DCBOOKS
Malayalam News Literature Website

‘സമ്പര്‍ക്കക്രാന്തി’യില്‍ ഒരു അത്ഭുതയാത്ര

വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തിയെന്ന നോവലിന് ജോണി എം.എല്‍. എഴുതിയ വായനാനുഭവം

‘സമ്പര്‍ക്കക്രാന്തി’ ഷിനിലാലിന്റെ നോവലാണ്. അതൊരു എക്‌സ്പ്രസ്സ് തീവണ്ടിയുടെ പേരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ആ ട്രെയിന്‍ തമ്പാനൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ചണ്ഡിഗഡിലേയ്ക്കും പോവുകയാണ്. ഇന്ത്യയുടെ ‘ഭൂപാളത്തിലൂടെ’ ഓടുന്ന ആ വണ്ടിയില്‍ രാജ്യത്തിന്റെ ബയോപ്‌സി സാമ്പിള്‍ ഉണ്ടെന്ന് ഷിനിലാല്‍ എഴുതുന്നു. ഇന്ത്യ ഒരു അര്‍ബുദമായി പരിണമിക്കുന്ന ഒരു കാലത്താണ് ഈ നോവല്‍ എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ആ രോഗത്തിന്റെ വിവിധഘട്ടങ്ങളും അവയുടെ വിവിധ ബാഹ്യപ്രത്യക്ഷങ്ങളും നമുക്ക് കാണാന്‍ കഴിയുന്നു. ഗാന്ധിമോഹന്‍ദാസ്‌കരംചന്ദ് എന്ന അപനിര്‍മ്മിക്കപ്പെട്ട ഒരു ആദര്‍ശത്തിന്റെ അവസാന വാക്കുപേറുന്ന ഒരു യാത്രികന്റെ ആത്മരതി പൂര്‍ണ്ണമായ ഒരു തമ്പാനൂര്‍ സെല്‍ഫിയില്‍ നിന്നാരംഭിക്കുന്ന സമ്പര്‍ക്കക്രാന്തിയുടെ യാത്ര ഒരു സ്‌റ്റേഷനില്‍ പോലും മുഴിപ്പിക്കാതെ ഓടുന്ന ഒന്നായി മാറുന്നു. ഇന്ത്യയെ കാണാനിറങ്ങിയ ജോണ്‍ എന്ന വിദേശിയ്ക്ക് തന്റെ പൂര്‍വികരുമായി ബന്ധപ്പെട്ട തീവണ്ടിയോര്‍മ്മകളുണ്ട്. അയാള്‍ ലോണ്‍ലി പ്ലാനറ്റ് പ്രസിദ്ധീകരിച്ച ഇന്ത്യ എന്ന പുസ്തകത്തിലൂടെ അയാളുടെ യാത്രയെ നിരന്തരം അറിഞ്ഞു കൊണ്ടിരിക്കുന്നു. ചരിത്രവും വര്‍ത്തമാനവും ഇടകലര്‍ന്നു സമ്പര്‍ക്കക്രാന്തി ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരികചിത്രമാകുന്നു. ഏകാധിപധികളും നേതാക്കളും ഉയര്‍ന്നുവരുന്നതിന്റെ ആന്തരിക ബലതന്ത്രം ഒരു ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് തീവണ്ടിയ്ക്കുള്ളില്‍ ദ്വി എന്ന കഥാപാത്രത്തിന്റെ പരിണാമത്തിലൂടെ ഷിനിലാല്‍ വ്യക്തമാക്കുന്നു.

