DCBOOKS
Malayalam News Literature Website

മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍

ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തോട് അനുബന്ധിച്ച് മലയാളികള്‍ വായിച്ചിരിക്കേണ്ട മലയാളത്തിലെ അഞ്ച് പ്രധാനപ്പെട്ട സാഹിത്യകൃതികളെ കുറിച്ച് എഴുത്തുകാര്‍ സംസാരിക്കുന്നു. പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരോട് നിര്‍ദ്ദേശിക്കുന്ന കൃതികള്‍ ഇവയാണ്.

1. ഗുരുസാഗരം- ഒ.വി വിജയന്‍

മലയാള സാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ ഒ.വി വിജയന്റെ ശ്രദ്ധേയമായ നോവലാണ് ഗുരുസാഗരം. സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയനത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവായിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടു വീട്ടിലേക്ക് തിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരുകൃപയില്‍ തെളിഞ്ഞുവരുന്നു. ഒ.വി. വിജയന്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകമാണ് ഗുരുസാഗരം. ശാന്തതയുടെ ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ കരുണാകരഗുരുവിനായി സമര്‍പ്പിച്ചിരിക്കുന്നു

2. പാണ്ഡവപുരം- സേതു

1982-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് സേതുവിന്റെ പാണ്ഡവപുരം. ജാരന്‍ എന്ന നീച പുരുഷനും അവന്റെ അധമമായ കാമവും ദേവിയെന്ന സ്ത്രീയിലുണ്ടാക്കുന്ന വികാരവിക്ഷോഭങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. ഒരു പേടി സ്വപ്നം പോലെ പുരുഷ മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അഗ്‌നിസ്ഫുലിംഗമായി ദേവി വായനക്കാരുടെ മനസ്സില്‍ തീ കോരിയിടുന്നു.കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു പ്രാര്‍ത്ഥിച്ചു. ജാരന്‍മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ…! വിഭ്രാമകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന സേതുവിന്റെ പാണ്ഡവപുരം നോവല്‍ നവീനഭാവുകത്വത്തിനു കൈവന്ന അപൂര്‍വ്വ ലബ്ധിയാണ്.

3. ആള്‍ക്കൂട്ടം- ആനന്ദ്

മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടം അടയാളപ്പെടുത്തുന്ന നോവലാണ് ആനന്ദിന്റെ ആള്‍ക്കൂട്ടം. ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലായ ആള്‍ക്കൂട്ടം നിരവധി ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ഈ കൃതി. അതുവരെ കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയായിരുന്നു ഉണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്.

ആഖ്യാനത്തില്‍ നോവല്‍ പിന്തുടര്‍ന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയില്‍ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയില്‍നിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ് ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങള്‍ മുഖ്യമായി നില്‍ക്കുകയും അതിന്റെ സ്വാധീനത്തില്‍ കഴിയേണ്ടിവരുന്ന വ്യക്തികള്‍ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളില്‍ കാണാം.

4. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍-എം.മുകുന്ദന്‍

ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ പശ്ചാത്തലത്തില്‍ എം.മുകുന്ദന്‍ രചിച്ച നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുക വഴിയുള്ള മയ്യഴിയുടെ ‘വിമോചനത്തെ’ പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടര്‍ച്ചക്കനുകൂലമായുമുള്ള നിലപാടുകള്‍ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു. ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന്‍ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ സ്ഥലത്തെക്കുറിച്ചുള്ള വലിയ ധ്യാനമായിരുന്നു. മയ്യഴിയുടെ ചരിത്രം, സ്ഥലം അതിന്റെ സ്വത്വം തിരയുന്നതിന്റെ സമരചരിത്രമാണ്. ഫ്രാന്‍സിനും ഇന്ത്യക്കുമിടയിലെ ത്രിശങ്കുവിന്റെ അവസ്ഥയില്‍ മയ്യഴി സ്ഥലത്തിന്റെ പുതിയൊരു മാനത്തേക്കുകൂടി പ്രവേശിക്കുന്നു. സ്ഥലത്തെ അങ്ങനെ മാറ്റിയെഴുതുന്നതിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍.’ പുസ്തകത്തില്‍ പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.

5. രണ്ടാമൂഴം-എം.ടി വാസുദേവന്‍ നായര്‍

മഹാഭാരതകഥ ആസ്പദമാക്കി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച പ്രശസ്ത നോവലാണ് രണ്ടാമൂഴം. അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമനിലെ സാധാരണ മനുഷ്യനെയാണ് രണ്ടാമൂഴത്തില്‍ അവതരിപ്പിക്കുന്നത്. പാണ്ഡുപുത്രനായ ഭീമന്‍ ജീവിതത്തില്‍ ഉടനീടം രണ്ടാമൂഴക്കാരനായിരുന്നു, പാഞ്ചാലിയുടെ കാര്യത്തിലടക്കം. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റേയും പിന്നില്‍ നായകത്വം നഷ്ടപ്പെട്ട് മറഞ്ഞു പോയ കഥാപാത്രമാണ് ഭീമന്റേത്. ഭീമന്റെ മനസിലെ ചിന്തകളും വികാരങ്ങളും മഹാഭാരത കഥയിലെ മറ്റനേകം സംഭവങ്ങളും കോര്‍ത്തിണക്കിയ രണ്ടാമൂഴം ചുരുള്‍ നിവരാത്ത ഒരു പ്രണയകാവ്യം കൂടിയാണ്. 1985-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഈ കൃതിക്കായിരുന്നു.

കുറിപ്പുകള്‍ തയ്യാറാക്കിയത്: ഡി.സി വെബ് പോര്‍ട്ടല്‍

Comments are closed.