DCBOOKS
Malayalam News Literature Website

നാഗഫണം, കോവിഡ് കാലത്തൊരു വേറിട്ട വായന

NAGAPHANAM By : RAJEEV SIVASHANKAR
NAGAPHANAM
By : RAJEEV SIVASHANKAR

ഒരു കുഞ്ഞൻ ജീവിയുടെ മുൻപിൽ ഭൂമിയും മനുഷ്യനും കൈ കൂപ്പി ദയാഭിക്ഷ യാചിച്ചു നിൽക്കുന്ന ഈ കോവിഡ് കാലത്ത് വേറിട്ട കണ്ണുകളോടെ വായിക്കേണ്ട നോവലാണ് രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം.’ പ്രകൃതിയോട് മനുഷ്യനുണ്ടാകേണ്ട സ്നേഹത്തിന്റെയും ആരാധനയുടെയും അനിവാര്യതയ്ക്ക് അടിവരയിടുന്ന സമുജ്വല ശിൽപമാണ് ഈ നോവൽ എന്നു തീർത്തുപറയാം.

മറ്റെവിടെയെങ്കിലുമുള്ളത് ഇതിലില്ലാതെയുണ്ടോ എന്നറിയാനാണ് പലരും മഹാഭാരതത്തെ സമീപിക്കുന്നത്. ഓരോ ശ്രമത്തിലും അത് പരിശോധകനിലും അനുവാചകനിലും അനുഭവിക്കുന്നവരിലും വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നു. വേദവ്യാസനെ, മനുഷ്യാനുഭവങ്ങളും അവസ്ഥകളും അടിയുറപ്പോടെ അറിഞ്ഞ ഗുരുവായി കാണുന്നവർക്കെല്ലാം കണ്ണുനിറയ്ക്കുന്ന, സ്വരമിടറിക്കുന്ന,നെഞ്ചിടിപ്പേറ്റുന്ന അനുഭവമായി മാറുന്നു ‘നാഗഫണം.’ അവസാന അധ്യായം വ്യോമം പോലെ വിശാലമാക്കി അനുവാചകരെ വിനയാന്വിതനാക്കുന്നുണ്ട് രാജീവ്. ആ കൃതഹസ്തന് നമസ്കാരം.

വ്യാസമൗനങ്ങളിൽ മാത്രമല്ല, ആ വാചാലതയിലും വാക്കിന്റെ കരുത്തിലും നിറച്ച വളരെ വിശാലമായ കാഴ്ചപ്പാടുകൾ ഇനിയും എത്രയോ നൂറ്റാണ്ടുകളിൽ മനുഷ്യന് അറിയാനും, അവസാനമായെങ്കിലും സമരസപ്പെടാനുള്ള ജ്ഞാനവും വിവേകവും പകർന്നുകൊടുക്കാനുള്ളതാണെന്നും വീണ്ടും വീണ്ടും നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നിടത്താണ് വ്യാസകാവ്യം ‘ജയം’ തന്നെയാകുന്നത്.

പുല്ലായും പുഴുവായും പൂവിലെ തേനായും മാനായും മയിലായും കല്ലിലെ കന്മദമായും വ്യോമഭേദിയായ മിന്നൽപ്പിണറായും, എന്തിന്–സൂക്ഷ്മജീവികളിൽ പോലും തന്മാത്രകളിൽ ഒളിപ്പിച്ച അഭൗമ ശക്തിയായും, നിർണായകമായ പ്രോഗ്രാമുകളായും ഒളിഞ്ഞ ശക്തിയെ–ബ്രഹ്മത്തെ തിരിച്ചറിയാനും മനുഷ്യന്റെ നിരന്തര ശ്രമങ്ങളെ മഹാഭാരതം ഒട്ടൊന്നുമല്ല പ്രചോദിപ്പിച്ചിട്ടുള്ളത്.

