പുറമ്പോക്ക് പാടല്‍; അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി സ്വതന്ത്രചിന്തയുള്ള, ഇടംവലം നോക്കാതെ മനുഷ്യത്വത്തിനു വേണ്ടി പോരടിക്കാന്‍ ആര്‍ജ്ജവമുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രതാപം നിലനില്‍ക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടിയുള്ള ശബ്ദം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍നിന്നുയരുമ്പോഴാണ് അതിനു കൂടുതല്‍ അര്‍ത്ഥവും അംഗീകാരവുമുണ്ടാകുന്നത് .അങ്ങനെ രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ മേല്‍ത്തട്ടിലെ ശബ്ദമായി മാറിയ രാജ്യം കണ്ട എക്കാലത്തെയും ഉന്നതനായ കര്‍ണാടക സംഗീതജ്ഞനും ബുദ്ധിജീവിയുമാണ് ടി.എം. കൃഷ്ണ. അദ്ദേഹം പലപ്പോഴായി ദി ഹിന്ദു ദിനപത്രത്തിനു വേണ്ടി എഴുതിയിട്ടുള്ള ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്ത് ഒരു പുസ്തകരൂപത്തില്‍ നമ്മളില്‍ എത്തിക്കുന്ന ദൗത്യം നിര്‍വഹിച്ചത് യുവ എഴുത്തുകാരന്‍ ബിജീഷ് ബാലകൃഷ്ണനാണ്.
ചരിത്രത്തിലെങ്ങും സമാനതകളില്ലാത്ത രീതിയില്‍ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള തകര്‍ച്ചയെ നമ്മുടെ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അനേകം സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ശ്രമ ഫലമായി ‘സമത്വം’ എന്ന വാക്കിനെങ്കിലും വില കല്പിച്ചിരുന്ന ഒരു സാമൂഹിക ചുറ്റുപാട് രാജ്യത്ത് ഉണ്ടായിരുന്നുവെങ്കിലും പതിയെ വരേണ്യവര്‍ഗ്ഗത്തിന്റെ മുന്നില്‍ ഒരു വലിയ വിഭാഗം ജനങ്ങളെ തല കുനിച്ചു റാന്‍ മൂളികളാക്കി നിര്‍ത്താന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും രാജ്യത്തിന്റ ഭരണകൂടം നടത്തികൊണ്ടിരിക്കുന്നതിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും തറച്ചുകയറുന്ന ചോദ്യശരങ്ങള്‍ ഉന്നയിക്കുകയുമാണീ ലേഖനങ്ങളില്‍ ടി.എം കൃഷ്ണ.
ആര്‍ഷഭാരത സംസ്‌കാരമെന്ന സാങ്കല്പികആശയത്തെ ആയുധമാക്കി ദലിതരേയും ന്യൂനപക്ഷത്തേയും ഇന്ത്യന്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെ പിടിച്ചുനിര്‍ത്തുവാനുള്ള ശ്രമങ്ങളെ അതിസൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകം ഇവിടുത്തെ അരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന വസ്തുത കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നതോടെ വായനക്കാരന്റെ ഹൃദയത്തില്‍ ഒരു സ്ഥിരമായ ഇടം അദ്ദേഹം നേടിയെടുക്കുന്നു.
ശാസ്ത്രീയസംഗീതം പോലും ഹിന്ദുത്വവത്കരണത്തിന്റെ ആയുധമാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നാളയുടെ ഇരുണ്ട പ്രതീക്ഷകള്‍ക്ക് നിറം പകരുകയാണ് ടി.എം.കൃഷ്ണ. ബ്രാഹ്മണവത്കരണത്തിന്റെയും കപട ദേശീയവാദത്തിന്റെയും പൊള്ളയായ പശ്ചാത്തലങ്ങള്‍ തുറന്നു കാട്ടുന്ന ടി.എം.കൃഷ്ണയുടെ ലേഖനങ്ങളും പിന്നെ അദ്ദേഹവുമായി ഗീതാ ഹരിഹരനും സുനില്‍ പി. ഇളയിടവും നടത്തിയ അഭിമുഖങ്ങളുടെ വിവര്‍ത്തനങ്ങളുമടങ്ങിയിട്ടുള്ള ഈ പുസ്തകം കുറച്ചുകൂടി ലളിതമായ മലയാളത്തില്‍ വിവര്‍ത്തനം സാധ്യമായിരുന്നില്ലേ എന്ന ആശയം ആരായുന്നതിനോടൊപ്പം ടി.എം കൃഷ്ണയെ മലയാള സമൂഹത്തിനു കൂടുതല്‍ പരിചിതമാക്കിയ ബിജീഷ് ബാലകൃഷ്ണനും ഡി സി ബുക്‌സിനും ആശംസകള്‍ നേരുന്നു
ടി.എം. കൃഷ്ണയുടെ പുറമ്പോക്ക് പാടല്‍ എന്ന കൃതിക്ക് മുഹമ്മദ് റാഫി വാളാട് എഴുതിയ വായനാനുഭവം
Comments are closed.