അത്ഭുത’കരം’
മാർച്ച് ലക്കം പച്ചക്കുതിരയില്‍
ബഷീര്‍വായന
കല്‍പ്പറ്റ നാരായണന്‍
ബോധം കെട്ട് കിടക്കുന്ന തടവുകാരന്റെ കാല്‍ വെള്ളയില്‍നിന്നൊലിച്ചിറങ്ങുന്ന ചോരനക്കിക്കുടിക്കുന്ന ആ തടിമാടനായ നായയും അതേ വശത്ത് അത് നോക്കിരസിക്കുന്ന പോലീസും മറുവശത്ത് ദീനരായ തടവുകാരും ഉള്ള ആ ദൃശ്യം ലോകത്തെ ആശങ്കാകുലമാക്കുമായിരുന്നില്ലേ? ഓര്‍മ്മകളും പേടികളും കുത്തിയൊലിച്ചു വരുമായിരുന്നില്ലേ അതിന്റെ മസ്തിഷ്‌കത്തിലേക്ക്? നായ എന്തുകൊണ്ടാണൊരു ചീത്ത വാക്കായത് എന്നോ പോലീസ് എന്ത് കൊണ്ടാണൊരു ചീത്തവാക്കായത് എന്നോ പരിതപിക്കുന്ന ദൃശ്യമായി അതിനെ കാണാമെങ്കിലും ബഷീറിന്റെ കഥയിലത് അതിലേറെയും സഞ്ചരിക്കുന്നുണ്ട്.
കൈയടക്കം ഒരു ജാലവിദ്യയാണ്. ആനയെ കൈവെള്ളയിലൊതുക്കുന്ന മാന്ത്രികത. മന്ത്രവാദി എഴുത്തുകാരനാണെങ്കില്‍ അയാളുടെ കൈവെള്ളയില്‍ ഒതുങ്ങാത്തതൊന്നുമില്ല.
‘ഇതിലില്ലാത്തതില്ലെങ്ങും’ എന്ന് എഴുത്തച്ഛന്‍ മഹാഭാരതത്തെപ്പറ്റി, പറയപ്പെട്ടതിലേറ്റവും സംക്ഷിപ്തമായ ഭാഷയില്‍ പറയുന്നു. ‘വ്യാസോച്ഛിഷ്ടം ജഗത്സര്‍വ്വം’ എന്ന ചൊല്ലും എഴുത്തിന്റെ കൈയടക്കത്തെപ്പറ്റിത്തന്നെ. എഴുത്തില്‍ ബഷീറിനെ അതിശയിക്കുന്ന കൈയടക്കക്കാരന്‍ മലയാളത്തിലുണ്ടായിട്ടുണ്ടോ എന്ന് സംശയം. അത്ഭുത ‘കര’മാണ് ബഷീറിന്റെ കലാവൈഭവം. അഥവാ ദൈവികമായ കൈയുണ്ട് (divine hand) ബഷീറില്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെയും അതിന്റെ ദുഃഖകരംകൂടിയായ അന്ത്യത്തിന്റെയും കഥ പറയാന്‍ സാധാരണ ഗതിയില്‍ എഴുനൂറോ എണ്ണൂറോ പുറങ്ങളെങ്കിലും വേണ്ടിടത്ത് പറയേണ്ടതൊന്നും വിട്ടുപോകാതെതന്നെ ബഷീറിന്റെ ‘മതിലുകളില്‍’ അതിനു വേണ്ടിവന്നത് വെറും അമ്പത്തൊമ്പത് പുറങ്ങള്‍. ഈ ജാലവിദ്യയില്‍ ബഷീറിനുള്ള കൃതഹസ്തത (കൈയടക്കം!)യ്ക്ക് നോവലുകള്‍ മുതല്‍ നര്‍മ്മോക്തികള്‍ വരെ സാക്ഷ്യങ്ങള്‍. സൂചിത നിര്‍ഭരങ്ങളായ സൂചകങ്ങള്‍ വഴിയാണ് അദ്ദേഹം ചിരിക്കുന്നതും കരയുന്നതും.
ചെറുകഥയിലെ ‘ചെറു’ അദ്ദേഹത്തിന്റെ നോവലുകളുള്‍പ്പെടെയുള്ള എല്ലാ രചനകളുടെയും ശരീരത്തിന്റെ വിശേഷണമാണെങ്കിലും ചെറുകഥയിലത് ഏറ്റവും മികച്ച ചെറുകഥകളിലെ ‘ചെറു’തിനെ ദ്യോതിപ്പിക്കുന്നു. പറയപ്പെട്ടതിന്റെ വ്യാപ്തിയല്ലല്ലോ അതിലൂടെ സാധിച്ച പറയപ്പെടാത്തതിന്റെ വ്യാപ്തിയാണല്ലോ ചെറുകഥയെ ചെറുകഥയാക്കുന്നത്. ടൈഗറോ ജന്മദിനമോ ഉള്ളിലില്ലാത്ത ഏത് മലയാള ചെറുകഥാസമാഹാരവും അപൂര്‍ണ്ണമായിരിക്കും. കാരൂരിന്റെയോ എം ടിയുടെയോ മാധവിക്കുട്ടിയുടെയോ പത്മനാഭന്റെയോ എന്‍ എസ് മാധവന്റെയോ സി വി ശ്രീരാമന്റെയോ കഥയില്ലാത്ത ഒരു മലയാള കഥാസമാഹാരം പോലെതന്നെ, ചിലപ്പോള്‍ അതിലേറെ. ഈ അത്ഭുത’കരം’ (divine hand) മലയാളത്തിലെ എഴുത്തുകാരിലെത്ര പേര്‍ക്കുണ്ട്?
ഒന്ന്
അന്ന് അയാളുടെ ജന്മദിനമായിരുന്നു. ഓരോ വ്യക്തിയുടെയും സ്വകാര്യമായ കലണ്ടറിലെ പുതുവത്സരദിനം മകരം 8. ഇന്ന് എന്റെ ജന്മദിനമാണ്. പതിവിന് വിപരീതമായി വെളുപ്പിനേ ഞാന്‍ എണീറ്റ് കുളി മുതലായവയൊക്കെ കഴിച്ച് ഇന്നേക്ക് കരുതിവെച്ചിരുന്ന വെള്ള ഖദര്‍ മുണ്ടും വെള്ള ക്യാന്‍വാസ് ഷൂസും ധരിച്ച് മുറിയില്‍ എന്റെ ചാരുകസേരയില്‍ വേവുന്ന ഹൃദയത്തോടെ മലര്‍ന്ന് കിടക്കുകയാണ്.
പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്
Comments are closed.