പെരുമ്പാടിയിലെ ഏതാണ്ട് മുഴുവൻ കഥാപാത്രങ്ങൾക്കും അതിരുകൾ ഒരു പ്രശ്നമാണ്…!
വിനോയ് തോമസ് എഴുതിയ ‘പുറ്റ്‘ എന്ന നോവലിൽ കന്യാസ്ത്രീ മഠത്തിലെ വൽസച്ചേട്ടത്തിയും നവീകരണ ഭവനത്തിലെ ജെറമിയാസ് പോളിന്റെ മകൻ അരുണും സമൂഹത്തിന്റെ ലിംഗപരിധിയുടെ വേലികൾക്ക് അപ്പുറം നിൽക്കുന്നവരാണ്. വിശാലമായ അർത്ഥത്തിൽ നോക്കിയാൽ കൊച്ച രാഘവനും. ജീവശാസ്ത്രപരമായ വേലിചാട്ടത്തെപ്പറ്റിയുള്ള കലമ്പലും വിധിതീർപ്പും സഹാനുഭൂതിപരമായ പക്ഷപാതപ്രഖ്യാപനവുമൊന്നും നോവലിസ്റ്റിന്റേതായി അവിടെയില്ല. ശരീരത്തിന്റെ ഭൂമിശാസ്ത്രത്തെ വച്ചു സങ്കല്പിച്ചാൽ കൃത്യമായ അതിരുവഴക്കങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നവരല്ല ഈ രണ്ടു പേരും എന്നപോലെ പെരുമ്പാടിയിലെ ഏതാണ്ട് മുഴുവൻ കഥാപാത്രങ്ങൾക്കും അതിരുകൾ ഒരു പ്രശ്നമാണ് എന്നു വേണമെങ്കിൽ പറയാം. കെ സുരേന്ദ്രന്റെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള വളരെ ലളിതമായ ഒരു ആഖ്യാനത്തെ മുഖക്കുറിയായി സ്വീകരിച്ചുകൊണ്ടു തുടങ്ങുന്ന ഈ നോവലിലെ വേലിചാട്ടങ്ങൾ മുകളിൽ ചൂണ്ടിക്കാണിച്ചതരത്തിൽ ജീവശാസ്ത്രപരമായി മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല എന്ന പ്രത്യേകതകൂടിയുണ്ട്. അവ മനശ്ശാസ്ത്രപരമായും സാമൂഹികമായും സാമ്പത്തികമായും സദാചാരപരമായുമൊക്കെയുള്ള ‘ഭൗമാ’തിർത്തികളെ ഭേദിക്കുന്നു എന്നിടത്താണ് പുറ്റിന്റെ പ്രമേയപരമായ സൗന്ദര്യമിരിക്കുന്നത്.
