അനാദിയായ പ്രണയത്തിന്റെ ജൈവ സ്പര്‍ശം തുളുമ്പുന്ന നോവല്‍
''അര്‍ദ്ധരാത്രിക്ക് ഉറങ്ങി കിടക്കുന്ന നഗരത്തിലൂടെ നമുക്ക് വെറുതെ ചുറ്റികറങ്ങണം. രാജവീഥികളിലൂടെ.. കടല്‍ത്തീരത്തുകൂടെ.. കുന്നിന്‍ ചെരുവിലൂടെ..''
പെരുമ്പടവം ശ്രീധരന്റെ `മായാസമുദ്രത്തിനക്കരെ‘ എന്ന പുസ്തകത്തിന്
പ്രതീഷ് ഡി എഴുതിയ വായനാനുഭവം
”അര്‍ദ്ധരാത്രിക്ക് ഉറങ്ങി കിടക്കുന്ന നഗരത്തിലൂടെ നമുക്ക് വെറുതെ ചുറ്റികറങ്ങണം. രാജവീഥികളിലൂടെ.. കടല്‍ത്തീരത്തുകൂടെ.. കുന്നിന്‍ ചെരുവിലൂടെ..” എന്ന ഹേമയുടെ സ്വപ്നം അനുവാചകന്‍ പോലും അറിയാതെ അയാളുടെയും സ്വപ്നമായി മാറുന്നു.
ഒരു സങ്കീര്‍ത്തനം പോലെ അനാദിയായ പ്രണയത്തിന്റെ ജൈവ സ്പര്‍ശം തുളുമ്പുന്ന പെരുമ്പടവത്തിന്റെ മറ്റൊരു സൃഷ്ടിയാണ് ‘മായാസമുദ്രത്തിനക്കരെ‘. ഏതോ ഒരു നിമിഷത്തില്‍ ഞാനും ഈ മായാസമുദ്രത്തിനരികിലെത്തി. അനന്തതയിലേക്ക് വ്യാപിച്ചുകിടക്കുന്ന മായാസമുദ്രം എന്നെയും വല്ലാതെ മോഹിപ്പിച്ചു.
‘സ്‌നേഹത്തിന്റെ അല്ലെങ്കില്‍ അനുരാഗത്തിന്റെ രഹസ്യമെന്ത്? അത് നമ്മുടെ മൂല്യസങ്കല്‍പ്പങ്ങളെയോ സദാചാര മൂല്യങ്ങളെയോ അനുസരിക്കുന്നുണ്ടോ?’ എന്ന ചോദ്യം പുരാണങ്ങളിലും സമകാലിക ബൗദ്ധിക തലങ്ങളിലും ചികയപ്പെടുമ്പോള്‍ പ്രണയത്തിന് പുത്തന്‍ മാനങ്ങള്‍ ഇവിടെ കൈവരുന്നതായി കാണാം. മനുഷ്യ ബന്ധങ്ങളുടെ അര്‍ത്ഥശൂന്യതയും ഒറ്റപ്പെട്ട മനുഷ്യാത്മാക്കളുടെ വ്യഥയും ഇവിടെ വെളിവാക്കപ്പെടുന്നു. ചിലര്‍ക്ക് മറ്റുള്ളവര്‍ രോഗികളായി കിടക്കുന്നത് കാണാന്‍ വലിയ ഇഷ്ടമായിരിക്കും എന്ന് പറഞ്ഞു കുടിലമനസ്സുകളെ പെരുമ്പടവം പരിഹസിക്കുന്നതായി കാണാം.
‘അര്‍ദ്ധരാത്രിക്ക് ഉറങ്ങി കിടക്കുന്ന നഗരത്തിലൂടെ നമുക്ക് വെറുതെ ചുറ്റികറങ്ങണം. രാജവീഥികളിലൂടെ.. കടല്‍ത്തീരത്തുകൂടെ.. കുന്നിന്‍ ചെരുവിലൂടെ..’ എന്ന ഹേമയുടെ സ്വപ്നം അനുവാചകന്‍ പോലും അറിയാതെ അയാളുടെയും സ്വപ്നമായി മാറുന്നു.
