DCBOOKS
Malayalam News Literature Website

ഇന്നലെകള്‍ നഷ്ടപ്പെട്ടവര്‍

ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണത്. ഒരു ദിവസം പത്രത്തില്‍ വന്ന, തികച്ചും വ്യത്യസ്തമായി തയ്യാറാക്കിയ ഒരു ചെറിയ പരസ്യത്തില്‍ കണ്ണുടക്കി. പരസ്യമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാത്ത രീതിയില്‍, ഒരു വാര്‍ത്ത പോലെ തയ്യാറാക്കിയ ഒന്ന്. അതില്‍ സുന്ദരിയായ ഒരു യുവതിയുടെ ചിത്രത്തോടൊപ്പം ചെറിയ ഒരു കുറിപ്പുമുണ്ടായിരുന്നു. അത് ഏകദേശം ഇങ്ങനെയായിരുന്നു ‘ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട്, ഇന്നലെകള്‍ വിസ്മൃതിയിലാണ്ട യുവതി തന്റെ ബന്ധുക്കളെ തേടുന്നു’. പദ്മരാജന്റെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ, ശോഭനയും ജയറാമും സുരേഷ് ഗോപിയും തകര്‍ത്തഭിനയിച്ച, ‘ഇന്നലെ’ എന്ന ചലച്ചിത്രത്തിന്റെ പരസ്യമായിരുന്നു അതെന്നറിഞ്ഞത് നാളുകള്‍ കഴിഞ്ഞാണ്! ആ ചലച്ചിത്രം വെള്ളിത്തിരയിലെത്തിയ തൊണ്ണൂറുകളില്‍ അങ്ങനെയൊരു പ്രമേയം മലയാളസിനിമയില്‍ ആദ്യമായിരുന്നു. മാത്രമല്ല, അത്തരം വാര്‍ത്തകളും സംഭവങ്ങളും പത്രങ്ങളിലും മറ്റും അക്കാലത്ത് വന്നിരുന്നുമില്ല. അതുകൊണ്ടു തന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമോ, അപകടം മൂലമാണെങ്കിലും അങ്ങനെ പ്രായമേറും മുന്‍പുതന്നെ ആളുകള്‍ എല്ലാം മറക്കുന്ന ഒരവസ്ഥയില്‍ എത്തുമോ എന്നൊക്കെ പ്രേക്ഷകര്‍ ന്യായമായും സംശയിച്ചു. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും കടന്നുവരവോടെ ‘അംനീഷ്യ’ എന്ന വാക്ക് മലയാളികള്‍ക്ക് പരിചിതമായിത്തീര്‍ന്നു. എന്നാലൊരുപക്ഷേ ശ്രീറാം വെങ്കട്ടരാമന്‍ ഉള്‍പ്പെട്ട അപകടവാര്‍ത്ത വഴിയാവണം ‘റെട്രോഗ്രേഡ് അംനീഷ്യ’ എന്ന പുതിയ വാക്ക് അവരില്‍ പലരിലേക്കും എത്തിയത്. അദ്ദേഹം ആ അവസ്ഥയിലാണോ എന്നത് ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒന്നായി തുടരുമ്പോഴും, ഒരു ദിവസത്തിനപ്പുറം തങ്ങളുടെ ഓര്‍മകളെ മനസ്സില്‍ രേഖപ്പെടുത്താനാവാത്ത അവസ്ഥയില്‍ ജീവിക്കുന്നവര്‍ വളരെ ചുരുക്കമായി നമ്മുടെ ഇടയിലുമുണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന നിലയിലേക്ക് സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു.