ആഖ്യാനപരമായി നോവലിന് വേറെ ഭംഗിയാണ്.. കമ്പിക്കഥകൾ എന്ന് സാധാരണ വിളിക്കുന്ന നാട്ടുതെറിക്കഥകൾ എമ്പാടും ചിതറിച്ചുകൊണ്ടാണ് പുറ്റിന്റെ ആഖ്യാനം വികസിക്കുന്നത്. പെരുമ്പാടിക്കാർക്ക് സദാചാരപരമായ നിഷ്ഠയില്ലെന്ന് നോവലിസ്റ്റ് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘കുസൃതിക്കാരായ നാട്ടുകാർ വികസിപ്പിക്കുമ്പോൾ മുഴുത്ത തെറിയായി മാറുന്ന പി എം വി എന്ന വാക്കിനെക്കുറിച്ചുള്ള പരാമർശം വരുന്നത്, നോവലിന്റെ മൂന്നാമത്തെ വരിയിലാണ് എന്ന് ശ്രദ്ധിക്കണം, ‘എന്റണ്ടി വിട് വിട്’ എന്ന പഴയ നാടൻ പാട്ടിന്റെ കഥ, കുറുക്കൻ സിംഹിക്കിട്ട് മറ്റേ പണി കൊടുത്തിട്ട് ബീഡിയും വലിച്ചു പോയത്, ഭർത്താവിനെ കാവലു നിർത്തി സ്ഥിരമായി വ്യഭിചരിക്കുന്ന ഭാര്യയുടെ, ‘നത്തിനെ എറിഞ്ഞത് കൊണ്ടില്ലെന്ന’ പഴയ തെറിക്കഥയുടെ പാഠഭേദങ്ങൾ.. സംഭാഷണങ്ങളിൽ സ്വാഭാവികമായിത്തന്നെ കടന്നു വരുന്ന പച്ചത്തെറികൾ.. അങ്ങനെ പലതുണ്ട്… ഇതെല്ലാം കൂടി ചേർന്ന് ലീലാവിലസിതമായ ഒരു ഒഴുക്കിനെയാണ് ഓർമ്മയിൽ കൊണ്ടു വരുന്നതെങ്കിൽ അവസാനം ഒഴുക്കുക്കുറഞ്ഞ് കൂടുതൽ ആഴമുള്ള ആത്മവിചാരങ്ങളിലേക്ക് അവസാന അദ്ധ്യായങ്ങളിലെത്തുമ്പോൾ അതു മാറുന്നു. ആ നിലയ്ക്ക് പുറ്റിന്റെ ആഖ്യാനസമ്പ്രദായത്തിന് ഭൂപ്രദേശം മുറിച്ചു കടക്കുന്ന ഒരു നദിയുടെ പ്രവേഗവുമായി അബോധബന്ധമുണ്ട്. രണ്ടു തരത്തിലാണത്. കല്ലിലും പാറയിലുമിടിച്ച് കലമ്പിച്ച് ചിതറി തെറിച്ച് തുടക്കത്തിൽ ബഹളം വച്ചൊഴുകി അവസാനം ആത്മഗഹനതയിൽ ഒഴുക്കു കുറഞ്ഞ് നിശ്ചലമായ മട്ടിലാവുന്ന ഒരു വഴി. പല കൈവഴികളിൽനിന്ന് കൂടിച്ചേരുന്ന കഥകൾ ഒടുവിൽ ഒരാളിലെത്തി അവസാനിക്കുന്ന മട്ടിലുള്ള മറ്റൊരു വഴി. രണ്ടും നദിയുടെ ഉപമാനത്തെ വായനയ്ക്കിടയിൽ കൂടുതലായി ഓർമ്മയിൽ കൊണ്ടുവരും.
പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പെരുമ്പാടിയെന്ന (സാങ്കല്പിക) വടക്കൻ കുടിയേറ്റ പ്രദേശവും അവിടത്തെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രമെന്ന മട്ടിലുള്ള നവീകരണ ഭവനവും (അങ്ങനെയൊരു ബോർഡില്ല, ആളുകളുടെ പറച്ചിലിലേ ഉള്ളൂ) അതിനെ ചുറ്റിവളഞ്ഞൊഴുകുന്ന പുഴയും ഇലുമ്പി (പുളിഞ്ചി) മരവും മേനാച്ചോടി പശുക്കളും അവിടെനിന്ന് പുറത്തേക്കും അകത്തേയ്ക്കും നിരന്തരമായി ചലിക്കുന്ന മനുഷ്യരും അവരുടെ ജീവിതസാഹചര്യങ്ങളും ബന്ധങ്ങളും ചേർന്നാണ് പുറ്റിന്റെ ഭൂമിശാസ്ത്രത്തെ നിർവചിക്കുന്നത്. ആളില്ലാത്ത ഏതു വീടിനെയും പൊതിയാൻ കാത്തിരിക്കുന്ന പുറ്റുകളും കൂട്ടത്തിൽ അവിടെയുണ്ട്.
