DCBOOKS
Malayalam News Literature Website

മനുഷ്യന്റെ സ്വാഭാവികവും ജൈവികവുമായ സവിശേഷതകളിലൂടെ സഞ്ചരിച്ച് മലയാള സാഹിത്യത്തെ പുതിയ ഒരു പാതയിലൂടെ കൈ പിടിച്ചു നടത്തുന്ന നോവൽ ‘പുറ്റ് ‘

പാരമ്പര്യവാഹകരായ സ്വന്തം ജീനുകളോട് സന്ധിയില്ലാത്ത യുദ്ധം ചെയ്തുകൊണ്ടാണ് ആദിമ മനുഷ്യൻ സഹസ്രബ്ദങ്ങൾ കടന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നവീന സംസ്കാരങ്ങളിലേയ്ക്ക് നടന്നു കയറിയത്. ഒറ്റയ്ക്ക് നിലനിൽപ്പ് സാധ്യമല്ലാത്ത ഒരു ജീവി എന്ന നിലയിൽ, ജന്മസിദ്ധമായ മൃഗവാസനകളെ അടക്കി നിർത്താൻ ശീലിച്ചുകൊണ്ടു മാത്രമേ സമൂഹം എന്ന പ്രസ്ഥാനത്തെ വിജയകരമായി മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കു എന്ന തിരിച്ചറിവിൻ്റെ ബലത്തിലാണ് മനുഷ്യ സമുദായം വളർന്നു വലുതായത്. അപ്പോഴും അവനേക്കാൾ ചെറിയ ,ഉറുമ്പിനെപ്പോലെയുള്ള ജീവി വർഗങ്ങളുടെ കൂട്ടു ജീവിതത്തിൻ്റെ രൂപമായ പുറ്റിനേക്കാൾ വളരെയൊന്നും മെച്ചമല്ല മനുഷ്യൻ്റെ സാമൂഹിക ഘടന എന്ന ആശയത്തിൽ ഊന്നിയുള്ള ഒരു നോവലാണ് വിനോയ് തോമസിൻ്റെ പുറ്റ്.കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള ചട്ടക്കൂടുകളിൽ നിന്ന്  കുതറിത്തെറിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരുടെ കഥകളാണ് നോവലിൻ്റെ പ്രമേയം.ഡി.സി. കിഴക്കെമുറി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു പ്രസിദ്ധീകരിച്ച കരിക്കോട്ടക്കരിയാണ് അദ്ദേഹത്തിൻ്റെ ആദ്യ നോവൽ. രാമച്ചി, മുള്ളരഞ്ഞാണം എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റു കഥകളാണ്.

ഒരു പാട് മനുഷ്യരേയും അവരുടെ അന്തമില്ലാത്ത കഥകളും കൊണ്ട് നിറഞ്ഞതാണെങ്കിലും പുറ്റിലെ കേന്ദ്ര കഥാപാത്രം പെരുമ്പാടി എന്ന സങ്കൽപ ഗ്രാമം തന്നെയാണെന്ന് പറയാം. കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ചില കുഴപ്പങ്ങളിൽ പെട്ട് ഒളിച്ചോടിയെത്തുന്ന മനുഷ്യരുടെ അഭയസ്ഥാനം. അതുകൊണ്ടു തന്നെ പെരുമ്പാടിയിലെ മനുഷ്യരെല്ലാം സദാചാര മൂല്യങ്ങളെക്കുറിച്ചും നീതിന്യായ വ്യവസ്ഥയെക്കുറിച്ചും യാതൊരു ചിന്തയുമില്ലാതെ ജീവിച്ചു. അവർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒരിക്കലും  രാഷ്ട്രീയത്തിൻ്റെയോ മതത്തിൻ്റെയോ അല്ല, കുടുംബ പ്രശ്നങ്ങളുടെ പേരിലായിരുന്നു. അതെല്ലാം തന്നെ നവീകരണ ഭവനത്തിലെ പോൾ സാറിൻ്റേയും പിന്നീട് മകൻ ജറമിയാസിൻ്റെയും മധ്യസ്ഥതയിൽ പരിഹരിക്കപ്പെട്ടു പോന്നു. പക്ഷേ പെരുമ്പാടിയിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ കുടുംബ ബന്ധങ്ങളുമായി രഹസ്യ സ്വഭാവത്തോടെ നില നിന്നു പോന്ന നവീകരണ ഭവനം ജറമിയാസിൻ്റെ മകൻ അരുണും നീരുവുമായുള്ള വിവാഹത്തോടെ ചിന്നിച്ചിതറി നശിച്ചുപോകുന്നു.