ഭൂതകാലത്താല്‍ വേട്ടയാടപ്പെടുമ്പോള്‍

തന്റെ മാസ്മരികശബ്ദത്താലും ചടുലതാളങ്ങളാലും ഒരു തലമുറയെ തന്നെ ഇളക്കിമറിച്ച, അതിപ്രശസ്തനായ പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സനെപ്പറ്റി പറയുമ്പോള്‍ പലപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. അത്ര മാധുര്യമില്ലാതിരുന്ന, അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള വിവരങ്ങളാണത്. കുട്ടിയായിരിക്കുമ്പോള്‍ താന്‍ കണ്ട കാഴ്ചകള്‍, അനുഭവിച്ച ക്രൂരതകള്‍, ഒറ്റപ്പെടല്‍ ഒക്കെയും ജീവിതത്തിലുടനീളം തന്നെ വേട്ടയാടിയിട്ടുണ്ടെന്ന് ചില അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഒരാളുടെ കുട്ടിക്കാലത്തും കൗമാരകാലത്തും ഒക്കെ അനുഭവിക്കേണ്ടിവരുന്ന വേദനകളും യാതനകളും അയാളുടെ മനസ്സില്‍ ജീവിതാവസാനം വരെ ഉണ്ടാവാമെന്നും വ്യക്തിത്വവികസനത്തെ അത് ഗുരുതരമായി ബാധിക്കുമെന്നും മനഃശാസ്ത്രജ്ഞന്മാര്‍ പറയാറുണ്ട്. മറുവശത്ത്, കൊടുംകുറ്റവാളികളുടെ കാര്യവും ഇക്കാര്യത്തില്‍ വിഭിന്നമല്ല. കുട്ടിക്കാലവും അതിന്റെ ഓര്‍മകളും പല കുറ്റവാളികളുടെയും മനസിനെ മാറ്റിമറിക്കുമെന്നും ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ അതവരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അപസര്‍പ്പകസാഹിത്യത്തിലെ പ്രതിഭകള്‍ പലരും ഈയൊരു പ്രമേയം ആസ്പദമാക്കി, തങ്ങളുടെ നോവലുകളിലും കഥകളിലും കുറ്റവാളികളുടെ മനസിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കാറുണ്ട്. മടിയേതുമില്ലാതെ തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും അതിക്രൂരമായ രീതിയില്‍ ഇരകളോട് പെരുമാറാനും ഹേതുവാകുന്നത് ചിലപ്പോള്‍ ആ കുറ്റവാളികളുടെ കുട്ടിക്കാലത്ത് മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളാണെന്നത് അറിയുമ്പോള്‍ അത്തരം രചനകളുടെ വായനക്കാര്‍ക്ക് അമ്പരപ്പ് തോന്നിയേക്കാം.

റൂത്തിന്റെ ലോകത്തിലേക്ക്

ഒരിക്കലും പൂര്‍ത്തീകരിക്കാനാവാത്ത ഒരു ജിഗ്‌സോ പസില്‍ ആയിരിക്കണം റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടിക്ക് തന്റെ ഓര്‍മ്മകള്‍! എത്ര കിണഞ്ഞു ശ്രമിച്ചാലും ഓര്‍മകളെ മനസ്സില്‍ രേഖപ്പെടുത്താനോ, കൃത്യമായും അടുക്കും ചിട്ടയോടു കൂടെയും അവ സൂക്ഷിക്കാനോ അവള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ കാഴ്ചകളും അനുഭവങ്ങളും, അവയെത്ര തീവ്രമാണെങ്കിലും അതെല്ലാം യാഥാര്‍ഥ്യത്തിന്റെയും മിഥ്യയുടെയും അതിര്‍വരമ്പുകളിലൂടെ കടന്നുപോവുന്നതായാണ് അവള്‍ക്ക് തോന്നുക. കൊഴിഞ്ഞുപോവുന്ന ഓരോ ദിനങ്ങളും മറവിയിലാണ്ടുപോവുമ്പോള്‍ വിഷാദം അവളില്‍ നിറയുന്നുണ്ടെങ്കിലും, അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് താനെന്ന തിരിച്ചറിവ് അവള്‍ക്കെപ്പോഴുമുണ്ട്. ആത്യന്തികമായി, അതുമായി സമരസപ്പെട്ടു പോവുക എന്നതല്ലാതെ തനിക്ക് മുന്നില്‍ മറ്റ് വഴികള്‍ തെളിഞ്ഞുവരാത്തതില്‍ ഖിന്നയാവുന്നുണ്ട് അവള്‍ പല വേളകളിലും. ഓര്‍മ നഷ്ടപ്പെടുക എന്ന കാര്യം എപ്പോഴും തന്നെ ഒരു ചങ്ങലയിലെന്നവണ്ണം തളച്ചിടുന്നതും അവള്‍ അറിയുന്നുണ്ട്. അവളുടെ ജീവിതപങ്കാളിയും ഒരു ഡോക്ടറുമായ റൊണാള്‍ഡ് തോമസ് ആവട്ടെ, സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവാണ്. റൂത്ത് കടന്നു പോവുന്ന അവസ്ഥകളെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരേ ഒരാള്‍ ഒരുപക്ഷെ അയാളാവണം. അവളുടെ എല്ലാ കാര്യങ്ങളിലും സഹായവും പിന്‍തുണയും നല്‍കുന്ന റൊണാള്‍ഡ് താനില്ലാത്ത സമയം ഭാര്യയെ ശുശ്രൂഷിക്കാന്‍ അശ്വിനി എന്ന യുവതിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഒരു വേലക്കാരി എന്നതിനപ്പുറം, അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയാണവര്‍. മിടുക്കരായ രണ്ടു കുഞ്ഞുമക്കളെയും ദൈവം അവര്‍ക്ക് സമ്മാനിച്ചിരുന്നു. റൂത്തിന്റെ മറവി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളൊഴിച്ചാല്‍ സന്തോഷവും സ്‌നേഹവും കളിയാടുന്ന ഒരു കുടുംബമാണ് അത്, അവരുടെ ചെറിയ സ്വര്‍ഗം.

