അതിവിചിത്രമായ ഭാഷയിലെ ഇഷ്ടമാണെന്നുള്ള കരച്ചിൽ!
ടോണിയുടെ ‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’ എന്ന പുസ്തകത്തിന് ശാന്തി പാട്ടത്തിൽ എഴുതിയ വായനാനുഭവം.
ടോണിയുടെ ‘നമ്മൾ ഉമ്മ വച്ചതിന്റെ ചോര’ എന്ന ഹാഷ്ടാഗ് കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തിൽ എഴുത്തുകാരൻ പറയുന്നുണ്ട്, ഇതു കവിതയേയല്ല, കുഞ്ഞു തട്ടിപ്പാണെന്ന്. വായനക്കൊടുവിൽ അതു ശരിയാണെന്ന് തോന്നിപ്പോകും. കൊടുംചൂടിൽ ഉദ്യാനത്തിലെ പുൽമേടുകൾ നനയ്ക്കാൻ തിരിഞ്ഞു വരുന്ന ജലധാര നമ്മിൽ ഒരു കുടന്ന വെള്ളം കുടഞ്ഞിട്ടകന്നു പോകും പോലെ നോക്കുമ്പോഴേക്കും കടന്നുകളഞ്ഞിരിക്കും വരികളും വാക്കുകളും അത്യാഗ്രഹത്തോടെ അടുത്ത സ്വപ്നത്തിലേക്ക് ….. ശരിക്കും തട്ടിപ്പാണേ!
പലയാവർത്തി വായിച്ചു ഗ്രഹിക്കേണ്ടി വരുന്ന കവിതകൾ പോലല്ല ഇതിലെ ഹൈക്കു സമാനമായ വരികൾ എന്നോടു പെരുമാറിയത്, അവ ചെമ്പകത്തണലിലിരുത്തി കാറ്റു തന്നു, നേർത്തസുഗന്ധമോലും ഇതളുകളും പൊഴിച്ചു തന്നു.
ടോണി നമ്മെ തട്ടിപ്പിനിരയാക്കുന്നത് പ്രകൃതിയെ പ്രണയത്തിലും ഏകാന്തത്തിലും പൊതിഞ്ഞു കൊണ്ടാണ്.. വേറിട്ടെടുക്കാൻ കഴിയുകയേയില്ല. നിലാവുമായി ചാറ്റുന്ന പൂക്കളിൽ തുടങ്ങി പൂമ്പാറ്റ കുത്തിയ മഴവില്ലിൽ തട്ടി കാറ്റിനൊപ്പം പുറത്തു വച്ചപ്പോൾ പെയ്ത മഴ ഹൃദയത്താളിലയിൽ വഴുതി വീഴുന്നുണ്ട്.ഏകാന്തതയുടെ പതിവു നിർവ്വചനങ്ങൾ വിട്ട്, ‘‘അനാഥമായ വീടിന്റെ കാട്ടുപൂമണം’’ എന്നു നമ്മുടെ ഗന്ധങ്ങളേയുംപച്ചിലച്ചാർത്തിലൂടുതിരും മഞ്ചാടി കാഴ്ച്ചയേയും, നിന്നെ തൊട്ടു പുഴയെ തൊട്ട പോലെയെന്ന് സ്പർശനത്തേയും കവി വാടകക്കെടുക്കുന്നു. പച്ചക്ക് രതി പറഞ്ഞും വേവുന്ന വാക്കുകളും ശവക്കച്ചയുമായി വിരഹം പറഞ്ഞും പ്രണയത്തെ മടുപ്പിച്ച എഴുത്തുകളിൽനിന്നു ടോണിയുടെ പ്രണയ എഴുത്ത് വ്യത്യസ്തമാകുന്നു എന്നറിയാൻ, ‘‘നീയില്ലാത്ത നിന്റെ വീട്ടിൽ വരണം, നിൻറ്റേതായിരുന്ന ഏകാന്തതയിൽ തനിച്ചിരിക്കണം’’ എന്ന വരികൾ മതിയാവും. പ്രണയത്തിന്റെ പാർശ്വഫലങ്ങളിലൊന്നായ ചുംബനം പോലും വെറുതെയിങ്ങനെ കിട്ടേണ്ടതല്ല. ഘോരവനത്തിലെ മാനം തൊടും മരച്ചുവട്ടിലോ കടലാഴത്തിലോ മഴയാകാശത്തെ കരിമേഘത്തുമ്പത്തോ വച്ചുതന്നെ വേണം കിട്ടാൻ!
ഞാൻ തൊട്ടപ്പോൾ മാത്രം പൂവിടുന്ന ‘കളളി’ച്ചെടിയിലും രേഖകളെല്ലാം മാഞ്ഞാലും ബാക്കിയാകുന്ന ഇസിജിക്കടലാസിലുമെല്ലാം ചേതോഹര ബിംബകൽപ്പനകൾ നിറയുമ്പോഴും,‘‘നിന്നോട് പറയാനുള്ള ഭാഷ എനിക്കറിയുകയേയില്’’ എന്ന പ്രണയമാപിനി വെളിപ്പെടുന്നുണ്ട്. ‘‘മരിക്കുമെന്ന് തോന്നി പക്ഷേ പ്രണയത്തിൽപ്പെട്ടു’’ എന്നു കവി പറയുമ്പോൾ പ്രണയത്തെ മരണത്തിൽനിന്നു രക്ഷിക്കുന്ന വസ്തുവായോ സ്വയം മരണമായോ വായിച്ചെടുക്കാം!
ഏകാന്തമെന്ന അവസ്ഥ പലപ്പോഴും കവിയുടെ ആത്മ സ്വഭാവമാകുന്നുണ്ട്. ‘‘ഏറ്റവും ഏകാന്തമായ വാക്കുകൾ കൊണ്ട് തന്നെ എഴുതിവയ്ക്കാൻ’’ പറഞ്ഞിട്ട് ‘മനുഷ്യനെ സൃഷ്ടിച്ച വേസ്റ്റുകൊണ്ടുണ്ടാക്കിയ കവി’ മഴപെയ്യുന്ന ഒരു തീവണ്ടി ജനാലക്കൽ ഇരുന്ന് ഏറ്റവും മുറിവേൽക്കുന്ന വരികൾ എഴുതി വച്ച് ഇരുട്ടിലേക്ക് ചാടി ഇല്ലാതാകുന്നു… അതെ…. ഏറ്റവും ഉജ്ജ്വല വാക്കുകൾ കൊണ്ട് മുറിയണം ഉണങ്ങരുത്.’’ അതാണ് ഒരു പക്ഷേ ഈ കവിതകളുടെ ഇന്ധനവും. അതിവിചിത്രമായ ഭാഷയിൽ ഇഷ്ടമാണ് എന്നുള്ള കരച്ചിലാണ് കവിത;ഈ കവിതയാണ് പ്രണയവും. വായനക്കാർക്ക് കിട്ടിയ നല്ലൊരുമ്മയാണ് ഈ പുസ്തകം.
Comments are closed.