DCBOOKS
Malayalam News Literature Website

പക്ഷെ ആ പാട്ടിലെ വരികൾ സത്യമായികൊണ്ടേയിരുന്നു!!!

ODUVIL AARUM AVASESHICHILLA
ODUVIL AARUM AVASESHICHILLA

അഗതാക്രിസ്റ്റിയുടെ  ‘ഒടുവിലാരും അവശേഷിച്ചില്ല’ എന്ന നോവലിന് ചാള്‍സ് എഴുതിയ വായനാനുഭവം

വളരെകാലമായി തന്റെ ഊഴവും കാത്തിരുന്നിട്ടും തന്നെ വായിക്കാതെ നീട്ടികൊണ്ട് പോയ എന്റെ ചെയ്തിയോട് ഈ പുസ്തകം ഒറ്റ ഇരുപ്പിൽ വായിപ്പിച്ചു തീർത്താണ് പകരം വീട്ടിയത്!
എഴുപതോളം ഡിക്റ്ററ്റീവ് നോവലുകൾ എഴുതിയ അഗതാക്രിസ്റ്റിയുടെ കോരിത്തരിപ്പിക്കുന്ന ഒന്നാന്തരമൊരു നോവലാണ് ‘ഒടുവിലാരും അവശേഷിച്ചില്ല!’ അഥവ ……’And Then There were None’!

ഒരു അമേരിക്കൻ കോടീശ്വരൻ നിർമ്മിച്ചതാണ്,അല്ല ഒരു കോടീശ്വരനായ ഹോളിവുഡ് സിനിമാതാരം വാങ്ങിയതാണ്,ഇതൊന്നുമല്ല വൈകി വിവാഹം കഴിച്ച ഒരു പ്രഭു തന്റെ മധുവിധുവിന് സങ്കേതമായിട്ട് വിലയ്ക്കെടുത്തതാണ് എന്നൊക്കെ അഭ്യൂഹങ്ങളാൽ വാർത്താ പ്രാധാന്യമുള്ള സ്ഥലമായി മാറിയ കടലിനു നടുവിലെ ‘ഇന്ത്യൻ ദ്വീപ് ‘എന്നറിയപെടുന്ന ആ ദ്വീപിലെ വലിയ ബംഗ്ലാവിലേക്ക് വിദൂരവും -വ്യത്യസ്ഥ സ്ഥലങ്ങളിലുള്ളതും – പരസ്പരം അപരിചിതരുമായ, പത്തുപേർക്ക് അജ്ഞാതനായ ഒരാളുടെ അവധിക്കാലം ആഘോഷിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്തുകൾ ലഭിക്കുകയാണ്. വർഷൾക്കുമുമ്പ് പരിചയപെട്ട നേരിയ ഓർമയുള്ള വ്യക്തികളുടെ പേരുകളിലാണ് കത്ത് ലഭിക്കുന്നത് എന്നതിനാൽ സന്ദേഹമൊന്നുമില്ലാതെ ഈ പത്തുപേരും ആ ദ്വീപിലേക്ക് എത്തുകയാണ്.
അതിമനോഹരമായ ആ ബംഗ്ലാവിൽ അതിലും മനോഹരവും ,എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള മുറികൾ എല്ലാവർക്കും ലഭിച്ചു.എല്ലാ മുറികളിലുമുള്ള ഒരേ ഒരു സാമ്യത എല്ലാ മുറികളിലും ഫ്രെയിം ചെയ്‌തുവച്ച ഒരുനഴ്സറിപ്പാട്ടായിരുന്നു.
ആദ്യ ദിനം തന്നെ മദ്യലഹരിയോടെ ആഘോഷങ്ങൾ ആരംഭിച്ച്,അജ്ഞാതനായ തങ്ങളുടെ ആതിഥേയനെ കാത്തിരിക്കുന്ന ആ പത്തുപേർക്കിടയിലേക്ക് ഒരു മുറിയിൽ വച്ച ഗ്രാമഫോണിലൂടെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു ശബ്ദം വന്നെത്തുന്നു. സ്ത്രീകളും, പുരുഷന്മാരും, പ്രായമുള്ളവരുമടക്കമുള്ള തന്റെ പത്ത്-അതിഥികൾ ജീവിതത്തിൽ ചെയ്ത ഓരോ വലിയ തെറ്റുകൾ അഥവ പാപങ്ങൾ ആ ശബ്ദം കൃത്യവും,വ്യക്തവുമായി വർഷവും തിയ്യതിയുമടക്കം വിസ്തരിച്ച് വിവരിക്കുന്നു..!!അതോടെ ആ ബംഗ്ലാവിലെ സകല സന്തോഷങ്ങളും അസ്തമിക്കുകയും എത്തിയ പത്തുപേരും ഭയത്തിന്റെ കടലിലേക്ക് എടുത്തെറിയപെടുകയുമാണ്..

