DCBOOKS
Malayalam News Literature Website

‘ഞാനും ബുദ്ധനും’; കേൾവികേട്ട പരിത്യാഗത്തിന്റെ മറുവശം!


രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന കൃതിക്ക് സുബീഷ് കുത്തുപറയ്ക്കല്‍
എഴുതിയ വായനാനുഭവം.

മഹാപരിത്യാഗങ്ങളാണു ഇന്ത്യൻ തത്വചിന്തയുടെ ആത്മാവ് എന്ന് പറയാറുണ്ട്. സ്വന്തബന്ധങ്ങളെയും ഭൗതീക സുഖങ്ങളെയും ഉപേക്ഷിച്ച് എല്ലാറ്റിനോടും നിർമമനായി കടന്നുപോകുന്ന ആ യാത്രയിൽ കൈവരുന്ന അറിവിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ പരകോടിയിലേയ്ക്കുള്ള അതീതാനുഭവമായ മോക്ഷം എന്ന സങ്കൽ‌പ്പം. ആ മോക്ഷം തേടി യാത്രയായവരെ നിരവധി കാണാം ഇന്ത്യൻ മിത്തുകളിലും പ്രചീന ചരിത്രത്തിലും, ഒരുപക്ഷെ വർത്തമാനത്തിൽ പോലും. അക്കൂട്ടത്തിൽ ഏറ്റവും മഹത്തായ പരിത്യാഗം ബുദ്ധമതത്തിന്റെയാണു, ഏറ്റവും മഹാനായ പരിത്യാഗി ബുദ്ധനും. രാജകുമാരനായി വളർന്ന്, മഹാരാജാവാകാനുള്ള അവസരത്തിന്റെ മുന്നിൽ നിന്ന് സത്യാന്വേഷിയായി ഒരു രാത്രി ഇറങ്ങിപ്പോയ സിദ്ധാർത്ഥൻ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനെ ഒരു നോക്ക് കാണാൻ പോലും നിൽക്കാതെ ഇറങ്ങിപ്പോയ ഒരച്ഛൻ, തന്റെ കുഞ്ഞിനെ നൊന്തുപെറ്റ പെണ്ണിന്റെ നിറുകയിൽ ഒരു നോട്ടം കൊണ്ട് പോലും തലോടാനാവതെ പോയ ഒരു ഭർത്താവ്. ജീവിതത്തിന്റെ പരമമായ അറിവ് / ആനന്ദം തേടി അലയാൻ ബുദ്ധന് ഒന്നും ഒരു തടസ്സമായില്ല. മഹത്തരമെന്ന് ലോകം വിശേഷിപ്പിച്ച, ഇപ്പോഴും വിശേഷിപ്പിക്കുന്ന ആ പരിത്യാഗത്തിനെ, അത് സൃഷ്ടിച്ച മുറിവുകളിലൂടെ, അതേറ്റവരുടെ വേദനകളിലൂടെ വിചാരണ ചെയ്യുകയാണു ഞാനും ബുദ്ധനും എന്ന നോവലിലൂടെ രാജേന്ദ്രൻ എടത്തുംകര . പുറം ചട്ടയുടെ പിറക് വശത്ത് പറയുന്ന പോലെ ഇതുവരെയുള്ള മഹാകഥനങ്ങളെ തിരസ്കരിച്ചു കൊണ്ടെഴുതിയ നോവൽ.

സിദ്ധാർത്ഥൻ ഇറങ്ങിപ്പോയ രാജ്യത്ത് അവശേഷിച്ചവരിലൂടെയാണു നോവൽ സഞ്ചരിക്കുന്നത്. ഇറങ്ങിപ്പോയ സിദ്ധാർത്ഥനും തിരിച്ച് വന്ന ബുദ്ധനും മോക്ഷമാർഗത്തിൽ അനാഥമാക്കിയവരിലൂടെ, അവരുടെ നൊമ്പരങ്ങളിലൂടെ നോവലിസ്റ്റ് കേൾവികേട്ട പരിത്യാഗത്തിന്റെ മറുവശം കാട്ടിത്തരുന്നു. സ്വന്തം വീര്യത്താൽ കെട്ടിപ്പടുത്ത ഒരു രാജ്യം അനാഥമായിപ്പോകുന്ന രാജാവിന്റെ, അതിനേക്കാൾ മക്കളും പേരമക്കളും ജീവിച്ചിരിക്കെ അനാഥനായ ഒരു വൃദ്ധന്റെ ഹൃദയം പൊട്ടിയ കരച്ചിൽ നോവലിൽ കേൾക്കാം. ജന്മം നൽകിയ അച്ഛനെ അങ്ങനെ വിളിക്കാനുള്ള അവകാശം പോലും ഇല്ലാതായിപ്പോയ മകനെയും നോവലിൽ കാണാം. ഒടുങ്ങാത്ത പകയുമായി സർവ്വനാശത്തിനു കാരണമായ ബുദ്ധനെ കൊല്ലാനുള്ള പകയുമായി ഉഴറിനടന്ന് ഒടുവിൽ വിധിയുടെ മുന്നിൽ നിസ്സഹായനായിപ്പോയൊടുങ്ങുന്ന കലിയെ നോവൽ വരച്ച് വെക്കുന്നുണ്ട്. അനാഥമായിപ്പോകുന്ന, കൊള്ളക്കാരാൽ സർവ്വാർത്ഥത്തിലും മാനം കെടുത്തപ്പെട്ട് ഒടുവിൽ അധിവസിച്ച ജനതയാൽ ഉപേക്ഷിപ്പെട്ട കപിലവസ്തുവും ബുദ്ധന്റെ പരിത്യാഗത്തിനു മറുപുറം നിൽക്കുന്നു. ധർമ്മം ശരണം ഗച്ഛാമി എന്നോതിയ ബുദ്ധന്റെ ധർമ്മബോധം തന്നെയാണു നോവലിൽ വിചാരണ ചെയ്യപ്പെടുന്നത്.