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ വാങ്ങാന്‍ സന്ദര്‍ശിക്കുക

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

ആ പ്രചോദനം ഒരു നിമിത്തമായി രാജീവ ശിവശങ്കറിന്റെ ശിരസ്സിലും പതിച്ചു. വ്യാസൻ തൊട്ടാൽ പിന്നെ അതു വാക്കുകളും വ്യാഖ്യാനങ്ങളുമായി മാറിയേ പറ്റൂ. അപ്പോൾ ‘നാഗഫണം’ എഴുതാതിരിക്കാൻ രാജീവിനാവില്ല.

പരീക്ഷിത്തിന്റെ തക്ഷകദംശനവും മരണവും, അടുത്ത തലമുറയിലേയ്ക്കു പകർന്നുവന്ന പകയും പ്രതികാരവും അധികാര അഹന്തകളും പ്രകൃതി നിയമങ്ങൾക്കും വിധിക്കും മുന്നിൽ ഒന്നുമല്ലെന്ന് വേദവ്യാസൻ അർഥശങ്കയില്ലാതെ വെളിപ്പെടുത്തിയിട്ടുണ്ട്. ആ സന്ദർഭങ്ങൾ മറ്റൊരു ജനതയുടെ അല്ലെങ്കിൽ ഒരു ജീവികുലത്തിന്റെ പരിപ്രേക്ഷ്യത്തിൽനിന്ന് നോക്കിക്കാണാൻ രാജീവ് ഒരു പീഠം വലിച്ചിട്ടിരിക്കുന്നു.

കുലോത്ഭവം മുതൽ മറ്റുള്ളവരുടെ–അമ്മാരുൾപ്പെടെ–വാശിക്യും വൈരാഗ്യവും അതുവഴിയുള്ള ഇരയാക്കപ്പെടലും അനുഭവിച്ചുവളർന്ന നാഗന്മാർ! സ്വതവേയുള്ള അനുസരണയ്ക്കും കർമനിഷ്ഠയ്ക്കും സുഹൃത്ബന്ധത്തിനുമായി   ജീവനും കുടുംബവും ബന്ധുക്കളെയുമെല്ലാം ത്യജിക്കേണ്ടിവന്നവർ നാഗന്മാർവനസ്ഥലികളും വിദ്യാശാലകളും അഗ്നിക്കിരയാക്കപ്പെടുമ്പോൾ, തച്ചുതകർക്കപ്പെടുമ്പോൾ, പാതി പൊള്ളിയ ശരീരവുമായി ഓടിയളിച്ചവർ–നാഗന്മാർ!

വിഷമുളളും മായാജാലവും മാറ്റിവച്ച്, ആയുധമല്ല, അക്ഷരമാണ് അടുത്ത തലമുറ കരുത്താക്കേണ്ടതെന്ന് തിരുമാനിച്ച്, രാമനാമത്തിലൂടെ സ്വന്തം മുറിവുണക്കാൻ ശ്രമിക്കുന്ന തക്ഷകരാജൻ, പരീക്ഷിത്തിന്റെ മൃത്യുകാരകനാക്കുന്ന വിധി. മനുഷ്യജന്മങ്ങളോരോന്നും അവർക്കായി കരുതി വച്ചിരിക്കുന്ന ചുഴിമലരികളിലേയ്ക്ക് നിശ്ചയമായും ആവാഹിക്കപ്പെടും . പക്ഷേ വിധി നടപ്പാക്കുന്നവനും , അനുഭവിക്കുന്നവനും മനസ്സുകൊണ്ടും മനീഷ കൊണ്ടും ഒരേ ബ്രഹ്മത്തിൽ ലയിക്കുന്ന ആ മൃത്യു നിമിഷത്തിൽ കടും ചെമപ്പും കറുപ്പും നിറങ്ങളിലിടകലർന്ന തിരശ്ശീലയ്ക്ക് ഇരുട്ട് കനമേകുമ്പോൾ തെളിയുന്നത് വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും വേറിട്ടൊരു മായാജാലം . ‘കാണാമോ’ എന്ന ചോദ്യത്തിന് ‘കാത്തിരിക്കുകയായിരുന്നു’ എന്നാണ് മറുപടി. മരണമെന്ന മായാജാലത്തിന്റെ രഹസ്യമറിയാൻ വെമ്പുന്ന പരീക്ഷിത്ത്, തന്റെ നിത്യ മന്ത്രമായ രാമനാമം കൊണ്ട് പരീക്ഷിത്തിന് തോണി ഒരുക്കുന്ന തക്ഷകൻ, കാട്ടുമുയലിനെപ്പോലെ ലളിതമായി പിരിയുന്ന ആത്മൻ. മരണം ഒരു പൂർണതയാണെന്നും ഒട്ടും കുറവോ കൂടുതലോ ഇല്ലാത്ത, കുറയ്ക്കാനോ കൂട്ടാനോ ആവാത്ത ത്രിശാന്തിത്വമായി ആ മുഹൂർത്തം നോവലിന്റെ ഒരു ഭാഗം നിർണയിക്കുന്നു , ആദ്യഭാഗത്തിന്റെ ഗംഭീരമായ അന്ത്യം!

