കാല്പനികതയും യാഥാര്‍ത്ഥ്യവും ഭ്രമിപ്പിച്ച ‘യക്ഷി’
മലയാള നോവല്‍ സാഹിത്യത്തിലെ ഒറ്റയടിപ്പാതയാണ് മലയാറ്റൂരിന്റെ യക്ഷി. അതിനു മുമ്പും ശേഷവും മറ്റാരും ആ വഴിക്ക് പോയിട്ടില്ല. മധുമുട്ടം മണിച്ചിത്രത്താഴിന്റെ തിരക്കഥയിലൂടെ ഒന്ന് എത്തി നോക്കിയെങ്കിലും വികലമായ വേറൊരു വഴിക്കാണ് ആ യാത്ര നീങ്ങിയത്. യക്ഷി ഇറങ്ങിയിട്ട് ഒരുപാട് വേനലും മഴയും മഞ്ഞുമൊക്കെ കടന്നുപോയി. നോവല്‍ സങ്കല്‍പ്പങ്ങളും, ഘടനയും ഒരുപാട് മാറി. പുതിയ പുതിയ വഴികളിലൂടെ മലയാള നോവല്‍ വിജയകരമായി യാത്ര തുടരുകയാണ്.
ഇപ്പോഴും മലയാറ്റൂര്‍ തീര്‍ത്ത ഈ ഒറ്റയടിപ്പാത അതിന്റെ സൗന്ദര്യതണുവിലേക്ക് വായനക്കാരെ ആകര്‍ഷിച്ച് കൊണ്ടിരിക്കുന്നു. സൈക്കോത്രില്ലര്‍ എന്ന അടിവരയിട്ട് മാറ്റിവെക്കാന്‍ കഴിയില്ല, മലയാറ്റൂരിന്റെ ഈ യക്ഷിയെ. വെള്ള സാരിയും നിലം മുട്ടുന്ന മുടിയും നിലം തൊടാത്ത കാലുകളുമായി, രാത്രിയില്‍ മാത്രം വന്ന് ചുണ്ണാമ്പ് ചോദിച്ച് മുറുക്കി മയക്കി, രതിയിലൂടെ രക്തമൂറ്റി മൃതിയുടെ കരിങ്കുപ്പായം പുതപ്പിച്ച് തരുന്ന, യക്ഷി എന്ന സങ്കല്‍പ്പത്തെ ഇഷ്ടപ്പെടുകയും, ഭയക്കുകയും ചെയ്തിരുന്ന കാലത്താണ് മലയാറ്റൂരിന്റെ ഈ യക്ഷി പ്രത്യക്ഷപ്പെട്ട്, ഭയത്തേയും ഇഷ്ടത്തേയും നിഗൂഢ മോഹങ്ങളെയുമൊക്കെ പൊളിച്ചടുക്കി പന്തലിട്ടത്.
ഒരു വ്യക്തിയെ അടയാളപ്പെടുത്തുന്നതും, ഏതൊരു വ്യക്തിയും ഏറ്റവും വൃത്തിയിലും ശ്രദ്ധയിലും സൂക്ഷിക്കുന്നതുമായ ശരീരഭാഗം മുഖമാണല്ലോ …
കോളേജ് പ്രഫസറായ ശ്രീനിവാസന്റെ മുഖം, ലാബിലെ ഒരപകടത്തില്‍പ്പെട്ട് വല്ലാതെ വികൃതമായപ്പോള്‍ അയാളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ഒരു പാട് ആരാധികമാരും, ഒരു പ്രണയിനിയും അയാള്‍ക്ക് നഷ്ടമായി. ഒപ്പം അയാളുടെ സാമൂഹിക ബന്ധങ്ങളും. ശ്രീനിവാസന്‍ തന്നിലേക്ക് തന്നെ ചുരുങ്ങി. മറ്റുള്ളവരില്‍ തന്റെ മുഖത്തിന്റെ കാഴ്ചയുണ്ടാക്കുന്ന അസ്വസ്ഥതയും, അറപ്പും അയാളെ അപകര്‍ഷധാ ബോധത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു.
