DCBOOKS
Malayalam News Literature Website

പെരുവമ്പാടിയുടെയും അവിടുത്തെ കുടിയേറ്റ മനുഷ്യരുടേയും ആത്മസംഘര്‍ഷങ്ങള്‍!

Vinoy Thomas- Puttu Novel

പശുവിനെ കുറിച്ച് ചോദിച്ചാല്‍, പശുവിനെ കെട്ടിയ കയറില്‍ തുടങ്ങി പുല്ലില്‍ തൊട്ട് പശുവിലേക്കെത്തുന്ന ആഖ്യാനസൂത്രത്തിന്റെ അടരുകളാല്‍ രസച്ചരട് മുറിയാതെ നിര്‍മ്മിച്ചെടുത്ത നോവലാണ് വിനോയ് തോമസിന്റെ പുറ്റ്.

പ്രായംകൊണ്ടും എഴുത്തിന്റെ വഴക്കം കൊണ്ടും സമകാലികരല്ലെങ്കിലും ആദ്യത്തെ നോവലിലൂടെ ഞങ്ങള്‍ സമകാലികരാണ്. 2014ലെ ഡി.സി.കിഴക്കേമുറി ജന്മശതാബ്ദി നോവല്‍ പുരസ്‌ക്കാരം കെ.വി.മണികണ്ഠനാണ്. പുരസ്‌ക്കാര പരിഗണനയിലേക്ക് തെരഞ്ഞെടുത്ത ഹക്കീം ചോലയിലിന്റെ 1920മലബാര്‍, ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം, വിനോയ് തോമസിന്റെ കരിക്കോട്ടക്കരി, എന്നീ പുസ്തകങ്ങള്‍ക്കൊപ്പമാണ് എന്റെ ആദ്യത്തെ നോവലായ Textഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. അന്ന് മുതല്‍ ശ്രദ്ധയോടെയും കൗതുകത്തോടെയും തേടിപ്പിടിച്ച് വിനോയ് തോമസിന്റെ കൃതികള്‍ വായിക്കാറുണ്ട്. 382 പേജുള്ള നോവല്‍ ഒറ്റയിരുപ്പിന് ഒറ്റദിവസം കൊണ്ട് വായിച്ചു തീര്‍ക്കാന്‍ പറ്റി എന്നത് തന്നെയാണ്, പുറ്റ് എന്ന നോവലിനെ അടുത്തിറങ്ങിയ മറ്റു നോവലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ഉറുമ്പ് വലിപ്പത്തിലുള്ള മനുഷ്യരുടെ പെരുവമ്പാടി എന്ന രാജ്യത്തിന്റേയും അവിടുത്തെ കുടിയേറ്റ മനുഷ്യരുടേയും ആത്മസങ്കര്‍ഷങ്ങളാണ് ജെര്‍മിയാസ് പോളിന്റെ ജീവിതത്തിലൂടെ വിനോയ് തോമസ് ആഖ്യാനം ചെയ്യുന്നത്. ഇലുമ്പി മരത്തിന്റെ പിറവിയും അന്ത്യവും, ഉറുമ്പുകളുടേയും പശുക്കളുടേയും രാജ്യങ്ങളും നിയമങ്ങളും, അവരുടെ സൂക്ഷ്മലോകത്തെ വ്യഥകളും പുറ്റില്‍ വിനോയ് തോമസ് ഒരുക്കി വെച്ചിട്ടുണ്ട്. സൂക്ഷമലോകത്തെ ശ്രദ്ധയോടും രസാവഹമായും വിനോയ് തോമസ് അടുക്കി വെച്ചിട്ടുണ്ടെങ്കിലും, ഗ്രഹാംബെല്‍ എന്ന ഉറുമ്പിന്റെ കണ്ണിലൂടെ ഉറുമ്പുകളുടെ ലോകത്തെ ആവിഷ്‌ക്കരിച്ച ശ്രീജിത്ത് കൊന്നോളിയുടെ ഫോര്‍മിസൈഡി എന്ന ചെറുകഥ വായിച്ചിട്ടുള്ളവരില്‍ പുറ്റിന്റെ ഈ ആഖ്യാനസൂത്രം അത്ഭുതം സൃഷ്ടിക്കില്ല.

വായനയ്ക്ക് ശേഷം പി.എഫ്.മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനെ വലുതാക്കി എഴുതിയതാണെന്ന അനുഭവം വായനക്കാരനില്‍ ഉണ്ടായേക്കാം. മറ്റൊര്‍ത്ഥത്തില്‍ കരിക്കോട്ടക്കരിയിലെ ജീവിതം വലുതാക്കി എഴുതിയതാണ് പുറ്റെന്ന് പറയേണ്ടി വരും. ചാവുനിലത്തേയും കരിക്കോട്ടക്കരിയേയും അനുസ്മരിപ്പിക്കുന്ന എന്ന ന്യൂനതയെ മാറ്റിവെച്ചാല്‍, പൂര്‍ണതയുള്ള മികച്ച കൃതിയാണ് പുറ്റ്.

കരിക്കോട്ടക്കരി, രാമച്ചി, മുള്ളരഞ്ഞാണം, എന്നീ പുസ്തകങ്ങളേക്കാള്‍ ഏറെ പ്രിയപ്പെട്ടതും ആസ്വദിച്ചതുമായ വിനോയ് തോമസിന്റെ കൃതിയാണ് പുറ്റ്. വിനോയ് തോമസിന്  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

Comments are closed.