കുഞ്ഞാലിത്തിര; പോരാട്ടങ്ങളുടെ വീരചരിതം
ഒരു മാസം മുമ്പ് ഓണ്‍ലൈനില്‍ വരുത്തിയ പുതിയ മലയാളനോവല്‍ ‘കുഞ്ഞാലിത്തിര’ വായിച്ചു തീര്‍ക്കുവാന്‍ വീണ്ടും ഒരു മാസമെടുത്തു. കഥാപാത്രങ്ങളുടെ ബാഹുല്യം, കാലഘട്ടത്തിന്റെ വ്യത്യസ്തമായ ആഖ്യാനം, വിവിധ കാലഘട്ടങ്ങള്‍, സംസാരഭാഷകളുടെ വ്യത്യസ്ത വായ്ത്താരികള്‍, 4 കുഞ്ഞാലി മരയ്ക്കാന്മാര്‍, 15 സാമൂതിരികള്‍, കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, ഗോവ, കൊളംബോ, പോര്‍ച്ചുഗല്‍ എന്നീ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം,അവിടത്തെ ഭാഷ,പേരുകള്‍…
അറബിക്കടലിലെ നിതാന്ത ജാഗ്രതയും കേട്ടറിവില്ലാത്ത കുഞ്ഞാലിമറയ്ക്കാരുടെ തീതുപ്പുന്ന പക്ഷി ജീവിതം. കുഞ്ഞാലി പോരാടി പെയ്തിറങ്ങിയ അറബിക്കടല്‍ തീക്കടലാണെന്ന ബോധ്യം വരുത്തുവാന്‍ നോവലിനു സാധിയ്ക്കുന്നു.
സാമൂതിരിമാരുടെ പ്രത്യാശയും നിരാശയും കുഞ്ഞാലിയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നു. ഗാമയും കാലുക്കൂത്തുസ്സും തിരുമാന്ധാംകുന്നും കുന്നലകോനാതിരിയും മങ്ങാട്ടച്ചനും പറങ്കികളും കേരള ജീവിതത്തേയും ഒരു കാലഘട്ടത്തിന്റെ തീവ്രതയും ലാസ്യവും കുഞ്ഞാലിത്തിരയിലൂടെ നമ്മിലേക്ക് എത്തിക്കുന്നു.
നോവലിസ്റ്റായ രാജീവ് ശിവശങ്കറിന് ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായി മാറേണ്ടി വന്നു എന്നതു ദുഃഖം തരുന്നു. ഒരു നോവലെഴുതാന്‍ ഇത്രയ്ക്കും പഠനങ്ങള്‍ ആവശ്യമെന്നതു കഠിനമായിതോന്നും. ഇനിയുള്ള പുതിയ നോവലിസ്റ്റുകള്‍ക്കു ഒരു Documentation-ന്റെ പഠനം ആവശ്യമായി വരുത്തുമോ എന്ന ഭയം ഈ നോവല്‍ ജനിപ്പിക്കുന്നു.
ചരിത്രക്കടല്‍ നീന്തിയെത്തിയ പായ്കപ്പല്‍ തിരുനാവായ മണപ്പുറത്തു നിസംഗനായി നിലപാടു നിന്ന സാമൂതിരിയെപ്പോലെ നങ്കൂരമിട്ടു നില്ക്കുന്നു. ആ കപ്പലിലെ പായ്കള്‍ നിവര്‍ത്തുന്നതു പോലെ അബൂബക്കര്‍ മഖ്ദൂമിലൂടെ പകയും വഞ്ചനയും കാമവും കാമനയും അലസതയും വീര്യവും പോരാട്ടവും ദേശസ്‌നേഹവും വശ്യമായ കുടുബബന്ധവും കടുവയെപ്പോലെ കുതിച്ചെത്തിയ പറങ്കികളെ ഭീരുത്വത്തിന്റെ കമ്പളിപ്പുതപ്പില്‍ അറബിതീക്കടലില്‍ മുക്കി നിവര്‍ത്തുന്ന കുഞ്ഞാലിയുടെ ഗറില്ലാ സ്വഭാവം നോവലിസ്റ്റ് വ്യക്തമാക്കുന്നു.
തീര്‍ച്ചയായും മലയാളി വായിച്ചിരിക്കേണ്ട ഇത്രയ്ക്കും പഠനം നടന്ന ഒരു നോവല്‍ അടുത്തെങ്ങും മലയാളത്തില്‍ സംഭവിച്ചിട്ടുണ്ടാവില്ല. ഈ നോവലിന്റെ വായന നഷ്ടപ്പെടുന്നതു മലയാളത്തേയും അതിന്റെ പോരാട്ടങ്ങളെ സ്‌നേഹിയ്ക്കുന്ന മലയാളിത്തത്തിന്റെ നഷ്ടമാണ്.
ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കാലുക്കൂത്തൂസ്സ് (കാലിക്കറ്റ് )മുതല്‍ വടക്കോട്ട് കാസര്‍കോഡും മംഗലാപുരവും ഇങ്ങ് തെക്കോട്ടു തിരുവനന്തപുരം നാഗര്‍കോവില്‍ വരെയുള്ള ചരിത്രമാണ്.
ഇംഗ്ലീഷുകാരെക്കാള്‍ പറങ്കികളുടെ ജീവിതസ്വാധീനം ഈ നോവല്‍ വ്യക്താക്കുന്നു. വടക്കന്‍പാട്ടുകളുടെ ചാവേര്‍ സ്വഭാവം ചിലപ്പോഴെല്ലാം പറങ്കികളുടെ സമയത്തെ മരയ്ക്കാരുടെ ജീവിതത്തെക്കാളും തീവ്രത കുറഞ്ഞതല്ലേയെന്നു നോവല്‍ തോന്നിപ്പിയ്ക്കുന്നു. വ്യത്യസ്ത പശ്ചാത്തലം ‘കുഞ്ഞാലിത്തിര’ എന്ന നോവലിന്റെ സവിശേഷതയാണ്.
കുഞ്ഞാലിമരയ്ക്കാരെന്ന പുതിയ ചലച്ചിത്രം ഈ നോവല്‍ വായനയുടെ പശ്ചാത്തലത്തിലെന്താകും എന്നതു രസകരമാകും. ചലച്ചിത്രത്തിന്റെ ചരിത്രവും, നോവലിന്റെ ചരിത്രവും രണ്ടു ക്രാഫ്റ്റുകളെ വ്യക്തമാക്കിത്തരും.
രാജീവ് ശിവശങ്കറിന്റെ തീവ്രപരിശ്രമം ഒരു നോവലിന്റെ പിന്നിലെ അദ്ധ്വാനത്തെ പുറത്തുകൊണ്ടുവരുന്നു. എല്ലാ എഴുത്തുകാര്‍ക്കും ഈ നോവല്‍ ഒരു ബോധ്യവും പാഠവുമാണ്.
രാജീവ് ശിവശങ്കറിന്റെ കുഞ്ഞാലിത്തിര എന്ന നോവലിന് ഡോ.ജയചന്ദ്രന്‍ എഴുതിയ വായനാനുഭവം
Comments are closed.