തന്റെ മുടങ്ങിയ ഗവേഷണത്തില്‍ മുഴുകി അയാള്‍ സ്വകാര്യജീവിതം നയിക്കുമ്പോള്‍ തികച്ചും അവിചാരിതമായി രാഗിണി എന്ന അതിസുന്ദരി അയാളുടെ ജീവിതപ്പാതയിലേക്ക് വന്നുകയറുന്നു. മുത്തശ്ശിക്കഥകളിലെ സുന്ദരികള്‍ മാത്രമാണ് കൂനന്‍മാരേയും, മുടന്തന്‍മാരെയുമൊക്കെ കല്യാണം കഴിക്കുന്നതെന്ന അയാളുടെ ഉറച്ച ധാരണയെ തിരുത്തിക്കൊണ്ട് രാഗിണി അയാളുടെ പങ്കാളിയാവുന്നു.
അയാളുടെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് രാഗിണി.(പക്ഷേ അയാള്‍ അതിനു മുമ്പ് അവളെ കണ്ടിട്ടില്ല). നന്മയിലും, മനുഷ്യത്വത്തിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ട അവള്‍ക്ക് അയാളിലെ നന്‍മ വിലപ്പെട്ടതായിരുന്നു. അനാഥത്വത്തിന്റെ ആഴിയില്‍ അവള്‍ക്ക് കിട്ടിയ ആലംബം.
വിവാഹം നടന്നെങ്കിലും, രതിയുടെ ആനന്ദത്തില്‍ അലിയാനാവാത്ത വിധം അയാളിലെ അപകര്‍ഷതാ ബോധം ശക്തമായി കഴിഞ്ഞിരുന്നു. അപകര്‍ഷത കടുത്ത സംശയരോഗത്തിലേക്കും അതുവഴി ഉന്‍മാദത്തിന്റെ ഉച്ചവെയിലിലേക്കും നടക്കാനിറങ്ങുമ്പോള്‍, വായനക്കാര്‍ ആ വെയിലിന്റെ ചൂട് അറിയുന്നുണ്ട്. അതിനു മുമ്പേ…നഷ്ടപ്രണയത്തിന്റെ തീവ്രതയില്‍ അയാള്‍ ഗണികകളെ തേടിച്ചെന്ന്, വലിയ വില കൊടുത്ത് മാംസവ്യാപാരത്തില്‍ പരാജയപ്പെടുമ്പോള്‍ വായനക്കാര്‍ ആ ചൂടിന്റെ സാന്നിദ്ധ്യം അറിയുന്നുണ്ട്.
യക്ഷികളെപ്പറ്റിയുള്ള ഗവേഷണത്തില്‍, അതിന്റെ വായനയിലും എഴുത്തിലും വല്ലാതെ ഇഴുകിച്ചേരുന്ന അയാളുടെ അതിമനസ്സിന് തന്റെ ലൈംഗികപരാജയത്തിനു മേല്‍ ഒരു മറ ഇടേണ്ടത് അത്യാവശ്യമായിരുന്നു.
രാഗിണി യക്ഷിയാണെന്നും, യക്ഷിയുമായി ഇണചേര്‍ന്നാല്‍ മരണമാണ് ഫലം എന്നതായിരുന്നു ആ മറ. അതില്‍ നിന്നുള്ള സ്വയരക്ഷയ്ക്കാണ് തന്റെ കിടപ്പറ പരാജയം എന്ന് അയാള്‍ യുക്തിയുക്തമായി ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും. വായനക്കാരിലേക്ക് പകരുന്നിടത്താണ് മലയാറ്റൂരിന്റെ തൂലിക അതിന്റെ ശക്തിസൗന്ദര്യങ്ങള്‍ പൂര്‍ണ്ണമായി പുറത്തെടുക്കുന്നത്. മനസ്സെന്ന മായക്കുതിരയുടെ സഞ്ചാരവഴികളെ ഇത്ര ശാസ്ത്രീയമായി പിന്തുടരുമ്പോഴും, വായനയുടെ ഒഴുക്ക് നഷ്ടമാവാതെ സൂക്ഷിക്കുകയും, വായനക്കാരെ കൂടി രാഗിണിയുടെ ഉണ്‍മയില്‍ സംശയാലുക്കളാവാന്‍ പ്രേരിപ്പിക്കുന്ന, ഈ സര്‍ഗ്ഗവൈഭവത്തിനു മുമ്പില്‍ കൈ കൂപ്പാതെ വയ്യ.