പരസ്പരം എന്നോ തമ്മില്‍ അലിഞ്ഞു ചേര്‍ന്ന രണ്ട് മനുഷ്യര്‍..അതാണ് അജയനും ഹേമയും.. എന്നാല്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ പൊടുന്നനെ നഷ്ടപ്പെട്ടു പോകുന്ന പ്രപഞ്ചത്തിന്റെ ക്രൂര വിനോദം ഇവരുടെ ജീവിതത്തിലും നടമാടുന്നതായി ദര്‍ശിക്കാം.
ഹേമയെ ചികിത്സിച്ച ഡോക്ടറും, കണ്ടാല്‍ സന്യാസി എന്ന് തോന്നുമെങ്കിലും ഒറ്റചവിട്ടിന് ഭാര്യയെ കൊന്ന ലോഡ്ജ് ഉടമസ്ഥതന്‍ മുനിയാണ്ടിയും.. സ്‌നേഹസമ്പന്നയായ സിസ്റ്റര്‍ മറിയയും.. വേദന തന്റെ ഉള്ളില്‍ ഒളിപ്പിച്ചു പുഞ്ചിരി തൂകുന്ന ദുഃഖങ്ങുടെ ദേവതയായ ഗീതുവും.. തനിക്കുള്ള അനുഗ്രഹങ്ങള്‍ ചെളിയില്‍ ഇട്ട് ചവിട്ടുന്ന കലാകാരനായ രാമാനന്ദനും.. ഈടുറ്റ കഥാപാത്രനിര്‍മ്മിതിയാണ്..
രാജീവന്‍ ഹേമയെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ എത്ര ഭാവ ശോഭയിലാണ് മെനയപ്പെട്ടിരിക്കുന്നത്.. നൃത്തം ചെയ്യുന്ന ഹേമയും സ്വപ്നാത്മകമായ അവളുടെ കണ്ണുകളെ നോക്കിയിരിക്കുന്ന രാജീവനും മനസ്സില്‍ നിന്ന് മായുകില്ല തന്നെ. ‘വേര്‍പാടൊന്നും വേര്‍പാടല്ല; ഒരു സ്‌നേഹ ബന്ധത്തിലെ ഒരാള്‍ വേര്‍പ്പെട്ടുപോയാലും മറ്റേയാള്‍ ബാക്കിയുണ്ടല്ലോ. വേര്‍പ്പെട്ടുപോയ ആളിന്റെ ഓര്‍മ്മയില്‍ അവരുടെ സ്‌നേഹം നിലനില്‍ക്കും. ഇരുവര്‍ക്കുമിടയില്‍ എരിഞ്ഞു കൊണ്ടിരിക്കുന്ന സ്‌നേഹത്തിന്റെ പേര് അപ്പോള്‍ നിത്യതയെന്നാകുന്നു.’ എന്ന് പാടി കൊണ്ട് മരണത്തിലേക്ക് നടന്നു പോയ ഒരാള്‍.. കവി അരവിന്ദന്‍.. അരാജകത്വം നിറഞ്ഞ ജീവിതം ആഘോഷിച്ച് ജീവിതം ഉപേക്ഷിച്ചവന്‍..ഒറ്റയ്ക്ക് നടന്ന ഒരാള്‍.. അയാള്‍ കവി അയ്യപ്പനെ ഓര്‍പ്പിച്ചു എന്നത് സത്യം.
ഇന്ന് രാവിലെ ഹേമ മരിച്ചു എന്ന് പറഞ്ഞു വായനക്കാരനെ എത്ര പെട്ടെന്നാണ് പെരുമ്പടവം ഹേമയെ കഥാവശേഷ ആക്കുന്നത്.. അജയനെ ഏകാന്തതയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്. ചുറ്റുമുള്ള ലോകം അയാള്‍ക്ക് ശൂന്യമായും അപരിചിതമായും തീര്‍ത്തത്..
അള്‍ത്താരയില്‍ കുരിശില്‍ കിടക്കുന്ന ആള് എന്നെ അറിയും എന്ന് പറഞ്ഞു ക്രിസ്തുവിനെയും ഏറ്റവും മഹാനായ നോവലിസ്റ്റായി ദസ്തയേവ്‌സ്‌കിയും ഇവിടെ വരച്ചിടുന്നു. ലോകത്ത് നടക്കുന്ന തിന്മകളെപ്രതി വ്യാകുലപ്പെടുന്ന ക്രിസ്തുവിനെ ഇവിടെ കാണാം.
