DCBOOKS
Malayalam News Literature Website

അങ്ങനെ പാണ്ഡവപുരം ഒരു മാറ്റത്തിന് നമ്മളെ ക്ഷണിക്കുന്നുണ്ട്, ഇല്ലേ?

 Pandavapuram By: Sethu
Pandavapuram
By: Sethu

സേതു എന്ന എഴുത്തുകാരനെ എപ്പോഴൊക്കെ വായിച്ചാലും മനസിൽ ഒരൊറ്റ ചിത്രമേ ഉണ്ടാകൂ. മഞ്ഞച്ചായമടിച്ച , നിരനിരയായി നിൽക്കുന്ന കോളനി വീടുകളും ഫാക്ടറിയും മഞ്ഞപ്പുക ചുറ്റിയ അന്തരീക്ഷവും ചേർന്ന് ആകെ മങ്ങിക്കലങ്ങിയ ഒരു കാഴ്ച്ച. ‘കിളിക്കൂടും’ ‘ആലിയ ‘ യുമൊക്കെ വായിക്കുമ്പോഴും മനസിൽ ഒഴുകിപ്പടർന്നതിനൊക്കെ മഞ്ഞനിറമായിരുന്നു. ബിരുദ കാലത്ത്, കോളേജ് ലൈബ്രറി കയ്യിലേക്കെത്തിച്ച പുസ്തകമായിരുന്നു മലയാറ്റൂരിന്റെ ‘യക്ഷി’. പുസ്തകം തീർന്ന നിമിഷങ്ങളിൽ വാപൊളിച്ചിരുന്നു പോയി. ഇത്രയും നേരം ഞാൻ വായിച്ചത് ഒരു ഭ്രാന്തന്റെ ജല്പനങ്ങളാണോ അതോ എനിക്കാണോ തെറ്റുപറ്റിയത് എന്നൊക്കെ ഓർത്തു. സൈക്കോളജിക്കൽ ത്രില്ലർ എന്നൊരു genre അന്നു കേട്ടിട്ടില്ലായിരുന്നു. യക്ഷി സിനിമയുമുണ്ടെന്നും സത്യനാണ് നായകനുമെന്നൊക്കെ പിന്നീടറിഞ്ഞു. ‘ സ്വർണ്ണച്ചാമരം വീശിയെത്തുന്ന ‘ എന്നു തുടങ്ങുന്ന അതിലെ പാട്ട് അതിനു മുൻപേ എന്റെ പ്രിയപ്പെട്ടതായിരുന്നു. യക്ഷി ആകെയെന്നെ പിടിച്ചുലച്ചു. ഹൃദയം കൊണ്ടുള്ള വായനയാണന്നേറയും. എന്നിട്ടും യക്ഷിയുടെ കഥയല്ല എന്നെ അവതാളത്തിലാക്കിയത്, കഥ പറച്ചിലാണ് ( narration ) . രാഗിണിയെ ഞാനും ഭയന്നിരുന്നു. First Person narration ലെ കൃത്യതയും ഭാഷയും എന്നെ രാഗിണിയെ ഭയപ്പെടാൻ ആവശ്യപ്പെട്ടു എന്നു പറയുന്നതാവും ശരി. യക്ഷി ഞാൻ ഒരിക്കലേ വായിച്ചിട്ടുള്ളു. ആ വായന പക്ഷേ ധാരാളമായിരുന്നു. എന്നേയ്ക്കും എന്റെ ചിന്തയിലും ബുദ്ധിയിലും ഒരു അടയാളമുണ്ടാക്കി ആ വായന . പാണ്ഡവപുരവും ഏതാണ്ട് അക്കാലത്ത് തന്നെയാണ് വന്നു കയറുന്നത്. യക്ഷിയുണ്ടാക്കിയ ചലനങ്ങൾ ആഴങ്ങളിൽ പുതഞ്ഞു കിടക്കുമ്പോഴായിരുന്നുവത്. ദേവി ടീച്ചറിന്റെ വിഹ്വലതകളിൽ ഓറഞ്ചു തോട്ടവും പുൽമൈതാനവും കിഴവൻ കുതിരവണ്ടിക്കാരനും മദിച്ചു പുളഞ്ഞു നടക്കുന്ന ജാരന്മാരും ഒക്കെ കണ്ടെത്തിയെങ്കിലും മഞ്ഞച്ചായം ഏറെ യൊഴുകിയ പാണ്ഡവപുരം എന്റെ സങ്കല്പത്തിലൊരു എണ്ണച്ചായ ചിത്രം ചേർത്തു. പിന്നീട് വർഷങ്ങൾക്കിപ്പുറം, ഉള്ളിലെവിടെയോ ചേർന്നു കിടന്ന പെയ്ന്റിംഗ് കമ്പം പൊടി തട്ടിയെടുക്കാൻ ജലച്ചായത്തിലെ സാധ്യതകളെ ഇന്റർനെറ്റിൽ തിരയുമ്പോൾ കണ്ട umberto Rossini എന്ന ചിത്രകാരന്റെ, മഞ്ഞ നിറത്തിന് അധിക പ്രാധാന്യം കൊടുത്ത ‘ഗ്രാമത്തിലെ പ്രഭാതം’ എന്നു ചിത്രം എന്നെയെത്തിച്ചതും പാണ്ഡവപുരത്തേയ്ക്കായിരുന്നു.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Text‘ ജാരൻ ‘ എന്നൊരു വാക്ക് എത്ര മനോഹരമാണ് എന്ന് ആദ്യമായും അവസാനമായും തോന്നിയത് പാണ്ഡവപുരത്തിന്റെ വായനയിലാണ്. നോവൽ വരാൻ പോകുന്ന മതിഭ്രമത്തെ മുൻകൂട്ടി പ്രവചിക്കുന്നുണ്ട്. ദേവിയുടെയും അയാളുടേയും ഉണ്ണി മേനോന്റെയുമൊക്കെ പരസ്പരം കൂട്ടിയിണക്കാനാവാത്ത സംഭാഷണങ്ങളിലും വിവരണങ്ങളിൽ അതൊളിഞ്ഞു കിടപ്പുണ്ട്. പക്ഷേ നോവൽ അവസാനിക്കാതെ വായനക്കാരൻ അതു തിരിച്ചറിയുകയില്ല എന്നു മാത്രം! ഭർത്താവിന്റെ നിരാസത്തിന് ദേവി കണ്ടെത്തുന്ന ഉത്തരമാണ് ‘അയാളെ’ന്ന ജാരൻ. ഫ്രോയ്ഡിനെ വായിച്ചപ്പോൾ നമ്മുടെയൊക്കെ സ്വപ്നങ്ങളിൽ നടക്കുന്ന condensation, displacement എന്നീ പ്രവർത്തനങ്ങളെപ്പറ്റി കേട്ടിരുന്നു. പാണ്ഡവപുരത്തിന്റെ രണ്ടാം വായനയിൽ- വളരെക്കാലം കഴിഞ്ഞാണത്, ഹൃദയം കൊണ്ടു വായിക്കുന്നതും തുടർന്ന് അത്ഭുതം, കരുണം, ബീഭത്സം ശൃംഗാരം തുടങ്ങിയ നവരസങ്ങൾക്ക് ദിവസങ്ങളോളം സ്വയം അടിയറവെച്ചു ഭ്രാന്തെടുത്തു നടക്കുന്നതും നിറുത്തിയതിനു ശേഷം -ദേവിയിൽ ആ അവസ്ഥകൾ ആരോപിക്കാം എന്നു തോന്നി. മാനസികതലങ്ങളെ അപഗ്രഥിക്കുന്ന നോവൽ ലക്കാനിയൻ, ഫ്രോയ്ഡിയൻ വായനകൾക്ക് എന്തു കൊണ്ടും യോജിക്കും. കഥാപാത്രങ്ങൾ മാത്രമല്ല, Text(പാഠം) തന്നെയും ബോധ, അബോധ തലങ്ങൾക്ക് ഒരു മികച്ച വായന തരുന്നുണ്ട്. ഒരു സ്ത്രീപക്ഷരചന കൂടിയാണ് പാണ്ഡവപുരം .

