DCBOOKS
Malayalam News Literature Website

ഭൂരിപക്ഷ വര്‍ഗ്ഗീയത പോലെ ന്യൂനപക്ഷ വര്‍ഗ്ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണ്: സുസ്‌മേഷ് ചന്ത്രോത്ത്

മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് ഈ പംക്തി. എഴുത്ത്, വായന എന്നിവയെക്കുറിച്ചുള്ള സമകാലീനമായ ചിന്തകളും ആശയങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് എഴുത്തുകാര്‍. വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്തുമായി കഥാകൃത്ത് പി.എസ് റഫീഖ് നടത്തിയ അഭിമുഖ സംഭാഷണമാണിത്.

എഴുത്തുകാരുടെ മേച്ചില്‍പ്പുറം ഏതാണ്? എന്തിനാണ് അവര്‍ കാവല്‍ നില്‍ക്കുന്നത് ? സ്വന്തം പോഷണം തേടി അലയുന്നുവെങ്കില്‍ അവരും മറ്റുള്ളവരെ പോലെ ഭിക്ഷാംദേഹികള്‍ മാത്രമാണ്. മൂല്യങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ പഴയ മൂല്യങ്ങളെല്ലാം അസ്തമിച്ചു കഴിഞ്ഞു. പുതിയ കാലത്ത് എഴുത്തുകാരുടെ മൂല്യങ്ങളെ എങ്ങനെ നിര്‍വ്വചിക്കാം?

പഴയ മൂല്യങ്ങളെല്ലാം അസ്തമിച്ചു കഴിഞ്ഞു എന്ന വിചാരം ശരിയല്ലെന്നാണ് എന്റെ പക്ഷം. മനുഷ്യനുള്ളിടത്തോളം മൂല്യങ്ങളുമുണ്ടാകും. അവയെ നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വീകരിക്കാതിരിക്കാം. അത്രയേയുള്ളൂ. പിന്നെ ഗോത്രങ്ങളും രാജ്യങ്ങളും മാറുന്നതനുസരിച്ച് മൂല്യസംഹിതകളും തോതുകളും മാറും. മറ്റൊരു സമൂഹം വിലകല്‍പ്പിക്കുന്ന മൂല്യങ്ങള്‍ നമുക്ക് സ്വീകാര്യമായിക്കൊള്ളണമെന്നില്ല. സാഹിത്യമെഴുതുന്നവരുടെ മേച്ചില്‍പ്പുറം എല്ലായ്‌പ്പോഴും ജീവിതമാണ്. മനുഷ്യജീവിതം. എനിക്കാരും കാവല്‍ നില്‍ക്കുന്നില്ല. ഞാനും ആര്‍ക്കും കാവല്‍ നില്‍ക്കുന്നില്ല.

എഴുത്തുകാരുടെ അറിവിനെ നിര്‍വ്വചിക്കാമോ? അവരുടെ ചരിത്രം എന്താണ്? അവര്‍ എന്നുദ്ദേശിക്കുന്നത് ലിംഗങ്ങളില്‍ വന്ന വ്യത്യാസം കൊണ്ടുകൂടിയാണോ?

എഴുത്തുകാരുടെ അറിവിനെ നിര്‍വ്വചിക്കാന്‍ എനിക്ക് സാധിക്കില്ല. അവരുടെ ചരിത്രം പറയാനും. സംഭോഗസമയത്തല്ലാതെ മറ്റെപ്പോഴെങ്കിലും മനുഷ്യരില്‍ ലിംഗവ്യത്യാസം കാണേണ്ടതില്ലെന്നാണ് എന്റെ പക്ഷം.

എഴുത്തില്‍ പുതിയ പ്ലാറ്റ്‌ഫോം രൂപപ്പെട്ടു വരികയാണല്ലോ. വായന മരിക്കുകയല്ല, മാറുകയാണ് എന്ന അഭിപ്രായമുണ്ട് ? എങ്ങനെയാണ് ആ മാറ്റത്തെ കാണുന്നത്?

