കാലങ്ങള്‍ പിന്നിട്ട ‘പാത്തുമ്മായുടെ ആട്’
പണ്ട് പണ്ട്…ഒരു വേനല്‍ക്കാലത്ത് എന്റെ വായനാമുറിയിലേക്കു ഒരു ആട് കയറി വന്നു. ആ അജസുന്ദരി പാത്തുമ്മാന്റെതായിരുന്നു.
അത് എന്റെ അലമാരയിലെ ചെമ്മീനും നാലുകെട്ടും യന്ത്രവും ഇന്ദുലേഖയും നീര്‍മാതളവും ഉദകപ്പോളയും ദല്‍ഹിയുമൊക്കെ തിന്ന് തീര്‍ത്ത്, ഖസാക്കിനേയും ആള്‍ക്കൂട്ടത്തെയും പയ്യനേയും പരിണാമത്തെയും കയറിനേയും ഒന്നു മണത്തു നോക്കി പിന്മാറി.
ആ ആടിനോടൊപ്പം നടന്ന വഴികള്‍ കാലങ്ങള്‍ക്കു ശേഷം ഈ വേനലിലും മുമ്പില്‍ തെളിയുകയാണ്.
ആ അജസുന്ദരി വന്നത് ഒരു കാക്കയേയും വഹിച്ചുകൊണ്ടാണ്. കാക്ക ബഷീറിനെ ചെരിഞ്ഞു നോക്കുകയാണ്. ഇതിനു മുമ്പ് കണ്ട് പരിചയം ഇല്ലല്ലോ എന്ന മട്ടില്‍. ഇതിനെന്താണ് ഇവിടെ അവകാശം എന്ന മട്ടില്‍ കോഴികള്‍ ആടിനെ നോക്കുകയാണ്. കാക്കയാവട്ടെ അതൊന്നും മൈന്റ് ചെയ്യാതെ ഞാനാണ് ഇവിടുത്തെ അവകാശി എന്ന മട്ടില്‍ അവിടമാകെ കൊത്തി പെറുക്കുകയാണ്.
ഈ അജസുന്ദരി ചില്ലറക്കാരിയല്ല, ഘോരഘോരമായ വിമര്‍ശന പീരങ്കികള്‍ ഏറ്റുവാങ്ങിയ ശബ്ദങ്ങളെ എത്ര കൂളായിട്ടാണ് മൂപ്പത്തി ശാപ്പിട്ട് കളഞ്ഞത്. താമ്രപത്രങ്ങളും പുസ്തകങ്ങളും മാത്രമല്ല, ഹാഫ് ടൗസറിന്റെ കീശയില്‍ വെള്ളേപ്പവുമായി അവളുടെ മുമ്പിലെത്തിയ അബിയുടെ ടൗസറിന്റെ മുന്‍വശവും വെള്ളേപ്പവും കീശയിലുണ്ടായിരുന്ന അരയണയും വരെ ശാപ്പിട്ട് കളഞ്ഞില്ലേ ?
ആട് പെറ്റിട്ടു വേണം പാത്തുമ്മാക്ക് വീട്ടുകാരോടും ഭൂലോകത്തിലെ സകലരോടും കണക്കു തീര്‍ക്കാന്‍. ആട് പെറ്റപ്പഴോ… വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങി പാല് കൈക്കൂലിയായി കൊടുക്കുന്നതും പോരാഞ്ഞ്, അവര്‍ ആടിന്റെ പാല് കട്ട് കുടിക്കുകയും ചെയ്യുന്നു. പാല്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് വീടിന്റെ വാതില്‍ പണിയുന്നത് വരെ പാത്തുമ്മ സ്വപ്നം കണ്ടതാണ്. കിം ഫലം ?
ശുദ്ധസുന്ദരമായ ഭ്രാന്തിന് ഘോരമായ ചികിത്സ നടക്കുന്നതിനിടയിലാണ് ബഷീര്‍ ഇത് എഴുതുന്നത് എന്ന് നോവലില്‍ തന്നെ പറയുന്നുണ്ട്. തിരുത്തുകയോ ഒന്നു പകര്‍ത്തി എഴുത്തുകയോ ചെയ്യാതെയാണ് പാത്തുമ്മാന്റെ ആട് വെളിച്ചം കണ്ടത്.
മാതാവേ, കുറച്ച് ശുദ്ധജലം തന്നാലും എന്ന് പറയുന്ന വരേണ്യഭാഷയുടെ മുഖത്ത് തവി കൊണ്ട് കിട്ടിയ അടി കൂടിയാണ് പാത്തുമ്മയുടെ ആട്.
