പി.എസ്.സി പരീക്ഷയുടെ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; ഐക്യമലയാള പ്രസ്ഥാനത്തിന്റെ സമരത്തിന് ഉജ്ജ്വലവിജയം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. സര്‍ക്കാരിനും പി.എസ്.സിക്കും ഇക്കാര്യത്തില്‍ യോജിപ്പാണെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. പി.എസ്.സി പരീക്ഷകളെല്ലാം മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാളപ്രസ്ഥാനം നിരാഹാരസമരം നടത്തുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍.
പി.എസ്.സിയുടെ കീഴില്‍ നടക്കുന്ന മുഴുവന്‍ പരീക്ഷകളും മലയാളത്തിലാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് ഇപ്പോള്‍ യോഗത്തിലെടുത്തിരിക്കുന്ന തീരുമാനം. ഇതില്‍ ഒരു സര്‍വ്വകലാശാല അധ്യാപകന്‍ കൂടിയുണ്ടായിരിക്കും. കെ.എസ്.എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താമെന്നാണ് ധാരണയായിരിക്കുന്നത്.
അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചിരിക്കുന്നത്. മലയാളത്തിലും പരീക്ഷ വേണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ കഴിഞ്ഞ മാസം 29 മുതലാണ് ഐക്യമലയാള പ്രസ്ഥാനം പി.എസ്.സി ആസ്ഥാനത്ത് സമരം ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍, എം.ടി വാസുദേവന്‍ നായര്‍, സുഗതകുമാരി തുടങ്ങി സാഹിത്യ- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
Comments are closed.