തുടർന്ന് എല്ലാ മുറിയിലും ഫ്രെയിം ചെയ്തു വച്ച’പത്തുപിള്ളേരൊത്തുകൂടി പ്രാതലുണ്ണാൻ പോയി,പത്തിലൊന്നുവിക്കിചത്തു,പിന്നെ ഒൻപതു ബാക്കി. ഒൻപതു പേരൊത്തു കൂടി പകലുറങ്ങാൻ പോയി ഒന്നുറങ്ങി, ഉണർന്നില്ല, പിന്നെ എട്ടു ബാക്കി ‘ – എന്നു തുടങ്ങുന്ന നഴ്സറിപ്പാട്ടിന്റെ വരികളെ അന്വർത്ഥമാക്കുന്ന വിധം വിക്കിയും, ഉറക്കത്തിനിടയിലും കൊല്ലപെട്ടു തുടങ്ങുന്നു.! കൂടെ..അതിഥികൾ എത്തുമ്പോൾ ഡൈനിംങ്ങ് റൂമിലെ മേശമേൽ ഉണ്ടായിരുന്ന പത്ത് കളിമൺ പ്രതിമകളിൽ ഓരോന്നായി അപ്രത്യക്ഷമായികൊണ്ടിരുന്നു!!
അതോടെ കൊലപാതകി തങ്ങളിലൊരാളാണ് എന്ന് അവർക്ക് ഉറപ്പായി.തമ്മിൽ തമ്മിൽ സംശയ ദൃഷ്ടി പായിച്ചു,ഭയപ്പെട്ടു,രക്ഷപെടാൻ പഴുതുകൾ തേടി.. പക്ഷെ നഴ്സറിപ്പാട്ടിലെ വരികൾ സത്യമായികൊണ്ടേ ഇരുന്നു!!!

വില്ലനാരോ അവനെ അതി ജീവിക്കാനുള്ള ബാക്കിയുള്ളവരുടെ രസകരവും , കൗതുകകരവുമായ ശ്രമങ്ങളാണ് പിന്നീട്. പക്ഷേ എന്തു പറയാം … പുസ്തകത്തിന്റെ ശീർഷകം തന്നെ സംഭവിക്കുന്നു, ഒടുവിലാരും… !! ഒറ്റ ഇരുപ്പിൽ ചില അപൂർവ്വം പുസ്തകങ്ങളെ ഏതു വലിയ വായനക്കാരനും വായിച്ചു തീർക്കാനാവു. വായനക്കാരന്റെ തലയിലെ ആര്?എങ്ങിനെ?എന്തിന്? എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഈ പുസ്തകത്തിലെ വരികളിലൂടെ കണ്ണുകളെ വേഗത്തിൽ ഓടിക്കും,വിരലുകൊണ്ട് താളുകൾ ധൃതിയോടെ മറിപ്പിക്കും.
ഒരേ ഇരുപ്പിൽ തീർച്ചയായും വായിച്ചു തീർക്കാവുന്ന നോവൽ.1939-ൽ ഇറങ്ങിയ ഈ നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ജോസഫ് മറ്റമാണ്. ലിറ്റ്മസ് ആണ് പ്രസാദകർ. മുദ്രണം ഡി സി ബുക്സ്. എന്നെ പോലെ നിങ്ങളും ഈ പുസ്തക വായനയ്ക്ക് ശേഷം അഗതാ മേരി ക്ലാരിസ മില്ലർ ക്രിസ്റ്റി എന്ന അഗതാ ക്രിസ്റ്റിയുടെ ആരാധകരായി മാറുമെന്നതിലും,മറ്റെല്ലാ സൃഷ്ടികളും തിരഞ്ഞെടുത്ത് വായിക്കുമെന്നതിലും സംശയമില്ല.1976-ൽ ലോകത്തോടു വിടപറഞ്ഞ ആ വലിയ കഥാകാരിയോട് ഒരുപാട് ആദരവ്. വായിക്കാനൊരുങ്ങുന്ന നിങ്ങൾക്കേവർക്കും ഇന്ത്യൻ ദ്വീപിലേക്ക് യാത്രാശംസകൾ.

 

Comments are closed.