DCBOOKS
Malayalam News Literature Website

‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ അസീം താന്നിമൂടിന്റെ കവിതകള്‍

അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘  എന്ന കവിതാസമാഹരത്തിന് ഡി യേശുദാസ് എഴുതിയ വായനാനുഭവം.

മലയാളത്തിൽ റൈറ്റേഴ്സ് ബ്ളോക്കിനെ അടയാളപ്പെടുത്തിയ രചനകൾ ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാൽ അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘ എന്ന കവിതാസമാഹരം അതിന്റെ ശീർഷകം കൊണ്ടു തന്നെ റൈറ്റേഴ്സ് ബ്ലോക്കിനെ അടയാളപ്പെടുത്തുന്നുണ്ട്. നീണ്ട പതിനാല്‌ വർഷത്തിന്‌ ശേഷം എഴുത്തിലേക്ക് തിരിച്ചെത്തിയ അസീമിന്റെ രണ്ടാമത്തെ സമാഹാരത്തിലെ ‘മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തി’, ജലമരം , അതുമാത്രം മതി ,മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ,തോന്നൽ , ജാലകപ്പഴുത്, കടൽജലഭ്രമം, ഉള്ളകം , മരുഭൂമിയിലെ ഉറവ , മുറിവ്, അപൂർണ്ണം , മെല്ലെയെണീറ്റ് ഞാൻ തുടങ്ങിയ കവിതകളിൽ ഈ ബ്ളോക്ക് എന്ന അനുഭവം പലവിഷയഘടനയിൽ വന്നുചേർന്നിട്ടുണ്ട്. അത് അറിഞ്ഞു കൊണ്ടുള്ളൊരു പ്രവർത്തിയായല്ല, ഒരബോധവൃത്തി അതിൽ സർഗ്ഗാത്മകമായി പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹികവും ദാർശനികവും പാരിസ്ഥിതികവുമായ നിലയിലാണ്‌ ഈ കവിതകൾ സംഭവിച്ചിരിക്കുന്നത് എങ്കിലും അതിന്റെ ധ്വനിയിലും ഘടനയിലും ഭാവുകത്വത്തിലും റൈറ്റേഴ്സ് ബ്ളോക്കിന്റെ പ്രശ്നങ്ങൾ കൂടെ അത് സംവഹിക്കുന്നുണ്ട് എന്ന് സൂക്ഷ്മമായ വിശകലനത്തിൽ മനസ്സിലാക്കാം . രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവും പാരിസ്ഥിതികവൂമായ ബ്ളോക്കുകളെക്കൂടി ഈ കവിതയിൽ നമുക്ക് വായിക്കാം.അത് കേവലം ഒരു വൈയക്തികപ്രശ്നമാകുന്നില്ല എന്നിടത്താണ് കവി വ്യത്യസ്തനാവുന്നത്. വെറും ജാർഗണുകളിലോ
ആത്മാലാപങ്ങളിലോ വഴുതിപ്പോകാമായിരുന്നു.

അസീം എന്ന പ്രതിഭയുടെ മികവാണ് അത് കാണിക്കുന്നത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല. സർഗ്ഗാത്മകതയെ സംബോധന ചെയ്തിട്ടുള്ള പ്രളയം , പക്ഷിയെ വരയ്ക്കൽ , കാടു വരയ്ക്കൽ , മണൽത്തരി ശില്പം , അമൂർത്തം , അതിനാൽ , ആ ശില്പം , ഉത്തരം മുട്ടൽ, താണു നിവരുന്ന കുന്നിൽ, ശേഷിപ്പുകൾ, കൊടിനാട്ടൽ തുടങ്ങിയ രചനകളിൽ കാണുന്ന എഴുത്തുവ്യാകുലതകൾ ഈ പശ്ചാത്തലത്തിൽ പരിശോധിക്കാവുന്നവയാണ്‌. അജ്ഞേയതയെ അഭിമുഖീകരിക്കുന്ന അധികപ്പേടി, ആരാവാം ,അധികക്കാഴ്ച , ഉള്ളകം തുടങ്ങിയ Textകവിതകളിലും ഇതിന്റെ സൂക്ഷ്മധ്വനികൾ കേൾക്കാം. എഴുത്തിനെ / സർഗ്ഗാത്മകതയെ സംബോധന ചെയ്യുന്ന കവിതകളും രാഷ്ട്രീയം പ്രമേയമായ കവിതകളും എല്ലാംതന്നെ പലവിതാനത്തിൽ വായിക്കാവുന്ന വിധത്തിൽ ധ്വന്യാത്മകമാണ്‌. വ്യക്തിതലത്തിലും സാമൂഹികതലത്തിലും പാരിസ്ഥിതികതലത്തിലും രാഷ്ട്രീയതലത്തിലും ദേശസ്വത്വപരതയിലും ഭാഷാതലത്തിലും ചരിത്രപരതയിലും അസീമിന്റെ കവിതകൾക്ക് വേരുകളുണ്ട്. സംഗീത്മകഭാവവും അനുഭൂതി സൃഷ്ടിക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത അതിന്റെ സുഘടിതത്വവും അസീമിന്റെ കവിതകളുടെ പ്രത്യേകതയാണ്.

ഇതിൽ നിന്നൊക്കെ മാറിനിൽക്കുന്ന കവിതയാണ്‌ ‘കേട്ടു പതിഞ്ഞ ശബ്ദത്തിൽ’ എന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ. അത് പിതൃപുത്രബന്ധത്തിന്റെ അഴവും നിശബ്ദതയിലൂടെ നിറയ്ക്കുന്ന സ്നേഹവായ്പ്പും ഒപ്പിയെടുത്തിരിക്കുന്നു. വിട്ടുപിരിയാനാവാത്ത ജൈവപ്രകൃതിയും ഹൃദയബന്ധങ്ങളും അതിൽ ശ്രുതിയിട്ടു നിൽക്കുന്നു. ഒപ്പം സമകാലിക ഇന്ത്യൻപൗരൻ അഭിമുഖീകരിക്കുന്ന നിലനിൽപ്പിന്റെ പ്രശ്നം കൂടി ഉൾക്കൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്‌. മറ്റു രാഷ്ട്രീയമായ കവിതകളിൽ നിന്ന് വ്യത്യസ്തമാണിത്. അശാന്തമായ അസാന്നിധ്യം , പക, കൂളിങ്ഗ്ലാസ്സ് , ചൂയിംഗം തുടങ്ങി രാഷ്ട്രീയം പ്രമേയമായി വരുന്ന കവിതകളും അതിന്റെ ആവിഷ്ക്കാരത്തിൽ പ്രകടനാത്മകതയല്ല കരുതുന്നത്. ആഴത്തിലുള്ള അന്വേഷണമായിത്തീരുകയാണ്‌ ചെയ്യുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.