എന്നാൽ മുകളിൽ‌പ്പറഞ്ഞവയൊന്നും കൊണ്ടല്ല നോവൽ വ്യത്യസ്തവും മൌലികവുമാകുന്നത്, അത് പരിത്യാഗങ്ങളുടെ മഹദ്ചരിതങ്ങളിൽ ആരാലും കാണാതെ പോകുന്ന അവഗണിക്കപ്പെട്ട, അപമാനിക്കപ്പെട്ട, നിസ്സാരവത്കരിക്കപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങളാലാണു. ഇതിഹാസങ്ങളിലെ സ്ത്രീകളുടെ വേദനകളും ചോദ്യങ്ങളും മുമ്പും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. പ്രണയ നഷ്ടങ്ങളുടെ, വിരഹങ്ങളുടെ, രാജധർമ്മം കാക്കാനുള്ള ഉപേക്ഷിക്കലുകളുടെ, യുദ്ധങ്ങളുടെ പുരുഷധർമ്മങ്ങൾ പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബുദ്ധന്റെ ധർമ്മമാർഗത്തിന്റെ പാതയിൽ വീണൊടുങ്ങിയവും അശരണരായവുമായ സ്ത്രീകളുടെ ചിത്രം മുമ്പെവിടെയും കണ്ടതായി തോന്നുന്നില്ല.

Textപരിത്യാഗവും മോക്ഷമാർഗ്ഗം തേടലും സുഖനിരാസവുമെല്ലാം പുരുഷന്റെ മാത്രം കുത്തകയാണു. മിത്തുകളിലോ പുരാണങ്ങളിലോ ചരിത്രത്തിലോ അത്തരത്തിൽ പരിത്യാഗത്തിലൂടെ മോക്ഷം തേടിയ സ്ത്രീകളെ കാണാനാവില്ല. പിതാ/ ഭർതൃ/ പുത്ര / ബന്ധുജന / സന്യാസ സേവനം മാത്രം മോക്ഷമായി വിധിക്കപ്പെട്ട സ്ത്രീകൾക്ക് ലഭിക്കുന്ന ഒരേയൊരു പരിത്യാഗം ജീവപരിത്യാഗമാണു, സതി പോലെ. അഭയം തേടിയെത്തുന്ന അമ്മയും ഭാര്യയും സഹോദരിയും ബന്ധുക്കളുമടങ്ങുന്ന കപിലവസ്തുവിലെ അനാഥരായ സ്ത്രീകളെ അഞ്ചുതവണ തിരസ്കരിച്ചതിനു ശേഷം ഒടുവിൽ ഭിക്ഷുണികളായി കൂടെ വരാൻ ബുദ്ധൻ വെക്കുന്ന നിബന്ധനകൾ മാത്രം മതിയാകും പരിത്യാഗം എന്ന പുരുഷ പ്രിവിലേജിന്റെ ക്രൂരമായ പ്രഹരശേഷി ബോധ്യപ്പെടാൻ. ആത്മജ്ഞാനമെന്ന മഹാലക്ഷ്യത്തിനു മുന്നിൽ എല്ലാം നിസംഗമായി ഉപേക്ഷിക്കുന്ന ഇതിഹാസങ്ങളിലും ചരിത്രങ്ങളിലും ഇതുവരെ കണ്ട പുരുഷ വർഗത്തോട് ഗോപ ചോദിക്കുന്നു എന്റെ പുത്രൻ, രാഹുലൻ, മരിച്ചു കിടക്കുമ്പോൾ ആ നിമിഷം ജ്ഞാനിയായി മാത്രമിരിക്കാൻ ഒരമ്മയ്ക്ക് കഴിയുന്നതെങ്ങനെ! സന്യാസം, മോക്ഷം തുടങ്ങിയ പുരുഷന്റെ മാത്രം പ്രിവിലേജുകളെയാണു തങ്ങളുടേതായ വഴികളിൽ ഗോപയും കമലയും നിശബ്ദമായും ഉറക്കെയും ചോദ്യം ചെയ്യുന്നത്. ഗൌതമിയും കല്ല്യാണിയും നിശബ്ദമായി അവരോടൊപ്പം ആ പരിത്യജിക്കലിന്റെ രക്തസാക്ഷികളാവുന്നു. നന്ദനാകട്ടെ മനസ്സ് പിടയ്ക്കുമ്പോഴും അടിച്ചേൽ‌പ്പിക്കപ്പെടുന്ന പരിത്യാഗത്തിന്റെ മഹത്വത്തിനു മുന്നിൽ അധീരനായിപ്പോകുന്ന നിസ്സഹായ പുരുഷനും. ഒരുപക്ഷെ നന്ദൻ അകമേ കരയുന്ന(?) ബുദ്ധൻ തന്നെയാകുമോ! നോവലിന്റെ കവറിലെ ബുദ്ധമുഖത്തെ കണ്ണീരാണോ നന്ദൻ?

