സ്ത്രീയെന്നാൽ എന്തെന്നോ രതിയെന്നാൽ എന്തെന്നോ അറിയാത്ത പാവം പമ്പര വിഡ്ഢികൾ!
സി എസ് ചന്ദ്രികയുടെ ‘പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍’ എന്ന പുസ്തകത്തിന് സിമി ശിവകുമാര്‍ എഴുതിയ വായനാനുഭവം.
വായിക്കാൻ എന്തിത്ര വൈകി എന്നൊരു നഷ്ടബോധമാണ് വായനയ്ക്ക് ശേഷം തോന്നിയത് . സാഹിത്യത്തിൻ്റെ ഔപചാരികതകളില്ലാതെ, നനുത്ത തൂവൽ സ്പർശത്തെ കൈ പിടിച്ചു കൊണ്ടുള്ള സ്ത്രീജീവിത പ്രണയ രതിയാത്ര എന്നതാണ് ഈ പുസ്തക വായനയിലെ അനുഭവം.
രതി എന്നാൽ യുദ്ധമോ , ആക്രമണമോ കേവല കാമം തീർക്കലോ , മേൽക്കോയ്മ കാട്ടലോ അല്ലായെന്നും, ഇഷ്ടപ്പെട്ട വ്യക്തികൾ തമ്മിൽ ഒരുമിച്ചൊരു ഇഷ്ട യാത്ര പോകുന്നത് പോലെ… ഒരു മിച്ചൊരേ പാത്രത്തിൽ നിന്നും ഇഷ്ട ഭക്ഷണം കഴിക്കുന്നത് പോലെ….ഒരുമിച്ചൊരു ഇഷ്ട സിനിമ കാണുന്നത് പോലെ… ഒരുമിച്ചൊരു സംഗീതം ആസ്വദിക്കുന്നത് പോലെ, ഒരു മിച്ചൊരു തില്ലാന പാടുന്നത് പോലെ, ഒരുമിച്ചൊരു പദം ആടുന്നത് പോലെ , ഒരുമിച്ചൊരേ സ്വപ്നം കാണുന്നത് പോലെ മനോഹരമായിരിക്കേണ്ട ഒന്നാണ് എന്ന ഓർമ്മിപ്പിക്കലാണ് , അറിവാണ് ഈ വായന.
തീക്ഷ്ണമായ പ്രണയങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ പറഞ്ഞിട്ടുള്ളതല്ല. അതിമനോഹരമായി പാടാനുള്ള കഴിവ് ചിലർക്ക് മാത്രം കിട്ടുന്നത് പോലെയാണ് തീവ്രമായി പ്രണയിക്കാനുള്ള കഴിവ് ചിലരിൽ സഹജമായിരിക്കുന്നത്.
അവനവനെ സ്വയം അറിയുകയും ഇണയ്ക്ക് പരിപൂർണ്ണമായും അവനവനെ വിട്ടുകൊടുക്കുകയും ചെയ്യുന്നിടത്താണ് സമ്പൂർണ്ണ ലയനം എന്ന സത്യമാണ് ഈ രതി പുസ്തക പാഠം.
” അവളെ ഞാൻ പൊക്കിയിരിക്കും” എന്ന പൊതു ലഹരി കൂട്ടായ്മയിലെ വർത്തമാന കർത്താക്കളോട് സഹതാപം മാത്രം … സ്ത്രീയെന്നാൽ എന്തെന്നോ രതിയെന്നാൽ എന്തെന്നോ അറിയാത്ത, ആസ്വദിച്ചിട്ടില്ലാത്ത പാവം പമ്പര വിഡ്ഢികൾ…. ശരീരങ്ങൾ തമ്മിലുള്ളതാണ് രതി എന്ന അറിവില്ലായ്മയിൽ നിന്നുള്ള വാക്കുകൾ ….. നിങ്ങൾ തീർച്ചയായും ഈ പുസ്തകം വായിക്കണം.
പ്രണയത്തിൻ്റെ തുരീയമായ ഉമ്മകളിലൂടെ തുടങ്ങുന്ന വായന ആനന്ദ സമാധിയിൽ അവസാനിക്കുന്നു. ഈ വായന എന്നെ ഓർമ്മിപ്പിച്ച ഒരു ജീവിത ഭാഗം കൂടിയുണ്ട്. കല്യാണം കഴിഞ്ഞ സമയം സാഹിത്യ പഠനം കഴിഞ്ഞ് വരുന്നത് കൊണ്ട് കുറച്ച് പുസ്തകങ്ങൾ എനിക്ക് സമ്പാദ്യമായുണ്ട്, വായന ശീലമുള്ളതുകൊണ്ട് മാഷിൻ്റെ സമ്പാദ്യമായും കുറച്ച് പുസ്തകങ്ങളുണ്ട്.. ഞങ്ങളുടെ വാടകവീടിൻ്റെ കുടുസ്സുമുറിയിലെ ചെറിയ ഷെൽഫിൽ അവ അടുക്കി ഭംഗിയായി വച്ചു. .ഞങ്ങടെ ”പുത്തൻ പൊറുതി ” കാണാൻ വന്ന അച്ഛൻ വളരെ സന്തോഷത്തോടെ ഞങ്ങടെ പുസ്തക ഷെൽഫ് തുറന്നതും ആദ്യം കണ്ട പുസ്തകം “വാത്സ്യായനൻ്റെ കാമസൂത്രം” .. ഞങ്ങൾ അറിയാതെ പരസ്പരം നോക്കിപ്പോയി.. അന്നൊരു ചെറിയ ചൂളൽ തോന്നി. ഇന്നായിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ തോന്നുമായിരുന്നില്ല … ഇന്ന് ഈ പുസ്തകം എൻ്റെ വായനയ്ക്ക് ശേഷം ഒരു പക്ഷേ അടുത്ത വായന വിച്ചു വായിരിക്കും…
പ്രിയ എഴുത്തുകാരി … പ്രണയ നാമാവലിയിലെ എനിക്കേറെ ഇഷ്ടപ്പെട്ട നാമമായ “ഉമ്മകൊതിച്ചീ”…. ആയിരം ഉമ്മകൾ ….. ഇങ്ങനൊരു എഴുത്ത് ധൈര്യത്തിന് , സ്ത്രീകളുടെ inhibitions ഉം Self Censorship ഉം മറി കടത്താനുള്ള ഈ വലിയ ശ്രമത്തിന്.
‘പ്രണയ കാമസൂത്രം ആയിരം ഉമ്മകള്‍’ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ
Comments are closed.