മലയാളി വായിച്ചിരിക്കേണ്ട അഞ്ച് പുസ്തകങ്ങള്‍; കെ.ആര്‍. മീര പറയുന്നു
ഡി.സി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യപ്രേമികള്‍ വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് പുസ്തകങ്ങളെ കുറിച്ച് മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ വായനക്കാരോട് പങ്കുവെക്കുന്നു. എഴുത്തുകാരിയും കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ.ആര്‍. മീര നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങള്‍ ഇവയാണ്.
1. കുഞ്ചന്‍ നമ്പ്യാരുടെ നളചരിതം തുള്ളല്‍
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനകീയ കവിയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന വിശേഷണമുള്ള കുഞ്ചന്‍ നമ്പ്യാര്‍ പതിനെട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമായിരുന്നു നമ്പ്യാര്‍ കൃതികളുടെ മുഖമുദ്ര. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്കകൃതികളുമെങ്കിലും അവയ്‌ക്കെല്ലാം കേരളീയ പരിസരം നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധ കാട്ടിയിരുന്നു. സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലര്‍ന്ന ശൈലിയിലാണ് നമ്പ്യാര്‍ വിമര്‍ശിച്ചിരുന്നത്. നളചരിതം തുളളലില്‍ സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകള്‍ വര്‍ണ്ണിക്കുന്ന ഭാഗം ഏറെ പ്രശസ്തമാണ്.
‘നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.’
സമൂഹവിമര്‍ശനം, നിശിതമായ ഫലിതപരിഹാസങ്ങള്‍, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാര്‍ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നു.
2. മാര്‍ത്താണ്ഡവര്‍മ്മ-സി.വി രാമന്‍പിള്ള
പരിണാമദിശയിലെത്തിയ രാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലം മുതല്‍ തിരുവിതാംകൂര്‍ രാജ്യസ്ഥാപകന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സ്ഥാനാരോഹണം വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രം വിവരിക്കുന്ന നോവലാണ് സി.വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ. ചരിത്രകഥയുടേയും കാല്പനിക സാഹിത്യത്തിന്റേയും സമ്മിശ്രമായ മാര്‍ത്താണ്ഡവര്‍മ്മ മലയാള സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി കരുതപ്പെടുന്നു. ചരിത്രസംഭവത്തെ ഭാവനയുടെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും പിന്‍ബലത്തോടെ അദ്ദേഹം ഭംഗിയായി അവതരിപ്പിക്കുന്നു. ഇതിന്റെ പിന്‍ബലത്തിനായി ചില സങ്കല്പ കഥാപാത്രങ്ങളെയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.
മലയാളത്തില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ നോവലും ആദ്യത്തെ ചരിത്രനോവലുമാണ് മാര്‍ത്താണ്ഡവര്‍മ്മ. തിരുവിതാംകൂര്‍ ചരിത്രകഥ ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ കൃതികളില്‍ തുടരുന്നു. ഈ മൂന്ന് നോവലുകള്‍ സിവിയുടെ ചരിത്രാഖ്യായികകള്‍ എന്നറിയപ്പെടുന്നു.
3. കവിതക്കേസ്- ഇ.വി കൃഷ്ണപിള്ള
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള. ഇ.വി കൃഷ്ണപിള്ളയുടെ ശ്രദ്ധേയമായ ഹാസ്യസാഹിത്യ കൃതിയാണ് കവിതക്കേസ്. ഫലിതപൂര്‍ണമായ രംഗങ്ങള്‍ സൃഷ്ടിച്ച് അനുവാചകനെ ചിന്തിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇ.വി കൃതികള്‍ എക്കാലവും വായിക്കപ്പെടുന്നതാണ്.
കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനെന്നാണ് സാഹിത്യലോകം ഇ.വി കൃഷ്ണപിള്ളയെ പൊതുവില്‍ വിശേഷിപ്പിക്കുന്നത്.
4. കയര്‍- തകഴി ശിവശങ്കരപ്പിള്ള
കുട്ടനാടിന്റെ സാഹിത്യകാരന്‍ എന്ന് വിശേഷണമുള്ള തകഴി ശിവശങ്കരപ്പിള്ളയുടെ ബൃഹദ് നോവലാണ് കയര്‍. ആറു തലമുറയുടെ പരിണാമകഥ പറയുന്ന കയര്‍ ആയിരത്തോളം കഥാപാത്രങ്ങളിലൂടെ കടന്നു പോകുന്നു. 250 വര്‍ഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ വരുന്നതുമുതല്‍ സമീപകാലത്തെ നക്‌സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം.
കുട്ടനാട്ടിലെ നായര്‍ മരുമക്കത്തായ തറവാടുകളുടെ തകര്‍ച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്‌കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗ്ഗചരിത്രം, ജാതിമത വിശ്വാസങ്ങള്‍, മതപരിവര്‍ത്തനവും ക്രിസ്ത്യന്‍ സമുദായത്തിന്റെ വളര്‍ച്ചയും, യന്ത്രവല്‍ക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം, വിവിധ വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസം ഇതെല്ലാം വലിയ ഒരു ക്യാന്‍വാസില്‍ വിശദാംശങ്ങളോടെ, വരച്ചുകാണിക്കുകയാണ് കയറില്‍.
5. കെ. സരസ്വതിയമ്മയുടെ കഥകള്‍
മലയാള ചെറുകഥാസാഹിത്യത്തിലെ വേറിട്ട പെണ്‍മുഖമായിരുന്നു കെ. സരസ്വതിയമ്മയുടേത്. എഴുത്തിലെ പുരുഷപക്ഷ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിച്ച കെ. സരസ്വതിയമ്മയുടെ കഥകള്‍ കാല്പനികതയില്‍ അഭിരമിക്കാതെ യഥാതഥമായി ജീവിതത്തെ ആവിഷ്‌ക്കരിക്കുന്നതിനാണ് ശ്രമിച്ചത്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു.
തൊണ്ണൂറോളം കഥകളും, പ്രേമഭാജനം എന്ന നോവലെറ്റും, ദേവഭൂതി എന്ന നാടകവും, പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖന സമാഹാരവും അടങ്ങുന്നതാണ് സരസ്വതിയമ്മയുടെ സാഹിത്യലോകം. സരസ്വതിയമ്മയുടെ മരണത്തിന് ശേഷമാണ് അവരുടെ കൃതികള്‍ വായനക്കാരുടെ സജീവ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നത്. കേരളത്തിലെ ഫെമിനിസ്റ്റ് ചിന്തയുടെ മുന്‍നിരക്കാരിയായി കെ. സരസ്വതിയമ്മയെ തിരിച്ചറിയുന്നതും ഈയടുത്ത കാലത്താണ്.
കുറിപ്പുകള്‍ തയ്യാറാക്കിയത്: ഡി.സി വെബ് പോര്‍ട്ടല്‍
Comments are closed.