യഥാതഥത്വത്തില്‍ ആരംഭിക്കുന്ന ആഖ്യാനം താമസിയാതെ അതിന്റെ പരിമിതികളെ മറികടന്ന് ഫാന്റസിയിലേയ്ക്ക് പോകുന്നു. അതൊരു അനിവാര്യതയായി നമുക്ക് കാണാന്‍ കഴിയുന്നു. എന്റെ ചരിത്രാന്വേഷണ പരീക്ഷണങ്ങളില്‍ ഒ.വി.വിജയന്‍ ചെയ്തത് പോലുള്ള ചരിത്രത്തിന്റെ വര്‍ത്തമാനവല്‍ക്കരണം ഷിനിലാല്‍ നടത്തുന്നു. തീവണ്ടിയ്ക്ക് പിന്നിലെ വാണ്ടറര്‍ എന്ന ആവിയന്ത്രം രാജ്യത്തിന്റെ റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുക്കാന്‍ പോവുകയാണ്. ഇലക്ട്രിക്കും ഡീസലുമായ എന്‍ജിനുകള്‍ മാറിമാറി വലിക്കുന്ന സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിന് പിന്നില്‍ ചരിത്രം നിശബ്ദമെങ്കിലും ഒരു ഒഴിയാബാധപോലെ പിന്തുടരുന്നത് നാം കാണുന്നു. ഫാന്റസി അലിഗറി/ ലാക്ഷണിക കഥയായി മാറുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. മൃഗങ്ങള്‍ കഥപറയാനെത്തുന്നില്ലെങ്കിലും ‘പൊട്ടിക്കരച്ചിലിന്റെ പ്രേതസഞ്ചാരങ്ങള്‍’ നോവലില്‍ ഉടനീളം ഉണ്ട്. വ്യത്യസ്തമായ ഭാഷ പ്രായംവംശം പ്രദേശം തുടങ്ങിയവയില്‍ നിന്ന് വരുന്ന മനുഷ്യര്‍ അവര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ ബൃഹദ് ആഖ്യാനത്തില്‍ പങ്കെടുത്തു പോവുകയാണ്. അപ്പോഴെല്ലാം ആ ആഖ്യാനത്തിനു പുറത്തു നില്‍ക്കാന്‍ കരംചന്ദ് എന്ന നായകന്‍ ശ്രമിക്കുന്നുണ്ട്.

‘സമ്പര്‍ക്കക്രാന്തി’ എന്ന നോവല്‍ ഷിനിലാലിന്റെ ആഖ്യാനവൈദഗ്ധ്യത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്. ചരിത്രത്തെ വര്‍ത്തമാനവുമായി കൂട്ടിയിണക്കാന്‍ അദ്ദേഹം സ്ഥലപുരാണങ്ങളും, രാജ്യചരിത്രവും സംസ്‌കാരവും ഇഴചേര്‍ക്കുന്നു. ആ ഇഴചേര്‍ക്കല്‍ പുസ്തകത്തെ ഒരു പേജ് ടെര്‍ണര്‍ (പുറം മറിക്കല്‍ വ്യഗ്രം) ആക്കുന്നു. അതായത് അടുത്ത താളില്‍ എന്തെന്ന് അറിയാനുള്ള വ്യഗ്രത ആഖ്യാനം നിലനിറുത്തുന്നു. ഈ നോവല്‍ ഇന്ന് വായിക്കപ്പെടേണ്ട ഒന്നല്ല. വര്‍ത്തമാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാകയാല്‍ വായനക്കാര്‍ക്ക് പലതും ലാക്ഷണിക കഥയായേ തോന്നൂ. ഈ നോവല്‍ ചരിത്രത്തിന്റെ ഒരു നീട്ടല്‍ ആയി കാണണമെങ്കില്‍ കാലം കുറെ കഴിയണം. ഭാവിയില്‍ വായിക്കപ്പെടുമ്പോഴാണ് സമ്പര്‍ക്കക്രാന്തി അതിന്റെ യാത്ര പൂര്‍ത്തിയാക്കുന്നത്. എന്റെ നെഞ്ചില്‍ തൊട്ടതും ഇളക്കി മറിച്ചതുമായ അനേകം എപ്പിസോഡുകള്‍ ഈ നോവലില്‍ ഉണ്ട്. കണ്ണ് നനയിച്ചത്, ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുന്ന ഒരു കുട്ടി പുറത്തേയ്ക്ക് കൈയിടുമ്പോള്‍ അതില്‍ വന്നു തടഞ്ഞ ഒരു കെന്റക്കി ഫ്രൈഡ് ചിക്കന്റെ കഷണം (ആരോ മുന്നില്‍ നിന്ന് പുറത്തേയ്ക്ക് എറിഞ്ഞത്) അവന്‍ കാണുന്നതും അത് കണ്ടുകൊണ്ട് അവന്റെ അനുജത്തി ഉണരുന്നതുമാണ്. ഷിനിലാല്‍ റയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആണ്. ആ അനുഭവങ്ങള്‍ ഇതിന്റെ ആഖ്യാനത്തെ ഏറെ സഹായിച്ചിട്ടുണ്ട്. അടുക്കള വലിച്ചു കൊണ്ടുപോകുന്ന വീടെന്ന തീവണ്ടിയുടെ ക്ലാസിക്കല്‍ മാര്‍ക്കെസിയന്‍ വീക്ഷണത്തെ തിരിച്ചിടുന്ന ഒരു നോവല്‍.

Comments are closed.