അവിടേക്കാണ്, ആ വീട്ടിലേക്കാണ് മൂന്നുപേര്‍ കടന്നു വരുന്നത്. അല്ല, ഒരുപക്ഷെ അത് റൂത്തിന്റെ തോന്നലാവണം. മൂന്നുപേര്‍ വന്നുവെന്നും പിന്നെ അവര്‍ അപ്രത്യക്ഷരായെന്നും, പിന്നെ അവരുടെ ജഡങ്ങളുടെ വ്യക്തമല്ലാത്ത ചിത്രം പത്രത്തില്‍ വന്നെന്നും അതില്‍ തന്റെ ബ്രേസ്‌ലെറ്റ് പോലെയൊന്ന് കാണാമെന്നുള്ളതും, എല്ലാം ഓര്‍മ്മകള്‍ മാറിമറിയുന്ന അവസ്ഥയിലൂടെ കടന്നുപോവുന്ന റൂത്തിന്റെ മായക്കാഴ്ചകളാവാം. പക്ഷെ ഉറപ്പില്ലാത്ത കൂടുതല്‍ കാര്യങ്ങള്‍ വന്ന് കുഴഞ്ഞുമറിയുന്നുണ്ട് അവളുടെ മനസ്സപ്പോള്‍. ഒന്നിനു പുറകെ ഒന്നായി വരുന്ന ചില കാഴ്ചകള്‍ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് അവളെ. പ്രത്യേക സാഹചര്യങ്ങളില്‍ നടക്കുന്ന ചില കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, അതിനു ശേഷം ഒരിക്കലും തിരിച്ചുവരാത്തവര്‍. അവരെയെല്ലാം ഒരിക്കല്‍ കണ്ട പോലെ, ആ സംഭവങ്ങളില്‍ അല്ലെങ്കില്‍ സ്ഥലങ്ങളില്‍ എവിടെയൊക്കെയോ താനും കൂടി ഉണ്ടായിരുന്നതായി ഒക്കെ റൂത്തിന് തോന്നുകയാണ്.

ഇന്നലെകള്‍ നഷ്ടമായവരും ഭൂതകാലത്താല്‍ വേട്ടയാടപ്പെട്ടവരും ഒരുപോലെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ വായനക്കാര്‍ വെമ്പല്‍ കൊള്ളും.

കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് പോലീസ് ഇടപെടല്‍ ഉണ്ടാവുകയാണ്. റൂത്തിന്റെ തോന്നലുകള്‍ക്കിടയില്‍ പോലീസ് എന്തൊക്കെയോ തിരയുവാന്‍ ശ്രമിക്കുന്നു. തലേനാള്‍ നടന്നതു പോലും ഓര്‍ത്തെടുക്കാനാവാത്ത ഒരാളുടെ തോന്നലുകള്‍ പോലീസ് എന്തുകൊണ്ട് ഗൗരവത്തിലെടുക്കണം! അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറത്തേക്ക്, അതിനുമപ്പുറം തെളിവുകള്‍ ഒന്നുപോലും അവശേഷിപ്പിക്കാതെ തന്റെ കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു കൊടും കുറ്റവാളിയിലേക്ക് നീളുന്ന വഴി തുറക്കുമോ? കാണാതാവുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചിരിക്കുക? അവരില്‍ ആരെങ്കിലും ജീവനോടെ ഉണ്ടാവുമോ? ഉദ്വേഗജനകമായ രംഗങ്ങള്‍ കൊണ്ടുനിറഞ്ഞ നോവല്‍ അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കാത്തുവെച്ചിട്ടുണ്ട്.

