര്‍ ഐ.എ.എസ് സംസാരിച്ചത്. അവരുടെ പ്രയത്‌നം പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് വീണ്ടും വീണ്ടും പ്രവര്‍ത്തിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കണമെന്നും അതല്ലെങ്കില്‍ അവര്‍ മറ്റേതെങ്കിലും അനാവശ്യകാര്യങ്ങളില്‍ പ്രതികരിച്ചുകൊണ്ടേയിരിക്കാന്‍ തുടങ്ങും. അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാവിയില്‍ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന ഇതിനേക്കാള്‍ വലിയ വിപത്തുകള്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഒരുമിച്ചു നിന്നവയെ ചെറുത്തു തോല്‍പ്പിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ ഭാവിയില്‍ അനിവാര്യമാണ്. എല്ലാത്തിലുമുപരി മാറി ചിന്തിക്കാനും പ്രതികരിക്കാനും ഉള്ള ഔചിത്യബോധമാണ് ഇനി വരുംകാലം പ്രളയം പോലെയുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെ നേരിടാനും കേരളത്തെ പുനര്‍നിര്‍മിക്കാനും ആവശ്യം എന്നതാണ് യാഥാര്‍ഥ്യം.

തയ്യാറാക്കിയത്: ശില്പ മോഹന്‍ (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.