വിഭ്രമം പടര്‍ത്തുന്ന ‘റൂത്തിന്റെ ലോകം’
ഡിസംബറിലെ കുളിരില്‍ വായിക്കാന്‍ പറ്റിയ ഒരു പുസ്തകമാണ് ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ റൂത്തിന്റെ ലോകം. അരിച്ചിറങ്ങുന്ന മഞ്ഞും തണുപ്പും സിരകളിലൂടെ ഓടുന്ന രക്തം മരവിപ്പിക്കുന്ന കഥ ആസ്വദിക്കുന്നതിന് ഉചിതമായ പശ്ചാത്തലം സൃഷ്ടിക്കും. കോട്ടയം എന്ന സ്ഥിരം ലൊക്കേഷനില്‍ നിന്ന് ഇത്തവണ ബംഗളുരുവിലേക്ക് ഷിഫ്റ്റ് ചെയ്തതും ആംബിയന്‍സ് വര്‍ധിപ്പിക്കുന്നു. ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയുടെ ദുസ്വപ്‌നം പോലെ ഭ്രമാത്മകമായ ജീവിതകഥയാണിത്. സത്യവും മിഥ്യയും ഇഴപിരിച്ചെടുക്കാന്‍ ക്ലേശിച്ച് അവള്‍ നടത്തുന്ന നേര്‍ത്ത വരമ്പിലൂടെയുള്ള യാത്ര.
ഇടയ്‌ക്കൊക്കെ പത്രങ്ങളില്‍ (ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍) വരാറുള്ള ചില വിദേശവാര്‍ത്തകളുണ്ട്, പത്തും ഇരുപതും വര്‍ഷം പെണ്‍കുട്ടികളെ രഹസ്യമായി പാര്‍പ്പിക്കാറുള്ള ചില മനോരോഗികളെപ്പറ്റി. മിക്ക വാര്‍ത്തകളുടെയും ഉറവിടം യു.എസ്.എ ആയിരിക്കും. ഇത്തരം കുട്ടികളില്‍ പലരും നീണ്ട ഒന്നോ രണ്ടോ ദശകങ്ങള്‍ തന്നെ പുറം ലോകം കാണാതെ വീടിന്റെ ഭൂഗര്‍ഭ അറയിലോ ഇരുട്ടുമുറികളിലോ കഴിച്ചു കൂട്ടേണ്ടി വന്നവരാകും. പലരെയും ചെറുപ്പത്തില്‍ തട്ടിക്കൊണ്ടു വന്ന് ലൈംഗികഅടിമകളാക്കി മാറ്റുന്നതാണ് കൂടുതലും കണ്ടിട്ടുള്ളത്. ചില സംഭവങ്ങളിലാകട്ടെ സ്വന്തം പിതാവോ അതേ പോലെ രക്ഷാകര്‍തൃസ്ഥാനത്തുള്ളവരോ ആകാം. രക്ഷകര്‍ തന്നെ ഇത്തരത്തില്‍ ശിക്ഷകരാകുന്നത് അവിശ്വസനീയം! എന്നാല്‍ ഇത്തരം മാനസികരോഗികള്‍ നമ്മുടെ ഇടയിലുമുണ്ടെന്ന് ചുരുക്കം ചില വാര്‍ത്തകളെങ്കിലും പുറത്തു കൊണ്ടുവരാറുണ്ട്. നോവല്‍ ഈയൊരു ഇരുണ്ട ലോകത്തിന്റെ ചിന്തകളിലേക്കാണ് കൊണ്ടുപോയത്.
ഓരോ വ്യക്തിയുടെയും ശരീരത്തെയും മനസിനെയും സംബന്ധിക്കുന്ന തിരിച്ചറിവുകള്‍ ശാരീരികമായും മാനസികമായും പരുവപ്പെടുന്ന കാലത്താകുന്നതാണ് ഉചിതം. പണ്ട് ടീനേജുകാര്‍ക്ക് ലഭ്യമായിരുന്ന പല അറിവുകളും ഡിജിറ്റല്‍ കാലത്ത് കുട്ടികള്‍ക്ക് നേരത്തേ കിട്ടുന്നുണ്ട്. വേലിക്കെട്ടുകള്‍ കൊണ്ട് അത് മറയ്ക്കുക പ്രയാസമാണ്. സദാചാരത്തിന്റെ വടിയോങ്ങാതെ മൂല്യാധിഷ്ഠിതമായി, ട്രാന്‍സ്പരന്റായി അവരെ ബോധനം ചെയ്ത് അത്തരം വഴിതെറ്റലുകളില്‍ നിന്ന് അകറ്റുക ഇക്കാലത്ത് സങ്കീര്‍ണവും ശ്രമകരവുമാണ്. എങ്കിലും അത് വെല്ലുവിളിയായി ഏറ്റെടുത്തേ മതിയാകൂ. അല്ലെങ്കില്‍ നിര്‍ഭയാ കേസിലെ കുട്ടിക്കുറ്റവാളിയെപ്പോലെ ദുരന്തങ്ങള്‍ ഇനിയും കാണേണ്ടി വരും. ചില മറകള്‍ അശ്രദ്ധ കൊണ്ടുപോലും അഴിഞ്ഞുവീഴാതിരിക്കേണ്ടത് ആസുരമായ കാലഘട്ടത്തിന്റെ ആവശ്യമാണ്. പഴയ കാലത്താണെങ്കിലും അത്തരമൊരു കൗതുകം ഒരു മറയുമില്ലാതെ അനുഭവിക്കാനായതാണ് ഇക്കഥയില്‍ സെക്‌സിനോടും വയലന്‍സിനോടും ആര്‍ത്തി തീരാത്തതാക്കി മാറ്റിയത്.
ലാജോ കഴിഞ്ഞ രണ്ടു കഥകളേക്കാള്‍ മിതത്വം കൈവരിച്ചതായി റൂത്തിന്റെ ലോകം വ്യക്തമാക്കുന്നു. കഥാപാത്രങ്ങളുടെ സങ്കീര്‍ണമായ മാനസികവ്യാപാരങ്ങളുടെ അടരുകള്‍ അധികം സമയം കൊല്ലാതെ ലളിതമായി പറഞ്ഞിരിക്കുന്നു. കഥാപാത്രസൃഷ്ടിയിലും അധികം കോംപ്ലിക്കേഷനുണ്ടാക്കുന്നില്ല, അങ്ങനെയായിരുന്നെങ്കില്‍ കഥ ഇത്രയ്ക്കും വായനാക്ഷമമാകില്ലായിരുന്നു. പുസ്തകം കൈയിലെടുത്താല്‍ പൂര്‍ത്തീകരിക്കാതെ വെക്കാനാകില്ലെന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിനോട് ഞാനും യോജിക്കുന്നു. അന്ത്യഅധ്യായത്തിലെ ആക്രമണോത്സുകരംഗങ്ങളില്‍ ബാസ്‌കര്‍ വില്‍സിലെ വേട്ട നായയെ ഓര്‍ത്തത് ഞാന്‍ മാത്രമാണോ ആവോ! അത് തികച്ചും മനോഹരമായിട്ടുണ്ട്. മുന്‍ കൃതികളെ അനുസ്മരിപ്പിക്കാതെ വെല്ലുവിളി നിറഞ്ഞ ഒരു ത്രില്ലര്‍ സമ്മാനിച്ച ലാജോയ്ക്ക് ആശംസകള്‍.
ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന ക്രൈംത്രില്ലറിന് അരുണ്‍ രവീന്ദ്രന്‍ എഴുതിയ വായനാനുഭവം
Comments are closed.