എഴുത്തുരീതികള്‍

ലാജോ ജോസ് എന്ന എഴുത്തുകാരന്റെ മൂന്നാമത്തെ പുസ്തകമാണ് ‘റൂത്തിന്റെ ലോകം’. ആദ്യ നോവലായ കോഫിഹൗസിലും രണ്ടാമത്തേതായ ഹൈഡ്രേഞ്ചിയയിലും പ്രധാന കഥാപാത്രമായി വന്ന എസ്തര്‍ ഇക്കുറിയില്ല. കേരളത്തിലേക്ക് നീളുന്ന ചില വേരുകള്‍ ഉണ്ടെങ്കിലും ഏകദേശം പൂര്‍ണമായിത്തന്നെ ബാംഗഌരിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് കഥാപരിസരം. റൂത്തിലും റൊണാള്‍ഡ് തോമസിലുമായി മാറിമാറി വരുന്ന അധ്യായങ്ങളാണ് നോവലില്‍. അവസാനം വരെ അത് തുടരുന്നു. ആരാണ് ശരിക്കുള്ള കൊലപാതകി അല്ലെങ്കില്‍ ഇതിനു പിന്നിലുള്ള സംഘം എന്ന ചോദ്യത്തിനുത്തരം അവസാന താള്‍വരെ നീട്ടിക്കൊണ്ടുപോയി, വായനക്കാരിയെ/വായനക്കാരനെ നോവലിന്റെ അവസാന ഘട്ടം വരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥാശൈലിയല്ല ഇതില്‍. ഏകദേശം മുക്കാല്‍ ഭാഗമെത്തുമ്പോഴേ ആരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നത് പരോക്ഷമായെങ്കിലും വെളിവാക്കപ്പെടുന്നുണ്ട്. പക്ഷെ, മുന്നോട്ടുള്ള വായനയെ ഇതൊരു തരത്തിലും ബാധിക്കുന്നില്ല എന്നത് നിസംശയം പറയാം. പുസ്തകം കയ്യില്‍ എടുത്താല്‍ പിന്നെ വായിച്ചുതീര്‍ക്കാതെ നിലത്തുവെക്കാനാവില്ല എന്ന അവസ്ഥയിലേക്ക് വായനക്കാരെ എത്തിക്കുന്നതില്‍ ലാജോ ജോസ് വിജയിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. നോവലിന്റെ ഇടക്ക് അനാവരണം ചെയ്യപ്പെടുന്ന ഒരു സസ്‌പെന്‍സ്, ഒരു വെളിപ്പെടുത്തല്‍ അത് വായനക്കാരെ കുറച്ചൊന്നുമല്ല ഞെട്ടിക്കുക. റൂത്ത് റൊണാള്‍ഡ്, റൊണാള്‍ഡ് തോമസ് എന്ന പേരുകള്‍ തലക്കെട്ടായി മാറി മാറി വന്ന് അവസാന അധ്യായത്തിലെത്തുമ്പോള്‍ മൂന്നാമതൊരു പേര് തലക്കെട്ടാവുന്നത് കാണുമ്പോഴും അമ്പരപ്പിലാവും വായനക്കാര്‍. കോഫിഹൗസില്‍ നിന്നും റൂത്തിലേക്ക് എത്തുമ്പോള്‍ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു ലാജോ ജോസ്, അദ്ദേഹത്തിന്റെ എഴുത്തു രീതികളും.

ഇനിയും മുന്നോട്ട്

കോഫി ഹൗസ് എന്ന നോവല്‍ പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശനശരങ്ങളുമായി മുന്നോട്ടിറങ്ങിയവര്‍ വരെ സമ്മതിച്ച ചിലതുണ്ട്. ബാറ്റണ്‍ ബോസും തോമസ് ടി.അമ്പാട്ടും കോട്ടയം പുഷ്പനാഥുമൊക്കെ നിര്‍ത്തിയിടത്തുനിന്നും ഒരുപാട് കാലത്തിനു ശേഷം ഒരു കോട്ടയംകാരന്‍ വീണ്ടും തുടങ്ങിയത് തികച്ചും യാദൃച്ഛികം എന്നുപറഞ്ഞ് തള്ളിക്കളയാനാവില്ല എന്നത്, നല്ല കുറ്റാന്വേഷണ നോവലുകള്‍ വായിക്കാനിഷ്ടമുള്ളവര്‍ എക്കാലത്തും ഉണ്ട് എന്നത്, പുതുമയുള്ള പ്രമേയം ജനമനസുകളില്‍ ഇടം പിടിക്കും എന്നത്, ഉദാത്തമായ സാഹിത്യം മാത്രമല്ല ജനപ്രിയമായ രചനകള്‍ക്കും വായനക്കാര്‍ ഒരുപാടുണ്ട് എന്നത് ഒക്കെ അത് തെളിയിച്ചു. കോഫിഹൗസില്‍ നിന്നും ഒരുപാട് മുന്നോട്ടു വരുമ്പോള്‍ ‘റൂത്തിന്റെ ലോകം’ അതെല്ലാം തികച്ചും ശരിവെക്കുന്നു. ഒരുപക്ഷെ കാലം കാത്തുവെച്ച കാവ്യനീതിയാവണം അത്! അല്ലെങ്കിലും അതങ്ങനെ തന്നെയാവണമല്ലോ.

ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിന് ദിന്‍കര്‍ മോഹന പൈ എഴുതിയ വായനാനുഭവം

Comments are closed.