ചരിത്രവും മിത്തും ഇടകലർന്ന് വിരിയുന്ന അതുല്യമായ അനുഭവം …!
ചരിത്രവും മിത്തും ഇടകലർന്ന് വിരിയുന്ന അതുല്യമായ അനുഭവമാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
ചോള സിംഹള യുദ്ധങ്ങളും തമിഴ് ഈഴ പ്രസ്ഥാനങ്ങളുടെ വിമോചന പോരാട്ടങ്ങളും ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ
മനുഷ്യത്വരഹിതവും ജനാധിപത്യ വിരുദ്ധവുമായ സമീപനങ്ങളും സമന്വയിക്കുന്ന അസാധാരണ വായനാനുഭവം.
AD 992 ൽ ചേരസാമ്രാജ്യത്തിൽ ആരംഭിച്ച് ചോള പാണ്ഡ്യ വംശങ്ങളിലൂടെ കടന്ന് തഞ്ചാവൂർ, നാഗപട്ടണം, അനുരാധപുര, കായൽപ്പട്ടണം, തിരുവാരൂർ, സിഗിരിയ, മുല്ലൈത്തീവ്, ജാഫ്ന, കൊളംബോ എന്നിവ കടന്ന് AD 2013 ലെ
കാലിക ശ്രീലങ്കൻ രാഷ്ട്രീയത്തിൽ എത്തി നിൽക്കുന്ന നോവൽ അസാധാരണമായ അനുഭവങ്ങളുടെ മായിക പ്രപഞ്ചമാണ് ചുരുളഴിക്കുന്നത്.
വിമോചന പോരാട്ടങ്ങളെ മൃഗീയമായി അടിച്ചമർത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങളും ജനാധിപത്യ വിരുദ്ധതയും വിമോചന പ്രസ്ഥാനങ്ങളിൽ പോലും നിലനിൽക്കുന്ന പുരുഷാധിപത്യവും നോവലിൽ പ്രതിപാദ്യമാകുന്നു. ഇന്ത്യയിൽ നിന്നും ഒരു ചെറു കടലിടുക്കിൻ്റെ അകലമേയുള്ളുവെങ്കിലും ശ്രീലങ്കൻ ജനത വർഷങ്ങളോളം അനുഭവിച്ച വംശീയ കൂട്ടക്കൊലകളും സ്ത്രീകൾ നേരിട്ട ക്രൂരമായ ബലാൽസംഗങ്ങളും നമ്മൾ മലയാളികളെ പോലും തെല്ലും ബാധിച്ചിട്ടില്ല എന്നതും കുറ്റബോധത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ എന്ന് കഥാകാരൻ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യ ധ്വംസനങ്ങളുടെ ശ്രീലങ്കൻ രക്തചരിതം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിരുന്ന് നമുക്ക് വായിക്കാം; തീർത്തും നിസംഗമായി.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
ടി ഡി രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ‘ എന്ന നോവലിന് ഷിജു കേശവ് (Shiju Kesav ) എഴുതിയ വായനാനുഭവം
Comments are closed.