പത്തേക്കറിലെ ദുരൂഹത നിറഞ്ഞ കൂട്ടക്കൊലപാതകങ്ങളുടെ പൊരുൾ തേടി ഒരു ക്ലാസ്സ് ത്രില്ലർ!
രാജീവ് ശിവശങ്കറിന്‍റെ റബേക്ക എന്ന നോവലിന് ആൽബിൻ രാജ് എഴുതിയ വായനാനുഭവം
വശ്യമായ ഒരു മാന്ത്രികത്വം തുളുമ്പി നിൽക്കുന്ന തൂലികയാണ് എന്നും രാജീവ് ശിവശങ്കറിന്റെത്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവർക്കറിയാം തമോവേദവും, പ്രാണസഞ്ചാരവും വായനക്കാരന്റെ മനസ്സിലുണ്ടാക്കിയ ഒരു ‘ഓളം ‘ വേറിട്ടത് തന്നെയാണ്. സമകാലിക സംഭവങ്ങൾ ഭാവനയിൽ ചാലിച്ചെഴുതുന്ന ഒരു അപൂർവ പ്രതിഭയെന്ന നിലയിൽ അദ്ദേഹത്തിന്റെ നോവലുകൾ മിക്കതും നവയുഗ എഴുത്തിനു ഒരു വഴിത്തിരിവ് കൂടിയാണ്. രാജീവ് സാറിന്റെ ഒട്ടു മിക്ക കൃതികളും വായിച്ചിട്ടുള്ള ഒരു വായനക്കാരൻ എന്ന നിലയിൽ കൽപ്രമാണവും, പെണ്ണരശും, ദിവ്യവുമെല്ലാം നമ്മുടെ മണ്ണിൽ നാമടങ്ങുന്ന ഒരു സമൂഹത്തിന്റെ ആഖ്യാന ആവിഷ്കാരമായി തോന്നിയിട്ടുണ്ട്. കൂടാതെ മറപൊരുൾ, കുഞ്ഞാലിത്തിര തുടങ്ങിയ ചരിത്ര സംബന്ധിയായ നോവലുകളും വേറിട്ട തലം വായനക്കു നൽകുന്നു.
ഇനി റെബെക്കയിലേക്ക് വരികയാണെങ്കിൽ, സമീപകാലത്ത് പത്രമാധ്യമങ്ങളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു യഥാർത്ഥ സംഭവത്തിന്റെ ത്രില്ലെർ ആവിഷ്കാരം കൂടിയാണ്. പുഞ്ചക്കുറിഞ്ചി എന്ന നാട്ടിലെ ഏറ്റവും ദുരൂഹതയുണർത്തുന്ന ഒരു ഭാവനമാണ് പത്തേക്കർ പുരയിടം. അവിടെ ഒറ്റക്ക് താമസിക്കുന്ന റെബേക്ക ടീച്ചർ (70 വയസ്സ് പ്രായം )നാട്ടിലെ എഴുത്തുകാരനായ മോഹനനോട് തന്റെ ആത്മകഥ എഴുതാൻ ആവശ്യപ്പെടുന്നു. വളർന്നു വരുന്ന എഴുത്തുകാരൻ എന്ന നിലയിലും, ടീച്ചർ വേണ്ടതിലധികം പണം നൽകും എന്ന കാരണത്താലും മോഹനൻ ആ ഉദ്യമം ഏറ്റെടുക്കുന്നു. ഇരുളടഞ്ഞ റെബേക്കയുടെ ബാല്യകാലത്തിൽ നിന്നും യൗവനത്തിലേക്കെത്തുമ്പോൾ അവൾ പാപ പങ്കിലമായ ജീവിതത്തിന്റെ നേർ രൂപമായി പരിണമിക്കുന്നു.
പത്തേക്കറിലെ പാപ്പന്റെ മകൻ ആന്റണിയെ വിവാഹം ചെയ്തു അവരുടെ വീട്ടിൽ വന്നു കയറുന്ന നാൾ മുതൽ ആ കുടുംബം ദുരൂഹതയുടെ ഒരു വേലിയേറ്റത്തിൽ അകപ്പെടുന്നു. തുടർന്ന് ആ കുടുംബത്തിൽ നടക്കുന്ന അവിശ്വസനീയമായ അനുഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു. കൂടുതൽ എഴുതിയാൽ കഥയുടെ സസ്പെൻസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
21 അദ്ധ്യായങ്ങളുള്ള ഈ നോവലിൽ,10 അദ്ധ്യായങ്ങൾ മോഹനൻ പുഞ്ചക്കുറിഞ്ചി എഴുതിയ ടീച്ചറുടെ ആത്മകഥയാണ്.’ ഗോപ്യം’എന്ന പേരാണ് ആത്മകഥക്ക് മോഹനൻ കൊടുത്തിരിക്കുന്നത്. രാജീവ് സാറിന് എല്ലാ വിധ ആശംസകൾ.
Comments are closed.