നശ്വരതയുടെ കൂടെ തന്നെയുണ്ട് അനശ്വരതയും. അല്ലെങ്കില്‍ അനശ്വരതയുടെ കൂടെ നശ്വരതയും എന്ന പ്രാപഞ്ചിക സത്യം ഇവിടെ മുഴങ്ങി കേള്‍ക്കുന്നു.
‘താന്‍ തന്റെയുള്ളില്‍ ഒരാത്മഹത്യ കൊണ്ടു നടക്കുന്നുണ്ടോ..?’ എന്ന ചോദ്യം സമകാലിക പ്രസക്തമാണ് മനസ്സില്‍ അഗ്‌നിപര്‍വതം ചുമക്കുന്നുവെങ്കിലും പുറത്ത് പുഞ്ചിരിക്കുന്ന എത്രയോ മനുഷ്യര്‍..!! ഓര്‍ക്കുക നമുക്കൊളിക്കാനുള്ള കാടുകള്‍ നമ്മുടെ ഉള്ളില്‍ തന്നെയാണ്..
സമാനമായ ദുഃഖങ്ങള്‍ ഉള്ളവര്‍ പെട്ടെന്ന് കൂട്ടാവുമെന്ന പോലെയാണ് അജയനും സഹപ്രവര്‍ത്തയുമായ ഗീതുവും തമ്മില്‍ അടുക്കുന്നത്.എങ്കിലും പൂര്‍ണ്ണമായി അടുത്താണോ അകലെയാണോ എന്ന് പറയാന്‍ ആകുന്നില്ല തന്നെ. കുടജാദ്രിയും സൗപര്‍ണികയും വീണ്ടും വീണ്ടും നമ്മെ മാടിവിളിക്കുന്നു.. ശങ്കരാചാര്യര്‍ തപസ്സ് ചെയ്ത ധ്യാനമണ്ഡപവും ഹേമയുടെ നൃത്തവും മനസ്സില്‍ മനോഹര ചിത്രമായി നിലനില്ക്കുന്നു..
പൂക്കള്‍ മരത്തിന്റെ സ്വപ്നങ്ങള്‍ ആണെന്നും ആ പൂക്കള്‍ക്ക് ആ മരത്തിന്റെ സ്വപ്നങ്ങളുടെ ആ മരത്തിന്റെ സങ്കടങ്ങളുടെ മണമുണ്ടാവുമെന്നും അജയന്‍ കാവ്യാത്മകമായി പറയുന്നുണ്ട്..
ജീവിതമെന്താണ് ? മരണമെന്താണ്..? ദാര്‍ശനിക ഭാവത്തിന്റെ മൂര്‍ത്തമായ ചോദ്യങ്ങള്‍ ഇവിടെ മുഴങ്ങി കേള്‍ക്കുന്നു. മരിച്ചവരുടെ ആത്മാക്കള്‍ മേഘങ്ങളില്‍ യാത്ര ചെയ്യുകയാണ് എന്ന സങ്കല്പം ആരെയാണ് കീഴടക്കാത്തത്.
‘എത്ര ക്ലേശകരമാണെങ്കിലും നമുക്കീ കടല്‍ കടന്നേ ഒക്കൂ..’ ഓളങ്ങളില്‍ ഒഴുകി പോകുന്ന ഒരു സ്വപ്നം പോലെ പ്രതീക്ഷയുടെ വാക്കുകള്‍..
ജീവിതമാകുന്ന കടലില്‍ നമ്മള്‍ നീന്തികൊണ്ടിരിക്കുകയാണ്. അതിന്റെ മറുകരയിലേക്ക്.. കാലത്തിന്റെ വലക്കണ്ണികളില്‍ കുരുങ്ങി..!!
എഴുത്തച്ഛന്‍ പാടിയത് പോലെ
ആയുസ്സ് പോകുന്നതേതുമറിവീല,
മായാസമുദ്രത്തില്‍ മുങ്ങികിടക്കയാല്‍..!!
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ
പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.