DCBOOKS
Malayalam News Literature Website

അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള ശ്രമം

മനോജ് കുറൂരിന്റെ ‘മുറിനാവ്’ എന്ന നോവലിന് എസ് ഗിരീഷ് കുമാര്‍ എഴുതിയ വായനാനുഭവം 

മനുഷ്യജീവിതത്തിലുടനീളം പക്ഷപാതപരമായി ഇടപെടുന്ന വിജ്ഞാനമാണ് ചരിത്രം. അതുകൊണ്ടാണ് ചരിത്രമല്ല, ചരിത്രങ്ങളാണ് നമുക്കുള്ളതെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടായിട്ടുള്ളത്. ചരിത്രത്തിൻ്റെ ദയാദാക്ഷണ്യം ലഭിക്കാതെ സംസ്കൃതിയുടെ വലിയൊരു മേഖല ഇപ്പോഴും ശൂന്യമായി അവശേഷിക്കുന്നു. അവിടങ്ങളിലേക്കൊക്കെ കടന്നുകയറുകയെന്നത് ഇന്നുകളിലെ എഴുത്തുകാരൻ്റെ ദൗത്യമാണ്. അത്രയെളുപ്പം സാധ്യമാകുന്നതല്ല അത്. മുറിനാവ് എന്ന നോവലിലൂടെ മനോജ് കുറൂർ നിർവഹിക്കുന്നതും ഒട്ടും എളുപ്പമല്ലാത്തൊരു ദൗത്യമാണ്. 21-ാം നൂറ്റാണ്ടിലിരുന്ന് ദേശം, കാലം, ഭാഷ എന്നിവയെല്ലാം മറികടന്ന് 8-ാം നൂറ്റാണ്ടിലേക്കും 12-ാം നൂറ്റാണ്ടിലേക്കും പോവുക. ചരിത്രം നിശബ്ദമായ ഇടങ്ങളിലെ ചരിത്രങ്ങൾ വീണ്ടെടുത്ത് ഇങ്ങനെയൊക്കെയല്ലെ സംഗതികളെന്ന് ഒരന്വേഷകൻ്റെ മട്ടിൽ മുറിനാവിനാൽ മുറിച്ചു മുറിച്ചു ചോദിക്കുക. മുറിഞ്ഞു പോയവയെ കൂട്ടിച്ചേർത്തിട്ടാണ് മുറിനാവിനാലുള്ള ഈ ചോദ്യം.

എട്ടാം നൂറ്റാണ്ടൊടുവിൽ ജീവിച്ച കുമരനും പന്ത്രണ്ടാം നൂറ്റാണ്ടൊടുവിൽ ജീവിച്ച അലങ്കാരനും സമാന്തരമായി നടത്തുന്ന അന്വേഷണ യാത്രയാണ് നോവലിൻ്റെ കഥാതന്തു. രണ്ടു കാലങ്ങളിലായി അവളൂർ എന്ന ദേശം അവരെ ഒരുമിപ്പിക്കുകയും അന്വേഷണത്തിനു പൊരുളു നൽകുകയും ചെയ്യുന്നു. അവളൂരിൽ അവരെ ഒരുമിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തെ നാനൂറോളം പുറങ്ങളിലൂടെ അഭിമുഖീകരിക്കുകയാണ് മുറിനാവ്.

അധികാരത്തിൻ്റെ വ്യത്യസ്തമായ തലങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള ശ്രമമാണ് മുറിനാവ്. വ്യത്യസ്തമായ തത്ത്വചിന്താ പാരമ്പര്യങ്ങൾ അധികാരവുമായി ചാർച്ചയിലും വിടർച്ചയിലും ഏർപ്പെടുകയും മനുഷ്യർ അതിൽ കുരുങ്ങി കിടക്കുകയും ചെയ്യുന്നതെങ്ങനെയെന്ന അന്വേഷണത്തിൽ നിന്നാണ് മുറിനാവിൻ്റെ കഥയും കഥാപാത്രങ്ങളും രൂപപ്പെടുന്നത്. Textശൈവവും വൈഷ്ണവികവുമായ തത്ത്വചിന്ത നമുക്ക് ഏറെക്കുറെ പരിചയമുണ്ട്. മീമാംസകരുടേതായ ആ പാരമ്പര്യത്തിന് അപ്പുറമോ ഒപ്പമോ നിലനിൽക്കുകയും സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ബുദ്ധ, ജൈന പാരമ്പര്യങ്ങൾ ഇവിടുണ്ട്. ആജീവകരും ശ്രമണരുമുണ്ട്. ഇവരെല്ലാം ചേർന്നു രൂപപ്പെടുത്തിയ ചിന്തകളുണ്ട്. ഭൂമിശാസ്ത്രവും അധികാര സംഘർഷങ്ങളുമുണ്ട്. ഇവയെല്ലാം ചേരുന്ന ലങ്കയും കേരളവും തമിഴ്നാടും കർണാടകവും ഉൾപ്പെടുന്ന വിശാലമായ ഒരു ഭൂപ്രദേശത്തെ നോവലിൽ കേന്ദ്രീകരിച്ച് ചിതറിപ്പോയ പാരമ്പര്യങ്ങളെ വീണ്ടെടുക്കുകയാണ് മുറിനാവിൽ. കുമരനും അലങ്കാരനും യാത്ര ചെയ്ത് എത്തിച്ചേരുന്ന അവളൂർ ചിതറിപ്പോവുകയോ ചിതറിച്ചു കളഞ്ഞതോ ആയ എല്ലാ ജനവിഭാഗത്തെയും അവരുടെ തത്ത്വചിന്തകളെയും ഏറ്റെടുക്കുന്ന ഇടമാണ്. വംശശുദ്ധിയിലല്ല, സാങ്കര്യത്തിലാണ് ലോകത്തിൻ്റെയും ചരിത്രങ്ങളുടെയും തുടർച്ചയെന്ന് ഓർമ്മപ്പെടുത്തുന്നുണ്ട് അവളൂർ. ബഹുസ്വരതയിൽ നിന്നുണ്ടാവുന്ന സ്വരമാണ് അവളൂരിൻ്റെ ഭാഷ. നാവു മുറിക്കപ്പെട്ടവരുടെ ശബ്ദത്തിനും ആംഗ്യത്തിനും മുതൽ പക്ഷിമൃഗാദികളുടെയും ദേവതമാരുടെയുമൊക്കെ ഭാഷയ്ക്കുവരെ അവിടെ ഇടമുണ്ട്.