നോവലിൽ ഉടനീളം കടന്നു വരുന്ന കഥാപാത്രമാണ് ജറമിയാസ് എങ്കിലും ഇത് ഒരിക്കലും അയാളുടെ മാത്രം കഥയല്ല. മറിച്ച്  ഭവാനി ദൈവം, നീറുകഴി അച്ചൻ, കൊച്ചാ രാഘവൻ, പ്രസന്നൻ, ലൂയിസ്, ഷുക്കൂറാജി, കുഞ്ഞാണ്ടി, വത്സച്ചേടത്തി,ഫിലോമിന മദർ അങ്ങനെയങ്ങനെ ഒരു പാട് മനുഷ്യർ കയറിയിറങ്ങിപ്പോവുന്ന അറ്റമില്ലാത്ത വഴികളുള്ള ഒരു പുറ്റാണ്. അവർക്കെല്ലാം തന്നെ കൃത്യമായ വ്യക്തിത്വവും വ്യത്യസ്തമായ ജീവിത കഥകളുമുണ്ട്. എങ്കിലും കഥാപാത്രങ്ങളുടെ ബാഹുല്യം ആസ്വാദനത്തെ ബാധിക്കുന്നില്ല. അതിൻ്റെ പ്രധാന കാരണം ഭാഷയിലും ആഖ്യാനശൈലിയിലും അവലംബിച്ച ലാളിത്യമാണ്. ബുദ്ധിജീവിക്കസർത്തുകളോ വാദപ്രതിവാദങ്ങളോ ഒന്നുമില്ലാത്ത നൈസർഗികമായ രചന രീതി വായനയ്ക്ക് നല്ല ഒഴുക്കു സമ്മാനിക്കുന്നുണ്ട്. എല്ലാത്തിലും ഉപരി പെരുമ്പാടിയെ സദാചാരത്തിൻ്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ചതിലൂടെ ,വന്യമായ ഭാവനയിൽ വിരിഞ്ഞ മനുഷ്യരുടെ കഥകളെ തീർത്തും സ്വാഭാവികവും സാധാരണവുമായി അവതരിപ്പിക്കുവാൻ എഴുത്തുകാരന് സ്വാതന്ത്ര്യം ലഭിക്കുന്നു.പുറ്റ് എന്ന Textനോവലിൻ്റെ ഏറ്റവും വലിയ സവിശേഷത ആദ്യാവസാനം നിലനിർത്തിപ്പോരുന്ന ഈ സ്വാഭാവികത തന്നെയാണ്. എഴുത്തിലാണെങ്കിലും കഥാപാത്രസൃഷ്ടിയിലാണെങ്കിലും ഇത് പ്രകടമായി കാണാവുന്നതാണ്. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ലൈംഗികത . സാഹിത്യത്തിൽ പൊതുവെ കാമം എന്ന വിഷയം വളരെ കരുതലോടെയാണ് കൈകാര്യം ചെയ്തു കണ്ടിട്ടുള്ളത്. ഒന്നുകിൽ പ്രണയം എന്ന പേരിൽ കാൽപ്പനികവത്കരിച്ചോ അല്ലെങ്കിൽ വന്യമായ ചില ഫാൻ്റസികളിലൂടെയോ  ആണ് ആവിഷ്കരിക്കാറുള്ളത്. ഇവിടെ ലൈംഗികതയെ സമൂഹത്തിൻ്റെയും കുടുംബന്ധങ്ങളുടേയും അപ്പുറം തീർത്തും ജൈവികമായ ആവശ്യം മാത്രമായി ചിത്രീകരിക്കുന്നതിലൂടെ വിനോയ് തോമസ് വേറിട്ട ഒരു പാത തിരഞ്ഞെടുത്തിരിക്കുന്നു.