സംശയരോഗത്തിന്റെ ഏറ്റവും അപകടകരമായ സ്‌റ്റേജ്, ലോകം മുഴുവന്‍ തനിക്കെതിരാണെന്നും, ലോകര്‍ ഒറ്റക്കെട്ടായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്നും രോഗി ഉറച്ചു വിശ്വസിക്കലാണ്.
ശ്രീനിവാസനും എത്തിച്ചേരുന്നത് ഈ അപകടാവസ്ഥയില്‍ തന്നെയാണ്. സ്വാഭാവികമായും അതിന്റെ ഫലം സംഭവിക്കുന്നു. രാഗിണിയെ കൊന്നതിനു ശേഷം, യക്ഷിയായ അവള്‍ പുകച്ചുരുളുകളായി അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു എന്ന് വിശ്വസിക്കുകയും അത് സമര്‍ഥിക്കുകയും ചെയ്യുമ്പോള്‍ വായനക്കാര്‍ നോവലിസ്റ്റിനു സല്യൂട്ട് അടിച്ചു പോവും
1967-ല്‍ എഴുതപ്പെട്ടതാണ് ഈ നോവല്‍ എന്നത് ഒരു അത്ഭുതം തന്നെയാണ്. ശ്രീനിവാസന്റെ പാത്രസൃഷ്ടിയിലും മനോവ്യാപാരങ്ങളിലും രോഗപ്രകടനങ്ങളിലും പര്യവസാനത്തിലുമൊക്കെ മലയാറ്റൂര്‍ അക്കാലത്ത് പുലര്‍ത്തിയ ശാസ്ത്രീയസമീപനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത്തരത്തില്‍ ഒരു പ്രമേയവും അതിനുചേര്‍ന്ന പാത്രസൃഷ്ടികളും ആഖ്യാനഘടനയും പദവിന്യാസങ്ങളും വരെ, ഇപ്പോഴും നറുമണം പരത്തുന്നു എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ലല്ലോ.
മലയാറ്റൂരിന്റെ യന്ത്രവും, വേരുകളും, ആറാം വിരലുമൊക്കെ മികച്ച രചനകളാണെങ്കിലും, യക്ഷിക്ക് ചിലവഴിച്ച സര്‍ഗ്ഗാത്മക ഊര്‍ജ്ജം അവയ്‌ക്കൊന്നും അദ്ദേഹം ചിലവഴിച്ചിട്ടുണ്ടാവില്ല എന്ന് തോന്നിപ്പോവുന്നു. അത്രയ്ക്ക് മനോഹരമാണ് യക്ഷി. മനുഷ്യമനസ്സുകളിലെ പ്രാഗ്രൂപങ്ങള്‍ ഉളവാക്കുന്ന ഭയത്തെ ഇത്ര സുന്ദരമായി അനലൈസ് ചെയ്യുന്ന രചനകള്‍ നമുക്ക് വേറെയില്ല. മലയാളത്തിന്റെ സ്വന്തം സങ്കല്‍പ്പമായ യക്ഷിയെ നഗ്‌നമാക്കി നിര്‍ത്തിയ, ഈ ശാസ്ത്രബോധത്തിനു മുമ്പില്‍ വിനയത്തോടെ…
മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് മുഹമ്മദ് അബ്ബാസ് എഴുതിയ വായനാനുഭവം
Comments are closed.