കഴിഞ്ഞ പത്തുവർഷകാലയളവിലേറെയായി മാർക്സിസത്തെയും സാമൂഹികശാസ്ത്രത്തെയും സംബന്ധിക്കുന്ന ചർച്ചകളിൽ ഭൂമിശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ഒഴിവാക്കാനാവാത്തവിധം ഇടപെടുത്തിക്കൊണ്ടിരിക്കുന്ന ചിന്തകനാണ് എഡ്വേർഡ് ഡബ്ല്യൂ സോജ. ചരിത്രത്തെ മുൻനിർത്തിയുള്ള മുന്നറിയിക്കലുകളെ (പ്രോഫസി) മാറ്റി നിർത്തി, ഭൂമിശാസ്ത്രത്തിനു ഇപ്പോൾ കൈവന്ന പ്രാധാന്യത്തെ വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘ഉത്തരാധുനിക ഭൂമിശാസ്ത്രങ്ങൾ’ (Postmodern Geographies: The Reassertion of Space in Critical Social Theory). ചരിത്രത്തിനു കാലവുമായെന്നപോലെ ഭുമിശാസ്ത്രം സ്ഥലവുമായി ബന്ധപ്പെട്ടുനിൽക്കുന്ന സങ്കല്പനമാണ്. പരിണതഫലങ്ങളെ നമ്മളിൽനിന്ന് മറച്ചു പിടിക്കുന്നത് കാലമാണെന്ന് (ടൈം) ഇത്രയും കാലം വിചാരിച്ചുവശരായിരുന്ന നമ്മെ സോജ തിരുത്തുന്നത് അത് ചെയ്യുന്നത് സ്ഥലമാണെന്ന് പറഞ്ഞാണ്. പുറ്റിലെ കാലഘടന അത്ര വ്യക്തമല്ല. പുറം ലോകത്തെ ചരിത്രസംഭവങ്ങളിൽനിന്ന് അകന്നാണ് ആ സ്ഥലത്തിന്റെ നിലനിൽപ്പ്. ( മലബാറിലെ കാർഷിക സമരങ്ങളുടെ പൊതുസ്വഭാവമുള്ളതെന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്ന നരയഞ്ചേരി സമരം ഒറ്റ്രു തമാശക്കഥയാണ്!) അതേ നില ശരീരത്തിന്റെ ഭൂമിശാസ്ത്രത്തെ സംബന്ധിച്ചും അതിനുണ്ട്. സദാചാരപരമായ അതിരുകളെ ലംഘിക്കുന്ന സവിശേഷമായ സ്ഥലഘടനയായിട്ടാണ് അതിനെ നോവലിസ്റ്റ് വിഭാവന ചെയ്തിരിക്കുന്നത്. അതുകൊണ്ട് ‘പുറ്റിലെ’ തെറിക്കഥകളെയും സംബോധനകളിലെ തെറികളെതന്നെയും വ്യക്തിപരമോ സാമൂഹികമോ ആയ വിമോചനപരമായ പ്രകാശനമായി വിലയിരുത്താൻ പ്രയാസമുണ്ട്. കൂടുതൽ അന്തസ്സംഘർഷങ്ങൾ അനുഭവിക്കുന്ന ജെറെമിയാസിനെയും നീരുവിനെയുംപോലുള്ള മനുഷ്യർ താരതമ്യേന നിശ്ശബ്ദരാണ് നോവലിൽ.
