DCBOOKS
Malayalam News Literature Website

മനുഷ്യന്‍ എന്ന മഹാരഹസ്യത്തെ തിരിച്ചറിയുമ്പോള്‍…

വായന ഒരാളെ കൂടുതല്‍ കൂടുതല്‍ നല്ലൊരാളാക്കി മാറ്റുന്നു. ഒഴിഞ്ഞ ഇടങ്ങള്‍ നിറയ്ക്കുന്നു. ദ്രവിച്ച ഇടങ്ങള്‍ പുതുക്കിപ്പണിയുന്നു. ഇരുണ്ട കോണുകളിലേക്ക് വെളിച്ചം കടത്തുന്നു.

ജീവനും രോഗങ്ങളും മരണവും തിക്കിത്തിരക്കി നെട്ടോട്ടമോടുന്ന ആശുപത്രിയെന്ന തെരുവില്‍ ട്രാഫിക് പൊലീസുകാരന്റെ പണി ചെയ്തു തളര്‍ന്ന് വശംകെട്ട്, വീട്ടിലെത്തിയാലും വിശ്രമമില്ലാതെ വീണ്ടും മറ്റൊരു തെരുവിനെ കാര്‍ പോര്‍ച്ചിലും ഉമ്മറത്തും സൃഷ്ടിച്ച് അതിനിടയില്‍ തളര്‍ന്നുറങ്ങുന്ന അത്ഭുതജീവികളായിട്ടാണ് പൊതുജനങ്ങള്‍ ഡോക്ടര്‍മാരെ കാണുന്നത്.

വായിക്കാത്ത ഡോക്ടറും വായിക്കുന്ന ഡോക്ടറും തമ്മിലുള്ള വ്യത്യാസം? വായിക്കാത്ത ഡോക്ടര്‍ രോഗത്തെ അറിയുന്നു. വീണ്ടും വീണ്ടും അതേരോഗത്തെ അറിയുന്നു. വായിക്കുന്ന ഡോക്ടര്‍ രോഗിയെ അറിയുന്നു. രോഗി ഒരു വ്യക്തിയല്ലെന്നും, ജീവല്‍പ്രവാഹത്തിലെ ഒരു തുള്ളി മാത്രമെന്നും തിരിച്ചറിയുന്നു.

ഡോ.കെ.രാജശേഖരന്‍ നായര്‍, വായിക്കുന്ന ഡോക്ടറാണ്, എഴുതുന്ന ഡോക്ടറാണ്; രോഗിയെന്ന തുള്ളി പൊടിഞ്ഞതും പൊലിഞ്ഞതും തേടി ജീവല്‍പ്രവാഹത്തില്‍ മുങ്ങാംകുഴിയിടാന്‍ സദാ സന്നദ്ധനായ ഡോക്ടറാണ്.

നോണ്‍ഫിക്ഷന്‍ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നേരിട്ടിരുന്ന ഇപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്‌നം, മലയാളമല്ലാത്ത വാക്കുകള്‍, എഴുതുന്നയാളുടെ ഉച്ചാരണരീതി അനുസരിച്ച് കൊടുക്കുകയും അത് നമ്മള്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി മറ്റിടങ്ങളില്‍ തിരയുമ്പോള്‍ കിട്ടാതെ വരികയും ചെയ്യുക എന്നതാണ്. അത് പോലെ തന്നെ, ഉദ്ധരണികള്‍ ശൂന്യതയില്‍ നിന്നെന്നപോലെ എഴുതിയങ്ങ് പോവുകയും ചെയ്യുന്ന രീതിയാണ്, ആധികാരികമെന്ന് കരുതുന്ന പല ബുക്കുകളിലും കണ്ടിട്ടുള്ളത്. പക്ഷേ, ഇതിനൊരപവാദമാണ് ഡോ. കെ.രാജശേഖരന്‍ നായരുടെ ‘ഞാന്‍ തന്നെ സാക്ഷി’.

കൃത്യമായ റഫറന്‍സുകള്‍ ബ്രായ്ക്കറ്റിലും, ഓരോ അധ്യായങ്ങള്‍ക്ക് ശേഷവും കൊടുത്തിരിക്കുന്നു. ഉച്ചാരണത്തില്‍പ്പോലും വന്നേക്കാവുന്ന കണ്‍ഫ്യുഷനുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഒരു നോണ്‍ ഫിക്ഷന്‍ ബുക്ക് എങ്ങനെ ആയിരിക്കണമോ അത്രയും സമ്പൂര്‍ണ്ണം. വായനയുടെ ഒഴുക്കിനെ ഈ റെഫറന്‍സിങ് ബാധിക്കുമെന്ന് ചിലര്‍ പരിഭവം പറഞ്ഞേക്കാം. പക്ഷെ നോണ്‍ ഫിക്ഷന്‍ വായിക്കുമ്പോള്‍ ഒഴുക്കിനല്ലല്ലോ പ്രാധാന്യം; ഓരോ വാക്കിലും വരിയിലും നിന്ന് കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കുക എന്നത് തന്നെയാണ്. അങ്ങനെ നോക്കിയാല്‍, റഫറന്‍സുകളുടെ സാഗരമാണ് ‘ഞാന്‍ തന്നെ സാക്ഷി’. ഒരു വരിയെങ്കിലും വായിക്കുന്നവന് പരമാവധി അറിവ് പകരുക എന്ന ആത്മാര്‍ത്ഥതയ്ക്ക് മുന്നില്‍ തലകുനിക്കുന്നു.

വൈദ്യശാസ്ത്രത്തെ സാഹിത്യവുമായും സംഗീതവുമായും ചിത്രകലയുമായും ബന്ധപ്പെടുത്തി, രോഗങ്ങളെ വിശകലനം ചെയ്യുന്ന ഡോ. കെ രാജശേഖരന്‍ നായരുടെ ശൈലി മറ്റുള്ള ഡോക്ടര്‍മാരും പിന്തുടര്‍ന്നിരുന്നെങ്കില്‍ ഞാനാശിച്ചു പോകുന്നു. നമുക്ക് നല്ല ഡോക്ടര്‍മാര്‍ ഒത്തിരിയുണ്ട്. മഹാന്മാരായ ഡോക്ടര്‍മാര്‍ അത്രയൊന്നുമില്ലാത്തതിന്റെ കാരണം മറ്റെങ്ങുമന്വേഷിച്ചു പോകേണ്ട.

ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും, മനുഷ്യനെ അറിയാനാഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഡോക്ടറുടെ എല്ലാ പുസ്തകങ്ങളും നിശ്ചയമായും വായിച്ചിരിക്കണം. ഒരു ന്യൂറോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നതിനപ്പുറം, മനുഷ്യനെന്ന പ്രഹേളികയെ ഒരു ഡോക്ടര്‍ക്ക് എങ്ങനെയെല്ലാം ചുരുളഴിച്ചെടുക്കാമെന്ന തിരിച്ചറിവുകളാണ് ഈ പുസ്തകത്തിലൂടെ വായിച്ചറിയുക.

ഡോ.കെ.രാജശേഖരന്‍ നായരുടെ ഞാന്‍ തന്നെ സാക്ഷി എന്ന കൃതിക്ക് രാജീവ് മഹാദേവന്‍ എഴുതിയ വായനാനുഭവം

Comments are closed.