സമൂഹത്തിന്റെ യാഥാസ്ഥിതികതയാണ് ദേവിയെ ഭ്രാന്തിയാക്കുന്നത്. അവൾ സ്വന്തമായി വരുമാനമുള്ളവളാണ്, അധ്യാപികയാണ്, അമ്മയാണ് പക്ഷേ ഭർത്താവുപേക്ഷിച്ചു പോയാൽ പിന്നെ അനാഥയും ഭ്രഷ്ടയുമാണെന്നു സമൂഹം അവളെ ബോധിപ്പിക്കുന്നു. ദേവിയുടെ സ്വാതന്ത്ര ബോധം കൂടി ജാരന്റെ നിർമ്മാണത്തിലുണ്ട്. ഓരോ പുരുഷനേയും തോൽപ്പിക്കാനുള്ള അഭിവാഞ്ഛ അവൾ പ്രകടമാക്കുന്നു.. തന്നെയുപേക്ഷിച്ച ഭർത്താവുണ്ടാക്കിയ അപമാനബോധത്തിന് അവൾ മറുപടി പറയുന്ന ജാരനിർമ്മിതി തനിക്കു മേലുള്ള തന്റേതന്നെ അധികാരം ഉറപ്പിക്കാൻ കൂടിയാണ്. ദേവി ആണധികാരത്തിന്റെ ബലിമൃഗമാണ്. അമിതാവ് ഘോഷിനെപ്പോലുള്ള ചുരുക്കം ചില എഴുത്തുകാരുടെ രചനകളിലേ ഇത്തരമൊരു സ്ത്രീപക്ഷ ചിന്ത നമുക്കു കാണുവാൻ കഴിയൂ. സേതുവിന് മാത്രം കഴിയുന്ന ഏറ്റവും ലളിതമായ ആഖ്യാനത്തിലൂടെ പാണ്ഡവപുരം വരച്ചിടുന്നത് ആൺ താല്പര്യങ്ങൾക്കനുസരണമായി നിർമ്മിക്കപ്പെട്ട ഒരു സമൂഹം തച്ചുടച്ച സ്ത്രീയുടെ സങ്കല്പങ്ങൾക്കും സ്വപ്നങ്ങൾക്കും ബദലായി വിഭ്രാന്തിയിലൂടെയെങ്കിലും സൃഷ്ടിച്ചെടുക്കുന്ന, അവകാശ സ്ഥാപനത്തിന്റെ പ്രതികാരത്തിന്റെ ലോകമാണ്. കല്പനയുടേയും യാഥാർത്ഥ്യത്തിന്റേയും ലോകങ്ങളിൽ ചാഞ്ചാടി നിൽക്കുന്ന ദേവി വായനക്കാരന്റെ യാഥാസ്ഥിതിക മനോഭാവത്തെ ചോദ്യം ചെയ്യുന്നുണ്ട്;അല്ലെങ്കിൽ അത്തരത്തിലൊരു മനോനിലയെക്കുറിച്ച് ബോധവാനാക്കുന്നു.

അങ്ങനെ പാണ്ഡവപുരം ഒരു മാറ്റത്തിന് നമ്മളെ ക്ഷണിക്കുന്നുണ്ട്. ഇല്ലേ??

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിന് ജേക്കബ് തോമസ് എഴുതിയ വായനാനുഭവം

Comments are closed.