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ വാങ്ങാന്‍ സന്ദര്‍ശിക്കുക

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

മരണഭയത്തിലാഴ്ന്ന പരീക്ഷിത്ത് ഭൗതികതലത്തിൽ മരുന്നും മന്ത്രവും സൈന്യശക്തിയും സാങ്കേതിക വൈദഗ്ധ്യവും ഭാര്യ മാദ്രവതിയുടെ സഹായത്തോടെ ഒരുക്കുന്നെങ്കിലും ശുകമുനിയുടെ സ്നേഹപൂർണമായ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും സ്വീകരിച്ച്, ആത്മീയ തലത്തിൽ ഔന്നത്യം നേടി താനാരെന്നും മരണമെന്നത് കേവലം അവസ്ഥാന്തരമാണെന്നും അറിയുകയും തന്നെ കൊല്ലുന്ന തക്ഷകനോടുപോലും ആത്മീയ ഐക്യം പ്രാപിക്കുകയും ചെയ്യുന്നു . ഈ സന്ദർഭങ്ങളൊക്കെ നാഗഫണത്തിന്റെ പാത്രസൃഷ്ടിയിലും രംഗസംവിധാനത്തിലും നാഗാസ്ത്രം പോലുളള വാക്കുകളിലൂടെ രാജീവ് കൃത്യമായി അടുക്കി പ്രതിഷ്ഠിച്ചിരിക്കുന്നു.

മഹാഭാരതത്തിൽ പരാമർശിച്ചിട്ടുളളതും ഇല്ലാത്തതും ആയ അനേകം കഥാപാത്രങ്ങൾ, കഥയുടെയും കാലത്തിന്റെയും അരികുപറ്റി നിന്നവർ , അരികിനും അകലെ ആയിരുന്നവർ രാജീവ് കാണിച്ച വെളിച്ചത്തിലേക്കു നീങ്ങി നിന്നിട്ടുണ്ട് ഈ നോവലിൽ. ചിരായുസ്സ് , ബല്ലവൻ , സുമുഖൻ , ഐരാവതൻ , ധർമദത്തൻ , ലോഹിതാക്ഷൻ അങ്ങനെ കുറെ പേർ.

Textവിവിധ ലോകങ്ങൾ തമ്മിൽ ആയുധ വിപുലീകരണത്തിനും ഔഷധനിർമാണത്തിനും വേണ്ടി കാണിക്കുന്ന ഔത്സുക്യവും മാത്സര്യവും , ഹാടകവും വിനാശകാരികളായ വിഷങ്ങളും , അവയ്ക്കെതിരെയുളള പ്രതി വിഷങ്ങൾ , അതിന്റെയെല്ലാം പിറകിൽ കൊത്താനും കൊല്ലാനുമുള്ള മനുഷ്യമൃഗങ്ങളുടെ സഹജവാസന, തരം നോക്കി 20 വണ്ടി സ്വർണം കടത്തുന്ന അത്യാഗ്രഹിയായ അതിജ്ഞാനി ഇവയെല്ലാം കാലമൊന്നു മാറ്റിപ്പറഞ്ഞാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും മനുഷ്യന്റെ വിഹ്വലതയാണ്; വിഷാദമാണ് .