മലയാള നോവല്‍ പുതിയൊരു ഉണര്‍വ്വിലേക്ക് കടന്നത് ബഷീറിലൂടെയാണ്. നിയതമായ ഒരു കഥയോ ആദിമധ്യാന്ത പൊരുത്തമോ ഈ അജസുന്ദരിക്ക് ഇല്ല. ദൈനംദിന വര്‍ത്തമാനങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ തികച്ചും സംസാരഭാഷയില്‍ എഴുതപ്പെട്ട ഈ നോവല്‍ ഇപ്പോള്‍ വായിക്കുമ്പോഴും പുതുപുത്തനായി അനുഭവപ്പെടുന്നത് ബഷീറിലെ പ്രതിഭയുടെ ശക്തി കൊണ്ടുമാത്രമാണ്.
കണ്ണീരിനെ പൊട്ടിച്ചിരിയാക്കി മാറ്റുന്ന രാസവിദ്യ ബഷീറിനു മാത്രം സ്വന്തം. ബഷീര്‍ കഥ എഴുതുകയല്ല, പറയുകയാണ്. ആ പറച്ചിലിന് ചമല്‍ക്കാരങ്ങളില്ല. ഇന്നുവരെ അത്തരമൊരു പറച്ചില്‍ നമ്മള്‍ കേട്ടിട്ടുമില്ല.
എത്ര ലളിതമാണ് ബഷീറിന്റെ എഴുത്ത് എന്ന് നമുക്ക് തോന്നും. സൂക്ഷ്മവായനയില്‍ ആ ലാളിത്യത്തിന്റെ പിന്നില്‍ ഭാഷയെ സ്‌നേഹിച്ച ഒരു മനുഷ്യന്റെ നിരന്തരമായ അധ്വാനമുണ്ടെന്ന് ബോധ്യമാവും.
സ്വന്തം ജീവിതത്തേയും ജീവിതദുരിതങ്ങളെയും തന്റേത് മാത്രമായ ചിരി കൊണ്ടു ബഷീര്‍ എമ്പാടും കുടഞ്ഞിട്ട രചനയാണ് പാത്തുമ്മായുടെ ആട്. ഇതിലെ ദാരിദ്ര്യവും കൊച്ച് കൊച്ച് മോഷണങ്ങളും അസൂയയും നിസ്സഹായതയും ഒക്കെ നമ്മള്‍ ചിരിയോടെ വായിക്കുമ്പോള്‍ തന്നെ ചിന്തിപ്പിക്കുന്ന നോവായി അവ പരിണമിക്കുന്നുമുണ്ട്.
ലോട്ടറി വില്‍പ്പനയും വിറകുവെട്ടലും ഹോട്ടല്‍ പണിയുമൊക്കെ പോലെ സാഹിത്യരചനയും ഒരു ജോലിയാണെന്ന് നിരീക്ഷിക്കുക വഴി താനടക്കമുള്ള എഴുത്തുകാരുടെ വ്യാജഗോപുരങ്ങളെയാണ് ബഷീര്‍ തകര്‍ത്തു കളഞ്ഞത്. ചിലര്‍ ഇപ്പഴും ആ ഗോപുരത്തില്‍ തന്നെ വസിക്കാന്‍ നോക്കുമ്പോള്‍, എങ്ങനെയാണ് ബഷീറിനെ മറക്കുക?
മനുഷ്യര്‍ക്കും അവരുടെ ദുരിതങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കും അടിമത്വത്തിനും (പലതരത്തിലുള്ള ) മരണമില്ലാത്തിടത്തോളം ബഷീറിന്റെ ഈ കണ്ണീര്‍ചിരിക്കു മരണമില്ല.
സാഹിത്യഭാഷയെ സാധാരണക്കാരന്റെ സംസാരഭാഷയാക്കി മാറ്റി അതിലൂടെ മനുഷ്യ ജീവിതങ്ങള്‍ക്കുനേരെ ഒരു ദര്‍പ്പണം പിടിച്ച ആ വലിയ മനുഷ്യന്റെ സ്മരണയ്ക്കു മുമ്പില്‍ വിനയത്തോടെ…
വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആട് എന്ന നോവലിന് മുഹമ്മദ് അബ്ബാസ് എഴുതിയ വായനാനുഭവം
Comments are closed.