DCBOOKS
Malayalam News Literature Website

“മീശ മാഹാത്മ്യം”; ചുറ്റിപ്പിണഞ്ഞ വേരുകൾപോലെ പല അടരുകളുള്ള ദേശത്തിന്റെ ചരിത്രനിർമിതിയിലേക്കുള്ള പുനർവായന!

രാജീവ് ശിവശങ്കറിന്റെ ‘മീശ മാഹാത്മ്യം’ എന്ന പുസ്തകത്തിന് നിള രാജീവ് എഴുതിയ വായനാനുഭവം

എസ്.ഹരീഷിന്റെ “മീശയുടെ” ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ആയ “Moustache” വായിക്കാൻ എടുത്തപ്പോൾതന്നെയാണ് മീശ നോവലിന് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. റിസർച്ചിന്റെ തിരക്കിനിടയിൽ വായിക്കാതെ മാറ്റിവച്ച പുസ്തകങ്ങളിൽ മീശയും പെട്ടിരുന്നു. ഇതിനിടയിലാണ് മീശയെക്കുറിച്ചുള്ള അച്ഛന്റെ (രാജീവ് ശിവശങ്കര്‍) പഠനം “മീശ മാഹാത്മ്യം” പിറവികൊള്ളുന്നത്. സ്വാഭാവികമായും മീശ വായിക്കാൻ ഉൽസാഹമേറി. ശരിക്കും ഇത് വേറിട്ട ഒരു കൃതിയാണ്. ചുറ്റിപ്പിണഞ്ഞ വേരുകൾപോലെ പല അടരുകളുള്ള ദേശത്തിന്റെ ചരിത്രനിർമിതിയിലേക്കുള്ള പുനർവായന. നോവലിലെ ഒരധ്യായത്തിൽ ഒരു കാരാമയും വെള്ളാമയും മീശയുടെ പേരിൽ പോരാടുന്ന മനുഷ്യരെ വിലയിരുത്തുന്നുണ്ട്.
“ഈ മണ്ടനെന്തിനാണ് മീശ വളർത്തി ഒളിച്ചിരിക്കുന്നത്?
മറ്റവരെന്തിനാണ് അവനെ പിടിക്കാൻ നടക്കുന്നത്?
….ഹോ! ഇവന്മാരൊരു കാര്യവും നേരെ ചൊവ്വേ ചെയ്യില്ല.”
Rajeev Sivasankar-Meesamahathmyamവെള്ളാമ പറയുന്നു. നോവലിന്റെ കാര്യത്തിൽ യഥാർഥത്തിൽ സംഭവിച്ചതും ഇതുതന്നെ. മുക്കാൽ നൂറ്റാണ്ടുമുൻപത്തെ ജീവിതത്തിന്റെ നെറികേടുകളെപ്പറ്റിയാണു നോവൽ സംസാരിക്കുന്നത് എന്നതു പലരും മറന്നു. പതിറ്റാണ്ടുകൾക്കപ്പുറത്തെ ഒരു നാടൻകഥ പറയുമ്പോൾ സ്വാഭാവികമായും പ്രയോഗങ്ങളും സംഭാഷണങ്ങളുമൊക്കെ അക്കാലത്തോടു നീതി പുലർത്തണമല്ലോ. നോവലിനെപ്പറ്റി വിവാദമുണ്ടായതും ഒരു സംഭാഷണത്തിന്റെ പേരിലായിരുന്നെന്നു മറക്കരുത്. നോവൽ മുഴുവൻ വായിക്കുന്നൊരാൾക്ക് അതിൽ വെടിമരുന്നൊന്നും ഒളിപ്പിച്ചുവച്ചതായി തോന്നില്ല. എന്നിട്ടും വെടിപൊട്ടിച്ചു.
സദസ്സിനു മുന്നിലിരിക്കുന്നവർക്കുനേരേ പോലും ആക്ഷേപശരങ്ങളെയ്ത് സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ കൂത്തും, പാഠകവും, തുള്ളലും മുതലായ സാംസ്കാരിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത നാടാണിത്.
കുഞ്ചൻ നമ്പ്യാരൊന്നും ഇക്കാലത്തു ജീവിക്കാഞ്ഞതു ഭാഗ്യം. കഥാകൃത്ത് പറയുന്നതുപോലെ, ഉയർന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്ര രാജ്യങ്ങളാണ് നോവലുകൾ. അവിടെ കഥാപാത്രങ്ങൾ എഴുത്തുകാരുടെ പിടിയിൽ നിന്നാൽ കഥ തീർന്നു. സ്വതന്ത്രരായ മനുഷ്യർ ജീവിതത്തിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂർവവും കാര്യകാരണസഹിതവും പെരുമാറണമെന്നും സംസാരിക്കണമെന്നുമില്ല. മീശയെന്ന നോവലിനെ തെറ്റായി വായിച്ചതും ഇത്തരം കഥാപാത്രങ്ങളുടെ മാനസികവിചാരങ്ങളുടെ പേരിലായിരുന്നു.
നോവലിൽ പറയുന്നതുപോലെ, ഓരോ ശക്തനും ഓരോ ദൗർബല്യമുണ്ട്. ഹെർക്കുലീസിന് മുടി, കർണന് കവചകുണ്ഡലങ്ങൾ, കാണ്ടാമൃഗത്തിന് കൊമ്പ്, പരുന്തിന് നഖങ്ങൾ, വാവച്ചന് മറ്റാർക്കുമില്ലാത്ത വലിയ മീശ. പക്ഷേ, മീശയെങ്ങനെയാണ് വിപത്താകുന്നത്? ‘മീശ’ എന്ന നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും അതുതന്നെയാണ്.
ഒരു പെലയകൃസ്ത്യാനി മീശവയ്ക്കുന്നു എന്നതാണ് സാമൂഹികമായ അതിന്റെ പ്രസക്തി. മീശവച്ച കീഴാളനെ അംഗീകരിക്കാൻ മുന്നാക്കക്കാരനു കഴിയില്ല. പതിനെട്ടാം നൂറ്റാണ്ടിനുമുൻപ് കീഴാളർ മീശവച്ച ചരിത്രം ഇന്ത്യയിലില്ല. 1850-നും 1950നുമിടയിൽ ആരെങ്കിലും മീശവച്ചെങ്കിൽ അത് അവന്റെ പുരുഷാധികാരത്തിന്റെയും വിപ്ലവമനസ്സിന്റെയും കരുത്തുകൊണ്ടായിരിക്കും. അതിന് വലിയവിലയും കൊടുക്കേണ്ടിവന്നിരിക്കും. മീശയെയല്ല, മീശവച്ച പുലയനെയാണ് നോവലിലെ നാടു ഭയക്കുന്നത്.
മീശ മാഹാത്മ്യം” എന്ന പഠനം മീശ നോവലിനെ ആഴത്തിൽ അറിയാനുള്ള ശ്രമമാണ്. ഒരു എഴുത്തുകാരന്റെ സൃഷ്ടിരഹസ്യങ്ങളെക്കുറിച്ച് മറ്റൊരു എഴുത്തുകാരന്റെ അന്വേഷണം കൂടിയാണിത്. മീശ നോവൽ വായിച്ചവർക്കും വായിക്കാത്തവർക്കും ഇത് ഉപകരിക്കും.

Comments are closed.