എഴുത്തിന്റെ പരിമിതികളെ ഭേദിക്കുന്നത് വെല്ലുവിളിയാണ്: വി.ആര്‍ സുധീഷ്
വായനാവാരത്തോട് അനുബന്ധിച്ച് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന ഈ പംക്തിയില്‍ പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷിനോട് ചില ചോദ്യങ്ങളുമായി കഥാകാരി ഷബിത.
വായനയെ താങ്കള്‍ എങ്ങനെ നിര്‍വ്വചിക്കുന്നു?
വായന ജീവിതവായനയാണ്. അത് ഒരു നിത്യചര്യയാണ്. അതിന്റെ ഫലം ജീവനസംഗീതമാണ്. വായിക്കുമ്പോള്‍ ലോകം വലുതാകുന്നു ചുറ്റും മനുഷ്യര്‍ നിറയുന്നു.
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അദൃശ്യവിനിമയത്തെക്കുറിച്ച്?
അദൃശ്യവിനിമയമാണ് അതിന്റെ സൗന്ദര്യം. അറിയുന്ന വായനക്കാരും അറിയാത്ത വായനക്കാരുമുണ്ട്. അവരെ നാം എഴുതുമ്പോള്‍ കാണുന്നില്ല. ചിലപ്പോള്‍ ഓര്‍ത്തെന്നു വരും. അവര്‍ പറഞ്ഞതും നിര്‍ദ്ദേശിച്ചതും അഭിപ്രായപ്പെട്ടതുമായ കാര്യങ്ങള്‍ മാനിച്ചെന്നു വരാം.
എഴുതുന്ന സമയത്ത് അജ്ഞാതനായ വായനക്കാരനെ ഓര്‍മ്മ വരാനിടയായാല്‍ അത് എഴുത്തുകാരന്റെ സൃഷ്ടിയെ ഏതുവിധത്തിലാണ് ബാധിക്കുക?
കഥകള്‍ ദുരന്തത്തിലേക്ക് കൊണ്ടു പോകരുതേ, താങ്ങാനാവുന്നില്ല എന്ന് പറയുന്ന ഒരു വായനക്കാരി എനിക്കുണ്ട്. അവര്‍ക്കു വേണ്ടി ഞാന്‍ ഒരു കഥ ശുഭപര്യവസായിയാക്കിയിട്ടുണ്ട്. ആ കഥ നന്നായി സ്വീകരിക്കപ്പെട്ടു. സത്യത്തില്‍ അത് ദുരന്തത്തിലേക്ക് പോകേണ്ടുന്ന കഥയാണ്. എഴുതുമ്പോള്‍ അവരെ ഓര്‍മ്മ വന്നതിന്റെ ഫലമാണ്. ഓരോ കഥയ്ക്കും അതിന്റെ വിധിയുണ്ട്. അതിന്റേതായ അന്ത്യവും.
വായിച്ചിരിക്കേണ്ട പുസ്തകങ്ങളും വായിച്ചുപോകുന്ന പുസ്തകങ്ങളും താങ്കളുടെ വായനാനുഭവത്തില്‍ നിന്നും ഓര്‍ത്തെടുത്താല്‍ എത്രയെണ്ണമുണ്ടാകും?
ഞാന്‍ ആവര്‍ത്തിച്ചു വായിച്ച ഒറ്റ പുസ്തകമേയുള്ളു അത് കേരളത്തിലെ പക്ഷികള്‍ ആണ്. ഇന്ദുചൂഡന്റെ പുസ്തകം. പഠിപ്പിക്കാന്‍ വേണ്ടി വീണ്ടും വായനക്കെടുത്ത പുസ്തകങ്ങളുണ്ട്. വായിച്ചു മറക്കുന്നതാണ് എനിക്കിഷ്ടം. ഓര്‍മ്മയില്‍ നില്‍ക്കുന്നത് അവിടെ കാണും, ആശയമായും സന്ദര്‍ഭമായും വരികളായും.
ഉപാധികളില്ലാത്ത വായനയും പരിമിതികളുള്ള എഴുത്തും സത്യത്തില്‍ എല്ലാ എഴുത്തുകാരും ഈ പ്രതിസന്ധി നേരിടുന്നില്ലേ?
എന്റെ വായനക്ക് ഉപാധികളുണ്ട്. എന്നെ വായിപ്പിക്കുന്നതേ ഞാന്‍ വായിക്കാറുള്ളു. ഭാഷയുടെ സംഗീതമില്ലാത്ത ഒരു വാക്യവും എന്നെ ആകര്‍ഷിക്കാറില്ല. എഴുത്തിന് പരിമിതിയുണ്ട്. അത് നമ്മള്‍ തിരിച്ചറിയുന്നുമുണ്ട്. അതിനെ ഭേദിക്കുക വെല്ലുവിളിയാണ്. അതിനെ പ്രതിസന്ധിയായി കാണേണ്ടതില്ല.
Comments are closed.