DCBOOKS
Malayalam News Literature Website

കല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ജുംപാ ലാഹിരിയുടെ കൃതി

ജുംപാ ലഹിരിയുടെ ദി ലോ ലാന്‍ഡ്-താഴ്‌നിലം എന്ന നോവല്‍ തുടങ്ങുന്നത് 1960 കാലഘട്ടത്തിലെ കല്‍ക്കത്തയെ പശ്ചാത്തലമാക്കിക്കൊണ്ടാണ്. 1947-ലെ ഇന്ത്യാവിഭജനത്തിന് ശേഷം ബംഗാളിലെ അഭയാര്‍ഥികളുടെ താവളമായിരുന്നു കല്‍ക്കത്താനഗരത്തിന്റെ പാര്‍ശ്വഭാഗങ്ങളിലൊന്നായ ടോളിഗഞ്ചിലെ ചതുപ്പുനിലങ്ങള്‍. അവിടെ ഒരു ഇടത്തരം കുടുംബത്തിലെ സഹോദരങ്ങളായിരുന്നു സുഭാഷും ഉദയനും. ഇണ പിരിയാനാവാത്ത ബന്ധമായിരുന്നെങ്കിലും രണ്ടുപേരുടേയും ചിന്താസരണികള്‍ വ്യത്യസ്തങ്ങളായിരുന്നു. മൂത്തയാള്‍ സുഭാഷ് അമേരിക്കയിലെ ഉപരിപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, ദാരിദ്ര്യത്തിന്റേയും അടിച്ചമര്‍ത്തലിന്റെയും ചുറ്റുപാടുകള്‍ കണ്ടുവളര്‍ന്ന ഇളയവന്‍ ഉദയന്‍ ആകൃഷ്ടനായത് ആ കാലഘട്ടത്തില്‍ രൂപംകൊണ്ട നക്‌സല്‍ബാരി മൂവ്‌മെന്റിലാണ്. പതിവുപോലെ പോലീസിന്റെ വേട്ടയാടല്‍ തുടരുന്നതിനിടയില്‍, വീടിന്റെ പരിസരത്തുള്ള വെള്ളക്കെട്ടില്‍ ഒളിച്ചിരുന്ന ഉദയനെ അവര്‍ പിടികൂടുന്നു. ഇത് അവര്‍ സാധിച്ചെടുത്തത് മാതാപിതാക്കളുടെ തലക്കുനേരേ തോക്ക് ചൂണ്ടിക്കൊണ്ടാണ്. അങ്ങനെ, പ്രേമിച്ച് വിവാഹം കഴിച്ച ഗൗരിയെ, ഗര്‍ഭിണിയായ വിധവയാക്കിക്കൊണ്ട് ഉദയന്‍ രക്തസാക്ഷിയാവുകയാണ്. അതോടെ കുടുംബത്തില്‍ നിന്നുതന്നെ അവഗണന നേരിടേണ്ടിവന്ന ഗൗരിയെ സുഭാഷ് അമേരിക്കയിലേക്ക് കൊണ്ടുപോവുകയും, വിമുഖതയോടെയാണെങ്കിലും, ഉദയന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. പ്രണയവും ദുഖവും വിരഹവുമെല്ലാം ഇഴചേര്‍ന്ന സംഭവബഹുലമായ കഥയുടെ അടുത്തഭാഗം മുന്നേറുന്നത് അമേരിക്കയിലെ പല പ്രവിശ്യകളിലായിട്ടാണ്. ഉദയന്റെ മകളുള്‍പ്പെട്ട ഒരു തലമുറയുടെ കഥകൂടി ഈ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്നുണ്ട്.

അമേരിക്കയില്‍ കുടിയേറിയ ഇന്ത്യന്‍ വംശജരാണ് ജുംപാ ലഹിരിയുടെ മാതാപിതാക്കള്‍. അമേരിക്കന്‍ വംശജയും പുലിസ്റ്റര്‍ പുരസ്‌കാരജേതാവുമായ അവരുടെ രണ്ടാമത്തെ നോവലാണ് ദി ലോ ലാന്‍ഡ്.

ജുംപാ ലാഹിരിയുടെ താഴ്‌നിലം എന്ന കൃതിക്ക് അച്യുതന്‍ കുട്ടി കുത്തനൂര്‍ എഴുതിയ വായനാനുഭവം

Comments are closed.