എഴുത്ത്/വായന എന്നു പറഞ്ഞാലെന്താണ്? ആ പ്രക്രിയയ്ക്ക് എപ്പോഴെങ്കിലും മാറ്റം വരുന്നുണ്ടോ? കല്ലിലായാലും കടലാസിലായാലും കമ്പ്യൂട്ടറിലായാലും രേഖപ്പെടുത്തുക എന്നതാണ് എഴുത്ത്. അതിനാല്‍ എഴുത്ത് മാറുന്നില്ല. നാളെ പറഞ്ഞു കേള്‍ക്കുന്ന മാത്രയില്‍ രേഖപ്പെടുത്തിപ്പോകുന്ന സംവിധാനം വന്നാലും എഴുത്ത് എന്ന പ്രക്രിയ അവിടെത്തന്നെ തുടരും. അതായത് അതിന്റെ ഉദ്ദേശം.  വായനയും അതുപോലെ തന്നെയാണ്. ഓഡിയോ ബുക്ക് ആയാലും ഇ-റീഡര്‍ ആയാലും വായന തരുന്ന അനുഭവത്തിന് മാറ്റമുണ്ടാകുന്നില്ലല്ലോ. മനുഷ്യനുള്ളിടത്തോളം എഴുത്തും വായനയും സൃഷ്ടിക്കുന്ന ഗുണഫലങ്ങള്‍ തുടരും. മനുഷ്യനെ എഴുതുക എന്നതാണ് എല്ലാക്കാലത്തും ഞാന്‍ അനുവര്‍ത്തിച്ചിട്ടുള്ളത്. ഏത് പ്ലാറ്റ്‌ഫോമില്‍ വരുന്ന കാര്യമാണ് എന്നതിനെക്കുറിച്ച് അറിയില്ല.

നമുക്ക് ഒരു ഭാഷാഭിമാനം ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ ലോകം ഒന്നായിത്തീരുന്ന ഇക്കാലത്ത് അതിന്റെ ആവശ്യമുണ്ടോ? പുതിയ എഴുത്തിനെയും ഭാഷയേയും താങ്കള്‍ എങ്ങനെയാണ് സ്വാംശീകരിക്കുന്നത്?

മനുഷ്യന് ഭാഷ ആവശ്യമാണ്. ഭാഷയുടെ വികാസത്തോടു ചേര്‍ന്നാണ് ഇന്നു കാണുന്ന വളര്‍ച്ചയുണ്ടായത്. എന്നാല്‍ അതിന്റെ പേരില്‍ അഭിമാനം തോന്നേണ്ടതില്ല. നമ്മുടെ ഭാഷ മാത്രമാണ് ലോകഭാഷ എന്നും തോന്നേണ്ടതില്ല. എനിക്ക് മലയാളത്തോട് പ്രത്യേക സെന്റിമെന്‍സൊന്നുമില്ല. അറിയാവുന്ന ഭാഷ കൂടുതല്‍ നന്നായി അറിയണമെന്നും പ്രയോഗിക്കണമെന്നും തോന്നാറുണ്ടെന്ന് മാത്രം.

ഫാഷിസ്റ്റുകള്‍ക്കെതിരെ നിലപാടെടുക്കുന്നുവെന്ന് പറയപ്പെടുന്ന പല എഴുത്തുകാരും സംഘപരിവാറിന് വ്യക്തമായ മേല്‍ക്കൈയുള്ള പത്രമാധ്യമങ്ങളിലും വാരികകളിലും നിരന്തരമായി എഴുതുന്നുണ്ട്. എഴുത്തുകാരന്റെ രാഷ്ട്രീയം എന്താകണം? എന്തായിരിക്കണം?

ഫാഷിസത്തിനെതിരെ നില്‍ക്കുന്ന ഒരുവനാണ് ഞാന്‍. ആദ്യകാലത്ത് അവസരം ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളിലാണ് എഴുതിക്കൊണ്ടിരുന്നത്. അപ്പോഴും മതമൗലിക വാദികളുടേയും മത തീവ്രവാദികളുടേയും പ്രസിദ്ധീകരണങ്ങളേയും വേദികളേയും ഞാന്‍ ഒഴിവാക്കി നിര്‍ത്തിയിരുന്നു. ഭൂരിപക്ഷവര്‍ഗ്ഗീയതയെപ്പോലെ തന്നെ ന്യൂനപക്ഷവര്‍ഗ്ഗീയതയേയും എതിര്‍ക്കേണ്ടതുണ്ട്. എതിര്‍ക്കുന്നുമുണ്ട്.

Comments are closed.