അവളൂരിലേക്കുള്ള യാത്രയിൽ കുമരനും അലങ്കാരനുമൊപ്പം വായനക്കാരനും മാറിമാറി കൂടെച്ചേരാം. ആ യാത്ര രണ്ടു കാലങ്ങളിലൂടെയും വ്യത്യസ്ത ദേശങ്ങളിലൂടെയുമാണെന്ന് ഓർക്കണം. അതുകൊണ്ട് സാഹസികമാണ്. ഗൗരവം വിടാതെ കൂടണം. അങ്ങനെയായാൽ പലതരം മനുഷ്യരെ, സംസ്കാരവിശേഷത്തെ കണ്ടുമുട്ടാം. ബുദ്ധഭിക്ഷുക്കൾ, ജൈന സന്യാസിമാർ, ബസവേശ്വരൻ, പ്രഭുദേവൻ, അക്കമഹാദേവി, ഗൊഗ്ഗവ്വ, കുവന്ന, കുവേന്തി, മസ്കരി, ആര്യദേവൻ, ധർമ്മശീലൻ, ചിരുകണ്ടൻ, ആദിനാഥൻ അങ്ങനെ ജീവിച്ചിരുന്നവരും ഭാവനാപരമായി സൃഷ്ടിച്ചെടുത്തവരുമായ ഒട്ടേറെ കഥാപാത്രങ്ങളെയും അവർ കൊണ്ടുനടന്ന തത്ത്വചിന്തയെയും പരിചയപ്പെടാം. തത്ത്വചിന്ത നേരിട്ടു പറയുകയല്ല. ഓരോ കഥാപാത്രവും ജീവിതംകൊണ്ട് കാണിച്ചു തരികയാണ്.

എട്ടാം നൂറ്റാണ്ടിൽ കുമരൻ സൃഷ്ടിച്ച നിഘണ്ടു പന്ത്രണ്ടാം നൂറ്റാണ്ടിലെ അലങ്കാരനു ലഭിക്കുന്നതും അതിലെ പൊരുളു തിരിക്കാൻ അലങ്കാരൻ യാത്ര തുടങ്ങുന്നതുമാണ് മുറിനാവിലെ ഇതിവൃത്തം രൂപപ്പെടുത്തുന്നത്. അവളൂരിലെ വചനകവി ഗൊഗ്ഗവ്വയാണ് പൊരുളു തിരിക്കാൻ സഹായമാകുന്നത്. ഗൊഗ്ഗവ്വയിലൂടെ അലങ്കാരൻ പ്രഭുദേവനിലേക്കും അക്കമഹാദേവിയിലേക്കും കല്യാണക്രാന്തിയിലേക്കും പോകുന്നു. കുമരൻ്റെ നിഘണ്ടുവിന് പൊരുളുണ്ടാവുന്നത് പ്രഭുദേവനിലൂടെയാണ്.

ദക്ഷിണേന്ത്യൻ തത്ത്വചിന്താ പാരമ്പര്യത്തിലെ ശ്രമണപാരമ്പര്യത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട് നോവലിൽ. ഗൊഗ്ഗവ്വ കേരളീയബന്ധമുള്ള വചനകവിയായി കരുതപ്പെടുന്നു. ഒരുപക്ഷെ ശ്രമണപാരമ്പര്യം ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഒട്ടേറെ പാരമ്പര്യങ്ങൾ പുന:പരിശോധിക്കാനും സംവാദകേന്ദ്രത്തിൽ എത്തിക്കാനും പ്രേരണ നൽകുന്നുണ്ട് മുറിനാവ്.

