അന്ധര്‍ ബധിരര്‍ മൂകര്‍; ശക്തമായൊരു കശ്മീര്‍ നോവല്‍
ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിന് ജോണി എം.എല്‍ എഴുതിയ വായനാനുഭവം.
‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവല്‍ ടി ഡി രാമകൃഷ്ണന്‍ രചിച്ചതാണ്. അങ്ങനെ പറയാന്‍ കാരണം ഇത് വായിക്കുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരയുന്നത് ടി ഡി രാമകൃഷ്ണനെയാകും. എങ്കിലും വായിച്ചു പോകെ, ഈ കഥ എഴുതിയിരിക്കുന്നത് ടി ഡി രാമകൃഷ്ണന്‍ അല്ലെന്നും, ആമുഖത്തിലേ അദ്ദേഹം പറയുന്നതുപോലെ ഇത് മരിച്ചുപോയ ഫാത്തിമാ നിലോഫര്‍ എന്ന സ്ത്രീ അദ്ദേഹത്തിലൂടെ അവരുടെ കഥ പറയുകയാണെന്നും മനസ്സിലാകും. കാര്യങ്ങള്‍ അങ്ങനെ ആകുമ്പോള്‍ ടി ഡിയുടെ മാജിക്കല്‍ റിയലിസം ഇതില്‍ തിരയുമെങ്കില്‍ നിങ്ങള്‍ നിരാശരാവുകയേയുള്ളൂ.
ഇത് കശ്മീരിന്റെ കഥയാണ്. ദീര്‍ഘമായ കലാപങ്ങളുടെ കാലത്തിനും ശാന്തമായ ഇടവേളകള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 2019 ഓഗസ്റ്റ് അഞ്ചാം തീയതി കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യുകയും കാശ്മീരിനെ മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. അതോടെ അവിടെയുണ്ടായിരുന്ന അസംബ്ലി സ്വാഭാവികമായി റദ്ദാവുകയും ചെയ്തു. വെള്ളപ്പൊക്കം പോലെ ആര്‍ത്തലച്ചു വന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ നേരിട്ടത് കാശ്മീരിനെ ഒരു ജയില്‍ ആക്കിക്കൊണ്ടായിരുന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ സ്തംഭിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കശ്മീര്‍ ഒരു ദ്വീപായി; ചുറ്റുപാടും ഇന്ത്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ്.
ഒമ്പത് ദിവസങ്ങളിലെ കഥയാണിത്. ഓഗസ്റ്റ് അഞ്ചു മുതല്‍ പതിനാലാം തീയതി രാത്രി വരെയുള്ള കഥ. ബുര്‍ഹാന്‍ വാനി എന്ന യുവനേതാവിനെ അനുസ്മരിപ്പിക്കുന്ന യുവനേതാവും രക്തസാക്ഷിയുമായ ഒമര്‍ ഖയാം മൂസയുടെ ഭാര്യയാണ് ഫാത്തിമാ നിലോഫര്‍. അവര്‍ക്ക് രണ്ടു കുട്ടികള്‍ യാസിനും മെഹറും. യാസിന്റെ കണ്ണില്‍ പെല്ലറ്റ് കൊണ്ട് അവന്‍ അന്ധതയിലേയ്ക്ക് നീങ്ങുകയാണ്. സമാധാനത്തിന്റെ വിധവകള്‍ എന്ന ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ് ഫാത്തിമ. ആസാദിയ്ക്ക് പകരം അമന്‍ (സമാധാനം) വേണം എന്ന് വാദിക്കുന്ന സ്ത്രീകള്‍. പക്ഷെ ഇന്ത്യന്‍ സര്‍ക്കാര്‍ അവരെയും വിഘടനവാദികളുടെ മറയായാണ് കാണുന്നത്. (അരുന്ധതി റോയിയുടെ അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന നോവലിലെ നായകനായ കശ്മീര്‍ വിമോചനപ്പോരാളിയുടെ പേര് മൂസ എന്നാണ്. സബിന്‍ ഇഖ്ബാലിന്റെ ദി ക്ലിഫ്ഹാന്‍ഗേഴ്‌സ് എന്ന നോവലിലെ നായകന്മാരിലൊരാളും ആഖ്യാനസ്വരവും മൂസ ആണ്. മൂസ എന്ന പേരില്‍ എന്തോ ഉണ്ട്).
