DCBOOKS
Malayalam News Literature Website

അനീതിക്കെതിരെ കൂവുന്ന പൂവന്‍കോഴി…!

രാജ്യത്ത് അക്രമണങ്ങള്‍ നടക്കുമ്പോള്‍ രാഷ്ടീയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന വായനകളും, അതിനെ കുറിച്ചുള്ള ചര്‍ച്ചയും നീതിയുക്തമായൊരു പ്രതിഷേധമാണ്. ഉണ്ണി ആര്‍ എഴുതിയ ‘പ്രതി പൂവന്‍കോഴി’ എന്ന പുസ്തകം സമകാലിക പൊളിറ്റിക്കല്‍ സറ്റയറാണ്. കൂറ്റന്‍ മതില്‍ക്കെട്ടിനകത്ത് നടന്ന രഹസ്യചര്‍ച്ചയുടെ നേര്‍ക്കാണ് പൂവന്‍കോഴി ആദ്യം കൂവിത്തുടങ്ങിയത്. പിന്നീടത് ആരാധനാലയങ്ങളിലേക്ക് കടക്കുന്നു. ഒപ്പം കോഴിയുടെ ഉടമയെ തേടിയെത്തിയ പോലീസുകാര്‍ക്കെതിരെയും പരാതിക്കാരനെതിരെയും ഒച്ചയെടുത്ത കഥാനായകന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് പ്രത്യക്ഷത്തില്‍ ഈ കഥയുടെ പരിസരങ്ങള്‍.

കഥാപരിസരമെന്നതിനെ നമുക്ക് ചുറ്റിലുമുള്ള കാഴ്ചകളില്‍ കൂടെ കടത്തിവിടുമ്പോള്‍ കഥപറയുന്നിടം ഒരു രാജ്യമാവുകയാണ്. അവിടത്തെ സാമ്പത്തിക ശക്തിയുടെ തന്ത്രപരമായ വാക്ചാതുരിയും ഇടപെടലുകളും ഏകാധിപത്യത്തിന്റെ നിയന്ത്രണത്തില്‍ ആളുകള്‍ വിശ്വസനീയമായ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കടക്കുന്നു. അതിനിടയില്‍ വരികള്‍ക്ക് ഇടയിലെ സൂക്ഷമതയിലൂടെ തികച്ചും രാഷ്ട്രീയമാണ് വായിക്കാനാവുക. പ്രതിഷേധങ്ങളെ പോലീസ് സംവിധാനം ഉപയോഗിച്ച് മര്‍ദ്ധിച്ച് പ്രതിരോധിക്കുകയും. കടുത്ത മര്‍ദ്ദനത്തില്‍ തന്റെ ചിന്തകള്‍ മുഴുക്കെ ഭൂരിപക്ഷത്തോട് ചേര്‍ന്ന് പോവേണ്ടതുണ്ട് എന്ന ഉപദേശങ്ങളില്‍ വലയുന്ന കഥാനായകന്‍ അധസ്ഥിതന്റെ പ്രതീകം തന്നെയാണ്. പക്ഷേ അനീതിക്കെതിരെ എല്ലാ കാലത്തും പ്രതിഷേധിക്കുന്നൊരു ശക്തി ക്ഷയിക്കില്ലെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തി കഥ വായനക്കാരില്‍ തുടര്‍ച്ച തേടുകയാണ്.

ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന നോവലിന് റിഹാന്‍ റാഷിദ് എഴുതിയ വായനാനുഭവം

Comments are closed.