രാഹുലന്റെ മരണത്തിനു മുന്നിൽ മനസ്സ് കൊണ്ട് ബുദ്ധനോട് സംസാരിക്കുന്ന ഗോപയുടെ വാക്കുകളിലാണു നോവലിന്റെ തുടക്കവും ഒടുക്കവും. നോവലിലേയ്ക്ക് കടക്കുന്നതിനു മുമ്പ് തന്നെ വായനക്കാരനെ ഉലയ്ക്കുന്ന ആ വാചകങ്ങൾ നോവലിന്റെ അവസാനം അൽ‌പ്പം വ്യത്യസ്തമായി ആവർത്തിക്കുമ്പോൾ ഒരു തീപ്പൊള്ളലായി അവശേഷിക്കും. ഒരു പുരാണ കഥ പറയുന്ന വിധം നാടകീയമായാണു ആഖ്യാനം മുന്നോട്ട് പോകുന്നത്. വാക്കുകളും ബിംബങ്ങളും ഭാവവുമെല്ലാം മനോഹരമായി സമ്മേളിച്ചിരിക്കുന്ന സുന്ദരമായ ആഖ്യാനം ഒരിക്കൽ പൊലും വായനയെ ബുദ്ധിമുട്ടിക്കാതെ ഒഴുകുന്നു. മുഴുവനായും ത്രിതീയപുരുഷനിൽ പറയുന്ന കഥ ഓരോ കഥാപാത്രങ്ങളുടെയും ആഴവും പരപ്പും വ്യക്തമാക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഗോപയും കമലയും ദേവദത്തനും ശുദ്ധോതനനുമൊപ്പം അതേ മിഴിവോടെ തന്നെ കമലയും തേലംഗനും കോകാലികനും, കാളുദായിയും ഛന്നനുമെല്ലം വായനയ്ക്ക് ശേഷവും തെളിഞ്ഞു നിൽക്കും. ഒപ്പം ബിംബിസാരന്റെ ദുരന്തവും അജാതശത്രുവിന്റെ മനസ്സ് മാറ്റവും ഹൃദായാർജ്ജവകമായി ചിത്രീകരിച്ചിരിക്കുന്നു.

എടുത്ത് പറയേണ്ട ഒന്ന് ആഖ്യാനത്തിലെ ഒതുക്കമാണു. പരത്തിപ്പറച്ചിലിന്റെ പരകോടിയിലെത്തിപ്പിടിക്കുന്ന ബൃഹദാഖ്യാനങ്ങൾ അശ്ലീലമാം വിധം ആവർത്തിക്കുന്ന, അതാണു നോവലിന്റെ വലിപ്പം എന്ന് കരുതപ്പെടുന്ന ഒരു കാലത്ത്, കടഞ്ഞെടുത്ത വിധം വാക്കുകൾ ഒതുക്കിയെടുത്ത ആഖ്യാനം നോവലിന്റെ മാറ്റ് കൂട്ടുന്നു. കിളിമഞ്ജാരോയിൽ നിന്നും ( ആദ്യം വായിച്ചത് അതാണു) തീർത്തും വ്യത്യസ്തമാണു നോവലിന്റെ ഭാഷ എന്നതും അദ്ഭുതപ്പെടുത്തി. മറ്റൊന്ന് കിളിമഞ്ജാരോയും ഇതും വായിച്ച വെളിച്ചത്തിൽ പറഞ്ഞാൽ പച്ചത്തെറിയും അഗമ്യഗമനങ്ങളും രതിവർണ്ണനകളുമൊന്നും വേണമെന്നില്ല സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ എന്നതാണു.

സമീപകാല മലയാളത്തിലെ മികച്ച നോവലുകളിലൊന്ന് എന്ന് നിസംശയം അടയാളപ്പെടുത്താവുന്ന ഒന്ന് തന്നെയാണു ഞാനും ബുദ്ധനും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.