ഇന്ത്യന്‍ സര്‍ക്കാരിന്റെ അപ്രതീക്ഷിതമായ നീക്കം ഫാത്തിമയുടെയും കുട്ടികളുടെയും ഫാത്തിമയുടെ മാതാവായ നിലോഫര്‍ ഭട്ടിന്റെയും അടിതെറ്റിയ്ക്കുന്നു. കുട്ടികളെ ആശ്വസിപ്പിക്കാനായി ഫാത്തിമ പറയുന്ന ആരിഫാ താത്ത എന്ന കല്പിത കഥാപാത്രം പറയുന്നത് ‘സ്വര്‍ണ്ണമല്‍സ്യങ്ങളുടെ ശാപം അവയുടെ സ്വര്‍ണ്ണ നിറം തന്നെയായിരുന്നു’ എന്നാണ്. അതാണല്ലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലോഫര്‍ ഭട്ടിന്റെ ഗര്‍ഭപാത്രത്തിലേയ്ക്ക് ഒരു സര്‍ദാര്‍ജിയും ഒരു കപൂറും ഒരു നായരും ചേര്‍ന്ന് ആക്രമണത്തിന്റെ കയ്പ് കറന്നത്. (മണ്ണ് നിങ്ങളുടേതാകാം പക്ഷെ വിത്ത് വിതയ്ക്കാന്‍ നമുക്കറിയാം. പിന്നീടൊരിക്കല്‍ ഒരു മേജര്‍ പറയുന്നുണ്ട്). ആ ബലാല്‍സംഗത്തില്‍ പിറന്നതാണ് ഫാത്തിമ. അതാണ് അവള്‍ക്ക് നിറം അല്പം കുറവ്.
മുസാഫിര്‍ എന്ന വ്യാജ ബിഎസ്എഫ് പടയാളി (അവന്‍ ആസാദി പ്രസ്ഥാനത്തിലെ വിമോചന പോരാളിയാണ്) ആ കുടുംബത്തെ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ഫാത്തിമയുടെ ഉദീരണത്തിലൂടെ ടി ഡി നമുക്ക് ഒമ്പത് ദിവസങ്ങളിലെ കഥ പറഞ്ഞു തരുന്നു. ഒടുവില്‍ യാസിനും മെഹറും ഒരു ഓഗസ്റ്റ് പതിനഞ്ചിനു സ്വതന്ത്ര്യത്തിലേയ്ക്ക് കടക്കുമ്പോള്‍ മാനഭംഗപ്പെടുത്തപ്പെട്ടിട്ടും ജീവിതത്തിലേയ്ക്ക് കടക്കാന്‍ കഴിയാതിരുന്ന ഫാത്തിമ വെടിയേറ്റ് വീഴുകയാണ്. പ്രേതപ്പെരുമ്പറ മുഴങ്ങുന്ന ശബ്ദത്തില്‍ അവള്‍ പറയുന്ന മാതൃവാക്യമാണ് ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന ഈ കൃതി.
