ആർത്തിപിടിച്ച അധികാരി വർഗ്ഗങ്ങളാൽ തുടർച്ചയായി, ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട കാശ്മീർ എന്ന താഴ്വര…!
“ലോകത്തിന് ഒരേയൊരു അതിർത്തിയേ ഉള്ളൂ. അത് മനുഷ്യത്വത്തിന്റെയാണ്” (നാദിയ മുറാദ്)
‘ആ ഹോസ്പിറ്റലിലേക്ക് എത്താൻ പറ്റുമെന്നു തോന്നുന്നില്ല ഡോക്ടർ. അപ്പോഴേക്കും ആരെങ്കിലും ഞങ്ങളെ വെടിവെച്ചു കൊല്ലും.’ കുഞ്ഞു യാസീന്റെ വിതുമ്പൽ വായനക്കാരിലേക്കെത്തിച്ചേരുമ്പോൾ നെടുവീർപ്പുകളായി രൂപാന്തരപ്പെടുന്നു.
വെടിയേറ്റു വീഴുന്ന ഫാത്തിമയെ മറികടന്ന്, ചേച്ചി മെഹറിൻറെ കൈയും പിടിച്ച് അവന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കെത്തിച്ചേരാൻ സാധിച്ചിട്ടുണ്ടാവണമേയെന്നു പ്രാർത്ഥിച്ചു പോകുന്നു.പെല്ലറ്റുകൾ അതിൻറെ എല്ലാ നിഷ്ഠൂരതകളോടും കൂടി നശിപ്പിച്ചു കളഞ്ഞ കാഴ്ച അവനു തിരിച്ചു കിട്ടേണമേ എന്നും.
ആർത്തിപിടിച്ച അധികാരി വർഗ്ഗങ്ങളാൽ തുടർച്ചയായി, ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട കാശ്മീർ എന്ന താഴ്വര അതിൻറെ അവസാനതുള്ളി ആത്മാഭിമാനവും വെടിഞ്ഞിട്ട് ഒരു വർഷമായിരിക്കുന്നു.
132ആം പേജിൽ ‘താഴ്വരയെ ഇനി ആർക്കും രക്ഷിക്കാൻ കഴിയില്ല. മതരാഷ്ട്രീയത്തിൻറെ, അതുണ്ടാക്കുന്ന ഹിംസയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല’ എന്ന വാചകം മുഴങ്ങുമ്പോൾ ,2700ഓളം കിലോമീറ്ററുകൾക്കിപ്പുറത്ത് നമ്മുടെ കാതും വേദനിച്ചു തുടങ്ങുന്നു.
ഖാലിദ് ഹൊസൈനിയുടെ ‘പട്ടം പറത്തുന്നവ’രോട് കിടപിടിക്കുന്നതാണ് ഇതിൻറെ ആഖ്യാനശൈലി -ശക്തി.
‘ഫാത്തിമാ, എനിക്ക് നിങ്ങളിൽ ഒരാളെ വേണം നീയോ അതോ ഇവളോ?’ (മകൾ) എന്ന് ക്രൂരമാംസം പുരട്ടിയ ഭാഷയിൽ ആജ്ഞാപിക്കുന്ന ഭീകരവാദികളുടെ നേതാവും, കാബൂളിൽ നിന്നു പാകിസ്താനിലേക്ക് പലായനം ചെയ്യുന്നവരേയും വഹിച്ചുകൊണ്ടുള്ള ട്രക്ക് തടഞ്ഞുനിർത്തി അതിലെ യുവതിയുടെ നേര ആസക്തിയുടെ വിരൽചൂണ്ടുന്ന റഷ്യൻ പട്ടാളക്കാരനും സംസാരിക്കുന്ന ഭാഷ ഒന്നുതന്നെയാണെന്നു കാട്ടിത്തരുന്നു.
‘രണ്ടുതരം അന്ധന്മാരുണ്ട്; കണ്ണിൻറെ കാഴ്ച നഷ്ടമായവരും, മനസ്സിൻറെ കാഴ്ച നഷ്ടമായവരും…
അവർ ജനങ്ങളെ മുഴുവൻ ജയിലിലടക്കാൻ ഉള്ള ബുദ്ധിമുട്ടു കാരണം താഴ്വരയെ തന്നെയൊരു ജയിലാക്കിമാറ്റിയിരിക്കുന്നു.. ആയുധങ്ങൾ മാത്രം പിടിക്കാന റിയാവുന്നവിമോചന പോരാളികളുടെ കൈകൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് എത്രയോ വിദൂരെയാണ്’.
ഝലം നദിയുടെ തേങ്ങലുകൾ നോവൽ വഴികളിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്നു. അതിന്റ ഏതോ ചുഴികളിൽ പട്ടാളത്തിന്റെ വെടിയേറ്റ് മരണാസന്നനായി കിടക്കുന്ന ഝലം ടൈംസ് എഡിറ്റർ ജി ആർ ചോദിക്കുന്നു, അധിനിവേശകരാൽ മാനഭംഗം ചെയ്യപ്പെട്ട താഴ്വരയുടെ കണ്ണീരുപോലെ ഈനദി ഒഴുകുന്നത് നിങ്ങൾ കാണുന്നില്ലേ.. ഈ ലോകത്തിൽ ഒരു നരകം ഉണ്ടെങ്കിൽ അത് ഇതാണ് ..ഇതാണ് ഇതാണ് എന്നു വേദനയോടെ ലജ്ജയോടേയവൾ വിതുമ്പിക്കൊണ്ടേയിരിക്കുന്നു.’
‘Give power to women and say no to war; അങ്ങനെ ചെയ്താൽ ചരിത്രം നിങ്ങളുടെ പേരുകൾ തങ്കലിപികളിൽ എഴുതി വെക്കും.’ എന്ന ആശയം മുന്നോട്ടു വയ്ക്കുന്ന ടിഡിയുടെ ഈ ചരിത്രാഖ്യായിക രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.
അതെ കവി വിഷ്ണുപ്രസാദ് എഴുതിയതുപോലെ ‘ഇവിടെ എല്ലാ വീടുകളിലുമുണ്ട് മരിച്ചു പോയ ഒരു കുഞ്ഞിൻറെ ആൽബം. നിസ്സഹായമായ ഒരു പുഞ്ചിരിയുടെ പൂന്തോട്ടം’
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
ടി ഡി രാമകൃഷ്ണന്റെ ‘അന്ധർ ബധിരർ മൂകർ’ എന്ന നോവലിന് സുരേഷ് നാരായണൻ എഴുതിയ വായനാനുഭവം
Comments are closed.