DCBOOKS
Malayalam News Literature Website

ഫാന്റസിയുടെ ആഴങ്ങളില്‍…

‘ഇന്നത്തെ പ്രഭാതത്തിന്റെ ഗന്ധം ആദ്യമായി ജാലകത്തിലൂടെ അടിച്ച് തുടങ്ങുമ്പോള്‍ മുതല്‍ നിന്റെ ചിന്തകള്‍ എന്റെ നിയന്ത്രണത്തിലാണ്…നീ യാഥാര്‍ത്ഥ്യമെന്ന് കരുതുന്നതെല്ലാം തന്നെ ഞാന്‍ നിനക്ക് കാണിച്ച് തരുന്ന കാഴ്ചകള്‍ ആണ്.’

പ്രഭാതത്തിന്റെ മണം

കഥയിലെ വാചകങ്ങള്‍ ഞാന്‍ വെറുതെ ഉദ്ധരിച്ചതല്ല..വായന തുടങ്ങുമ്പോള്‍ തന്നെ കാന്തം പോലെ പിടിച്ചു വലിക്കുന്ന എന്തോ ഒരു മന്ത്രികതയുണ്ട് വിവേക് ചന്ദ്രന്റെ കഥകള്‍ക്ക്. നമ്മുടെ ചിന്തകള്‍ കഥാകാരന്റെ നിയന്ത്രണത്തിലാവുന്നു.

കഥകളിലെ ചിരപരിചിതമായ നേര്‍വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്കും ഈ മാന്ത്രികന്റെ കണ്‍കെട്ടില്‍ നിന്ന് കുതറിയോടാന്‍ കഴിയാത്ത അവസ്ഥ. ഗോപ്യമായ ഭാഷാപ്രലോഭനങ്ങളില്‍ വീഴ്ത്തി അയാള്‍ നമ്മളെ കഥയിലേക്കാവാഹിച്ച് യാഥാര്‍ത്ഥ്യമെന്ത് ഭാവനയെന്തെന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത ഫാന്റസിയുടെ ലോകത്ത് തളച്ചിടുന്നു.

പേര് സൂചിപ്പിക്കും പോലെ കഥകളിലെ മനുഷ്യരധികവും ഭ്രാന്തമായ മാനസികാവസ്ഥകളുടെ വന്യമായ മുഖമൊളിപ്പിച്ചവരാണ്. ഭാഷയുടെ വന്യമായ സൗന്ദര്യത്തിലൂടെ കഥാപരിസരവും നമ്മെ വായനയില്‍ വേട്ടയാടപ്പെടും. അതിനാലാവണം ശീര്‍ഷകകഥയായ ‘വന്യ’ത്തില്‍ ആദമിനും സ്‌റ്റെഫിക്കുമൊപ്പം ചെന്നായ പൂടയുടെ ചെള്ളു മണവും ചതഞ്ഞരഞ്ഞ പൂമ്പാറ്റച്ചിറകുകളും കഞ്ചാവുമണമുള്ള കാറ്റുമൊക്കെ മനസ്സില്‍ ഭീതിയോടെ ബാക്കിയായത്.

ആസ്വാദനത്തിന്റെ ഉയര്‍ന്ന തലത്തിലേക്കുയരാന്‍ എന്നെപ്പോലുള്ള ചെറിയ വായനക്കാര്‍ക്ക് ഒറ്റയിരുപ്പിലുള്ള വായന മതിയാവില്ല. പകരം ശ്രദ്ധയോടെ ആവര്‍ത്തിച്ചുള്ള വായന ആവശ്യപ്പെടുന്നുണ്ട് ഈ കഥാസമാഹാരത്തിലെ ആറു കഥകളും.

വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരത്തിന് സുബിന മുനിബ് എഴുതിയ വായനാനുഭവം

Comments are closed.