വര്‍ത്തമാനകാലത്തെ നോവല്‍ ആക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്നത് പത്രവാര്‍ത്തയെ വിശസനീയമായ ഒരു ആഖ്യാനം ആക്കുക എന്നതാണ്. അതില്‍ യാഥാര്‍ഥ്യങ്ങളുടെ മറിച്ചിടലോ അയാഥാര്‍ത്ഥ്യങ്ങളുടെ യാഥാര്‍ത്ഥ്യവല്‍ക്കരണമോ നടത്തേണ്ടതുണ്ട്. അടഞ്ഞു പോയ ഒരു നാടിനെക്കുറിച്ചു അവിടെവെച്ച് കൊല്ലപ്പെട്ട ഒരുവളുടെ പ്രേതം വന്നു പറയുന്നത് നമുക്ക് വിശ്വസിക്കാതെ വയ്യ. അതുകൊണ്ടാണ് നമുക്ക് ടി ഡിയെ പുതിയൊരു വെളിച്ചത്തില്‍ കാണാനാകുന്നത്; കാരണം ഫാത്തിമ ടി ഡി രാമകൃഷ്ണന്‍ തന്നെയാണല്ലോ. കാലത്തില്‍ അടുത്തെങ്കിലും ഇടത്തില്‍ അകന്നു പോയ ഒരു നാടിനെക്കുറിച്ചു പറയുമ്പോള്‍ കണ്‍സേര്‍ട്ടിനാ എന്ന മുള്ളുകമ്പി വേലികള്‍ക്കുള്ളില്‍ നടക്കുന്നതെന്തെന്ന് സൃഷ്ടിച്ചെടുക്കേണ്ടി വരും. മുന്നാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ പുതിയൊരു കഥ പറയേണ്ടിവരും. അത് സത്യത്തില്‍ നിന്ന് അകലെയല്ല എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്.
നട്ടെല്ലിലൂടെ അരിച്ചരിച്ചേറുന്ന കരാളമായ ഭയത്തോടും വേപഥുവോടും കൂടിയല്ലാതെ നമുക്കീ നോവലിനെ വായിച്ചെടുക്കാന്‍ കഴിയില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ പട്ടാളവും കോടതിയും വലതുപക്ഷ പ്രത്യയശാസ്ത്രവും ഒരുമിച്ചുപയോഗിച്ചു കൊണ്ട് കാശ്മീരിനെ ഇന്ത്യന്‍ ബീജം ആക്രാമകമായി വിതയ്‌ക്കേണ്ടുന്ന ഒരു മണ്ണായി മാറ്റുന്ന ഈ കഥ ഒരു പ്രേതപ്രഹസനമല്ല ഒരു ജീവിതവിഷാദ കഥാകഷായം തന്നെ ആകുന്നു. അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന തലക്കെട്ട് തികച്ചും പ്രസക്തം തന്നെ. അത് കശ്മീരിന്റെ വര്‍ത്തമാനവസ്ഥയെ സൂചിപ്പിക്കുന്നു എന്നത് മാത്രമല്ല, അന്ധവും ബധിരവും മൂകവുമായ നീതിയെയും ഒപ്പം കാണുന്നില്ല കേള്‍ക്കുന്നില്ല മിണ്ടുന്നില്ല എന്ന ഹിപ്പോക്രിസിയിലേയ്ക്ക് നീങ്ങുന്ന മധ്യവര്‍ഗ വാനരത്ത്വത്തെകൂടി ഗാന്ധിയുടെ അഹിംസയുടെ വിഷാദധ്വനികളുടെ അകമ്പടിയോടെ ടി ഡി അവതരിപ്പിക്കുന്നു. കവര്‍ ചിത്രത്തില്‍ അതുണ്ട്. ഒപ്പം ചതുര്‍ദിക്കുകളെയും സിംഹാവലോകനം ചെയ്യുന്ന ദൃഢവിജൃംഭിതമായ അശോകസ്തംഭത്തിന്റെ ആത്യന്തികമായ ഷണ്ഡീകരണത്തെകൂടി വെളിപ്പെടുത്തുന്നു. നൂറ്റിയെഴുപത്തിയഞ്ചു പേജുകള്‍ക്കുള്ളില്‍ ഒരു പ്രേതഭാഷണത്തിലൂടെ അദൃശ്യമായ കശ്മീര്‍ ദൃശ്യപ്പെടുന്നു. ടി ഡി അന്ധരാവിനു മുന്നിലെ സഞ്ജയനാകുന്നു.
Comments are closed.