സ്വാതന്ത്ര്യമാണു വികസനത്തിന്റെ അളവുകോല്‍…!
പ്രൊഫ എം എ ഉമ്മന്റെ ‘ഓര്‍മ്മപ്പടികള്‍’ എന്ന പുസ്തകത്തിന് സേതുമാധവന്‍ എഴുതിയ വായനാനുഭവം
അമ്പതുകളുടെ അവസാന കാലം. ഒരു വര്‍ഷ പ്രീ യുണിവേര്‍സിറ്റിയും, ത്രിവത്സര കോര്‍സും തുടങ്ങിയപ്പോള്‍ അതിന്റെ ആദ്യ ബാച്ചിലാ യിരുന്നു ഞാന്‍. അങ്ങനെ ഡിഗ്രിക്ക് ഫിസിക്സും മാത്തമാറ്റിക്സും തെരഞ്ഞെടുത്ത ഞങ്ങള്‍ക്ക് അവയ്ക്ക് പുറമെ ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, മനശ്ശാസ്ത്രം എന്നിവയും വിഷയങ്ങളായി ഉണ്ടായിരുന്നു. ആലുവ യൂ.സി.കോളേജില്‍ ഇതെല്ലാം കൈകാര്യം ചെയ്യാനായി പ്രഗല്‍ഭരായ അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെയാണു സാമ്പത്തികശാസ്ത്രത്തിനായി എം.എ. ഉമ്മന്‍ എന്ന മുപ്പതിനോടടുത്ത ചെറുപ്പക്കാരനായ അധ്യാപകന്‍ കടന്നു വരുന്നത്. എം.എ. ഉമ്മന്‍ എം.എ. എന്ന പേരില്‍ തന്നെ വലിയൊരു രസികത്തം ഞങ്ങള്‍ക്ക് കാണാനായി. ആദ്യകാലത്തെ ക്ലാസുകളില്‍ നിന്നു തന്നെ ഒരു കാര്യം ഞങ്ങള്‍ക്ക് വ്യക്തമായി. ഒരു സാധാരണ ലക്ചററോ പ്രൊഫസറോ ആയി ഇവിടെയെങ്ങും നില്‍ക്കേണ്ട ആളല്ല അദ്ദേഹം. വിശാലമായ ആകാശമാണു അദ്ദേഹത്തിന്റെ വിഹാരരംഗം. അതിരുകളി ല്ലാത്ത ഒരു മഹാപ്രപഞ്ചം അദ്ദേഹത്തിനു മുമ്പില്‍ പരന്നു കിടക്കുന്നു. അത് ശരിയാണെന്ന് കാലം തെളിയിച്ചു. യൂ.സി കോളേജില്‍ നിന്ന് തുടങ്ങി പല വിദേശ സര്‍വ്വകലാശാലകളിലും ഗവേഷണവും ചര്‍ച്ചാ യോഗങ്ങളും….അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും തെളിഞ്ഞു കിട്ടാന്‍ പറ്റിയ ചുറ്റുപാടുകള്‍….
അടുത്ത കാലത്ത് ഒരു പ്രമുഖ വാരികയില്‍ അദ്ദേഹതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ വലിയ താത്പര്യ ത്തോടെയാണു ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഈയിടെ ‘ഓര്‍മ്മപ്പടി കള്‍’ എന്ന പേരില്‍ അത് പുസ്തകമായി ഇറങ്ങിയപ്പോള്‍ എല്ലാം ഒന്നിച്ചു വായിക്കാനായി. വലിയ ധിഷണാശാലി, സാമൂഹികശാസ്ത്ര ജ്ഞ്ന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകളും, നിലപാടുകളും വളരെ വ്യക്തമായി ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ തിരിഞ്ഞുനോട്ടത്തില്‍ അച്ചന്‍കോവിലാര്‍, ചാമക്കാവ് ക്ഷേത്രം എന്നിവയില്‍ നിന്നു തുടങ്ങുന്ന നാട്ടോര്‍മ്മകള്‍ പില്‍ക്കാലത്ത് ഇന്ത്യയിലും വിദേശങ്ങളിലുമായി നടത്തിയ ഒട്ടേറേ പ്രഭാഷണങ്ങളിലും പ്രബന്ധാവതരണങ്ങളിലും ചെന്നെത്തി നില്‍ക്കുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തില്‍ നടപ്പിലാക്കിയ ഒട്ടേറെ സാമൂഹ്യ, സാമ്പത്തിക പരിഷ്കാര ങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ സുനിശ്ചിതമായ അഭിപ്രായങ്ങളാണു. ഉന്നത വിദ്യാഭ്യാസ ഗവേഷണരംഗങ്ങളിലെ പോരായ്മകളില്‍ നിന്നു തുടങ്ങി, വലിയ പ്രതീക്ഷകളോടെ ആരംഭിച്ച ജോണ്‍ മത്തായി സെന്റ്ററിലെ ദുരനുഭവങ്ങള്‍, സവിശേഷമായ മാര്‍ക്സിയന്‍ വിശകലന ങ്ങള്‍, തികച്ചും നവീനമായ വികസനവഴികള്‍, ഭൂപരിഷ്കരണം, തദ്ദേശ ജനാധിപത്യം, തുടങ്ങിയ ഒട്ടേറെ കാതലായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. നേട്ടങ്ങളെക്കുറിച്ചു വിശദമായി പറയുമ്പോഴും കോട്ടങ്ങളെപ്പറ്റി എടുത്തു പറയാനും അദ്ദേഹം മടിക്കു ന്നില്ല. തന്റെ സുവ്യക്തമായ രാഷ്ട്രീയ നിലപാടുകളോട് സമരസപ്പെടാതെ എന്നും ജനപക്ഷത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് ഉമ്മന്‍ സാര്‍. ഇക്കൂട്ടത്തില്‍, വിപ്ലവകരമായ ഭൂപരിഷ്കരണം വേണ്ടത്ര ഫലം കണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദിവാസികള്‍ക്കും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും പകരം പാട്ടക്കുടിയാന്മാരും തോട്ടം മുതലാളിമാരുമാണു ഭൂമി കൈക്കലാക്കിയതെന്ന് അദ്ദേഹം എടുത്തു പറയുന്നു…. അങ്ങനെ കഴിഞ്ഞ അര നൂറ്റാണ്ടില്‍ കേരളം കടന്നു പോയ പല നിര്‍ണ്ണായകഘട്ടങ്ങളും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
‘സ്വാതന്ത്ര്യമാണു വികസനത്തിന്റെ അളവുകോല്‍’ എന്ന് ഊന്നിപ്പറയുന്ന ഉമ്മന്‍ സാറിന്റെ വിരല്‍ ചൂണ്ടുന്നത് ഇന്നത്തെ ചില ചുറ്റുപാടുകളി ലേക്കാണെന്ന് കാണാതെ വയ്യ…
ഇതൊരു ചെറുകുറിപ്പ് മാത്രം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണു ഈ ഓര്‍മ്മക്കുറിപ്പുകള്‍.
Comments are closed.