ശ്രമണ പാരമ്പര്യം എന്നല്ല, ഏതുതരം പാരമ്പര്യവും സർഗാത്മകസാഹിത്യമാക്കുമ്പോൾ എഴുത്തുകാരൻ ഭയക്കേണ്ടുന്നതായ സാഹചര്യമാണ് ഇന്നിപ്പോൾ ഉള്ളത്. മനോജ് കുറൂർ വളരെ സൂക്ഷ്മമായും ധൈര്യത്തോടെയും ഈ പ്രതിസന്ധി ഏറ്റെടുക്കുന്നുണ്ട്. ഈ വേലിക്കെട്ടിൽ തട്ടിവീണ നോവലിസ്റ്റാണ് കന്നടയിലെ ബഞ്ചജരെ ജയപ്രകാശ്. അദ്ദേഹമെഴുതിയ ‘അനുദേവ ഹൊരഗനവാനു’ എന്ന നോവൽ കർണാടക സർക്കാർ 2007-ൽ നിരോധിച്ചു. സാമൂഹ്യപരിഷ്കർത്താവ് ബസവൻ ഒരു ദളിത് പിതാവിൽ ജനിച്ചയാളായി നോവലിൽ ചിത്രീകരിച്ചതിനെ തുടർന്ന് വീരശൈവരിൽനിന്ന് വ്യാപകമായ എതിർപ്പുണ്ടാവുകയും തുടർന്ന് നിരോധിക്കുകയുമായിരുന്നു. ബസവൻ്റെ പിതൃത്വം നോവലിസ്റ്റിനും ബസവാനുയായികൾക്കും ഒരുപോലെ വിഷയമാകുന്നതെന്തുകൊണ്ടാണ്? പിതൃത്വത്തെക്കാൾ ബസവൻ മുന്നോട്ടു വച്ച അനുഭവമണ്ഡപം എന്ന ലോകത്തിലെ ആദ്യത്തെ ജനാധിപത്യ സഭ, കർമ്മമാണ് കൈലാസം എന്ന ആശയം, ജാതി മത വർഗ വർണ ലിംഗ വിവേചനങ്ങൾ ഇല്ലാതാക്കൽ, മിശ്രവിവാഹം എന്നിവയൊക്കെയാണ് നമ്മെ സംബന്ധിച്ചു പ്രധാനം. ബസവൻ്റെ ജീവിതത്തിലെ ഈ തലങ്ങളിലാണ് മനോജ് കുറൂർ ഊന്നുന്നത്.
ബി. പുട്ടസ്വാമയ്യയുടെ ക്രാന്തി കല്യാണം എന്ന ചരിത്രാഖ്യായികയാണ് മറ്റൊന്ന്. ആറു വാല്യങ്ങളുള്ള ഈ കൃതി ബസവേശ്വരൻ്റെ ജീവിതത്തെയും കാലത്തെയും അടിസ്ഥാനമാക്കുന്ന ചരിത്രകഥയാണ്. 1964-ൽ സാഹിത്യ അക്കാദമി അവാർഡു നേടിയ ഈ കൃതിയിലെ ഭൂരിഭാഗവും വീരശൈവ സന്യാസിമാരുടെയും ശരണരുടെയും ജീവിതത്തിൽ കേന്ദ്രീകരിക്കുന്നു.

മനോജ് കുറൂരിൻ്റെ മുറിനാവിലും ബസവേശ്വരൻ, അല്ലമ പ്രഭു, അക്കമഹാദേവി എന്നിവരുടെ ജീവിതവും കല്യാണക്രാന്തി കലാപവുമൊക്കെ കടന്നുവരുന്നുണ്ട്. അവരുടെ ജീവിതത്തെക്കാൾ ശ്രമണരുടെ ജീവിതത്തിലും ദർശനത്തിലുമാണ് കൂടുതൽ ഊന്നൽ ലഭിക്കുന്നത്. ബസവേശ്വരൻ കല്യാണക്രാന്തിയിൽ ആവിഷ്കരിച്ച ശ്രമണജീവിതാദർശത്തിനു സമാന്തരമോ അതു മാതൃകയാക്കിയോ സൃഷ്ടിച്ച ദേശമാണ് അവളൂരെന്നും തോന്നി. അത്തരം പാരമ്പര്യങ്ങൾക്കെല്ലാം മീതെ മീമാംസാപാരമ്പര്യം മേൽക്കോയ്മ നേടുന്നതെങ്ങനെയെന്നും നോവൽ പരിശോധിക്കുന്നു. ശ്രമണ പാരമ്പര്യം ഉൾപ്പെടെ വ്യത്യസ്ത പാരമ്പര്യങ്ങളെ ചേർത്തുവച്ചൊരു സർഗാത്മക കൃതി ദക്ഷിണേന്ത്യയിൽ ഇതാദ്യമായിട്ടായിരിക്കും. നാളെകളിൽ നോവൽ കൂടുതൽ ആഴത്തിൽ വായിക്കപ്പെടുമെന്ന് ഉറപ്പാണ്. അതുപോലെ പരിഭാഷകളിലൂടെ മുറിനാവ് വ്യത്യസ്ത ഭാഷകളിൽ സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

‘മുറിനാവ്’ വാങ്ങാന്‍ സന്ദര്‍ശിക്കുക

മുറിനാവ് ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.