അതുപോലെ തന്നെ സംഭാഷണങ്ങളിൽ നിർലോഭമായി കടന്നു വരുന്ന തെറികൾ, ഈ കഥാപാത്രങ്ങൾ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ സംസാരിക്കാനാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അത്രയും സ്വാഭാവികമായാണ് പ്രയോഗിച്ചിരിക്കുന്നത്. അതിൽ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്നത്രയും സ്വാതന്ത്ര്യം എടുക്കുവാൻ എഴുത്തുകാരൻ മടിക്കുന്നില്ല. ദ്വയാർത്ഥങ്ങളില്ലാത്ത  വെട്ടി തുറന്ന സംസാരങ്ങളിൽ  വായനക്കാരൻ അറിയാതെ ചിരിച്ചു പോകുന്ന തരത്തിലുള്ള നർമ്മം നോവലിൽ പലയിടത്തും ഉണ്ടെന്നത് സമ്മതിക്കാതെ വയ്യ. ഇതെല്ലാം തന്നെ വിനോയ് തോമസ് എന്ന എഴുത്തുകാരൻ്റെ കയ്യൊപ്പ് പതിഞ്ഞ ഇടങ്ങളാണ്.

വിനോയ് തോമസിൻ്റെ എഴുത്തുകളുടെ മറ്റൊരു പ്രത്യേകത പ്രദേശികമായ പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പാണ്. തനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും എന്നാൽ വായനക്കാരന് അപരിചിതവുമായ തനത് സവിശേഷതകളുള്ള ഒരു ഗ്രാമപ്രദേശം നോവലിന് വിഷയമായി തെരഞ്ഞെടുക്കുന്നതിൽ ഒരു പാട് സാധ്യതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. എത്ര ഖനനം ചെയ്തെടുത്താലും തീരാത്ത അത്ര കഥകളുറങ്ങുന്ന മനുഷ്യർ, അവരുടെ ജീവിതാനുഭവങ്ങൾ, കേട്ടുകേൾവികൾ, ഇതെല്ലാത്തിൻ്റെയുമൊപ്പം എഴുത്തുകാരൻ്റെ വന്യമായ ഭാവന കൂടി ചേരുമ്പോഴാണ് പുറ്റ് പോലെ ഗംഭീരമായ കഥകൾ വായനക്കാരന് ലഭിക്കുന്നത്.
പുറ്റിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് കൃത്യമായ വ്യകതിത്വം കൊടുക്കുന്നതിൽ എന്തുകൊണ്ടാണ് എഴുത്തുകാരൻ വലിയ ശ്രദ്ധ പതിപ്പിക്കാതിരുന്നത് എന്ന ഒരു ചോദ്യമുണ്ട്. ഒരുപക്ഷേ അതിൻ്റെ പ്രമേയത്തോട് ഇണങ്ങി നിൽക്കുന്നതാവില്ല അത് എന്നതാവാം കാരണം. സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർക്ക് ഇങ്ങനെ ജീവിക്കാനേ കഴിയു.  ആമുഖത്തിൽ എഴുത്തുകാരൻ്റെ ചില വാചകങ്ങളെ ഇതിനോടു കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട്.” ഈ നോവലിൽ ഉള്ളതെല്ലാം യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തവയാണ്. പെരുമ്പാടി പോലെ ഒരു സ്ഥലവും, പക്കാ സദാചാര വിരുദ്ധരായ മനുഷ്യരും ,കുത്തഴിഞ്ഞ കുടുംബ ബന്ധങ്ങളും ,ലോക കോമഡിയായ സ്ഥാപനങ്ങളും, മണ്ടൻ പ്രസ്ഥാനങ്ങളും തെമ്മാടി മതങ്ങളുമൊന്നും ലോകത്ത് ഒരിടത്തും കാണുകയില്ല. ഇതു മുഴുവൻ ഭാവനയാ. പച്ച ഭാവന…. “