അത് വ്യക്തിഗതവും ആന്തരികവുമായ കാര്യം. ബാഹ്യമായി നോക്കിയാൽ പെരുമ്പാടിയിൽ പോലീസ് സ്റ്റേഷൻ ഇല്ല (മാഹിയിൽവച്ച് പെണ്ണിന്റെ ചന്തിയിൽ പിടിച്ചതിന് തങ്കനെ പോലീസ് പിടിക്കുന്നുണ്ടെങ്കിലും അവർക്ക് വലിയ പ്രാധാന്യമില്ല, പിടിച്ചത് താൻ തന്നെയാണോ എന്ന് പെരുമ്പാടിക്കാരനായ തങ്കന് ഉറപ്പുമില്ല, സോജനെയും റോബിനെയും പിടിച്ച പോലീസും പെരുമ്പാടിക്ക് പുറത്തെ കാര്യമാണ്). നവീകരണ ഭവനത്തിലെ ജറമിയാസ്, മനസിലാക്കുന്നതിനും ഒത്തുതീർപ്പിലെത്തുന്നതിനുമുള്ള ശേഷിയിൽ മാത്രം വിശ്വാസമർപ്പിച്ചുകൊണ്ട് പെരുമ്പാടിക്കാരുടെ ജീവിതത്തെ ജീവിക്കാൻ ആയാസമില്ലാത്തതാക്കുന്നു. (അല്ലാതെ ബൗസിലി വക്കീലു പറയുന്നതുപോലെ അയാൾ ജീവിതങ്ങളെ സദാചാരനിരതമാക്കുകയല്ല ചെയ്യുന്നത്) ഗോത്രഛായയുള്ള ആ പാരമ്പര്യവഴി, ആധുനികമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യവസ്ഥാനുകൂല രീതിക്ക് പുറത്താണ്. ബൗസിലി വക്കീലും ധൂപേഷും പുറ്റെന്ന നോവലിന്റെ ഭൂമിശാസ്ത്രത്തിനകത്ത് പ്രതിസ്ഥാനത്താണ്. അവരുടെ നിലപാടുകൾ ഒത്തുതീർപ്പിനു വഴങ്ങുന്നതല്ല. പരാദങ്ങളാണ്. കുറുക്കനെപോലെ സൂത്രശാലികളാണ്. ആ നിലയ്ക്ക് ഉപദ്രവകാരികളും. പക്ഷേ അവർ പെരുമ്പാടിയുടെ നിയമവ്യവസ്ഥയ്ക്ക് പുറത്ത് ആധുനികമായ പൗരബോധത്തിന്റെ യുക്തികൾകൊണ്ടാണ് ജെറെമിയാസിനെ തറപറ്റിക്കുന്നത്.
അധികാരത്തിന്റെ ആന്തരസങ്കീർണ്ണതകളെ ഒഴിവാക്കി ഒറ്റക്കല്ലായി എടുത്തുകൊണ്ടാണല്ലോ പലപ്പോഴും വ്യാഖ്യാനബഹളങ്ങളിൽ നാം ഏർപ്പെടുന്നത്. ‘അധികാരം എവിടെയും പ്രവർത്തിക്കുന്നു’ എന്ന സാർവത്രികമായ മന്ത്രത്തിനു പകരം അധികാര സാഹചര്യങ്ങളും അധികാര സ്ഥാപനങ്ങളും തമ്മിലുള്ള വേർതിരിവ് വ്യക്തമാക്കിക്കൊണ്ട് ബെർണാഡ് ഫ്ലിൻ ഫൂക്കോയുടെ അധികാര സങ്കല്പത്തെ കാലികമായി വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്. ജെറെമിയാസിന്റെ അധികാരപ്രയോഗ സാഹചര്യങ്ങൾ വേറെയാണ്. മോളിയുടെ അവരാതം കണ്ടുപിടിച്ച ഭർത്താവ് ജോസിനോട് മോളി പറഞ്ഞത്, ‘അധികം കൊണയ്ക്കാതെ കൈയെടുക്കടാ മൈരേ’ എന്നാണ്. സർവത്ര വിനീതനായ ലൂയിസ് മുതലാളി, വിലകൊടുത്ത് ആളെവച്ചാണ് അധികാരം പ്രയോഗിക്കുന്നത്. ത്രേസ്യാ സിസ്റ്ററിന്റെ തെറിവിളികൾ കന്യാമഠത്തിന്റെ അതിരുകൾക്കു പുറത്തു നിൽക്കുന്ന കാര്യമാണ്. ഭൂമിശാസ്ത്രം -അധികാരം -ഫൂക്കോ എന്നിവയെ ചേർത്തുവച്ചു വിശകലനം ചെയ്ത, ക്രാംപ്ടനും എൽഡനും സ്ഥലത്തിന്റെ വ്യത്യസ്തമായ ഇടങ്ങളിൽ പല രൂപങ്ങളിൽ കൈകോർത്തു പിടിച്ച് പ്രവർത്തിക്കുന്ന അധികാരത്തിന്റെ ആന്തരികമായ സങ്കീർണ്ണതയെപ്പറ്റി വിശദമായി പഠനം നടത്തിയിട്ടുണ്ട്. (Jeremy W. Crampton and Stuart Elden (eds.), Space, Knowledge and Power: Foucault and Geography)
സ്ഥലം, ഇടം എന്നീ സങ്കല്പനങ്ങളുടെ ഉത്തരാധുനികമായ ഭാവമാറ്റങ്ങളെ പുറ്റെന്ന നോവൽ ഉള്ളടക്കിയിരിക്കുന്ന വിധങ്ങളെ പ്രാഥമികമായി നോക്കിയാൽത്തന്നെ ലഭിക്കുന്ന ഈടുവയ്പ്പുകൾ വിപുലമാണ്. വൈദേശികമായ ആശയങ്ങൾ ക്രമമായി ചേർത്തുവച്ചിരിക്കുന്ന ഒരു പഠനപുസ്തകത്തേക്കാൾ ആഴമുള്ള അറിവും അതിനെ കഥാപരമാക്കാനുള്ള പ്രതിഭയും ചേർന്ന് രൂപംകൊണ്ടതാണ് പുറ്റെന്ന നോവൽ. ചില്ലറ അദ്ധ്വാനമല്ല അതിന്റെ പിന്നിലുള്ളതെന്ന് ഒറ്റനോട്ടത്തിൽതന്നെ അറിയാം. ക്രാഫ്ടിന്റെ അഹോ വർണ്ണനയിൽ മാത്രം അവസാനിപ്പിക്കേണ്ട കാര്യമല്ല അത്. ഒറ്റയിരിപ്പിനു വായിക്കുക എന്നത് ഒരു സർഗാത്മകകൃതിയെ സംബന്ധിച്ച് പ്രശംസാവചനമാണെങ്കിലും ഒരു രചനയുടെ ആഴത്തെ പലപ്പോഴും ആ വിശേഷണം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളണമെന്നില്ല. നേരെ തിരിച്ചാണ് ഇവിടെ കഥ. രസനീയതയുടെ ചരട് ഒരു ഘട്ടത്തിലും മുറിക്കാതെ കൊണ്ടു പോകുമ്പോഴും നോവൽ അതിന്റെ വായനയിലും വായിച്ചു മടക്കിയതിനു ശേഷവും, ആന്തരികമായി സൂക്ഷിക്കുകയും പകർന്നു നൽകുകയും അനുഭവപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാനശാസ്ത്രപരമായ ആഴമുണ്ട്. നേരത്തെ പറഞ്ഞതുപോലെ പല ഘടകങ്ങൾ കൂടിച്ചേർന്ന് സൃഷ്ടിക്കുന്ന ആ അനുഭൂതിവിശേഷം ഉത്തരാധുനികമായ ഒരു ഭൂഭാഗ വീക്ഷണത്തിൽ കുറേക്കൂടി തെളിച്ചമുള്ളതായി തോന്നുന്നു എന്നാണ് പറഞ്ഞു വന്നത്.
പുറ്റ് വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പുറ്റ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിനോയ് തോമസിന്റെ ‘പുറ്റ്’ എന്ന നോവലിന് ആർ പി ശിവകുമാർ എഴുതിയ വായനാനുഭവം
Comments are closed.