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ വാങ്ങാന്‍ സന്ദര്‍ശിക്കുക

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

നോവലിലെ രണ്ടാംഭാഗമായ ‘ജനമേജയ’ത്തിലേയ്ക്ക് വരുമ്പോൾ മനുഷ്യൻ മുപ്പതുമുക്കോടി ദൈവങ്ങൾക്കുമാത്രമല്ല അതിലുമിരട്ടി അപ്പുറത്തേയ്ക്കുളള ജീവിതലത്തിൽ ഒന്നു മാത്രമാണെന്ന് പറയാനും പഠിപ്പിക്കാനും ജ്ഞാനിയും നിഷ്കളങ്കനുമായ , സമ്പത്തും അധികാരവും പദവിയും കാംക്ഷിക്കാത്ത ആസ്തികൻ എന്ന യുവമുനി അധികാര ഗർവിന്റെ യജ്ഞശാലയിൽ കാലൂന്നി നിന്ന് വേദവ്യാസനു മുന്നിൽപ്പോലും പതറാത്ത,ചിതറാത്ത പ്രജ്ഞയും വാക്കുകളുമായി ജീവികുലത്തിനായി ദയ എന്ന ഭിക്ഷ സ്വീകരിക്കുകയാണ് . വേദവ്യാസന്റെ അലിവാർന്ന അംഗീകാരവും അതുല്യ വാത്സല്യവും ആ കുമാരന് കിട്ടുന്ന സന്ദർദം ഈ നോവലിലെ അത്ഭുത മുഹൂർത്തമാണ് . പ്രകൃതി സ്നേഹത്തിന്റെ, പ്രകൃതി സംരക്ഷണത്തിന്റെ, പ്രകൃതി പൂജയുടെ ദയ. ഭിക്ഷ ഏറ്റു വാങ്ങിയ ആസ്തികനായി അതു വ്യാഖ്യാനിക്കുകയും രാജശാസനമായി അതു മാറ്റുകയും ചെയ്യുന്ന ആ മഹാഗുരു വേദവ്യാസനല്ലാതെ മറ്റാര് ?

യാഗങ്ങളുടെയും യജ്ഞങ്ങളുടെയും അന്ത്യത്തിൽ അധികാരത്തിന്റെയും അഹന്തയുടെയും ഉള്ളിടങ്ങളിലേക്കു നിറയേണ്ട സന്ദേശം സഹവർത്തിത്വത്തിന്റെയും സമഷ്ടി സ്നേഹത്തിന്റെയും പ്രകൃതി ആരാധനയുടെയും സന്ദേശങ്ങളാണെന്ന് ഒരിക്കൽക്കൂടി ആസ്തികൻ, ജനമേജയന്റെ സ്വപ്നദൃശ്യങ്ങളിൽ കാട്ടികൊടുക്കുന്നത് മനുഷ്യകുലത്തിനാകമാനമുള്ള കാഴ്ചയാണ്. ഇതു കാണാനാകാത്ത, കാണാത്ത കണ്ണുകൾ അന്ധത തന്നെയാണ്.

രാജീവിന്റെ നോവലുകളിൽ നമ്മളാരും സാധാരണ കാണാത്ത പ്രകൃതിയും മരങ്ങളും സസ്യങ്ങളും ജീവജാലങ്ങളും , പിന്നെ മറഞ്ഞിരുന്നു മാത്രം നമ്മെ വീക്ഷിക്കുന്ന മനുഷ്യരും പ്രകൃതിയും എല്ലാം കടന്നു വരാറുണ്ട് . രാജീവിന്റെ ‘കൽപ്രമാണം’ എന്ന നോവൽ പ്രകൃതി സംരക്ഷണം ഉച്ചത്തിൽ ആഹ്വാനം ചെയ്യുന്ന ഒന്നാണ് . നാഗഫണം ഒരുപടികൂടിക്കടന്ന് പ്രകൃതിയാണ് എല്ലാം എന്ന ദർശനത്തിന് അടിവരയിടുന്നു.

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ വാങ്ങാന്‍ സന്ദര്‍ശിക്കുക

രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം’ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

എഴുതിയത്  ഡോക്ടർ വി.രാം ലാൽ

സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളജ്

Comments are closed.