വിനോയ് തോമസിൻ്റെ പുറ്റ് ഒരിക്കലും സാമൂഹിക പ്രതിബദ്ധതയുടേയോ, യുക്തിസഹമായ ആശയങ്ങളുടെയോ പേരിൽ ചർച്ച ചെയ്യപ്പെടാൻ ഇടയുള്ള ഒരു നോവലല്ല. മറിച്ച് മനുഷ്യൻ്റെ സ്വാഭാവികവും ജൈവികവുമായ സവിശേഷതകളിലൂടെ സഞ്ചരിച്ചു കൊണ്ട് മലയാള സാഹിത്യത്തെ പുതിയ ഒരു പാതയിലൂടെ കൈ പിടിച്ചു നടത്തുന്ന ഒന്നാണ്. ആ യാത്രയിൽ  അദ്ദേഹം വായനക്കാരന് സമ്മാനിക്കുന്നത് അനന്തസാധ്യതകളുടെ ഒരു കാടാണ്. സ്വന്തം ജീനുകളോട് യുദ്ധം ചെയ്തു കൊണ്ട് ജന്മസിദ്ധമായ ഏതെല്ലാം മൃഗവാസനകളെയാണോ മനുഷ്യൻ കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ,അതിനെയെല്ലാം സ്വതന്ത്രമാക്കി സ്വൈരവിഹാരം നടത്താൻ അനുവദിക്കുന്ന തരത്തിൽ അതിരുകളില്ലാത്ത ഭാവനകളുടെ കാട്.ഒരാൾക്ക് ഈ നോവലിനെ രണ്ട് വീക്ഷണകോണുകളിലൂടെ നോക്കിക്കാണാൻ സാധിക്കും. ആദ്യത്തേത് കാടത്തത്തിൽ നിന്ന് സംസ്കൃതിയിലേക്ക് വളരാൻ പാടുപെടുന്ന പ്രാകൃത മനുഷ്യരുടെ കൂട്ടത്തിൻ്റെ കഥ എന്ന നിലയിൽ; രണ്ടാമത്തേത് സംസ്കാര സമ്പന്നരെന്ന് ഊറ്റം കൊള്ളുമ്പോഴും നമ്മുടെ കപട സദാചാരങ്ങൾക്ക് പുറകിൽ ഒളിച്ചിരിക്കുന്ന മൃഗവാസനകളുടെ കഥ എന്ന നിലയിൽ; ഇതിൽ ഏതു വീക്ഷണകോണിലൂടെ വായിച്ചാലും ശരി, നമുക്ക് മനസിലാവുന്ന ഒരു കാര്യമുണ്ട്. സംസ്കാരങ്ങൾ മനുഷ്യ സമൂഹത്തെ ശക്തിപ്പെടുത്തിയത് വ്യക്തികളെ ശിഥിലീകരിച്ചു കൊണ്ടായിരുന്നു. സദാചാര മൂല്യങ്ങൾ പാലിക്കാത്തവരാണെങ്കിലും പെരുമ്പാടിയിലെ മനുഷ്യരിൽ അന്തർമുഖരും വിഷാദികളുമായ ജീവിക്കാനറിയാത്ത ആരും ഉണ്ടായിരുന്നില്ല. കൊണ്ടും കൊടുത്തും തൻ്റേടത്തോടെ ജീവിക്കുന്നവരായിരുന്നു അവർ. സ്വതന്ത്രരായ ആ  പ്രാകൃത മനുഷ്യരെ അപേക്ഷിച്ച്  പൂർണമായും സമൂഹത്തിൻ്റെ നിയന്ത്രണത്തിൽ കഴിയുന്ന നമ്മൾ വ്യക്തി എന്ന നിലയിൽ   പരിണാമത്തിൻ്റെ യാത്രയിൽ മുന്നോട്ടാണോ അതോ പുറകോട്ടാണോ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യം സ്വയം ചോദിച്ചു തുടങ്ങുമ്പോൾ മാത്രമേ പുറ്റിൻ്റെ വായന പൂർണമാവുകയുള്ളു. അതു തന്നെയാണ് ഈ നോവലിനെ വർത്തമാനകാലത്ത് പ്രസക്തമാക്കുന്ന ഏറ്റവും പ്രധാന ഘടകവും!

പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന് രശ്മി അനുരാജ് എഴുതിയ വായനാനുഭവം

Comments are closed.